മുയലുകളുടെ തീറ്റക്രമം
ഡോ: പി.കെ മുഹ്‌സിൻ
2014 നവംബര്‍
അടുത്തിടെയായി വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് മുയല്‍ വളര്‍ത്തല്‍. മുയല്‍ വളര്‍ത്തല്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുവാന്‍
അടുത്തിടെയായി വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് മുയല്‍ വളര്‍ത്തല്‍. മുയല്‍ വളര്‍ത്തല്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുവാന്‍ നിരവധി അനുകൂല ഘടകങ്ങളുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് ഒരു കിലോ മാംസത്തില്‍ 50 മില്ലി ഗ്രാം മാത്രമാണ്. സന്താന സമൃദ്ധിയിലും മുയല്‍ വളരെ മുമ്പിലാണ്. ഓരോ പ്രസവത്തിലും നാല് മുതല്‍ പതിനാല് മക്കള്‍ വരെ ഉണ്ടാവും. ഗര്‍ഭകാലാവധിയാവട്ടെ വെറും മുപ്പത് ദിവസവും. വെറും അഞ്ചുമാസം കൊണ്ട് മുയലുകള്‍ക്ക് പ്രായപൂര്‍ത്തിയെത്തുന്നു. ശരിയായ പരിചരണം നടത്തിയാല്‍ എട്ട് ആഴ്ച കൊണ്ട് 1.75 കിലോ ഭാരമുണ്ടാവും. മൂന്ന് മാസമാകുമ്പോള്‍ മൂന്ന് കിലോഗ്രാമോളം തൂക്കം ലഭിക്കുന്നു.
മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാന്‍ അവക്ക് നല്‍കുന്ന തീറ്റയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മറ്റു കന്നുകാലികളിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ പോലെ മുയലുകള്‍ക്ക് നല്‍കേണ്ട ഭക്ഷണ പദാര്‍ഥങ്ങളും രണ്ടിനത്തില്‍ പെട്ടതാണ്; പരുഷാഹാരവും പരാഹാരവും. കൂടുതല്‍ നാരുകളും കുറഞ്ഞ പോഷക ഘടകങ്ങളുംഅടങ്ങിയതാണ് പരുഷാഹാരം. പരാഹാരം അഥവാ സാന്ദ്രിതാഹാരത്തില്‍ പോഷകഘടകങ്ങള്‍ കൂടുതലായിരിക്കും.
മുയലുകള്‍ക്ക് കൊടുക്കുന്ന പരുഷാഹാരങ്ങളെ പൊതുവെ നാലായി തരം തിരിക്കുക. പുല്ലുവര്‍ഗത്തില്‍ പെട്ടവ, പയറുവര്‍ഗത്തില്‍ പെട്ടവ, മരത്തിന്റെ ഇലകള്‍, മറ്റുള്ളവ എന്നിവയാണ് അവ.
പുല്ല് വര്‍ഗത്തില്‍ പെട്ടവക്ക് പൊതുവെ കുറഞ്ഞ അസംസ്‌കൃത മാംസ്യവും കൂടിയ അളവില്‍ നാരുകളും ഉണ്ടാവും. നേപ്പിയര്‍, ഗിനി, കോംഗോ, പാര, സിന്ധല്‍ എന്നീ പുല്ലുകള്‍ മുയലുകള്‍ക്ക് നല്‍കുന്നവയാണ്. തീറ്റയില്‍ വേണ്ടത്ര നാരുകളില്ലെങ്കില്‍ മുയലുകള്‍ക്ക് രോഗം പിടിപെടും. മരത്തിന്റെ ഇലകളില്‍ മുരിക്ക്, സുബാബൂള്‍, ശീമക്കൊന്ന, അഗത്തി എന്നിവ നല്‍കാം. വാഴയുടെ ഇലയും പോളയും ഉണ്ണിക്കാമ്പും മുയലുകള്‍ക്ക് ആഹാരമാക്കാം.
പച്ചക്കറിയുടെ അവശിഷ്ടങ്ങളും കൃഷിയിലെ ഉപോല്‍പന്നങ്ങളും വെള്ളത്തിലെ സസ്യങ്ങളും മുയലുകളുടെ തീറ്റയാണ്. കാബേജിന്റെയും കോളിഫ്‌ളവറിന്റെയും ഇലകള്‍, കായത്തൊലി, പയറിന്റെ തൊലി എന്നിവയും മുയലുകളുടെ ആഹാരമാക്കാം. അസോള വെള്ളത്തില്‍ നിന്ന് വാരിയെടുത്ത് അതേപടിയോ സാന്ദ്രിതാഹാരവുമായി കൂട്ടിക്കലര്‍ത്തിയോ കൊടുക്കാം. സാധാരണ മുയലുകള്‍ക്ക് 600 ഗ്രാമും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവക്കും 700 ഗ്രാമും പരുഷാഹാരം ദിനംപ്രതി കൊടുക്കാം. പരുഷാഹാരം കൂടാതെ പോഷക ഘടകങ്ങള്‍ കൂടുതലുള്ള സാന്ദ്രിതാഹാരവും മുയലുകള്‍ക്ക് നല്‍കണം. സാന്ദ്രിതാഹാരത്തില്‍ ധാന്യങ്ങളും ധാന്യകങ്ങളും പിണ്ണാക്കുകളും തവിടും മറ്റു പ്രാദേശികമായി ലഭ്യമായ വസ്തുക്കളും ഉള്‍പ്പെടുന്നു. മുയലുകള്‍ക്ക് കൊടുക്കാവുന്ന ഒരു പ്രധാന ധാന്യമാണ് ഗോതമ്പ്. ഗോതമ്പ് പൊടിച്ചോ വെള്ളത്തില്‍ കുതിര്‍ത്തോ നല്‍കാം. ചോളത്തില്‍ കൂടിയ അളവില്‍ ഊര്‍ജ്ജമുള്ളതിനാല്‍ വളരുന്ന മുയലുകള്‍ക്ക് അനുയോജ്യമാണ്. വിലകുറഞ്ഞ മറ്റൊരു ഖരാഹാരമാണ് തവിട്. ഗോതമ്പ് തവിടിലാണ് ഏറ്റവും അധികം പോഷകമുള്ളത്. കൂടാതെ അരിത്തവിടും, ചോളത്തവിടും മുയലുകള്‍ക്ക് കൊടുക്കാം. തീറ്റയില്‍ പത്ത് മുതല്‍ പതിനഞ്ചു ശതമാനം വരെ ഉണക്കക്കപ്പയും അഞ്ചുമുതല്‍ പത്തു ശതമാനം വരെ പൊടിച്ച പുളിങ്കുരുവും ചേര്‍ക്കാം.
രണ്ട് തരം തീറ്റക്രമങ്ങളുടെ ഘടകങ്ങളും അളവുകളും
1
കടല 35%
ഗോതമ്പ് 30%
കടലപ്പിണ്ണാക്ക് 10%
ബോണ്‍മീല്‍ 10%
തവിട് 13%
ധാതുലവണം 1.5%
ഉപ്പ് 0.5%
2
കടല 10%കടലപ്പിണ്ണാക്ക് 20%എള്ളിന്‍ പിണ്ണാക്ക് 5%തവിട് 35%ധാതുലവണം 1.5%ഉപ്പ് 0.5%
ആണ്‍മുയലുകള്‍ക്ക് ഈ തീറ്റമിശ്രിതം 100 മുതല്‍ 150 ഗ്രാം വരെയും ഗര്‍ഭിണികളായ മുയലുകള്‍ക്ക് 160 മുതല്‍ 200 ഗ്രാം വരെയും പാലൂട്ടുന്നവക്ക് 200 മുതല്‍ 250 ഗ്രാം വരെയും ആവശ്യമാണ്. പെല്ലറ്റ് രൂപത്തിലുള്ള തീറ്റ ശ്വാസകോശ രോഗങ്ങള്‍ തടയുന്നു.
ഖരാഹാരം മുയലുകള്‍ക്ക് രാവിലെ എട്ടുമണിക്കും വൈകുന്നേരം അഞ്ചുമണിക്കും നല്‍കാം.
പരുഷാഹാരം കൂടുതലായും വൈകുന്നേരം കൊടുക്കാം. ഒരു ഭാഗം രാവിലെയും നല്‍കാം. രാത്രി കൂടുതല്‍ കൊടുക്കുന്നതുകൊണ്ട് ഇലകള്‍ വാടിപ്പോകാന്‍ സാധ്യത കുറവാണ്. മുയലുകള്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുക വൈകുന്നേരവും രാത്രിയും അതിരാവിലെയുമാണ്. ഈ സമയത്ത് കൂടുതല്‍ തീറ്റയും നല്‍കാം.
തീറ്റ കൊടുക്കുമ്പോള്‍ തലേ ദിവസത്തെ അവശിഷ്ടങ്ങള്‍ ഒഴിവാക്കി പാത്രങ്ങള്‍ നന്നായി വൃത്തിയാക്കിയെടുക്കണം.
പഴകിയതും പൂപ്പല്‍ പിടിച്ചതുമായ തീറ്റ ഒഴിവാക്കണം.
തീറ്റക്ക് പുറമെ മുയലുകള്‍ക്ക് വേണ്ടത്ര ശുദ്ധജലവും സദാസമയത്തും കൊടുക്കണം.
വെള്ളത്തിന്റെ അളവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, മുയലിന്റെ വലിപ്പം, മുയല്‍ തീറ്റ മുയല്‍ ഏത് അവസ്ഥയിലാണ് എന്നിവയാണ് പ്രധാനഘടകങ്ങള്‍. സാധാരണയായി ഒരു മുയല്‍ 300 മുതല്‍ 500 മില്ലി ലിറ്റര്‍ വരെ വെള്ളം കുടിക്കും. പ്രസവമടുക്കുമ്പോള്‍ ഇത് 750 മില്ലി ലിറ്ററും മുലയൂട്ടുമ്പോള്‍ ഒരു ലിറ്റര്‍ വരെയും വെള്ളം വേണ്ടിവരും.