മറുനാട്ടിലെ ദൈവങ്ങള്‍
അജ്മൽ മമ്പാട്
2014 നവംബര്‍
ഒരു മടിയനായതുകൊണ്ടല്ല അന്നു നേരം വെളുത്തിട്ടും സുന്ദര്‍ലാല്‍ മൂടിപ്പുതച്ചു കിടന്നത്. പുറത്ത് പേമാരി തിമിര്‍ത്തു പെയ്യുകയാണ്. മേല്‍ക്കൂരയുടെ ചുമരിനോട് ചേരുന്ന ഭാഗത്ത്
ഒരു മടിയനായതുകൊണ്ടല്ല അന്നു നേരം വെളുത്തിട്ടും സുന്ദര്‍ലാല്‍ മൂടിപ്പുതച്ചു കിടന്നത്. പുറത്ത് പേമാരി തിമിര്‍ത്തു പെയ്യുകയാണ്. മേല്‍ക്കൂരയുടെ ചുമരിനോട് ചേരുന്ന ഭാഗത്ത് അല്‍പം വിളളലുണ്ട്. മഴവെള്ളത്തിന് അയാളുടെ കിടപ്പുമുറിയിലേക്ക് കിനിഞ്ഞിറങ്ങാന്‍ ആ വിള്ളല്‍ ധാരാളമായിരുന്നു. കുറച്ചു കാലമായി സുന്ദര്‍ലാല്‍ അത് ശ്രദ്ധിക്കുന്നു. കെട്ടിടങ്ങളുടെ വിളളലുകളില്‍ കുഴച്ചുചേര്‍ത്ത ഒരു മിശ്രിതം തേച്ച് ചോര്‍ച്ച മാറ്റി അകത്തേക്കു വീഴുന്ന വെള്ളത്തുള്ളികളെ തടഞ്ഞുനിര്‍ത്തല്‍ അയാളുടെ പണിയാണ്.
അറിയപ്പെട്ട ഒരു ചോര്‍ച്ചാ വിദഗ്ധനാണ് സുന്ദര്‍ലാല്‍. അങ്ങനെയുള്ള ഒരാളുടെ കിടപ്പുമുറിയിലാണ് യാതൊരു സങ്കോചവും കൂടാതെ വെള്ളമിറങ്ങുന്നത്. ആ ചോര്‍ച്ച മാറ്റാന്‍ മാലിക്കിന്റെ നിര്‍ദേശം കിട്ടിയിട്ടില്ല. മറുനാട്ടില്‍ എത്തിപ്പെടുന്നവര്‍ക്ക് മേസ്തിരിയാണ് ദൈവം. ആ പദത്തിന്റെ ഉച്ചാരണത്തിന് സ്ഥലകാലമനുസരിച്ച് വ്യതിയാനം സംഭവിക്കും എന്നുമാത്രം. അയാളാണ് ജോലി തരപ്പെടുത്തിയതും, അതിനു തക്കതായ കൂലി വാങ്ങിത്തരുന്നതും. ഏതെങ്കിലും തരത്തില്‍ വല്ല പ്രതിഷേധവും മനസ്സില്‍ മുളപൊട്ടിയാല്‍തന്നെയും അതെല്ലാം മനസ്സില്‍ തന്നെ അമര്‍ത്തി വെച്ച് രസം വേര്‍തിരിഞ്ഞിട്ടില്ലാത്ത മുഖഭാവത്തോടെ പറയും 'ജി മാലിക്' . പ്രജകളുടെ മുഴുവന്‍ വികാരങ്ങളും മനസ്സിലാവാത്ത മറുനാട്ടിലെ ദൈവങ്ങള്‍. അല്ലെങ്കിലും വാടക വീടിന്റെ ചോര്‍ച്ച മാറ്റാന്‍ ആര്‍ക്കാണിത്ര താല്‍പര്യം. അതുകൊണ്ടുകൂടിയാണ് സുന്ദര്‍ലാല്‍ പുതച്ച് കിടക്കുന്നത്.
അല്ലെങ്കിലും ജീവിതത്തില്‍ ചോര്‍ച്ച അയാള്‍ക്ക് ഒരു പുതുമയായി തോന്നിയിട്ടില്ല. ആയിരുന്നെങ്കില്‍ ഒരു പക്ഷേ അയാള്‍ അവിടെ എത്തില്ലായിരുന്നു. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഒരു കുടിലും, അതിനകത്ത് കാലവ്യതിയാനമില്ലാതെ ചോര്‍ന്നൊലിക്കുന്ന രണ്ടു കണ്ണുകളുമായി അയാളുടെ ഭാര്യ ദേവിയും, പിന്നെ വിശപ്പ് മറന്ന മൂന്ന് ആമാശയങ്ങളും. ആ ആമാശയങ്ങള്‍ക്കു ചുറ്റിലൂടെയും ഓടുന്ന ചോരക്ക് തന്റെ ചോരയുമായുള്ള അസാമാന്യ സാദൃശ്യമാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ കയറാന്‍ അയാളെ റെയില്‍വേസ്റ്റേഷനിലേക്ക് ഉന്തിവിട്ടത്.
ഇന്നലെ രാത്രിയും ദേവി വിളിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ സുന്ദര്‍ലാല്‍ അങ്ങോട്ടാണ് വിളിച്ചത്. തല്‍ക്കാലം ചില തിരിമറികളൊക്കെ നടത്തിയാല്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു മൊബൈല്‍ ഫോണൊക്കെ തരപ്പെടുത്തിയെടുക്കാം. മനപൂര്‍വ്വം വേണ്ടെന്നു വെക്കുന്നതാണ്. എന്നു വിളിച്ചാലും ദേവിക്കു പറയാനുള്ള കാര്യങ്ങള്‍ ഒന്നുതന്നെ, ചോര്‍ച്ചയെപ്പറ്റി. മഴക്കാറു നീങ്ങിയിട്ടും, വെയിലു പെയ്തു തുടങ്ങിയിട്ടും ചോര്‍ച്ച മാറാത്ത തന്റെ കുടിലിനെക്കുറിച്ച്. അതുകൊണ്ട് പത്തോ ഇരുപതോ രൂപക്ക് ഒരു റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങും. അതില്‍ ചുരണ്ടി അതിലെ നമ്പര്‍ ആരുടെയെങ്കിലും ഫോണിലേക്ക് ബാലന്‍സാക്കി മാറ്റി ദേവിയെ അങ്ങോട്ടുവിളിക്കും. ഇടത്തെ കൈയിലെ തള്ളവിരലിന്റെ നഖം അതിനുവേണ്ടി മാത്രമാണയാള്‍ വെട്ടാതെ ഓമനിച്ച് കൊണ്ടുനടന്നിരുന്നത.് ദേവിയെ വിളിക്കും, തൊട്ടടുത്ത വീട്ടിലെ നമ്പറിലേക്ക്. ആദ്യം ഒരു മിസ്‌കോളടിച്ചുവെക്കും. അഞ്ചു മിനുട്ട് കഴിഞ്ഞ് വീണ്ടും വിളിക്കും. അപ്പോഴേക്കും പരാതികളുടെ വലിയ മാറാപ്പുകെട്ടുമായി ദേവി അങ്ങോട്ട് കിതച്ചു പാഞ്ഞെത്തിയിട്ടുണ്ടാവും. അങ്ങേയറ്റത്തുനിന്നും അവള്‍ മൊഴിഞ്ഞു തുടങ്ങും. 'ഹലോ...!!'' റീചാര്‍ജ്ജ് സംഖ്യയില്‍ സംസാരിക്കാന്‍ കിട്ടുന്ന സമയത്തിന്റെ മൂന്നില്‍ രണ്ടു മണിക്കൂറും ദേവിക്കുള്ളതാണ്. അത് കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ ഫോണ്‍ കട്ട് ആവും. അതാണ് പതിവുരീതി. അങ്ങനെ സംഭവിച്ചു പോകാനുള്ള സംവിധാനങ്ങളൊക്കെ സുന്ദര്‍ലാലിന് അറിയാം. അവിടെ എത്തിയ രണ്ടാമത്തെ വര്‍ഷം ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി തരപ്പെട്ടിരുന്നു. അപ്പോഴേക്കും ഒരു പരിധിവരെ അവശ്യം മലയാളം അയാള്‍ക്ക് വശംവദമായിരുന്നു. ആ കടയില്‍ ജോലി കിട്ടാന്‍ അയാള്‍ക്ക് ഉണ്ടായിരുന്ന ഒരു യോഗ്യതയായിരുന്നു അത്. ചെയ്യുന്ന ജോലി വെടിപ്പായും ആത്മാര്‍ഥമായും ചെയ്യുക എന്നതാണ് സുന്ദര്‍ലാലിന്റെ പോളിസി. തന്റെ നാട്ടില്‍ നിന്നുള്ള എല്ലാവരും അങ്ങനെയാണെന്ന് അയാള്‍ക്ക് വാദമില്ല. തന്നെ പോലെയാവാന്‍ മറ്റുള്ളവരെയും ക്ഷണിക്കും, ചിലപ്പോള്‍ ഉപദേശിക്കും.
ചെരിഞ്ഞു കിടന്നുകൊണ്ടു തന്നെ മുറ്റത്തേക്ക് തുറക്കുന്ന ജനാല അയാള്‍ ശക്തിയായി തള്ളിനീക്കി. പുറത്ത് മഴ ശമിച്ചിരുന്നു. വാടക വീടിന്റെ മുറ്റത്തെ, ശ്മശാനത്തോട് ചേരുന്ന ഭാഗത്ത് കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഒരു തൊരപ്പന്‍ പരക്കം പായുന്നുണ്ട്. വായില്‍ എന്തോ കടിച്ചുപിടിച്ച് അത് ശ്മശാനത്തിനുള്ളിലേക്ക് പോവുന്നത് കുറ്റിച്ചെടികളുടെ പ്രതലം ഇളകി നീങ്ങുന്നത് കണ്ടാല്‍ മനസ്സിലാവും. വാര്‍പ്പിനു മുകളില്‍ നിന്നും പ്ലാസ്റ്റിക് പൈപ്പുവഴി ഇറവെള്ളം ഉച്ചത്തില്‍ ഒലിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാം.
മനസ്സ് വീണ്ടും നാട്ടിലേക്ക് ഓടിപ്പോയി. ചില കാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സെത്ര മറക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ചെറിയ സൂചനകള്‍ മതി അതിലേക്കു തന്നെ ചെന്നെത്താന്‍. ഇതിപ്പോ മഴ നനഞ്ഞ് കുതിര്‍ന്ന് വിറച്ചുപോകുന്ന ഒരു തൊരപ്പന്റെ തരത്തിലാണ്. ഇങ്ങോട്ട് ട്രെയിന്‍ കയറുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ദേവി അതു പറഞ്ഞത്. അടുക്കളയിലെ അടുപ്പു കൂട്ടുന്ന തിണ്ടിന്റെ താഴെ മൂലയില്‍ ഇരുട്ടുകൊണ്ട് മൂടിയ ഒരു ഓട്ട. പോവുന്നതിന് മുമ്പ് അതില്‍ കുറച്ച് മണ്ണു കുഴച്ച് തേച്ചുതരണമെന്ന് ദേവി പറഞ്ഞതാണ്. കേട്ടില്ല. ഉള്ളതുപറഞ്ഞാല്‍ തിരക്കിനിടയില്‍ വിട്ടുപോയി. അതാണ് കാര്യം. പുറപ്പെടാന്‍ നേരത്ത് ദേവിക്ക് പരിഭവം. 'മണ്ണുകൊണ്ടല്ല, സിമന്റും മണലും കുഴച്ചു തന്നെ ഞാന്‍ വീടുമുഴുവന്‍ തേച്ചു മിനുക്കും. നീ കണ്ടോ ദേവീ. നമ്മുടെ കുടില്‍ ഒരു കൊച്ചു സ്വര്‍ഗമാക്കാനുള്ള പണവുമായേ ഞാന്‍ കേരളയില്‍ നിന്നും മടങ്ങി വരൂ.'' അന്ന് അവളുടെ മുഖത്ത് കണ്ട വെളിച്ചം ഇന്ന് അയാളുടെ മനസ്സില്‍ തെളിയാറില്ല. ദേവിയെ ഓര്‍ക്കുമ്പോഴൊക്കെ വെണ്ടക്കക്കൂട്ടാന്റെ കരിഞ്ഞ മണമുള്ള പരിഭവം നിറഞ്ഞ ഒരു മണമാണ്.
കഷ്ടം തന്നെയാണ് ദേവിയുടെ കാര്യം. പ്രതീക്ഷകളാണല്ലോ ആരെയും അടുത്ത പ്രഭാതത്തിലേക്ക് കണ്ണു തുറപ്പിക്കുന്നത്. ദേവി രാവിലെ കണ്ണു തുറക്കുന്നതു തന്നെ ഇരുട്ടിലേക്കാണ്. ഇരുട്ട് കൊണ്ട് മാത്രം ഓട്ടയടച്ച കുടിലിന്റെ ഒറ്റ മുറിയുടെ കനത്ത ഇരുട്ടിലേക്ക്.
സുന്ദര്‍ലാല്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കാലിന്റെ വേദനക്ക് തെല്ലാശ്വാസമുണ്ട്. ഓര്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണ്. പഞ്ചായത്തു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ വിളളലുകള്‍ അടച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി വീണതു മാത്രമാണ് അവസാനത്തെ ഓര്‍മ. പിന്നെ കണ്ണു തുറന്നത് വൈകല്യത്തിലേക്കാണ്. മുട്ടിനു താഴേക്ക് ചോര പൊടിഞ്ഞ് പരന്നുകിടക്കുന്ന ചുറ്റിക്കെട്ടിയ വെളുത്ത തുണിക്കഷ്ണം. അതിലേക്ക് നോക്കി മനസ്സില്‍ പറഞ്ഞു: 'എന്തെല്ലാം കാണണം. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.'' ദേവിയെ അറിയിച്ചിട്ടില്ല. ദേവിയെ എന്നല്ല നാട്ടില്‍ ആരെയും അറിയിച്ചിട്ടില്ല. ഇത് തന്റെ വിധിയാണെന്ന് സമാധാനിക്കുകയാണ്. ആരോടും പരാതികളില്ല. എന്നിട്ടും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കണ്ണീരിനിടയിലൂടെ ഒരു രൂപം അടുത്തുവരുന്നു. ടിക്കറ്റെടുക്കാന്‍ പോയ പയ്യനാണ്. സുന്ദര്‍ലാല്‍ കൈത്തണ്ട കൊണ്ട് വേഗം കണ്ണുതുടച്ചു. താന്‍ കരയുന്നത് പയ്യന്‍ കാണാന്‍ പാടില്ല. അതവന്റെ പ്രതീക്ഷകളിലും ഇരുട്ടടച്ചു കളയും. അവനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ബംഗാളി കുടുംബം കൂടി ചോര്‍ച്ച മാറാതെ പേമാരിയില്‍ നനഞ്ഞു കുതിര്‍ന്ന് നില്‍ക്കും.
കൊണ്ടു വന്ന ടിക്കറ്റ് സുന്ദര്‍ലാലിന്റെ കൈകളില്‍ കൊടുത്ത് പയ്യന്‍ പറഞ്ഞു: 'ഉച്ചക്ക് രണ്ടുമണിക്കുള്ള വണ്ടിയാണ്. റിസര്‍വേഷന്‍ കിട്ടി. രാത്രി മുഴുവന്‍ ക്യൂവിലായിരുന്നു. തത്ക്കാല്‍ ടിക്കറ്റിന് ഉപ്പോള്‍ മുമ്പത്തെ പോലെയല്ല, ആളു കൂടുതലാണ്. ഇന്നലെ രാത്രി ഉറങ്ങിയിട്ടേയില്ല.'' അതുപറഞ്ഞ് പയ്യന്‍ സുന്ദര്‍ലാലിന്റെ സാധനങ്ങള്‍ ഓരോന്നെടുത്ത് മടക്കിയും ചുരുട്ടിയും ഒരു തകരപ്പെട്ടിയിലേക്ക് തിരുകാന്‍ തുടങ്ങി.
ദേവി അടുക്കളയില്‍ തിരക്കിലാണ്. സുന്ദര്‍ലാല്‍ തന്റെ മകനെ കട്ടിലില്‍ തന്റെയടുത്ത് വിളിച്ചിരുത്തി. തഴമ്പു വീണു കറുത്ത കൈവിരലുകള്‍ കൊണ്ട് അവന്റെ മിനുസമുള്ള കൈകളില്‍ കൂട്ടിപ്പിടിച്ചു. തന്റെ പഴ്‌സിനുള്ളില്‍ തിരുകിക്കയറ്റി വച്ചിരുന്ന ഒരു കഷ്ണം പേപ്പര്‍ എടുത്ത് അവനു കൊടുത്തു. 'മോന്‍ ഇതിലെഴുതിയ സ്ഥലത്ത് പോണം. അവിടെ എന്റെ മാലിക് ഉണ്ടാവും. എന്റെ കൂടെയുണ്ടായിരുന്ന ദൈവങ്ങള്‍ ഇനി നിന്റെ കൂടെയുണ്ടാവും. ഈ നമ്പറില്‍ അയാളെ വിളിക്കണം.'' അവന്‍ ഒന്നും പറഞ്ഞില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും കൂടി അവനെ റെയില്‍വെസ്റ്റേഷനില്‍ കൊണ്ടുവിട്ടു. തുടര്‍ ദിവസങ്ങളില്‍ കേരളയില്‍ നിന്നും മകന്റെ ഫോണ്‍ വന്നുകൊണ്ടിരുന്നു. അവന്‍ അച്ഛനെപ്പോലെയല്ല. സ്വന്തമായി ഫോണൊക്കെയുള്ളയാളാണ്. അടുത്തിടെ കേരളയില്‍നിന്നും നാട്ടിലെത്തിയ ഒരാള്‍ മകന്‍ കൊടുത്തുവിട്ട മൊബൈലുമായി വന്നു. ഇപ്പോള്‍ പരാതിപ്പെടണം എന്നു തോന്നുമ്പൊഴൊക്കെ ദേവി അവന് മിസ്‌കോളടിക്കും. മകനോട് സംസാരിക്കുമ്പോള്‍ ദേവിയുടെ മുഖത്തെ ഭാവങ്ങളും ഭാവമാറ്റങ്ങളും അയാള്‍ നോക്കിക്കിടക്കും. പരാതിയുടെ ഓരോ കെട്ടുകളും എത്ര സൂക്ഷ്മമമായാണ് ദേവി അഴിച്ചെടുത്ത് വെക്കേണ്ടിടത്ത് വെക്കുന്നത്. എല്ലാം കേട്ട് കുടിലിലെ കട്ടിലില്‍ തന്നെ ചെരിഞ്ഞു കിടക്കുമ്പോള്‍ സുന്ദര്‍ലാല്‍ ഒരു കാര്യം കൂടി കണ്ടു. ദേവിയുടെ പരാതിക്കെട്ടില്‍ ചോര്‍ച്ച മാറാത്ത കുടിലിന്റെ കൂടെ തന്റെ മുറിഞ്ഞ കാല്‍ കൂടി കെട്ടുപിണഞ്ഞു കിടക്കുന്നത്.