പ്രാസ്ഥാനിക ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പെട്ടെന്നുതന്നെ ഹിറാനഗര്‍ സമ്മേളനം ഓര്‍മയില്‍ തെളിഞ്ഞുവരും. ഐ.പി.എച്ചിന്റെ
പ്രാസ്ഥാനിക ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പെട്ടെന്നുതന്നെ ഹിറാനഗര്‍ സമ്മേളനം ഓര്‍മയില്‍ തെളിഞ്ഞുവരും. ഐ.പി.എച്ചിന്റെ ചുമതലക്കാരനെന്ന നിലയില്‍ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ മൂന്നാം ഭാഗം ഉള്‍പ്പെടെ രണ്ടു ഡസനോളം പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യാനായി തയ്യാറാക്കേണ്ടതുണ്ടായിരുന്നു. അതോടൊപ്പം സമ്മേളന പ്രചാരണത്തിന്റെ ചുമതലയും വഹിക്കേണ്ടി വന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. പ്രചാരണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ അത് സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമല്ലോ എന്ന ആശങ്ക സദാ വേട്ടയാടിക്കൊണ്ടിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനമാണ് മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കൂരിയാട് ഹിറാനഗറില്‍ നടന്നത്. 1948 ജനുവരിയില്‍ വളാഞ്ചേരിക്കടുത്ത കാട്ടിപ്പരിത്തിയില്‍ മൊയ്തീന്‍ കുട്ടി സാഹിബിന്റെ വീട്ടിലാണ് ഒന്നാം സമ്മേളനം നടന്നത്. അതില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഘടകം രൂപീകൃതമായത്. ഇരുനൂറ് പേരാണ് പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചത്. രണ്ടാം സമ്മേളനം 1948 ആഗസ്റ്റ് 21 ന് കോഴിക്കോട്ടും മൂന്നാം സമ്മേളനം 1950 ഡിസംബര്‍ 29, 30 തിയ്യതികളില്‍ വളപട്ടണത്തും നാലാം സമ്മേളനം 1952 മാര്‍ച്ച് 1,2,3 തിയ്യതികളില്‍ ശാന്തപുരത്തും അഞ്ചാം സമ്മേളനം 1953 മാര്‍ച്ച് 1,2,3,4 തിയ്യതികളില്‍ എടയൂരും നടന്നു. എടയൂരിലെ സമ്മേളനത്തില്‍ രണ്ടായിരത്തോളം പേരാണ് സംബന്ധിച്ചത്. 1955 ഏപ്രില്‍ 9,10 തിയ്യതികളില്‍ മലപ്പുറം നൂറടിപ്പാലത്തിനടുത്ത് ചേര്‍ന്ന ആറാം സംസ്ഥാന സമ്മേളനത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ശാന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനമുണ്ടാക്കുവാന്‍ തീരുമാനിച്ചത് പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ്. ഏഴാം സംസ്ഥാന സമ്മേളനം നടന്നത് മധ്യകേരളത്തിലാണ്. 1957 ഡിസംബര്‍ 28,29 തിയ്യതികളില്‍ ആലുവ അണ്ടി ഫാക്ടറിയില്‍. എട്ടാം സംസ്ഥാന സമ്മേളനം ഹാജി സാഹിബിന്റെ ആകസ്മികമായ അന്ത്യം നടന്ന് ഏറെ കഴിയും മുമ്പാണ്. 1959 ഒക്‌ടോബര്‍ രണ്ടിനാണല്ലോ ആ യുഗ പ്രഭാവന്‍ ഇഹലോകം വിട്ടുപിരിഞ്ഞത്. 1960 ഡിസംബര്‍ 31, 1961 ജനുവരി 1 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ മൂഴിക്കലായിരുന്നു സമ്മേളനം. ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒമ്പതാം സമ്മേളനം ചേരുന്നത്. 1969 മാര്‍ച്ച് 8,9 തിയ്യതികളില്‍ മലപ്പുറം കോട്ടപ്പടിയില്‍. ഞാന്‍ പങ്കെടുത്ത ആദ്യത്തെ സംസ്ഥാന സമ്മേളനം. പതിനായിരം പുരുഷന്മാരും രണ്ടായിരം സ്ത്രീകളും പ്രതിനിധികളായിത്തന്നെ അതില്‍ സംബന്ധിച്ചു. കേരള ചരിത്രത്തില്‍ ഒരൊറ്റ സംഘടനയും അന്നോളം അത്ര വലിയ പന്തലിട്ട് വിപുലമായ സജ്ജീകരണത്തോടെ സമ്മേളനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കേരളീയ സമൂഹത്തിന് ഏറെ പുതുമയുള്ള അനുഭവമായിരുന്നു അത്.
അടിയന്തരാവസ്ഥയിലെ നിരോധനത്തിനു ശേഷം പ്രസ്ഥാനം നേടിയ കരുത്ത് തെളിയിക്കുന്നതായിരുന്നു 1983 ഫെബ്രുവരി 19,20 തിയ്യതികളില്‍ മലപ്പുറത്തിനടുത്ത് മക്കരപ്പറമ്പ് ദഅ്‌വത്ത് നഗറില്‍ നടന്ന പത്താം സംസ്ഥാന സമ്മേളനം. ഇരുപതിനായിരം പ്രതിനിധികളുള്‍പ്പെടെ അര ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനം പ്രസ്ഥാനം മലയാള മണ്ണില്‍ ആഴത്തില്‍ വേരൂന്നിയെന്ന് വ്യക്തമാക്കുന്നതായിരുന്നു.
പതിനൊന്നാം സമ്മേളനമാണ് പതിനഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം 1998 ഏപ്രില്‍ 17,18,19 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കൂരിയാട് ഹിറാ നഗറില്‍ നടന്നത്. ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഓര്‍മകളില്‍ ചിലതും അതുമായി ബന്ധപ്പെട്ടവയാണ്. ഒരു ലക്ഷത്തോളം പ്രതിനിധികള്‍ക്ക് രണ്ടു ദിവസം താമസിക്കാന്‍ സാധിക്കും വിധമുള്ള പന്തലും സംവിധാനവുമാണ് ഹിറാ നഗറില്‍ സജ്ജീകരിച്ചത്. അമ്പത് ലക്ഷം പേരെ ഇസ്‌ലാമിന്റെ സന്ദേശം സാമാന്യമായി കേള്‍പ്പിക്കലും അഞ്ചു ലക്ഷം പേര്‍ക്ക് ഇസ്‌ലാമിനെ പൊതുവായി പരിചയപ്പെടുത്തലുമായിരുന്നു പ്രധാന ലക്ഷ്യം. സമ്മേളനത്തിലൂടെയും സമ്മേളന പ്രചാരണങ്ങളിലൂടെയും ലക്ഷ്യം കവച്ചുവെക്കാന്‍ സാധിച്ചു.
എന്നിലര്‍പ്പിതമായ ചുമതല പരമാവധി തികവോടെയും ഭംഗിയായും നിര്‍വഹിക്കാന്‍ ശ്രമിച്ചു. വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു തരുമാറാകട്ടെ. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ സമ്മേളന സപ്ലിമെന്റുകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെ വ്യത്യസ്തങ്ങളായ പ്രചാരണ മാര്‍ഗ്ഗങ്ങളവലംബിച്ചു. പത്ര മാധ്യമങ്ങള്‍ സമ്മേളന പ്രചാരണങ്ങളോടും സമ്മേളന പരിപാടികളോടും പൂര്‍ണമായും സഹകരിച്ചു. സമ്മേളന വാര്‍ത്തകള്‍ക്ക് നല്ല കവറേജ് നല്‍കി.
ഏപ്രില്‍ 17-ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം പ്രബോധനം തയ്യാറാക്കിയ സമ്മേളന സ്‌പെഷല്‍ പ്രകാശനത്തോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. അതിനു മുമ്പേ തന്നെ ഏറെ ആകര്‍ഷകവും പഠനാര്‍ഹവുമായ പ്രദര്‍ശനം ആരംഭിക്കുകയും പതിനായിരങ്ങള്‍ അത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടന്ന 74 യുവതീ യുവാക്കള്‍ ദമ്പതികളായി മാറിയ സമൂഹ വിവാഹം ഏറെ ശ്രദ്ധേയമായി. അന്ന് വിവാഹിതനായ എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗമായിരുന്ന പ്രഗത്ഭനായ പ്രസംഗകന്‍ ജി.കെ എടത്തനാട്ടുകരയുടെ ഗോപാലകൃഷ്ണന്‍ എന്ന പേര് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. ഇന്നിപ്പോള്‍ ആദര്‍ശമാറ്റത്തിനു ശേഷവും പേരു മാറ്റാത്ത പലരുമുണ്ട്. മഗ്‌രിബ് നമസ്‌കാരാനന്തരമുള്ള പുസ്തക പ്രകാശന പരിപാടി അക്ഷരാര്‍ഥത്തില്‍ ഒരു വെല്ലുവിളിയായിരുന്നു. നാല്‍പതു പേരെ പങ്കെടുപ്പിച്ച് ഇരുപത്തിരണ്ട് പുസ്തകങ്ങളുടെ പ്രകാശനം. അതും മൂന്നു മണിക്കൂറിനുള്ളില്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരോ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ചീഫ്‌വിപ്പ് ടി.കെ ഹംസ, എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, എം.കെ മുനീര്‍, സി.ടി അഹമ്മദ് അലി, ഡോ: എം.ഗംഗാധരന്‍, സി. രാധാകൃഷ്ണന്‍, പി.വി ചന്ദ്രന്‍, എ.സുജനപാല്‍, എന്‍.പി മുഹമ്മദ്, യു.എ ഖാദര്‍, സിവിക് ചന്ദ്രന്‍, എന്‍.പി ചെക്കുട്ടി, പി.കെ ഗോപി, പി.പി മുഹമ്മദലി, ഒ.അബ്ദുല്ല, എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ: ഇ.കെ അഹമ്മദ് കുട്ടി, പി.മുഹമ്മദ് കുട്ടശ്ശേരി തുടങ്ങിയ വളരെ പ്രഗത്ഭരും പ്രശസ്തരും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാവരെയും പരിപാടിയില്‍ എത്തിക്കാനും നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കാനും സാധിച്ചു.
ഹിറാ നഗര്‍ സമ്മേളനത്തെ ഏറെ ശ്രദ്ധേയവും അവിസ്മരണീയവുമാക്കിയത് ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും വിപ്ലവകാരിയും ചിന്തകനുമൊക്കെയായ മുഹമ്മദ് ഖുതുബിന്റെ സാന്നിധ്യമാണ്. ജീവിക്കുന്ന രക്തസാക്ഷിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സമ്മേളനത്തിലെ ജനബാഹുല്യം മുഹമ്മദ് ഖുതുബിനെ വിസ്മയഭരിതനാക്കി; വിശേഷിച്ചും വനിതാ പ്രാതിനിധ്യം. അദ്ദേഹം തന്റെ പ്രൗഢമായ പ്രസംഗം ആരംഭിച്ചതു തന്നെ അതെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: 'കണ്ണുകൊണ്ടിത് കണ്ടിരുന്നില്ലെങ്കില്‍ എന്നോടിത് ആരു പറഞ്ഞാലും ഞാനിതു വിശ്വസിക്കുമായിരുന്നില്ല. ഇസ്‌ലാമിനെതിരെ ഏറ്റവും വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്രയധികം സ്ത്രീകള്‍ ഇവിടെ സംഗമിച്ചത് നേരില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ ഉള്‍ക്കൊള്ളുമായിരുന്നില്ല.'
സമ്മേളനത്തില്‍ അമേരിക്കയിലെ ഇസ്‌ന വൈസ് പ്രസിഡണ്ട് സിറാജ് വഹജ് ലളിതമായ ഇംഗ്ലീഷില്‍ നടത്തിയ അത്യുജ്വലമായ പ്രഭാഷണം ഏവരെയും ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. അദ്ദേഹം പ്രസംഗത്തില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്ന Show me എന്ന് എന്റെ മക്കള്‍ കുറെ കാലം പറഞ്ഞുകൊണ്ടിരുന്നു. കുവൈത്ത് എം.പിയും അറിയപ്പെടുന്ന ഇസ്‌ലാമിക പ്രവര്‍ത്തകനുമായ നാസിറുസ്സാനി, ഖത്തറിലെ പ്രമുഖ പണ്ഡിതന്‍ അലി ഖുര്‍ദാനി, ഇബ്രാഹിം സുലൈമാന്‍ സേട്ട്, കൊരമ്പയില്‍ അഹമ്മദ് ഹാജി, ബീഹാര്‍ മിഫില യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷഹനാസ് ബീഗം, പ്രൊഫസര്‍ ജയപ്രകാശ്, കെ. വേണു തുടങ്ങി വിവിധ മേഖലകളിലെ ഏറെ പ്രഗത്ഭരായ നിരവധി പേര്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുത്തു. എന്നാല്‍ മുഹമ്മദ് ഖുതുബിനെ കഴിച്ചാല്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് അമേരിക്കയിലെ ജോര്‍ജ് ടീണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ എല്‍. എസ് പോസിറ്റോയുടെ സാന്നിധ്യവും പ്രസംഗവുമാണ്.
ഹിറാ സമ്മേളനവുമായി ബന്ധപ്പെട്ട് ചെയ്യാന്‍ സാധിച്ച കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ഏറെ മധുരമുള്ള ഓര്‍മകളായി മനസ്സിലിന്നും മങ്ങാതെ, മായാതെ നിലനില്‍ക്കുന്നു. ഹിറക്കു ശേഷം പതിനാറു വര്‍ഷം പിന്നിട്ടു. ഇനി അതുപോലുള്ള സംസ്ഥാന സമ്മേളനം സാധ്യമല്ലാത്ത വിധം പ്രസ്ഥാനം വളര്‍ന്നു പന്തലിച്ചതിനാല്‍ ഹിറക്ക് ആവര്‍ത്തനമുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഹിറാ സംഗമം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പന്തലിട്ടുകൊണ്ടുള്ള സംസ്ഥാന സമ്മേളനങ്ങളില്‍ അവസാനത്തേതാകാനാണ് സാധ്യത. എങ്കില്‍ പുതിയ തലമുറക്ക് പ്രവര്‍ത്തകരെ ഏറെ ആവേശഭരിതരും കര്‍മോത്സുകരും ത്യാഗസന്നദ്ധരുമാക്കിയ സമ്മേളനങ്ങളെ സംബന്ധിച്ച് വായിച്ചു കേട്ട് മാത്രം നിര്‍വൃതിയടയേണ്ടി വരും. അതോടൊപ്പം പുതിയ രീതികള്‍ ആവിഷ്‌കരിച്ച് പുതിയ തലമുറ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. അപ്പോഴും ഹിറാ സമ്മേളനത്തിനായി സാക്ഷിയായവരില്‍ അത് അവാച്യമായ ഗൃഹാതുരസ്മരണകളുയര്‍ത്തിക്കൊണ്ടിരിക്കും.
താല്‍ക്കാലിക വിരാമം
ആരാമത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരിമാരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധമാണ് ഈ പംക്തി ആരംഭിക്കാനും ഇതുവരെ തുടരാനും എന്നെ പ്രേരിപ്പിച്ചത്. വ്യക്തിപരവും കുടുംബപരവുമായ വളരെ കുറച്ചു കാര്യങ്ങളേ ഇതില്‍ കുറിച്ചിട്ടുള്ളൂ. ഒരെളിയ പ്രവര്‍ത്തകനെന്ന നിലയില്‍ സമുദായത്തിലും സംഘടനയിലും നടന്ന സംഭവങ്ങളെ എന്റേതായ തലത്തില്‍ നിന്ന് നോക്കിക്കാണാനാണ് ഇതിലൂടെ ശ്രമിച്ചത്.
ടി. മുഹമ്മദ് വേളം, സി. ദാവൂദ്, ശിഹാബ് പൂക്കോട്ടൂര്‍, ടി. ശാക്കിര്‍, സമദ് കുന്നക്കാവ്, എസ്. ഇര്‍ഷാദ് പോലുള്ള പുതിയ തലമുറയിലെ എന്റെ ആത്മമിത്രങ്ങള്‍ ഈ പംക്തി പതിവായി വായിക്കുകയും പലപ്പോഴും വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. ആ തലമുറക്ക് നേരിട്ട് അനുഭവ പരിചയമില്ലാത്ത കാര്യങ്ങളാണ് ഇതില്‍ കുറിച്ചിട്ടിരുന്നത്. ഹിറാ സമ്മേളനാനന്തര കാര്യങ്ങളുമായി നന്നായി ഇടപഴകിയവരാണ് അവരെല്ലാം. അതുകൊണ്ട് അവര്‍ക്ക് അതിലൊട്ടും പുതുമയോ താല്‍പര്യമോ ഉണ്ടാവുകയില്ല. അതിനാല്‍ ഇത് ഇപ്പോള്‍ ഇവിടെ അവസാനിപ്പിക്കുന്നു. ആവശ്യമാണെന്ന് തോന്നുമ്പോള്‍ തുടരാമല്ലോ. രേഖപ്പെടുത്തിയ കാലത്തെ ചില സംഭവങ്ങള്‍ ഇതില്‍ വിട്ടുപോയിട്ടുണ്ട്. പല സുഹൃത്തുക്കളും അതെക്കുറിച്ച് ഓര്‍മപ്പെടുത്തുകയുണ്ടായി. പുസ്തകരൂപത്തിലാക്കുമ്പോള്‍ അവകൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണ്.