മദ്യസേവ
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും അന്യൂനമായ ഒരു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിലധിഷ്ഠിതമാണ് എല്ലാ ജീവിതവും. വ്യവസ്ഥയില്‍ നിന്നുള്ള വ്യതിചലനം സകലമാന അപ്രഭംശങ്ങളിലും
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും അന്യൂനമായ ഒരു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിലധിഷ്ഠിതമാണ് എല്ലാ ജീവിതവും. വ്യവസ്ഥയില്‍ നിന്നുള്ള വ്യതിചലനം സകലമാന അപ്രഭംശങ്ങളിലും മനുഷ്യരെയും മറ്റിതര ജീവജാലങ്ങളെയും കൊണ്ടെത്തിക്കുന്നു. ലോകത്തിലെ ജന്തുജീവജാലങ്ങളില്‍ നിന്നെല്ലാം ഉത്കൃഷ്ടരായ മനുഷ്യരും താളാത്മകമായ വ്യവസ്ഥയുടെ ഭാഗമാണ്. പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മറ്റുളള ജന്തുജീവജാലങ്ങളില്‍നിന്നും ആകെ താളംതെറ്റിയ അവസ്ഥയിലേക്കാണ് മനുഷ്യരുടെ കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്. മദ്യത്തില്‍ മുങ്ങി ഉന്മത്തരായിക്കൊണ്ട് മാന്യതയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് മൃഗത്തേക്കാള്‍ അധപ്പതിച്ചുകൊണ്ടിരിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ സാംസ്‌കാരിക കേരളം. മദ്യം വിഷമാണെന്നും അതാണ് എല്ലാ തിന്മകളുടെയും മാതാവെന്നുമുള്ള സത്യം അറിയാത്തവരല്ല ആരും. പക്ഷേ ഇത്തരമൊരു വിഷത്തെ വര്‍ജിക്കേണ്ട വിഷമമാണ് പലരേയും ഈ വിഷത്തെ നുകരാന്‍ പ്രേരിപ്പിക്കുന്നത്. 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ' എന്ന ചൊല്ലിന് പകരം 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കള്ള് കുമ്പിളില്‍ തന്നെ' എന്ന നിലയിലേക്ക് മാറ്റി പ്രതിഷ്ഠിക്കേണ്ട ദുരവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. സന്താപം വന്നാലും സന്തോഷം വന്നാലും കൂട്ടിന് കള്ളില്ലാതെ എന്താഘോഷമെന്നായിരിക്കുന്നു മലയാളികളുടെ മതം. അതുകൊണ്ടുതന്നെ മദ്യസേവ എന്നത് സാമാന്യവല്‍ക്കരിക്കപ്പെട്ട സംഗതിയായി മാറിയിരിക്കുന്നു. മദ്യത്തിന്റെ പേരില്‍ ലഭിക്കുന്ന വരുമാനമോര്‍ത്ത് സമ്പൂര്‍ണ്ണ മദ്യനിരോധന നിയമം കൊണ്ടുവരാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അമാന്തം കാണിക്കുന്നതും മദ്യമെന്ന വിഷത്തെ ആശ്ലേഷിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ടൂറിസ്റ്റു ഹോമുകള്‍ക്കും മറ്റും ബാര്‍ ലൈസന്‍സ് അനുവദിച്ച് അതിലൂടെ വരുമാനം ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറുകള്‍ മദ്യംകൊണ്ടുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
സിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന മദ്യപാന രംഗങ്ങളും പരസ്യങ്ങളും മദ്യനിരോധമെന്നത് ഒരു ഉട്ട്യോപ്യന്‍ സ്വപ്‌നമാണെന്ന് വിധിയെഴുതുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം കള്ളടിച്ച് കുഴപ്പമുണ്ടാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അല്ലാതെ വയറ്റില്‍ കിടക്കുന്നതല്ല. ഇത്തരമൊരു ന്യായം മദ്യരാജാക്കന്മാരിലേക്കുള്ള ഓരോ മലയാളിയുടെയും വഴിനടത്തത്തെയാണ് സൂചിപ്പിക്കുന്നത്. മദ്യത്തിനെതിരെ പടപൊരുതാന്‍ ബാധ്യസ്ഥരായ താരങ്ങളും മറ്റും മദ്യത്തിനെതിരെ വാചാലമാകുന്നതിന് പകരം സ്വല്‍പം മിനുങ്ങുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല എന്നാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സ്വല്‍പം മിനുങ്ങാത്തവര്‍ സമൂഹത്തിലെ വെറുക്കപ്പെട്ടവനും പിന്തിരിപ്പനുമായി മുദ്ര കുത്തപ്പെടുന്നു. മദ്യം സേവിക്കാത്തവന്‍ 'പഴഞ്ചന്‍' മൂല്യങ്ങളെ മുറുകെ പിടിക്കുന്നവരായിക്കണ്ട് പുറം തള്ളപ്പെടുന്നു.
സ്‌കൂളുകളിലും കോളേജുകളിലും മദ്യവും മയക്കുമരുന്നും മറ്റുള്ള എല്ലാ ലഹരികളും തെറ്റായ സംഗതിയാണെന്ന് ആണയിട്ട് പറയാന്‍ ആരും മെനക്കെടാത്തത് എന്നെങ്കിലുമൊരിക്കല്‍ മിനുങ്ങുന്നത് ആണത്വത്തിന്റെയും മറ്റും പ്രതീകമാണെന്നുള്ള മൂഢധാരണയുള്ളതുകൊണ്ടാണ്. ദൃശ്യമാധ്യമങ്ങളില്‍ അവതരിക്കപ്പെടുന്ന പരിപാടികളിലായാലും മദ്യപന്റെ വീരപരാക്രമങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നത് ആശങ്ക യേറ്റുന്നതാണ്. മദ്യം പൂര്‍ണ്ണമായും വ്യാജമാണെന്നിരിക്കെ വ്യാജമദ്യം, മദ്യം എന്നുള്ള തരം തിരിവ് തന്നെ ശുദ്ധ അസംബന്ധമാണ്. മദ്യം വരുത്തുന്ന വിനകള്‍ കടുത്തതാണെന്നുള്ള അറിവ് ഉണ്ടായതുകൊണ്ട് മാത്രമായില്ല. മറിച്ച് മദ്യം അത് ഏതുതന്നെയായാലും സമ്പൂര്‍ണ്ണമായി നിരോധിക്കുകയാണ് വേണ്ടതെന്നുള്ള തിരിച്ചറിവാണ് പ്രധാനം.