'നീ വായിക്കുക'
ത്വാഹിറ /ഖുർആൻ വെളിച്ചം
2014 നവംബര്‍
സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. (സൂറത്തുല്‍ അലഖ് 11)
സര്‍വലോകര്‍ക്കും വേണ്ടി പ്രവാചകനായ
സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. (സൂറത്തുല്‍ അലഖ് 11)
സര്‍വലോകര്‍ക്കും വേണ്ടി പ്രവാചകനായ മുഹമ്മദ് നബി (സ)യിലൂടെ അല്ലാഹു ആദ്യമായി അവതരിപ്പിച്ച ഖുര്‍ആന്‍ സുക്തമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. പൂര്‍ണമായും നിരക്ഷരരായ ഗോത്രമഹിമയുടെയും കുടുംബ ആഢ്യത്വത്തിന്റെയും പേരില്‍ യുദ്ധത്തോളം വരെ എത്തുന്ന സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്ന, അപമാനമാണെന്ന് കരുതി പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സമൂഹത്തിലേക്ക് 'വായിക്കൂക' എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രവാചകന്‍ നിയോഗിതനായിരുന്നത് എന്തുകൊണ്ടായിരുന്നു? വായിക്കുകയും പഠിക്കുകയും ചെയ്യാത്ത ഒരു സമൂഹത്തെയും സംസ്‌കരിക്കാന്‍ സാധ്യമല്ലയെന്നുള്ള തികഞ്ഞ ബോധ്യമായിരുന്നു പ്രവാചകന്‍ നിരക്ഷരനായിരുന്നിട്ട് പോലും ഈ ആയത്ത് കൊണ്ട് തന്നെ തുടങ്ങട്ടെയെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത്. ഖുര്‍ആന്‍ ദൈവികമാണ് മനുഷ്യനിര്‍മിതമല്ലയെന്നതിന് ഈ സൂക്തം തന്നെ മതി ഏറ്റവും വലിയ തെളിവായിട്ട്. കേവല മനുഷ്യബുദ്ധിക്ക് ഇത്ര അന്ധകാരത്തില്‍ മുങ്ങിയ ഒരു സമൂഹത്തോട് വായിക്കാന്‍ പറയാന്‍ സാധ്യമാവുകയില്ല.
അല്ലാഹു മലക്കുകളോട് മനുഷ്യനെ ഭൂമിയിലേക്ക് പ്രതിനിധിയായി അയക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ നിന്നെ സ്തുതിചെയ്യാനും പ്രകീര്‍ത്തിക്കാനും ഞങ്ങളുള്ളപ്പോള്‍ എന്തിനാണ് രക്തം ചിന്തുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെ അങ്ങോട്ട് അയക്കുന്നത് എന്ന് മലക്കുകള്‍ തിരിച്ച് ചോദിച്ച് അല്ലാഹു സൂറത്തുല്‍ ബഖറയില്‍ വിശദീകരിക്കുന്നുണ്ട്. ഇതിനുള്ള മറുപടി അല്ലാഹു നല്‍കുന്നത് മലക്കുകളേക്കാള്‍ ആദമിന് ശക്തിയും സൗന്ദര്യവും സമ്പത്തും നല്‍കിയല്ല, മറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് നിസ്സാരമാണെന്ന് തോന്നുന്ന രീതിയില്‍ കുറച്ചു വസ്തുക്കളുടെ പേര് ആദമിന് പഠിപ്പിച്ചു കൊടുത്തതായിരുന്നു. സര്‍വവും സാധ്യമാകുന്ന അല്ലാഹു എന്തിനായിരുന്നു അങ്ങനെ ചെയ്തത്? വിജ്ഞാനവും അറിവുമാണ് തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയ ഏറ്റവും വലിയ കഴിവ്. അത് തേടുന്ന മനുഷ്യര്‍ക്ക് നിങ്ങളീ പറയുന്ന ഒരു കുഴപ്പവും ഉണ്ടാവില്ല എന്നുമാത്രമല്ല അത്തരം മനുഷ്യര്‍ നിങ്ങളുടെ സുജൂദിന് പോലും അര്‍ഹരാവും വിധം ഉന്നതരുമാണെന്ന് മലക്കുകളെയും സര്‍വ ലോകരെയും പഠിപ്പിക്കുകയാണ് സൂറത്തുല്‍ ബഖറയില്‍ അവതരിപ്പിച്ച സൂക്തങ്ങളിലൂടെ അല്ലാഹു ചെയ്തത്. ഇതിനാണ് നിങ്ങള്‍ വായിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചത്.
മനുഷ്യന്‍ ദൈനംദിനം നേടിയെടുക്കുന്ന സകല പുരോഗതിയും മനുഷ്യനുള്ള ഈ കഴിവ് കൊണ്ടാണ്. ഖുര്‍ആന്‍ അവതീര്‍ണമായപ്പോള്‍ നബി(സ)ക്ക് നേരെയുണ്ടായ സകല വിമര്‍ശനങ്ങളെയും അല്ലാഹു സൂറത്തുല്‍ 'ഖലം' (പേന) എന്ന അധ്യായം തന്നെ അവതരിപ്പിച്ച് നേരിടുന്നുണ്ട്. ഖുര്‍ആന്റെ സാഹിത്യ നിലവാരത്തെയും ഉയര്‍ന്ന മൂല്യത്തെയും ആ അധ്യായം വിശദീകരിക്കുന്നു. മനുഷ്യന്റെ ശക്തിയും സമ്പത്തും ആഢ്യതയുമൊക്കെ മറ്റുള്ളവരെക്കാള്‍ തന്നെ ശ്രേഷ്ഠനാക്കിയ ധാരാളം സംഭവങ്ങള്‍ ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവുമൊക്കെ എടുത്ത് പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന കാര്യമാണ്. പക്ഷേ ഖുര്‍ആനില്‍ ഒരു സ്ഥലത്തും ഇത്തരത്തിലുള്ള ഒരു സംഭവവും കാണാന്‍ കഴിയുകയില്ല. വിജ്ഞാനം കൊണ്ടും പഠനം കൊണ്ടും മനുഷ്യന്‍ നേടിയെടുത്ത ഉയര്‍ന്ന സംസ്‌കാരം കൊണ്ട് മാത്രമേ മനുഷ്യന് ദൈവത്തിന്റെയടുക്കല്‍ മറ്റുള്ളവരെക്കാള്‍ സ്വീകാര്യത ലഭിക്കുകയുള്ളൂവെന്ന് അനുഭവങ്ങളിലൂടെ തെളിയിച്ച മതമാണ് ഇസ്‌ലാം.
വായിക്കാനുള്ള അല്ലാഹുവിന്റെ ഈ നിര്‍ദേശത്തിലൂടെ നാം മനസ്സിലാക്കേണ്ട ഏറ്റവും വലിയ കാര്യം ഒന്നാമതായി വായിക്കേണ്ടത് ഖുര്‍ആന്‍ തന്നെയാണെന്നാണ്. അറബി ഭാഷ അറിയാവുന്ന ഒരു സമൂഹത്തോട് 'വായിക്കൂ' എന്ന് പറഞ്ഞാല്‍ മതിയാവുന്ന ഒരുകാര്യം അറിയാത്ത സമൂഹങ്ങള്‍ കേവലമായ ഒരു വായന കൊണ്ട് മതിയാവുകയില്ല. മറിച്ച് അതിന്റെ അര്‍ഥവും വിശദീകരണവുമൊക്കെ പഠിക്കേണ്ടതുണ്ട് എന്ന് ബുദ്ധിയുള്ള മനുഷ്യരോട് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞുകൊണ്ടു തന്നെ വായിക്കേണ്ട ഗ്രന്ഥമാണ്. ഇസ്‌ലാമിനെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ഖുര്‍ആന്‍ പഠിച്ചേ സാധ്യമാവൂ. അതുകൊണ്ടാണല്ലോ മഹാനായ റസൂല്‍ കരീം പറഞ്ഞത് 'നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.' നാളെ അന്ത്യനാളില്‍ ഒരാളും നമുക്ക് സാക്ഷിപറയാനില്ലാത്ത സമയത്ത് നമുക്ക് സാക്ഷിപറായാനുള്ളത് ഖുര്‍ആനാണ്. ഖുര്‍ആനെങ്ങാന്‍ 'തന്നെ ഇവന്‍ അവഗണിച്ചിട്ടുണ്ടെ'ന്ന് നമുക്കെതിരില്‍ സാക്ഷിപറഞ്ഞാല്‍ സ്വര്‍ഗത്തിന്റെ മണം പോലും നമുക്ക് ലഭിക്കുകയില്ല.
ഖുര്‍ആന്‍ അല്ലാത്ത എന്ത് വായിച്ചാലും അന്തിമമായി നാം ദൈവത്തോട് അടുക്കുക തന്നെയാണ് വേണ്ടത്. നമ്മുടെ വായന വിശാലവും അര്‍ഥപൂര്‍ണ്ണവും ആവണം. കേവലമായ വിവര ശേഖരമാവരുത്. ആധുനിക സാങ്കേതികവിദ്യകളിലൂടെയുള്ള വായന കേവലമായ വിവരശേഖരണമായി മാറുന്ന ദുഃഖകരമായ ഒരവസ്ഥ കണ്ടുവരുന്നു. നമുക്ക് ചില വിവരങ്ങള്‍ ലഭിക്കാന്‍ വേണ്ടി നാം പ്രത്യേകമായി തെരഞ്ഞെടുത്ത് വായിക്കുന്ന ഭാഗങ്ങളെക്കാള്‍ ചിലപ്പോള്‍ ആ വിഷയങ്ങള്‍ പ്രതികരിക്കുന്നത് മറ്റ് ഭാഗങ്ങളിലായിരിക്കും. അതുകൊണ്ട് നാം ഏത് ഗ്രന്ഥവും പൂര്‍ണ്ണമായി വായിക്കണം. നമ്മുടെ ചിന്തയും ബുദ്ധിയും വികസിക്കുവാന്‍ അതുകൊണ്ട് സാധ്യമാവും. ജീവന്‍ ഉണ്ടെന്ന് ഉറപ്പായ ഭൂമിയിലെ അധഃസ്ഥിത പിന്നോക്ക ദരിദ്ര ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ച് പൈസ ചെലവാക്കാന്‍ മടി കാണിക്കുമ്പോള്‍ ജീവന്‍ ഉണ്ടെന്ന ചില സംശയങ്ങളുടെ പേരില്‍ അവിടെയും കൂടി വെട്ടിപ്പിടിക്കാന്‍ കോടികള്‍ ചെലവാക്കാന്‍ പേടകങ്ങളെയും മറ്റും അയക്കാന്‍ നമുക്ക് മടിയില്ലാതെ പോവുന്നത് നമ്മുടെ വായന കേവല വിവര ശേഖരണമായതിനാലും ദൈവം പറഞ്ഞ പ്രകാരം തന്റെ നാമത്തിലാവാത്തിനാലുമാണ്.