എരിഞ്ഞൊടുങ്ങിയ ജീവിതത്തിന്റെ കഥ
ഹുസ്നാ ബാനു എൽ.എസ് (കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കരുനാഗപ്പള്ളി) /കാമ്പസ്
2014 നവംബര്‍
പരീക്ഷ അടുക്കാറായിരുന്നു. കോളേജിലെ പ്രവേശന കവാടത്തിലിരുന്ന് രാവിലെ ആരോ പത്രം നിവര്‍ത്തി വായിക്കുന്നതു കേട്ടു, ഇനി പവര്‍കട്ടിന്റെ ദിനങ്ങളാണെന്ന്. ഊര്‍ജ്ജ
പരീക്ഷ അടുക്കാറായിരുന്നു. കോളേജിലെ പ്രവേശന കവാടത്തിലിരുന്ന് രാവിലെ ആരോ പത്രം നിവര്‍ത്തി വായിക്കുന്നതു കേട്ടു, ഇനി പവര്‍കട്ടിന്റെ ദിനങ്ങളാണെന്ന്. ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് ഒരുപാട് ക്ലാസുകള്‍ കേട്ടെങ്കിലും അതൊന്നും ആരും ഗൗനിച്ചതായി കണ്ടില്ല.
സന്ധ്യയായപ്പോഴാണ് പത്രവാര്‍ത്ത മനസ്സില്‍ മിന്നായം പോലെ വന്നത്. പണ്ടെങ്ങോ വാങ്ങിവെച്ച മെഴുകുതിരി തപ്പിയെടുക്കുന്ന തിരക്കിലായിരുന്നു പിന്നീട്. ഒടുവില്‍ ഷെല്‍ഫിന്റെ ഏതോ മൂലയില്‍ നിന്നും ഒരു പൊതി കൈയില്‍ തടഞ്ഞു. നിറംകെട്ടു തുടങ്ങിയ പേപ്പര്‍പൊതിക്കുള്ളില്‍ പാതി കത്തിത്തീര്‍ന്ന ഒരു മെഴുകുതിരി ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന പോലെ...
കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിക്ക് മുന്നില്‍ പുസ്തകം തുറന്നിരിക്കുമ്പോള്‍ മനസ്സ് എവിടെയോ അലയുകയായിരുന്നു. വെളിച്ചം തേടി വന്ന ഒരു ചെറുപ്രാണി തീനാളത്തില്‍ കിടന്നെരിയുമ്പോഴാണ് യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തിയത്. എരിഞ്ഞുകൊണ്ടിരിക്കുന്ന പ്രാണിയെ ശ്രദ്ധിച്ചിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചിന്തയുടെ ലോകത്തേക്ക് ആണ്ടുപോയി.
തനിക്ക് ചുറ്റും ഇളം ചൂടുപരത്തി, ഈ അപകട മേഖലയിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ആ തീനാളം. എങ്കിലും അറിവില്ലായ്മ മൂലം തന്നിലേക്ക് പറന്നടുത്ത മറ്റൊരു പ്രാണികൂടി ആ ചൂടില്‍ വെന്തുരുകി. അപ്പോള്‍ ഇറ്റിറ്റു വീണ കണ്ണുനീര്‍ തുള്ളികള്‍ താഴെ കാല്‍പാദത്തില്‍ വീണ് തണുത്തുറഞ്ഞു. ഒരുപാട് തുള്ളികള്‍ അവിടെ വീണുറഞ്ഞിട്ടുണ്ടായിരുന്നു. മനപ്പൂര്‍വമല്ലെങ്കിലും താന്‍ കാരണം നഷ്ടപ്പെട്ടുപോയ ജീവിതങ്ങള്‍ക്കുവേണ്ടി ഒഴുക്കിയ കണ്ണുനീരുകളായിരുന്നു അവയെല്ലാം. അങ്ങനെ മറ്റുള്ളവര്‍ക്കായി ഉരുകിയുരുകി ഒടുവില്‍...
അതിന്റെ തിരിക്ക് അറിയുമായിരിക്കും കൂടുതല്‍ തീക്ഷ്ണതയോടെ കത്തുമ്പോള്‍, തന്റെ ജീവിതം എരിഞ്ഞു തീരുകയാണെന്ന്. എങ്കിലും തന്റെ പിന്‍ഗാമികള്‍ക്ക് ആളിക്കത്താനുള്ള ഊര്‍ജ്ജവും കരുത്തും പകര്‍ന്നു നല്‍കുകയായിരിക്കും അതെന്ന് തോന്നി. ഇടക്കെപ്പോഴോ വീശിയ ഇളം കാറ്റു കൊണ്ടോ മറ്റോ ആ മെഴുകുതിരി നാളത്തിന്റെ തീവ്രത അല്‍പം കുറഞ്ഞുപോയി. ഇരുളിന്റെ മറ നീക്കി വെളിച്ചം പകരുമ്പോഴും, ഈ നുറുങ്ങുവെട്ടത്തില്‍ മറ്റുള്ളവര്‍ നന്മമാത്രം ചെയ്യട്ടെയെന്ന് ഒരു പക്ഷേ അത് മിഴിയടച്ച് പ്രാര്‍ഥിച്ചതാവും.
ആ മെഴുകുതിരി ആയുസ്സിന്റെ അവസാന നിമിഷങ്ങളിലെത്തിയിരുന്നു. ഒടുവില്‍ ഉരുകിയൊലിച്ച് അത് എരിഞ്ഞു തീര്‍ന്നു; മറ്റുള്ളവര്‍ക്കായി ഒഴുക്കിയ കണ്ണുനീര്‍ തുള്ളികളും കത്തിക്കരിഞ്ഞ ഒരു ചെറുതിരിയും അവിടെ ബാക്കിവെച്ചുകൊണ്ട്. ഒരു പക്ഷേ, നാളെ അവിടെ വരാനിരിക്കുന്ന പുതിയൊരു മെഴുകുതിരിയോട് ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതത്തിന്റെ കഥ പറയാന്‍ ഈ കാല്‍പാടുകള്‍ മതിയായിരിക്കും.
ഞാന്‍ മുന്നിലെ മേശയില്‍ തലവെച്ചു കണ്ണടച്ചപ്പോള്‍ ഒരു മെഴുകുതിരി നാളം ശോഭയോടെ കത്തുന്നുണ്ടായിരുന്നു. മനസ്സിന്റെ ഉള്‍ക്കോണിലെവിടെയോ നന്മയുടെ ഒരു തീപ്പൊരി എരിയുന്നു.