ചിതറിയ ചിന്തകള്‍
അബൂ അബ്ദുൽ ഹസീബ് /കുറിപ്പ്
2014 നവംബര്‍
വിത്ത പ്രേമം സംക്രമിച്ചാല്‍ ചിത്തഭ്രമവും ചിത്തരോഗവുമായി പരിണമിക്കും. മുതലാളിത്തമെന്ന മഹാര്‍ബുദത്തിന്റെ മുഖ്യ മൂലം ധനപൂജാ സംസ്‌കാരമാണ്. സമ്പത്ത്
വിത്ത പ്രേമം സംക്രമിച്ചാല്‍ ചിത്തഭ്രമവും ചിത്തരോഗവുമായി പരിണമിക്കും. മുതലാളിത്തമെന്ന മഹാര്‍ബുദത്തിന്റെ മുഖ്യ മൂലം ധനപൂജാ സംസ്‌കാരമാണ്. സമ്പത്ത് ഗുണദോഷ നിര്‍ണ്ണയത്തിലും ശ്രേഷ്ഠത നിര്‍ണ്ണയിക്കുന്നതിലും മുഖ്യ മാനദണ്ഡമായി മാറുമ്പോള്‍ വന്നുചേരുന്ന പരിഹാസ്യമായ അവസ്ഥകള്‍ വ്യക്തമാക്കുന്ന ചില നുറുങ്ങുകളാണ് ചുവടെ.
ജുഹ ഒരിക്കല്‍ ഒരു ഗംഭീര കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയി. പതിവായി ധരിക്കുന്ന ലളിത വേഷത്തില്‍ തന്നെയായിരുന്നു പോയത്. സര്‍വാഢംബരങ്ങളോടും അലങ്കാരങ്ങളോടും കൂടിയ കല്യാണപന്തലിന്റെ കവാടത്തില്‍ അതിഥികളെ അകത്തേക്ക് കടത്തിവിടാന്‍ പ്രത്യേകം പാറാവുകാരുണ്ടായിരുന്നു. തികച്ചും ലളിതവും സാധാരണവുമായ വേഷം ധരിച്ച ജുഹയെ കവാടത്തിലുള്ള പാറാവുകാരും മറ്റും തടഞ്ഞു. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച അലവലാതികള്‍ക്ക് ഈ വി.ഐ.പി വിവാഹമംഗള മഹാമഹത്തില്‍ പ്രവേശനമില്ലെന്നായിരുന്നു ജുഹയെ തടഞ്ഞവരുടെ ന്യായം. തന്നെ ബന്ധപ്പെട്ടവര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കയറാന്‍ അനുവദിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും അതൊക്കെ നിഷ്‌കരുണം നിരസിക്കുകയായിരുന്നു കല്യാണവീട്ടിലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സില്‍ബന്തികള്‍. ഒടുവില്‍ ജുഹ മടങ്ങി. നേരെ വീട്ടില്‍ചെന്ന് മുന്തിയ വേഷങ്ങള്‍ സംഘടിപ്പിച്ച് അണിഞ്ഞു. അലങ്കാരങ്ങളും സുഗന്ധങ്ങളുമൊക്കെ ഉപയോഗിച്ചു. മുന്തിയ വാഹനവും ഒപ്പിച്ചു. എന്നിട്ട് കല്യാണാഘോഷ പന്തലിലേക്ക് പോയി. അവിടെ എത്തിയതും വേഷവിധാനത്തിലും വാഹനത്തിലും വളരെയേറെ ഭ്രമിച്ചുപോയ കല്യാണ നടത്തിപ്പുകാര്‍ തങ്ങളുടെ 'അതിഥി'യെ അത്യാദരപൂര്‍വം സ്വീകരിച്ചാനയിച്ചു. ഒടുവില്‍ തീന്‍മേശയിലേക്ക് ഉപചാരപൂര്‍വം ക്ഷണിച്ചു. അവിടെയെത്തിയ ''അതിഥി' വിഭവങ്ങള്‍ തന്റെ മുന്തിയ കുപ്പായത്തിന്റെ കീശകളിലേക്ക് എടുത്തിടാന്‍ തുടങ്ങി. അസാധാരണമായ ഈ പ്രവൃത്തി കണ്ട ചിലര്‍ എന്താണിങ്ങനെ എന്നാരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെ: ''ഈ ആദരവും സ്വീകരണവും സല്‍ക്കാരവുമൊന്നും എനിക്കല്ല; എന്റെ ഉടുതുണിക്കാണ്. ആകയാല്‍ എനിക്ക് ആഹാരം വേണ്ടതില്ല. കുപ്പായത്തിനുള്ളത് അതിന് തന്നെ നല്‍കുകയാണ്...'' ആതിഥേയര്‍ക്ക് തങ്ങളുടെ നിലപാടിലെ പൊള്ളത്തരം മനസ്സിലാക്കിക്കൊടുത്ത ജുഹ ആരെയും കൂസാതെ സ്ഥലം വിടുകയും ചെയ്തു.
കുവൈത്തിലെ ഒരു മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ തലക്കുമുകളില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ച വാക്യം: ''നിന്റെ പൂര്‍വികര്‍ക്കിത് സ്ഥിരമായിരുന്നെങ്കില്‍ ഇതൊരിക്കലും നിന്നിലെത്തുമായിരുന്നില്ല.''
നാട്ടില്‍ ആളുകള്‍ അരക്കിറുക്കന്‍ എന്ന് വെറുതെ വിളിച്ചിരുന്ന ഒരു സാത്വികന്‍ പറഞ്ഞത്: 'ഭൗതിക വിഭവങ്ങള്‍- ദുന്‍യാവ് - ആര്‍ക്കും ഒരിക്കലും സ്ഥിരമല്ലെന്ന് മനസ്സിലാക്കാന്‍ഒരു ദിവസം മുഴുക്കെ രജിസ്റ്റാറാഫീസില്‍ ഇരുന്ന് രംഗം നിരീക്ഷണം നടത്തിയാല്‍ മതി. അല്ലെങ്കില്‍ തന്റെ തറവാടിന്റെ ആധാര രേഖ വായിച്ചാലും മതി...'' അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞു: 'വിളവന്മാരൊന്നും വിളവരല്ല- വിളവന്മാരെ ശരിക്കും തിരിച്ചറിഞ്ഞവനാണ് ശരിയായ വിളവന്‍...''
അതാരാണെന്ന് ചോദിച്ചപ്പോള്‍ മറുപടി: ''അല്ലാഹു''.
മുന്‍കാലങ്ങളില്‍ വലിയ ജന്മിമാരെയും മുതലാളിമാരെയും കണ്ടുമുട്ടിയാല്‍ ആദരസൂചകമായി ശിരോവസ്ത്രം അഴിച്ച് കക്ഷത്തിറുക്കി ഭവ്യത നടിക്കുമായിരുന്നു. ഇതില്‍ അതൃപ്തിയുള്ള ഒരു നാടന്‍ ഇപ്രകാരം പറഞ്ഞുവത്രെ: 'അങ്ങനെയെങ്കില്‍ സകല സമ്പന്നരുടെയും കാശ് കെട്ടിക്കിടക്കുന്ന ബാങ്കുകളുടെ മുമ്പിലെത്തിയാലും തലേക്കെട്ട് ഊരി കക്ഷത്തിറുക്കേണ്ടി വരുമല്ലോ?..''
പണ്ടൊരു വലിയ വ്യാപാരിയുണ്ടായിരുന്നു. ഒട്ടേറെ സമ്പത്തും സൗകര്യങ്ങളുമുള്ള വലിയ സമ്പന്നനായിരുന്നു അദ്ദേഹം. രാവിലെ തന്റെ പാണ്ടികശാലയിലേക്ക് പുറപ്പെട്ടാല്‍ വഴിനീളെ ധാരാളം പേര്‍ കുശലാന്വേഷണം നടത്തുകയും ആദരപൂര്‍വ്വം ലോഹ്യം പറയുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ തന്റെ വ്യാപാര കേന്ദ്രത്തില്‍ വളരെ വൈകിയാണ് എത്താറ്. എല്ലാ കല്ല്യാണ പാര്‍ട്ടികള്‍ക്കും വലിയ സല്‍ക്കാരങ്ങളിലേക്കും ക്ഷണമുണ്ടാവാറുള്ളതിനാല്‍ തിരിച്ചു വീട്ടിലെത്താനും വൈകും. പൊതുപരിപാടികളിലും അദ്ദേഹം വിശിഷ്ടാതിഥിയായിരിക്കും. സമ്മാനദാനം, ശിലാസ്ഥാപനം, ഉദ്ഘാടനം തുടങ്ങി എന്നും പരിപാടികളാണ്. പല കമ്മറ്റികളുടെയും ചെയര്‍മാനോ രക്ഷാധികാരിയോ അദ്ദേഹമാണ്. അങ്ങനെയിരിക്കെ കച്ചവടത്തില്‍ തുടരെ തുടരെ പലവിധ തിരിച്ചടികളുണ്ടായി. വേറെയും കുറെ പ്രശ്‌നസങ്കീര്‍ണ്ണതകള്‍ പല വഴിക്കും വന്നുപെട്ടു. പയ്യെ പയ്യെ കച്ചവടം ക്ഷയിച്ചു. ആള് പാപ്പരായെന്ന് ചുരുക്കം...
കുശലാന്വേഷണം നടത്തിയിരുന്നവരും ലോഹ്യം പറഞ്ഞിരുന്നവരും പഴയപോലെ സംസാരിക്കാതെയായി. പലരും കണ്ടുമുട്ടിയാല്‍ കണ്ടില്ലെന്ന് ഭാവിക്കും; ചിലര്‍ വഴിമാറി നടക്കും. സൗഹൃദം കാണിച്ചാല്‍ കാശ് കടം ചോദിക്കുമോ എന്ന ആശങ്കയാല്‍ പലരും അകന്നുമാറി; കല്യാണക്കുറികള്‍ വരാതെയായി; പൊതു ചടങ്ങുകള്‍ക്കും ക്ഷണമില്ലാതെയായി. കമ്മറ്റികള്‍ ജനറല്‍ ബോഡി ചേര്‍ന്നു. മറ്റ് ചില മുതലാളിമാരെ പകരം കണ്ടെത്തി. ആകെ ഒറ്റപ്പെട്ട് കഷ്ടത്തിലായ നമ്മുടെ വ്യാപാരി ഒരല്‍പം അകലെ മറ്റൊരു കവലയില്‍ കൊച്ചു സംരംഭം തുടങ്ങി; പ്രാര്‍ഥനാപൂര്‍വം കഠിനമായി പ്രയത്‌നിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പൂര്‍വ്വാവസ്ഥയേക്കാള്‍ മെച്ചപ്പെട്ട സമ്പന്നാവസ്ഥ കൈവരിച്ചു. സലാം ചൊല്ലാതെ മാറി നടന്നവര്‍ സലാം ചൊല്ലാന്‍ തുടങ്ങി; അപ്പോള്‍ നമ്മുടെ വ്യാപാരി പതുക്കെ മന്ദഹാസപൂര്‍വ്വം ഇങ്ങനെ പ്രതികരിക്കും: 'അറിയിച്ചേക്കാം...''
സലാം പറയുന്നവരാകട്ടെ ഈ മറുപടി ഗൗനിച്ചില്ല. കാരണം അവര്‍ ആത്മാര്‍ഥതയുള്ളവരായിരുന്നില്ല. രാത്രി വീട്ടിലെത്തിയാല്‍ മുതലാളി തന്റെ സ്വകാര്യമുറിയിലെ പണപ്പെട്ടി തുറന്ന് ഇങ്ങനെ പറയും: 'അബ്ദുറഹ്മാന്‍ സലാം പറഞ്ഞിരിക്കുന്നു. നശ്വരക്കുറുപ്പും സുറൂര്‍ മൗലവിയും, സഫീഫ് സാഹിബും ലക്ഷ്മീ ദാസനും കരുടകണ്ടിയിലെ മുതലാളിയും പ്രത്യേകാന്വേഷണം അറിയിച്ചിരിക്കുന്നു...''
എന്നും രാത്രി പണപ്പെട്ടി തുറന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഭാര്യ ബേജാറായി സങ്കടപൂര്‍വം ഇങ്ങനെ ആരാഞ്ഞു: 'അങ്ങേയറ്റത്തെ കഷ്ടനഷ്ടങ്ങള്‍ വന്ന് പൊളിഞ്ഞപ്പോള്‍ പോലും ധൈര്യം പുലര്‍ത്തിയ പ്രിയപ്പെട്ടവനേ അങ്ങക്കിതെന്ത് പറ്റി...'
ഉടനെ നമ്മുടെ വ്യാപാരി ഭാര്യയെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: '...നമ്മുടെ പഴയ സുഹൃത്തുക്കള്‍ ക്ഷേമാന്വേഷണവും സലാം പറയലും പുനരാരംഭിച്ചിരിക്കുന്നു. അതൊന്നും എനിക്കുള്ളതല്ല. ഈ പണപ്പെട്ടിക്കുള്ളതാണ്. അത് ഞാനവിടെ എത്തിച്ചുവെന്ന് മാത്രം...'' അദ്ദേഹം ഇത്രകൂടി കൂട്ടിച്ചേര്‍ത്തു: 'അനുഭവം നല്ലൊരു അധ്യാപകനാണ്; പക്ഷേ, ഭാരിച്ചതാണ് ആ അധ്യാപകന്റെ ഫീസ്...''