വിദ്യാഭ്യാസത്തിനും വികസനത്തിനും സമൂഹത്തെ ഉജ്ജീവിപ്പിക്കുന്നതിനുമുള്ള മഹത്തായ ദിനം എന്നാണ് UNESCO ലോക അധ്യാപകദിനത്തെ വിശേഷിപ്പിച്ചത്. അതെ!
വിദ്യാഭ്യാസത്തിനും വികസനത്തിനും സമൂഹത്തെ ഉജ്ജീവിപ്പിക്കുന്നതിനുമുള്ള മഹത്തായ ദിനം എന്നാണ് UNESCO ലോക അധ്യാപകദിനത്തെ വിശേഷിപ്പിച്ചത്. അതെ! ലോകത്തെ ഉജ്ജീവിപ്പിക്കുവാനും നേര്‍വഴിയിലൂടെ നടത്തുവാനും ഒരധ്യാപകനുള്ള പങ്ക് അത്രത്തോളം വലുതാണ്. അവിടെയാണ് ഒരോ അധ്യാപകരൂടെയും വിജയവും. ഇത്തരത്തില്‍ വിജയിച്ച ഒരാളാണ് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ സഫിയ ഷംസുദ്ദീന്‍ എന്ന അധ്യാപിക. 84-85 അധ്യായനവര്‍ഷത്തില്‍ തുടങ്ങിയ ജൈത്രയാത്രയില്‍ പഠിച്ചും പഠിപ്പിച്ചും മുന്നേറിയ ഇവരെ തേടി ഇക്കഴിഞ്ഞ അധ്യാപകദിനത്തിലെത്തിയത് മികച്ച അറബിക് അധ്യാപികക്കുള്ള (CBSC) ദേശീയ അവാര്‍ഡ്.
കോഴിക്കോട് ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയയിലെ അഫ്‌സലുല്‍ ഉലമ വിദ്യാര്‍ത്ഥിയായിരുന്ന ഇവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത് വാഴക്കാട് ദാറുല്‍ ഉലൂമിലാണ്. അന്നത്തെ ഏതൊരു വിദ്യാര്‍ത്ഥിയെയും പോലെ നല്ലൊരു അധ്യാപികയാകണം എന്നായിരുന്നു ആഗ്രഹം. എസ്.എസ്.എല്‍.സിക്ക് ശേഷം ഒരു വര്‍ഷത്തെ എന്‍ട്രന്‍സും പ്രിലിമിനറിയും. പരീക്ഷ എഴുതിയ പതിനെട്ടോളം വിദ്യാര്‍ത്ഥികളില്‍ വിജയം തേടിയെത്തിയത് ടീച്ചറെ മാത്രം. തുടര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുമ്പോള്‍ തന്നെ ISS ല്‍ ജോലി കിട്ടി.
'84 ജൂണില്‍ പൊന്നാനി ISS-ല്‍ ടീച്ചറായി പ്രവേശിക്കുമ്പോള്‍ പരീക്ഷാഫലം വന്നിട്ടില്ല. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഖുര്‍ആന്‍ ക്ലാസ്സെടുക്കാന്‍ വേണ്ടി പെരുമ്പിലാവ് വന്നപ്പോഴാണ് .......... സാഹിബ് തന്റെ മകനുവേണ്ടി വിവാഹമാലോചിച്ചത്. തുടര്‍ന്ന് വിവാഹശേഷം അന്‍സാര്‍ സ്‌കൂളിലേക്ക് മാറി.
അധ്യാപകജീവിതത്തിന്റെ അദ്യപടിയില്‍ നിന്നു തന്നെ ടീച്ചര്‍ പറഞ്ഞുതുടങ്ങി. ആഗ്രഹിച്ച തൊഴില്‍ നേടിയെങ്കിലും അധ്യാപനത്തില്‍ മാത്രം ശ്രദ്ധകൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല. തൊഴിലിനോടൊപ്പം പഠനവും തുടര്‍ന്നു. അങ്ങനെയാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 2009-ല്‍ അറബിക് ടീച്ചറായും 2011-ല്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് പീജിയും നേടിയത്.
അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായെങ്കില്‍ മാത്രമേ ചെയ്യുന്ന പ്രവര്‍ത്തിക്ക് ഫലമുണ്ടാകൂ എന്നുറച്ച് വിശ്വസിക്കുന്നു ടീച്ചര്‍. ധാര്‍മ്മികതയുടെ ആവശ്യകതയും അനന്തതയും വിദ്യാര്‍ത്തികളിലെത്തിക്കാന്‍ ഖുര്‍ആന്‍ ഉദാഹരണ സഹിതം വിവരിച്ച കാര്യങ്ങള്‍ മാത്രം മതിയാകില്ലേ എന്ന ടീച്ചറുടെ ചോദ്യത്തില്‍ ഉത്തരങ്ങളേറെ. അമുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പോലും തന്റെ ക്ലാസില്‍ താല്‍പര്യത്തോടെയിരിക്കാറുണ്ടെന്നും ഒന്നിനും താനവരെ നിര്‍ബന്ധിക്കാറില്ലെന്നും പറയുമ്പോള്‍ തന്നെ ക്ലാസിനെക്കുറിച്ചുള്ള നിറഞ്ഞ സംതൃപ്തിയുണ്ട് ടീച്ചറുടെ വാക്കുകളില്‍.
'ഒരു കുട്ടിയെ നേര്‍വഴിക്ക് നടത്താന്‍ അവന്റെ മാതാപിതാക്കള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനേക്കാളുപരി ചുമതലയാണ് അധ്യാപകര്‍ക്കുള്ളത്. ഈ യാഥാര്‍ത്ഥ്യം ഗൗരവമായി കണ്ടാല്‍ മാത്രമേ വിജയിക്കാനാവൂ. സമൂഹത്തിലെ കൊള്ളരുതായ്മകളില്‍പെട്ട് ഒരാള്‍ നശിക്കുമ്പോള്‍ മുഴുവനായെങ്കിലും അതിന്റെ ഉത്തരവാദിത്വം അവന്റെ അധ്യാപകര്‍ക്കുകൂടിയുള്ളതാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ ധാര്‍മികമായ ഗുണപാഠം ദര്‍ശിക്കാന്‍ നിദാനമാകുകയാണെങ്കില്‍ ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്ന തന്റെ നിലപാട് ടീച്ചര്‍ വ്യക്തമാക്കുന്നു.
വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍
'ഇത്രയായിട്ടും ഗവണ്‍മെന്റ് ജോലി കിട്ടിയില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ഒരിക്കലും സര്‍ക്കാര്‍ ജോലി, കിട്ടാത്ത നഷ്ടങ്ങളിലൊന്നായി ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം. 'ഈ ജോലിയില്‍ ഞാന്‍ പൂര്‍ണ്ണമായും തൃപ്തയാണ്. സംതൃപ്തി എന്നതിനേക്കാള്‍ വലിയൊരു സമ്പത്തില്ലല്ലോ' സഫിയടീച്ചര്‍ ചിരിച്ചുകൊണ്ടു പറയുന്നു.
തൊഴിലും ശമ്പളവും ഒരിക്കലും കൂട്ടിക്കുഴക്കരുത്. കുട്ടികളുടെ മുമ്പില്‍ നിറഞ്ഞ സന്തോഷത്തോടെയായിരിക്കണം പെരുമാറേണ്ടത്. വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. കുട്ടികള്‍ക്ക് വലിയ വലിയ ലക്ഷ്യങ്ങളാണുള്ളത്. അവര്‍ക്ക് നാമൊരു തടസ്സമാകരുത്. പൂര്‍ണ്ണ പിന്തുണയോടെ അവരുടെ നല്ല ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കണം. അറിവിന്റെയും നന്മയുടെയും വലിയ കലവറയാകണം അധ്യാപകര്‍. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകരോട് പറയാതെ പറയുന്നു ഇവര്‍.
വ്യത്യസ്ത ചിന്താഗതിയുള്ള രണ്ട് തലമുറകള്‍ വരെ തന്റെ ശിഷ്യഗണത്തിലുണ്ടെന്നു പറഞ്ഞ ടീച്ചര്‍ ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ ശിഷ്യര്‍ക്ക് ബഹുമാനം കൂടുതലാണെന്നു പറയുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
അധ്യാപനത്തോടൊപ്പം മറ്റു മേഖലകളിലുള്ള തന്റെ പ്രവര്‍ത്തനങ്ങളും മാനദണ്ഡമാക്കിയാകണം അവാര്‍ഡ് നിശ്ചയിച്ചതെന്ന് കരുതുന്നു ഇവര്‍. 'കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബോര്‍ഡ് എക്‌സാമും കുട്ടികളുടെ പഠനനിലവാരവും മാത്രമല്ല അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത്. പൊതു ഇടങ്ങളിലെ സാന്നിധ്യവും കലാ-സാഹിത്യ രാഷ്ട്രീയ മേഖലകളിലെ ഇടപെടലുകളും കണക്കിലെടുത്തിരിക്കാം. സ്‌കൂള്‍ മാഗസിനില്‍ സ്ഥിരമായി രചനകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കുറ്റിപ്പുറം വനിതാ സമ്മേളനത്തില്‍ നടത്തിയ അധ്യാപകരുടെ പ്രബന്ധരചനയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. Welfare Party യുടെ കുന്നംകുളം മണ്ഡലം സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയമേഖലയിലേക്കും കടന്നുവന്നു. ഇതെല്ലാമാണ് അവാര്‍ഡിന് തന്നെ അര്‍ഹയാക്കിയതെന്ന് അവര്‍ കരുതുന്നു.
ഇത്തരമൊരു അവാര്‍ഡിനെക്കുറിച്ചും ഇതിലേക്ക് Documents അയക്കുന്നതിനുവേണ്ടിയും പ്രന്‍സിപ്പാള്‍ തന്നോടുപറയുമ്പോഴും പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഒടുവില്‍ അവാര്‍ഡുണ്ടെന്നറിഞ്ഞപ്പോള്‍ ദൈവത്തിന് സ്തുതി അര്‍പ്പിക്കാനേ എനിക്കായുള്ളൂ.
മറക്കാനാവാത്ത മുഹൂര്‍ത്തം
രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ടീച്ചര്‍ ആഗസ്റ്റ് 31-നാണ് ഞങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. സെപ്തംബര്‍ രണ്ടിന് അവിടെയെത്തി. പ്രഥമ പൗരന്റെ അഥിതികളായെത്തിയ ഞങ്ങള്‍ക്ക് കിട്ടിയത് രാജകീയ സ്വീകരണമായിരുന്നു! തന്നെ കൂടാതെ 356 അധ്യാപകര്‍! പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും കൂടെയുള്ള വിരുന്ന് ഫോട്ടോസെഷന്‍. അധ്യാപകദിനത്തില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചായിരുന്നു അവാര്‍ഡ് ദാനം. രാഷ്ട്രപതിയില്‍ നിന്നും ആയിരങ്ങളെ സാക്ഷി നിര്‍ത്തി അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ഭര്‍ത്താവ് കൂടെയുണ്ടായില്ലല്ലോ എന്ന വിഷമം മാത്രം.
രാജ്യത്ത് വിവാദങ്ങളും വിമര്‍ശനങ്ങളും ആളിപ്പടരുമ്പോള്‍ ജനമനസ്സുകളില്‍ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ഇടം ഇല്ലാതായിപ്പോകുമെന്ന ഭീതിക്കിടയിലാണ് CBSC അറബിക് അധ്യാപര്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ്. മോഡിയുടെ ദീര്‍ഘദൃഷ്ടിയില്‍ ഇതിന്റെ ഉദ്ദേശ്യശുദ്ധിയും പരമപ്രധാനമായ ലക്ഷ്യവും എന്തുതന്നെയായാലും പാര്‍ശ്വവത്കൃതര്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് സാധ്യമാകുമെന്ന ചെറിയപ്രതീക്ഷക്ക് വക നല്‍കുന്നു ഈ പുതിയ കാല്‍വെപ്പ്.
കുടുംബം
ചേന്ദമംഗല്ലൂര്‍ പരേതനായ കാനത്ത് ഉണ്ണിമോയിയും ഫാത്തിമയുമാണ് മാതാപിതാക്കള്‍. ഭര്‍ത്താവ് ഷംസുദ്ദീന്‍ ജിദ്ദയില്‍ ബിസിനസ് ചെയ്യുന്നു. മക്കള്‍ സുമയ്യ (MBBS), സഫ (Civil Engineer), ഷാഹിദ് (+1 വിദ്യാര്‍ത്ഥി). മരുമകന്‍ ഷെഹിന്‍ അറക്കല്‍.
പേരക്കുട്ടി ജസ ഹനിയ വന്നതിനുശേഷമാണ് തന്നെത്തേടി ഈ അവാര്‍ഡ് വന്നതെന്ന് ടീച്ചര്‍ ചിരിച്ചുകൊണ്ടുപറയുമ്പോള്‍ മുഖത്തെ ഭാവത്തിന് വാത്സല്യത്തിന്റെ ഛായ!
വിനയം വിജ്ഞാനത്തിന്റെ മുഖമുദ്രയാണ്. വിദ്യാഭ്യാസത്തോടൊപ്പം വിനയവും വിവേകവും പകര്‍ന്നു നല്‍കാന്‍ അറിവിനേക്കാള്‍ തിരിച്ചറിവുള്ള അധ്യാപകര്‍ക്കേ കഴിയൂ എന്ന് തെളിയിക്കുകയാണ് ഈ അധ്യാപിക.