വിവാഹചെലവ് ചുരുക്കാം.
കെ.വൈ.എ /ചുറ്റുവട്ടം
2014 നവംബര്
സിദ്ദുഹാജി വിവാഹധൂര്‍ത്തിനെതിരാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ മനംമാറ്റത്തെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു നടക്കുന്ന ഒരു കഥയുണ്ട്.
സിദ്ദുഹാജിയുടെ മകന്‍
സിദ്ദുഹാജി വിവാഹധൂര്‍ത്തിനെതിരാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ മനംമാറ്റത്തെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു നടക്കുന്ന ഒരു കഥയുണ്ട്.
സിദ്ദുഹാജിയുടെ മകന്‍ വിവാഹിതനായപ്പോള്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പോലും അതൊരു റെക്കോഡായിരുന്നത്രെ. സ്ത്രീധനം വാങ്ങാതെയുള്ള കല്ല്യാണമെന്ന് മുമ്പേ പരസ്യപ്പെടുത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്ല്യാണച്ചെലവ് മുഴുവന്‍ വധുവിന്റെ വീട്ടുകാരാണ് സ്‌പോണ്‍സര്‍ ചെയ്തത് എന്ന വിവരം പരസ്യപ്പെടുത്താന്‍ വിട്ടുപോയത് മനപ്പൂര്‍വ്വമല്ല.
എണ്ണായിരം പേര്‍ക്കുള്ള ഭക്ഷണമാണ് 'സ്‌പോണ്‍സര്‍ഷിപ്പി'ല്‍ ഉള്‍പ്പെട്ടിരുന്നത്. കണിശക്കാരനായ സിദ്ദുഹാജി വീട്ടുകാരടക്കം ക്ഷണിതാക്കളെ എണ്ണായിരത്തില്‍ ഒതുക്കാന്‍ ശ്രദ്ധിച്ചു. വരുന്ന അതിഥികളെ ശ്രദ്ധിക്കാന്‍ സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. അതും 'സ്‌പോണ്‍സര്‍ഷിപ്പി'ന്റെ ഭാഗം തന്നെ. എണ്ണായിരത്തില്‍ എല്ലാം ഒതുങ്ങുന്നു എന്നുറപ്പുവേണമല്ലോ
ഇതൊക്കെയായിട്ടും ചടങ്ങ് കഴിഞ്ഞ് കണക്കു നോക്കുമ്പോള്‍ എണ്ണായിരത്തിപ്പത്തുപേര്‍ പേര്‍ ഭക്ഷണം കഴിച്ചിരിക്കുന്നു. സിദ്ദുഹാജി ഞെട്ടി. 'സ്‌പോണ്‍സര്‍ഷിപ്പി'ല്‍ ഉള്‍പ്പെടാത്തതിനാല്‍ അധികം വന്ന പത്തുപേരുടെ ചെലവ് 10000 രൂപ അദ്ദേഹം ഒടുക്കേണ്ടി വന്നു. ഒരാള്‍ക്ക് 1000 രൂപ ഭക്ഷണച്ചെലവ് എന്ന അറിവ് അദ്ദേഹത്തെ തളര്‍ത്തി. കവിഞ്ഞാല്‍ 100 രൂപയേ ഭക്ഷണചെലവ് വരാവൂ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 10000 രൂപ എണ്ണിക്കൊടുക്കുന്ന അതേനിമിഷത്തിലായിരുന്നു അദ്ദേഹത്തിന് ബോധോദയം എന്നാണ് ശത്രുക്കള്‍ പറയുന്നത്.
ശത്രുക്കള്‍ വെറുതെ പറയുന്നതാവാം. പക്ഷേ മകന്റെ വിവാഹത്തിന് ശേഷം സിദ്ദു ഹാജി ആര്‍ഭാട വിവാഹത്തെപ്പറ്റി പറയുമ്പോഴെല്ലാം ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്. പത്തു പേര്‍ക്ക് പതിനായിരം രൂപ എന്നൊക്കെ പറഞ്ഞാല്‍ ഇതെന്താ ചെലവ്. കല്ല്യാണച്ചെലവില്‍ ആദ്യം വെട്ടിക്കുറക്കേണ്ടത് ഭക്ഷണച്ചെലവാണ്.
സിദ്ദുഹാജി അടങ്ങിയിരുന്നില്ല. അദ്ദേഹം ഇന്ന് വിവാഹധൂര്‍ത്തിനെതിരായ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
*** ***** ****
നഗരത്തില്‍ വിവാഹധൂര്‍ത്തിനെപ്പറ്റി സെമിനാര്‍ സംഘടിപ്പിച്ചു ആദ്യം. വെറും സെമിനാര്‍ പോരാ എന്ന് തോന്നിയതിനാല്‍ മാധ്യമ സെമിനാര്‍ എന്നുതന്നെയാക്കി. അങ്ങനെ പറയുമ്പോഴേ ഒരു 'ഇതു'ള്ളൂ.
സംഘാടക സമിതിയുണ്ടാക്കി. അവര്‍ സ്റ്റാര്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു. മന്ത്രി വേണമെന്ന് സിദ്ദുഹാജി അഭിപ്രായപ്പെട്ടു. മറ്റാരെക്കാളും കിട്ടാനെളുപ്പം മന്ത്രിയെയാണ്. മാത്രമല്ല യാത്രാ ചെലവും കൊടുക്കേണ്ട. എങ്കില്‍ ഒരു മൂന്ന് മന്ത്രിമാര്‍ വന്നോട്ടെ എന്നായി യൂസുഫ് കുട്ടി. പ്രതിപക്ഷത്ത് നിന്ന് ആളു വേണമെന്ന് കമ്മു. ഇവരുടെ കൂടെ പരിവാരങ്ങള്‍ വരുമ്പോള്‍ ചായച്ചെവല് കൂടുമെന്നായി ആമദ്. ഒടുവില്‍ അതിഥികളെ തീരുമാനിക്കാന്‍ ഒരു ഉപസമിതിയെ നിശ്ചയിച്ചു.
അവരെ ക്ഷണിക്കാനും വരുത്താനും സ്വീകരിക്കാനുമായി റിസപ്ഷന്‍ കമ്മിറ്റി വേറെ. പ്രചാരണത്തിന് പബ്ലിസിറ്റി കമ്മിറ്റി. മേല്‍നോട്ടത്തിന് അച്ചടക്ക കമ്മിറ്റി. പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രോഗ്രാം കമ്മിറ്റി. ചായയും കടിയും എത്തിക്കാന്‍ റിഫ്രഷ്‌മെന്റ് കമ്മിറ്റി. കമ്മിറ്റികളെ ഏകോപിപ്പിക്കാന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി. എല്ലാവര്‍ക്കും ഡ്യൂട്ടി സമയങ്ങളില്‍ ദിനബത്ത നല്‍കാനും തീരുമാനമായി.
അതോടെ കമ്മിറ്റി അംഗങ്ങളാവാന്‍ ആളുകള്‍ക്ക് ഉത്സാഹമായി. ഓരോ കമ്മിറ്റിയിലും 20 പേരെയെങ്കിലും എടുക്കാമെന്ന് സിദ്ദുഹാജി നിര്‍ദ്ദേശിച്ചു.
അത്രവേണോ എന്ന് കമ്മു.
30 വരെയാകാമെന്ന് ഹാജി.
അദ്ദേഹം കമ്മുവിനോട് സ്വകാര്യം പറഞ്ഞു. കമ്മിറ്റിക്കാരെങ്കിലും പരിപാടിക്കെത്തുമല്ലോ. നമുക്ക് കുറെ ആളെ കിട്ടണ്ടേ? ഒരു കമ്മിറ്റിയിലുമില്ലാത്തവരെ വളണ്ടിയര്‍മാരാക്കണം. പിന്നെ നമ്മളൊക്കെ ചേര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റി.
അപ്പോള്‍ ചെലവോ?
അതിന് ഒരു ഫിനാന്‍സ് കമ്മിറ്റി വേറെയുണ്ടാക്കും. പേട്രണ്‍ന്മാരും സ്‌പോണ്‍സര്‍മാരുമായി ചിലരെ അതിലെടുക്കാം. പിന്നെ പുറം ചെലവിലേക്ക് പിരിവ് നടത്താന്‍ മറ്റൊരു ഉത്സാഹകമ്മിറ്റിയും അതില്‍ നിങ്ങളും വേണം.
കമ്മുവിന് അത് മനസ്സിലായി. ധൂര്‍ത്ത് വിരുദ്ധസെമിനാര്‍ വിജയിപ്പിക്കാന്‍ അദ്ദേഹം മനസാ നിശ്ചയിച്ചു. ഇത്തരം പരിപാടികള്‍ നാടിന്റെയും നാട്ടുകാരുടെയും വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ആവേശപൂര്‍വം അദ്ദേഹം പറഞ്ഞു.
ഇത് ഒറ്റ സെമിനാറു കൊണ്ട് നില്‍ക്കരുത്. എല്ലാ ജില്ലയിലും സെമിനാര്‍ നടക്കണം.
-വേണം എന്ന് ഹാജി.
-സെമിനാര്‍ പോര സിമ്പോസിയവും വേണമെന്ന് കമ്മു.
-സിമ്പോസിയം പഞ്ചായത്ത് തോറും വേണം.
-നാട്ടുകൂട്ടങ്ങള്‍ വേണം. ബോധവല്‍ക്കരണത്തിന്.
-പോസ്റ്ററടിക്കണം. ജാഥകള്‍ സംഘടിപ്പിക്കണം.
-കുടുംബസദസ്സുകള്‍...?
അത്രത്തോളം വേണോ എന്ന് സിദ്ദുഹാജിക്ക് സംശയം. കുടുംബസദസ്സുകള്‍ക്ക് പിരിവ് നടത്തുന്നത് കുറച്ചിലല്ലേ?
*** **** ***
സെമിനാര്‍ വിജയമായിരുന്നു. ധാരാളം പിരിഞ്ഞുകിട്ടിയതിനു പുറമെ, വിവാഹ ചെലവ് കുറക്കുമെന്ന് ചിലര്‍ പരസ്യമായി പ്രതിജ്ഞയെടുത്തതും സംഘാടകരെ സന്തോഷിപ്പിച്ചു. മകളുടെ കല്ല്യാണം വെറും നൂറു രൂപാ ചെലവില്‍ നടത്തുമെന്ന ഖാദര്‍ മുതലാളിയുടെ പ്രഖ്യാപനം പത്രങ്ങള്‍ പെട്ടിക്കോളം വാര്‍ത്തയാക്കുകയും ചെയ്തു.
ഖാദര്‍ മുതലാളി വെറുതെ ഒരുഊക്കിന് എന്തെങ്കിലും പറയുന്നയാളല്ല. മകളുടെ കല്ല്യാണത്തിന്റെ ചെലവിനങ്ങളില്‍ അദ്ദേഹം ഇടപെട്ടു. ക്ഷണക്കത്ത് വേണ്ടെന്ന് തീരുമാനിച്ചു. വലിയ കല്ല്യാണഹാളും വേണ്ട. അഞ്ചെട്ട് കാരണവന്മാരെയും കുറച്ച് അയല്‍ക്കാരെയും വിളിച്ച് വീട്ടില്‍ വെച്ച് നികാഹ് നടത്തി. വന്നവര്‍ക്കെല്ലാം നാരങ്ങാവെള്ളം കൊടുത്തു.
വാര്‍ത്ത പത്രങ്ങളില്‍ വരുത്തി.
പിന്നെ, ചുരുങ്ങിയ ചെലവില്‍ സല്‍ക്കാരം നടത്താന്‍ ആലോചിച്ചു. ക്ഷണക്കത്ത് ഒഴിവാക്കിയെങ്കിലും ഇന്റര്‍നെറ്റ് വഴി ആളുകളെ വിളിക്കാം.
നല്ല ആശയം. അത് വളര്‍ന്നു. മകന്‍ പറഞ്ഞു: വെറും എഴുത്തിനു പകരം വീഡിയോ കത്താക്കിയാലോ?
ഒടുവില്‍ മൊതലാളി നല്ലൊരു പരസ്യ നിര്‍മ്മാണ കമ്പനിയെ സമീപിച്ച് 'ക്ഷണവീഡിയോ' തയ്യാറാക്കിച്ചു. മുതലാളി നേരിട്ടു തന്നെ വിളിക്കുന്ന വീഡിയോ. ഒപ്പം വധൂവരന്മാരുടെയും വീട്ടുകാരുടെയും കുടുംബങ്ങളുടെയും ചലിക്കുന്ന ചിത്രങ്ങളും. വീഡിയോ അയ്യായിരം പേര്‍ക്ക് ഈമെയിലായി അയക്കാന്‍ ഒട്ടും ചെലവ് വരില്ല.
എങ്കിലും പ്രമുഖരായ അഞ്ഞൂറു പേര്‍ക്ക് ക്ഷണം സീഡിയിലാക്കി എത്തിക്കും. അയ്യായിരം പേരെയും ഫോണ്‍ വഴി ഓര്‍മിപ്പിക്കും. ഈ ജോലിയെല്ലാം പരസ്യക്കമ്പനിയെ ഏല്‍പ്പിച്ചു.
മൊതലാളി ഡയറിയില്‍ കുറിച്ചു: ക്ഷണക്കത്ത് അച്ചടി ചെലവ് പൂജ്യം; തപാല്‍ ചെലവ് പൂജ്യം.
വിവാഹ വിരുന്നിന് വലിയ ഹാള്‍ വേണ്ട എന്ന തീരുമാനത്തിലും മാറ്റമില്ല.
എങ്കിലും ക്ഷണിതാക്കള്‍ക്ക് ചെലവ് കുറഞ്ഞ രൂപത്തില്‍ വല്ലതും സല്‍ക്കരിക്കേണ്ടതല്ലേ? ക്ഷണിതാക്കളുടെ ജില്ല തിരിച്ചുള്ള പട്ടികയുണ്ടാക്കി. ഓരോ ജില്ലക്കാരെയും അതത് ജില്ലയിലെ വലിയ ഹോട്ടലിലേക്ക് വിളിച്ചു. വളരെ ലളിതമായ പത്തു കോഴ്‌സ് ഭക്ഷണത്തിന് ഏര്‍പ്പാട് ചെയ്തു. നടത്തിപ്പിന് ഇവന്റ് മാനേജ്‌മെന്റ് കാരെയും. അയ്യായിരം അതിഥികളുടെ സല്‍ക്കാരം വിവിധ ജില്ലകളിലായി വീതിക്കപ്പെടുമ്പോള്‍ കല്ല്യാണ ഹാളും പന്തലും ലാഭം.
മൊതലാളി ഡയറിയിലെഴുതി; കല്ല്യാണത്തിന് ഹാള്‍ വാടക പൂജ്യം; പന്തല്‍ ചെലവ് പൂജ്യം. അച്ചടിച്ചെലവ് പൂജ്യം; തപാല്‍ ചെലവ് പൂജ്യം.
നികാഹ് ചെലവ് ചെറുനാരങ്ങക്കും പഞ്ചസാരക്കും 95 രൂപ.
ആര്‍ഭാടം ഒഴിവാക്കി വിവാഹചെലവ് ചുരുക്കാന്‍ കുറച്ച് പ്രയാസമാണെങ്കിലും അത് അസാധ്യമല്ല എന്നാണ് ഒരഭിമുഖത്തില്‍ ഖാദര്‍ മൊതലാളി ചൂണ്ടിക്കാട്ടിയത്.
***
ഗാന്ധിജിയെ സാധുവായി നിലനിര്‍ത്താന്‍ എന്തൊരു പണച്ചെലവ് എന്ന് പരാതിപ്പെട്ടത് സരോജിനി നായിഡുവാണോ?