കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍
നൂറുദ്ദീൻ ചേന്നര
2014 നവംബര്‍
തടവറയുടെ വാതില്‍ ഞരക്കത്തോടെ തുറക്കപ്പെട്ടു. സെല്ലിലെ ഇരുട്ടിനുമുമ്പില്‍ വെളിച്ചത്തിന്റെയും ശുദ്ധവായുവിന്റെയും ഒരു കീറ് കാണപ്പെട്ടു. ആ വെളിച്ചത്തിലൂടെ ഹമീദാ ഖുതുബ്
തടവറയുടെ വാതില്‍ ഞരക്കത്തോടെ തുറക്കപ്പെട്ടു. സെല്ലിലെ ഇരുട്ടിനുമുമ്പില്‍ വെളിച്ചത്തിന്റെയും ശുദ്ധവായുവിന്റെയും ഒരു കീറ് കാണപ്പെട്ടു. ആ വെളിച്ചത്തിലൂടെ ഹമീദാ ഖുതുബ് അകത്തുകയറി. അവള്‍ക്കു പിന്നില്‍ വാതിലുകളടഞ്ഞു.
ഇരുട്ടിലൂടെ സ്വന്തം വിരിപ്പിനുനേരെ നീങ്ങുന്നതിനിടയില്‍ അവള്‍ സൈനബുല്‍ ഗസ്സാലി ഇരിക്കുന്നിടത്തേക്ക് നോക്കി സലാം പറഞ്ഞു. സങ്കടത്തിന്റെ ചുമടു താങ്ങാനാവാതെ അവള്‍ അപ്പോഴേക്കും വിരിപ്പിലേക്ക് വീണുകഴിഞ്ഞിരുന്നു.
'എന്താണു മോളേ, എന്താണുണ്ടായത്?'
സൈനബുല്‍ ഗസ്സാലി അതു ചോദിച്ചുകൊണ്ട് അവളുടെ അടുത്തിരുന്നു തലോടി. ഹമീദ എഴുന്നേറ്റിരുന്നു. മാതൃതുല്യയായ സൈനബുല്‍ ഗസ്സാലിയുടെ മാറില്‍ തല ചായ്ച്ച് അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. പ്രിയ ജ്യേഷ്ഠനെ കണ്ടുമുട്ടിയതു മുതലുണ്ടായ സംസാരമെല്ലാം ഹമീദ അവരെ അറിയിച്ചു. കണ്ണീര്‍ക്കണങ്ങളുടെ തുന്നല്‍ചിത്രങ്ങളില്ലാതെ ഒരു വാക്കും ഹമീദക്ക് കൈമാറാനാകുമായിരുന്നില്ല.
ഇടക്കിടെ സൈനബുല്‍ ഗസ്സാലിയുടെ ആശ്വാസവചനങ്ങള്‍ അവളെ തലോടിക്കൊണ്ടിരുന്നു. ഇടക്കിടെ സൈനബുല്‍ ഗസ്സാലിയുടെ കണ്ണീര്‍തുള്ളികള്‍ ഹമീദയുടെ ശിരസ്സിലേക്ക് വീഴുന്നുണ്ടായിരുന്നു.
അതിനിടയിലെപ്പോഴാണ് സൈനബുല്‍ ഗസ്സാലി ഉറങ്ങിപ്പോയതാവോ? ഹമീദ അവരെ ശരിയായ വിധത്തില്‍ കിടത്തി. പ്രസ്ഥാനവഴിയില്‍ തന്റെ ഉമ്മയാണല്ലോ ഇവരെന്ന് ഉള്ളിലോര്‍ത്തു.
തനിക്കും ഇതുപോലെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍. എല്ലാം മറന്ന്, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ശാന്തമായൊരുറക്കം. ഇല്ല, എന്റെ ദുര്‍ബലമനസ്സിന് അത്രയൊന്നും കഴിയില്ല. സഹോദരനാണ് മനസ്സുനിറയെ. കവിത നിറഞ്ഞ തന്റെ മനസ്സ് അത്ഭുതങ്ങളെ കാത്തിരിക്കുകയാണ്. അതു സംഭവിക്കില്ലേ? ഒരത്ഭുതം. നാളെ നേരം വെളുക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ സഹോദരന്‍ വിട്ടയക്കപ്പെടുക. അല്ലെങ്കില്‍ ഒരു രാഷ്ട്രീയ അട്ടിമറി. അങ്ങനെ എന്തെങ്കിലും. അതൊക്കെ അല്ലാഹുവിന് എത്രയോ എളുപ്പമല്ലേ. സര്‍വശക്തനായ ദൈവത്തിന്. കാരുണ്യവാനായ ദൈവത്തിന്. അവന്റെ അടിമകളായ ഞങ്ങളെ വേദനകളില്‍നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും ഒരു വഴി.
ആലോചനകള്‍ക്കിടയില്‍ ഹമീദയും ഉറക്കത്തിലേക്ക് വഴുതിവീണു.
'ഞാന്‍ റസൂലുള്ളയുടെ കൂടെ സ്വര്‍ഗത്തിലൂടെ ഉലാത്തുകയായിരുന്നു ആ സമയമൊക്കെയും. സത്യമായും ആ സമയത്ത് ഞാനീ വിഡ്ഢികളോടൊപ്പമുണ്ടായിരുന്നില്ല.' സയ്യിദ് ഖുതുബ് സൈനബുല്‍ ഗസ്സാലിയോട് പറഞ്ഞു.
'എപ്പോഴത്തെ കാര്യമാണ് താങ്കള്‍ പറയുന്നത്?' സൈനബ് ചോദിച്ചു.
'അവരെനിക്ക് രക്തസാക്ഷ്യപദവി നല്‍കിയ നേരത്ത്.' സയ്യിദ് മറുപടി പറഞ്ഞു.
ഇത്രയുമായപ്പോഴേക്കും സൈനബുല്‍ ഗസ്സാലി ഞെട്ടിയുണര്‍ന്നു. അമ്പരന്നിരിക്കുന്ന അവരോട് ഹമീദ കാര്യം തിരക്കി. അവരുടെ മറുപടി കേട്ടപ്പോള്‍ ഒരു വലിയ അലര്‍ച്ചയായിരുന്നു ഹമീദയില്‍നിന്നും ഉയര്‍ന്നത്.
'അപ്പോള്‍, അപ്പോള്‍, അതു സംഭവിച്ചു. അല്ലേ. എന്റെ സഹോദരന്‍ അല്ലാഹുവിന്റെ അടുത്തേക്ക് യാത്രയായി അല്ലേ?'
ഹമീദ കാല്‍മുട്ടുകളില്‍ തല ചായ്ച്ച് കൈകള്‍ കാല്‍ത്തണ്ടയില്‍ വെച്ച് വല്ലാത്തൊരു ഭാവത്തോടെ നിശ്ശബ്ദതയിലേക്ക് ഇറങ്ങിപ്പോയി.
തേനീച്ചക്കൂട്ടത്തിന്റെ ഇരമ്പം പോലെ എവിടുന്നൊക്കെയോ അടക്കം പറച്ചിലുകള്‍ കൂടിക്കൂടി വരുന്നുണ്ടായിരുന്നു. അവ്യക്തമായ ശബ്ദങ്ങളുടെ പതിഞ്ഞൊഴുകല്‍ ഉദ്യോഗസ്ഥന്മാര്‍ക്കിടയിലൂടെ തടവുകാര്‍ക്കിടയിലേക്ക്. പിന്നെപ്പിന്നെ അതൊരു കുത്തൊഴുക്കായി മാറി. ജയിലിനകത്തുനിന്നും പുറത്തേക്ക് അതൊഴുകാന്‍ തുടങ്ങി. സയ്യിദ് ഖുതുബിനെയും അബ്ദുല്‍ ഫത്താഹ് ഇസ്മാഈലിനെയും മുഹമ്മദ് ഹവ്വാശിനെയും തൂക്കിക്കൊന്നിരിക്കുന്നു. അബ്ദുന്നാസിറിന്റെ ഭരണകൂടം ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ചാലകശക്തികളായ നേതാക്കന്മാര്‍ക്കായി ഒരുക്കിവെച്ച ആ ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു.
വാതില്‍ തുറന്ന് അകത്തു കടന്ന കാവല്‍ക്കാരന്‍ തന്റെ തൊപ്പി നിലത്തിട്ടു പല തവണ ചവിട്ടിയരച്ചു. തന്റെ യജമാനനായ ഗമാല്‍ അബ്ദുന്നാസിറിനോടുള്ള അരിശം തീര്‍ക്കുകയാണയാള്‍. നാസിറിന്റെ മുഖം ചവിട്ടിയരക്കുകയാണെന്ന ഭാവമായിരുന്നു അയാള്‍ക്കപ്പോള്‍.
'നീതിമാനായ അല്ലാഹുവേ, അക്രമിയായ അബ്ദുന്നാസിറിനെ നീ നശിപ്പിക്കണേ.' അയാള്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ വികാരഭരിതനായി പറഞ്ഞു.
മനസ്സാക്ഷിക്കുവിരുദ്ധമായി മര്‍ദകഭരണകൂടത്തിന്റെ ഉപകരണങ്ങളായി മാറിയ അനേകം ഈജിപ്തുകാരിലൊരാള്‍ മാത്രമാണിയാള്‍. പണവും ഉദ്യോഗവും കിട്ടുമെങ്കില്‍ മറ്റെല്ലാം മറക്കാന്‍ തയ്യാറുള്ള സാധാരണ ഈജിപ്തുകാരുടെ പ്രതിനിധി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രയാണത്തിനുമുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഈജിപ്ത്യന്‍ ജനതയുടെ ഈ മാനസികാടിമത്തമാണെന്ന് ഹമീദ മനസ്സിലോര്‍ത്തു.
'സ്വന്തം ആത്മാവിനേക്കാളും അല്ലാഹുവും അവന്റെ റസൂലും പ്രിയപ്പെട്ടവരാകുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല.' ആരോടെന്നില്ലാതെ സൈനബുല്‍ ഗസ്സാലി പറഞ്ഞു.
'എനിക്കെന്റെ ജ്യേഷ്ഠന്‍ എന്നേക്കാളും പ്രിയപ്പെട്ടതായിരുന്നു. പക്ഷേ, അല്ലാഹുവും അവന്റെ റസൂലും അതിനേക്കാളൊക്കെ പ്രിയപ്പെട്ടതാണെനിക്ക്.'
ഹമീദയുടെ വികാരഭരിതമായ ഈ വാക്കുകള്‍ കേട്ടുകൊണ്ടാണ് ജയില്‍ ഡോക്ടര്‍ കടന്നുവന്നത്. രോഗനിര്‍ണയം നടത്തുന്ന അതേ സൂക്ഷ്മതയോടെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ഹമീദയോട് പറഞ്ഞു.
'ജ്യേഷ്ഠനെയോര്‍ത്ത് അഭിമാനിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ശഹീദാണദ്ദേഹം. അക്കാരത്തില്‍ സംശയിക്കേണ്ട.'
(അവസാനിച്ചു)