മലയാളിയും മദ്യപാനവും

ഡോ: പി.എന്‍ സുരേഷ് കുമാര്‍ (അസോസിയേറ്റ് പ്രഫസര്‍ ഓഫ് സൈക്യാട്രി, കോഴിക്കോട്) No image

      കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്നു കോടി മുപ്പത്തിനാല് ലക്ഷത്തോളം ആളുകളാണ് കേരളത്തിലുള്ളത്. ഇതില്‍ പകുതിയിലധികം സ്ത്രീകളാണ്. ബാക്കി പകുതി അഥവാ 173 ലക്ഷത്തില്‍ 33 ലക്ഷത്തോളം പേര്‍ സ്‌കൂള്‍കുട്ടികളാണ്. അവര്‍ക്കിടയിലും മദ്യമുണ്ടെങ്കിലും 'കുടിയന്മാര്‍' എന്ന പദവിയിലേക്ക് അവര്‍ വളര്‍ന്നെത്തുന്നതേയുള്ളൂ. തീരെ വയ്യാത്തവരും മദ്യപിക്കാത്തവരുമായി പത്തുലക്ഷം പേരെ മാറ്റിനിര്‍ത്തിയാലും ബാക്കി ഒരു കോടിയോളം ഒന്നാംതരം കുടിയന്മാരുണ്ട് കേരളത്തില്‍. ഈ ഒരു കോടിയോളം പേരാണ് പ്രതിവര്‍ഷം പതിനായിരം കോടിയിലധികം രൂപയുടെ മദ്യം കുടിച്ചുതീര്‍ക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ചെലവാകുന്നത് ഏകദേശം 3500 കോടി രൂപയുടെ അരിയാണ്. അതേസമയം അരിയുടെ വിലയുടെ മൂന്നിരട്ടി, അതായത് പതിനായിരം കോടി രൂപയുടെ മദ്യമാണ് പ്രതിവര്‍ഷം മലയാളികള്‍ അകത്താക്കുന്നത്. ആളോഹരി മദ്യ ഉപയോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് കേരളം.
മലയാളിയുടെ മദ്യാസക്തി അളക്കാന്‍ ഏകകം ഒന്നുമില്ലെങ്കിലും ചില കാര്യങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നവയാണ്.
മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണെന്ന് സംസ്ഥാന ബീവറേജസ് കോപ്പറേഷന്റെ വാര്‍ഷിക വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ മദ്യ ഉല്‍പാദകരും പ്രത്യേക പരിഗണന കേരളത്തിന് നല്‍കുന്നുണ്ട്. ഉത്സവകാല ഇളവുകളും സമ്മാനങ്ങളുമൊക്കെയായിട്ടാണ് മലയാളി കുടിയന്മാരെ മദ്യകമ്പനികള്‍ സന്തോഷിപ്പിക്കുന്നത്.

മലയാളികളുടെ പ്രിയ മദ്യം
ഏറ്റവും കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും തലച്ചോറിനെ ഏറ്റവും അധികം ബാധിക്കുന്നതുമായ റം ആണ് മലയാളിടെ ഇഷ്ട മദ്യം. എത്രയോ വര്‍ഷമായി മലയാളി കുടിക്കുന്ന മദ്യത്തില്‍ പകുതിയിലേറെയും റമ്മാണ് (60%). റം കഴിഞ്ഞാല്‍ ബ്രാണ്ടി (38%). ജിന്‍, വൈന്‍, വോഡ്കാ, വിസ്‌കി തുടങ്ങിയവയെല്ലാം കൂടി മൂന്ന് ശതമാനം. മദ്യത്തിന്റെ കണക്കെടുക്കുമ്പോള്‍ ബിയറിനെ പ്രത്യേകമായാണ് പരിഗണിക്കുന്നത്. ഹോട്ട് ഇനങ്ങള്‍ ഒരു സെറ്റ്. ബിയര്‍ മാത്രം മറ്റൊരു സെറ്റ്. റം വില്‍ക്കുന്നതിന്റെ 70- 80 ശതമാനത്തോളം ബിയറും വിറ്റുപോകുന്നു. എന്നാല്‍ ബാറുകളിലും ക്ലബുകളിലും റമ്മിനേക്കാള്‍ കൂടുതല്‍ ചെലവാകുന്നത് ബ്രാണ്ടിയാണ്.
കേരളത്തില്‍ മദ്യവില്‍പനയുടെ കുത്തക സര്‍ക്കാര്‍ സ്ഥാപനമായ ബീവറേജ് കോര്‍പ്പറേഷനാണ്. കേരളത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നുകൂടിയാണ് ഈ കോര്‍പ്പറേഷന്‍ എന്നതാണ് എടുത്തുപറയത്തക്ക നേട്ടം.

മദ്യവും കുറ്റകൃത്യങ്ങളും
കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മദ്യലഹരിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കൊലപാതകങ്ങളില്‍ 84 ശതമാനവും, കൈയേറ്റങ്ങളില്‍ 70 ശതമാനവും ഭവനഭേദനങ്ങളില്‍ 70 ശതമാനവും മോഷണങ്ങളില്‍ 65 ശതമാനവും ബലാല്‍സംഗങ്ങളില്‍ 65 ശതമാവും മദ്യപാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വര്‍ഷാവര്‍ഷം ഇതിന്റെ തോത് രണ്ട് ശതമാനം കണ്ട് വര്‍ധിക്കുകയും ചെയ്യുന്നു. നാഷണല്‍ ക്രൈം ബ്യൂറോയുടെ (2006) കണക്കുപ്രകാരം കേരളത്തില്‍ മദ്യപാനം മൂലം 159431 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175.6 മാത്രമാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളത്തിലിത് 306.5 ആണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും നാല് മടങ്ങ് വളര്‍ച്ചയുണ്ട്. അതായത്, 22.7 ശതമാനമാണിത്.

മദ്യപാനവും വാഹനാപകടങ്ങളും
കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് മദ്യപിച്ചിട്ടുള്ള ഡ്രൈവിംഗാണെന്ന് പോലീസ് രേഖകളും പറയുന്നു. റോഡപകടങ്ങളില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ് കേരളം. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനം മാത്രം വരുന്ന കേരളത്തില്‍ മൊത്തം റോഡപകടങ്ങളുടെ 12 ശതമാനം നടക്കുന്നു. കേരളത്തില്‍ റോഡപകടങ്ങളില്‍ 40 ശതമാനവും ഡ്രൈവറുടെ മദ്യപാനം മൂലമാണ്. ദേശീയപാതയില്‍ ഇത് 72 ശതമാനമാണ്. അപകടങ്ങള്‍ കൂടുതലുണ്ടാകുന്നത് ആഴ്ചയുടെ അവസാനങ്ങളിലും, വൈകീട്ട് മൂന്നുമണിക്കും ഏഴുമണിക്കും ഇടയിലാണ്. മദ്യവില്‍പന ഷാപ്പുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ അപകടങ്ങള്‍ കുറയുന്നു. മദ്യപിച്ചു വാഹനമോടിച്ച് ഇന്ത്യയില്‍ ദിവസവും 270 പേര്‍ മരിക്കുന്നു. 5000 പേര്‍ക്ക് ഗുതുതരമായ പരിക്കേല്‍ക്കുന്നു. മദ്യപിച്ചവരില്‍ അമിത വേഗത്തില്‍ വാഹനമോടിക്കാനുള്ള പ്രവണത കൂടുന്നു. മദ്യപാനി വാഹനമെടുത്തിറങ്ങുമ്പോള്‍ അപായത്തിലാകുന്നത് അയാളുടെ ജീവന്‍ മാത്രമല്ല, മറ്റു നിരപരാധികളുടേതു കൂടിയാണ്.

മദ്യപാനവും ആത്മഹത്യയും
ആത്മഹത്യകളും കൂട്ട ആത്മഹത്യകളും വാര്‍ത്തയല്ലാതായിക്കഴിഞ്ഞ കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗവും ആത്മഹത്യകളും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കുപ്രകാരം ആത്മഹത്യാ പ്രവണത ഏറ്റവും കൂടുതല്‍ 21-40 വയസ്സുകാരിലാണ്. ഈ പ്രായക്കാരിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികളും. ആത്മഹത്യാ ശ്രമങ്ങളില്‍ 34 ശതമാനം മദ്യപാനം മൂലമാണെന്ന് സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യപാനം എടുത്തുചാട്ടം, ആക്രമണ സ്വഭാവം എന്നിവയുണ്ടാക്കും. മദ്യപാനിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ വിഷാദരോഗം, സാമ്പത്തിക നഷ്ടം, ആത്മാഭിമാനക്കുറവ്, ഒറ്റപ്പെടല്‍, മദ്യം നിര്‍ത്താനാവായ്ക എന്നിവയാണ്. പുരുഷന്മാരില്‍ ആത്മഹത്യയുടെ പ്രധാന കാരണം മദ്യപാനമാണെങ്കില്‍ സ്ത്രീകളുടെ അത്മഹത്യയിലും പ്രധാന പങ്ക് ഭര്‍ത്താവിന്റെ മദ്യപാനം തന്നെയാണ്.
പഴയകാല ചലച്ചിത്രങ്ങളിലെ നിരാശാ കാമുകന്മാരായിരുന്നു അന്നത്തെ ഏറ്റവും വലിയ മാതൃകാ മദ്യ ഉപഭോക്താക്കള്‍. മദ്യാസക്തി ജീവിത നൈരാശ്യത്തിന്റെ അളവുകോലായി കണ്ടിരുന്ന കാലം മാറി. ജീവിതത്തിലെ ഏത് അവസ്ഥക്കും മദ്യത്തെ കൂട്ടുപിടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, പുതുവര്‍ഷം, പ്രമോഷന്‍, കല്ല്യാണം, ജന്മദിനം, ജനനം, എന്തിന് മരണം പോലും മദ്യത്തിന്റെ ലഹരിയില്‍ ആസ്വദിക്കുന്ന അവസ്ഥയിലേക്ക് മലയാളി മാറിയിരിക്കുന്നു എന്നതാണ് സത്യം. ജോലി കഴിഞ്ഞാല്‍ നേരെ ബാറിലേക്ക് എന്നത് ഭൂരിപക്ഷം മലയാളികളും ശൈലിയാക്കി മാറ്റിയെന്ന് ബാറുകളിലെ തിരക്ക് കാണുമ്പോള്‍ ബോധ്യമാകും. രണ്ട് സുഹൃത്തുക്കള്‍ക്ക് മുഖാമുഖം സംസാരിക്കാന്‍ ടേബിളില്‍ മദ്യം വേണമെന്ന സ്ഥിതി വന്നിരിക്കുന്നു.
മലയാളിയുടെ മദ്യപാനത്തിനുമുണ്ട് ചില സവിശേഷതകള്‍. ബഹുഭൂരിപക്ഷത്തിനും അതൊരു ശീഘ്രസ്ഖലനം പോലെയാണ്. എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് തിടുക്കമുള്ളതുപോലെ പെട്ടെന്ന് വലിച്ചു കുടിച്ച് ഗ്ലാസ് കാലിയാക്കും. ഇങ്ങനെ കുടിക്കുന്നതുകൊണ്ടാണ് അളവ് വല്ലാതെ കൂടുന്നത്. ഇത്രയധികം മദ്യം ഒറ്റയടിക്ക് ചെന്ന് തലച്ചോറിനെ ആക്രമിക്കുന്നതുകൊണ്ട് തലക്ക് ഒരൊറ്റ അടി കിട്ടിയതുപോലെ പെട്ടെന്ന് ഫിറ്റാകുകയും മിക്കപ്പോഴും ബോധം പോവുകയും ചെയ്യും.
മലയാളി സമൂഹത്തിലെ നല്ലൊരു വിഭാഗവും മദ്യപാനത്തെ സാമൂഹികാംഗീകാരമുള്ള ഒരു പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. അതങ്ങനെതന്നെയെന്ന് ന്യായീകരിക്കുകയും ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ ബിംബങ്ങള്‍ ജനപ്രിയ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗത്തിന് മദ്യപാന ശീലത്തെ ന്യായീകരിക്കുവാന്‍ വേണ്ടതൊക്കെ നമ്മുടെ സമൂഹം നല്‍കുന്നുണ്ട്. കടലില്‍ പോയി കഠിനമായി പണിയെടുക്കുന്നവന് ശരീരത്തിന് ഒരയവുവരാന്‍ 'നല്ലോണം മദ്യം മോന്തെണ്ടേ''യെന്നാണ് നാട്ടുനടപ്പുള്ള വര്‍ത്തമാനം.

മലയാളി - മദ്യപാനത്തിന്റെ ആരംഭം
1986-ല്‍ മദ്യപാന പ്രായം 19 വയസ്സായിരുന്നെങ്കില്‍ 1990-ല്‍ അത് 17 വയസ്സായും 2000-ല്‍ 14 വയസ്സായും 2002-ല്‍ 13 1/2 വയസ്സായും ചുരുങ്ങിയിരിക്കുന്നു. അതായത് ഹൈസ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ ഈ ശീലത്തിലേക്ക് ചുവടുവെച്ച് തുടങ്ങുന്നു. മദ്യം ഒരു സ്റ്റാറ്റസ് സിംബലായും ഉത്തേജക ഔഷധമായും പിന്നെ ഒരു കൗതുകത്തിനും ഉപയോഗിച്ച് തുടങ്ങുന്നു.
സമീപ കാലത്ത് മദ്യം സ്ത്രീകളിലേക്കും എത്തി എന്നതാണ് നടുക്കുന്ന വസ്തുത. മദ്യപിക്കുന്ന മലയാളി വനിതകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സ്വകാര്യത ഉറപ്പാക്കിക്കൊണ്ടാണ് സ്ത്രീകളുടെ മദ്യപാനം. പ്രധാന നഗരങ്ങളിലെ പ്രമുഖ ക്ലബ്ബുകളില്‍ മദ്യപിക്കുന്ന വനിതകളെ അപൂര്‍വമായി കാണാന്‍ സാധിക്കും. എന്നാല്‍ ഭൂരിപക്ഷം പേരും പൊതുവേദികളില്‍ മദ്യപിക്കുന്നില്ല എന്നതാണ് ആശ്വാസം തരുന്ന കാര്യം. കോളജ് വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍ ഒക്കെ മദ്യപാനികളുടെ വിഭാഗത്തിലുണ്ട്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികളും വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന ഉദ്യേഗസ്ഥ വനിതകളും ഒക്കെ കൂട്ടായ മദ്യപാനത്തിന്റെ പാതയിലാണ്.
ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പിടിച്ചാല്‍ പിടികിട്ടാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. കൗമാര പ്രായത്തിലേക്ക് ചുവടു വെക്കുമ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. കാമ്പസുകളില്‍ നിന്ന് കൂടുതല്‍ ആധുനികമായ തൊഴില്‍ സാഹചര്യങ്ങളിലേക്ക് എത്തുമ്പോള്‍ ഒരു പൊട്ടിത്തെറിയിലേക്കാണ് യുവാക്കള്‍ എത്തുന്നത്. തൊഴില്‍ സമ്മര്‍ദ്ദം, പരീക്ഷാ പേടി, വീടുകളിലെ സാഹചര്യങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ മദ്യപാന ശീലത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തെ നിയമത്തിലെ പഴുതുകളും മദ്യനയത്തിലെ അപാകതകളും സമൂഹത്തിലെ ലഹരിയുടെ തോത് വര്‍ധിച്ച് വര്‍ധിച്ച് നിയന്ത്രണാതീതമാകുന്നത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനോ സമഗ്രപുരോഗതിക്കോ ഉതകുന്നതല്ല. ഉപദേശങ്ങള്‍ക്കും ബോധവര്‍ക്കരണങ്ങള്‍ക്കുമപ്പുറത്ത് പ്രശ്‌നപരിഹാരത്തിന് ഒരു രാഷ്ട്രീയ ഇച്ഛാശക്തിയുടെ അനിവാര്യതയാണ് ഈ വിഷയത്തില്‍ മുഴച്ച് നില്‍ക്കുന്നത്.

മദ്യപാനംകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ഉന്മത്താവസ്ഥ (Actue intoxication)
രക്തത്തിലെ എത്തനോളിന്റെ അളവ് 150 മില്ലിഗ്രാമില്‍ എത്തുമ്പോഴാണ് ഉന്മത്താവസ്ഥയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചെയ്യുന്നു. ചുറ്റുപാടുകളോടു പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും പേശികളുടെ നിയന്ത്രണം കുറയുകയും ചെയ്യുന്നു. സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത് ചില ആളുകള്‍ക്ക് വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ തന്നെ ഇത്തരം ഇരുണ്ടാവസ്ഥ ഉണ്ടാകാം. പതോളജിക്കല്‍ ഇന്റോക്‌സിക്കേഷന്‍ (Pathological intoxication) എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍
മദ്യം ആമാശയത്തിന്റെയും കുടലിന്റെയും ശരിയായ സങ്കോചവികാസങ്ങളെ തടസ്സപ്പെടുത്തുന്നതോടൊപ്പം ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കുടലിലെ പുണ്ണ് മദ്യപരില്‍ വളരെ സാധാരണമായ ഒരു പ്രശ്‌നമാണ്. ഇതുമൂലം നെഞ്ചെരിച്ചില്‍, ഛര്‍oി, രക്തം ചര്‍ദിക്കല്‍ എന്നിവ ഉണ്ടാകാം. ചെറുകുടലില്‍ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ (perforation) അത്യന്തം ഗുരുതരമായ പ്രത്യാഘാതമാണ്. മദ്യത്തിന്റെ പ്രവര്‍ത്തനം കാരണം പോശകാംശങ്ങള്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവ് കുടലിന് നഷ്ടപ്പെടുന്നതാണ്. സ്ഥിരമദ്യപാനികള്‍ ആഹാരത്തോട് കാണിക്കുന്ന അവഗണനയോടൊപ്പം ഇതുകൂടിയാകുമ്പോള്‍ പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളുമുണ്ടാകാം.

കരളിനെ ബാധിക്കുന്ന രോഗങ്ങള്‍
ശരീരത്തിലെത്തുന്ന മുഴുവന്‍ മദ്യവും കരളില്‍ കൂടി കടന്നുപോകുന്നു. മദ്യം കരളിനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷം പോലെ പ്രവര്‍ത്തിക്കുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റി ലിവര്‍ ഇതിന്റെ ആരംഭസൂചനയാണ്. ഈ ഘട്ടത്തില്‍ തന്നെ മദ്യപാനം നില്‍ത്തിയാല്‍ ഏകദേശം രണ്ട് മാസം കൊണ്ട് സാധാരണ നില തിരിച്ചു കിട്ടും. എന്നാല്‍ മദ്യപാനം തുടര്‍ന്നാല്‍ കരള്‍ വീക്കം, മഹോദരം എന്നീ അവസ്ഥകളിലെത്താം. തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ 10-30 ശതമാനം പേരെ ഈ അസുഖങ്ങള്‍ ബാധിക്കുന്നു. മദ്യപാനം മൂലമുള്ള കരള്‍രോഗം ബാധിച്ച വ്യക്തിക്ക് വിശപ്പ് കുറയുക, തൂക്കം കുറയുക, ചെറിയ പനി, വയറുവേദന, ഛര്‍ദി എന്നിവയുണ്ടാവാം. മഞ്ഞപ്പിത്തം ഉണ്ടാകുന്നത് രോഗം കൂടിവരുന്നു എന്നതിന്റെ ലക്ഷണമാണ്. ദീര്‍ഘകാലം മദ്യപിക്കുന്നവരില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ മഹോദരം ബാധിക്കുന്നു. ഈ അവസ്ഥയില്‍ കരളില്‍ പ്രവര്‍ത്തനം കുറയുന്നതുകൂടാതെ പ്ലീഹ തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തന ശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടായും രക്തം ഛര്‍ദ്ദിച്ചും രോഗിക്ക് മരണം വരെ സംഭവിക്കാം.
മദ്യം ശരീരത്തിലെ പഞ്ചസാരയുടെ അളവു കുറക്കുന്നതുകൊണ്ട് മദ്യപരില്‍ പ്രമേഹരോഗമുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. മുമ്പേ പ്രമേഹരോഗമുള്ളവര്‍ മദ്യപാനം തുടങ്ങിയാല്‍ അവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവില്‍ നിയന്ത്രണമില്ലാതാവുകയും സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലിക്കാതാവുകയും ചെയ്യും.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍
കഴിക്കുന്ന മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും അനുസരിച്ച് ഹൃദയത്തിന് വിവിധ തകരാറുകള്‍ ഉണ്ടാവാം. മുമ്പേതന്നെ ഹൃദ്രോഗമുള്ളവര്‍ മദ്യപാനം തുടങ്ങിയാല്‍ രോഗം വേഗത്തില്‍ വഷളാകാന്‍ ഇടയുണ്ട്. അപൂര്‍വമായി ഹൃദയ പേശികളെ ബാധിക്കുന്ന കാര്‍ഡിയോ മയോപ്പതി എന്ന അസുഖമുണ്ടാകാം. ഉയര്‍ന്ന രക്തസമര്‍ദ്ദവും മദ്യപരില്‍ കൂടുതലായി കാണുന്നു.

രക്തത്തേയും രോഗപ്രതിരോധശേഷിയെയും ബാധിക്കുന്ന രോഗങ്ങള്‍
വിളര്‍ച്ച മദ്യപന്മാരില്‍ സാധാരണയാണ്. ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ കുറവാണ് ഇതിന് കാരണം. മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും മദ്യപരില്‍ കുറവായിരിക്കും.

അണുബാധകള്‍
രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ അണുബാധകള്‍ മദ്യപരില്‍ കൂടുതലാണ്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ഛര്‍ദിച്ചാല്‍ ഛര്‍ദില്‍ ശ്വാസകോശങ്ങളില്‍ എത്താം. ഇത് ശ്വാസകോശങ്ങളിലെ അണുബാധക്ക് കാരണമായിത്തീരുന്നു. ക്ഷയരോഗവും മദ്യപാനികളില്‍ കൂടുതലായി കണ്ടുവരുന്നു.

പേശികള്‍, അസ്ഥികള്‍, തൊലി എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍
പേശികളുടെ ബലക്കുറവും പേശികള്‍ ഭാഗികമായി നശിക്കുന്ന മയോപതി എന്ന രോഗവും മദ്യപാനം മൂലമുണ്ടാകാം. എല്ലുകളുടെ തേയ്മാനവും ബലക്കുറവും മൂലം ചെറിയ വീഴചകളില്‍ പോലും എല്ലുപൊട്ടാനുള്ള സാധ്യത വര്‍ധിക്കുന്നു. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങളും മദ്യപരില്‍ കൂടുതലായി കണ്ടുവരുന്നു.

ലൈംഗിക പ്രശ്‌നങ്ങള്‍
മദ്യം ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്നാണ് പൊതുവായുള്ള ധാരണ. എന്നാല്‍ മദ്യത്തിന്റെ സ്ഥിരമായ ഉപയോഗം ലൈംഗിക ശേഷി കുറക്കുകയാണ് ചെയ്യുന്നത്.

തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന രോഗങ്ങള്‍
തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ തലച്ചോറിന്റെ വലുപ്പം കുറയുന്നതോടൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയും കുറയുന്നു. ചിലര്‍ക്ക് ഓര്‍മക്കുറവും ചിന്തയില്‍ മാന്ദ്യവും കണ്ടുവരുന്നു. നാഡീഞരമ്പുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ കാരണം കൈകാലുകള്‍ക്ക് പുകച്ചിലും വേദനയും അനുഭവപ്പെട്ടേക്കാം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന കേടുപാടുകള്‍ക്ക് പുറമെ വീഴ്ച മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ്, കരള്‍വീക്കം എന്നിവയും തലച്ചോറിന് കാര്യമായ തകരാറുകളുമുണ്ടാക്കാം.

മാനസിക രോഗങ്ങള്‍
പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദരോഗം മദ്യപാന്മാരില്‍ വളരെ സാധാരണമാണ്. മദ്യം നിര്‍ത്തുമ്പോള്‍ താല്‍ക്കാലികമായി വിഷാദ ലക്ഷണങ്ങള്‍ കാണാറുണ്ട്. മദ്യപന്മാരില്‍ ആത്മഹത്യാ നിരക്ക് 15 ശതമാനമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. ഇവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ 30 ശതമാനം മദ്യപന്മാരില്‍ കാണുന്നുണ്ട്. മദ്യപിക്കുന്നവര്‍ പൊതുവെ കൂടുതല്‍ പുകവലിക്കുന്നു. മറ്റു മയക്കുമരുന്നുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന്‍ ഓഫ് ഇന്‍ഫെഡ്‌ലിറ്റി എന്ന രോഗവും ഇവരില്‍ കൂടുതലാണ്.
മദ്യപാനവും അതിനോടനുബന്ധിച്ചുണ്ടാകുന്ന പോഷകാഹാരക്കുറവും മൂലം വെര്‍ണിക്കിള്‍സ് എന്‍സഫലോപ്പതി, കോര്‍സകോഫ് സൈക്കോസിസ് എന്നീ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിലും പ്രധാനമായും മാനസിക രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക.

മദ്യപാനവും സ്ത്രീകളും
മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ നാട്ടിലും കൂടിവരികയാണ്. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണെങ്കിലും ചിലത് സ്ത്രീകളില്‍ കൂടുതലാണ്. ഗര്‍ഭിണികള്‍ മദ്യപിക്കുകയാണെങ്കില്‍ അത് ജനിക്കാനിരിക്കുന്ന കുട്ടിയില്‍ പലതരം ശാരീരിക വൈകല്യങ്ങളും ബുദ്ധിമാന്ദ്യങ്ങളും ഉണ്ടാക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top