ഇസ്ലാമിക ചരിത്രത്തിലെ ധീര വനിതകളില്‍ ഒരാളാണ് ഖൗല ബിന്‍ത് അല്‍അസ്വര്‍. സഹോദരനായ ദിറാര്‍ റോമന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ടെന്ന് കേട്ടപ്പോള്‍, ഒരു സാധാരണ സ്ത്രീയുടെ ശാരീരിക പരിമിതികളെക്കുറിച്ച് ചിന്തിക്കാതെ അവര്‍ മുന്നിട്ടിറങ്ങി. സഹോദരനോടുള്ള സ്നേഹവും വാത്സല്യവുമാണ് അവരെ ധീരപോരാളിയാക്കി മാറ്റിയത്.
ഒരു പുരുഷയോദ്ധാവിനെപ്പോലെ വേഷം ധരിച്ച്, മുഖംമൂടിയണിഞ്ഞ് ഖൗല കുതിരപ്പുറത്ത് യുദ്ധക്കളത്തിലെത്തി. അവരുടെ വേഗതയും യുദ്ധതന്ത്രങ്ങളും സൈന്യത്തെ മുഴുവന്‍ അമ്പരപ്പിച്ചു. ധീരനായ സൈന്യാധിപന്‍ ഖാലിദ് ഇബ്ന്‍ വലീദ് പോലും അവരുടെ പോരാട്ടവീര്യം കണ്ട് അത്ഭുതപ്പെട്ടു. ആരാണ് ഈ യോദ്ധാവെന്ന് ഖാലിദ് നേരിട്ട് ചോദിച്ചപ്പോള്‍, മുഖംമൂടിക്ക് പിന്നില്‍ ഒരു പുരുഷനല്ല, മറിച്ച് സഹോദരനെ രക്ഷിക്കാന്‍ വന്ന സഹോദരിയാണെന്ന് സൈന്യം തിരിച്ചറിഞ്ഞു. 'ഞാന്‍ ഖൗല ബിന്‍ത് അല്‍അസ്വര്‍, എന്റെ സഹോദരന്‍ ദിറാറിനെ തേടിയാണ് ഞാന്‍ വന്നത്. ആങ്ങളമാര്‍ അപകടത്തില്‍ പെട്ടാല്‍ പെങ്ങന്മാര്‍ക്ക് വെറുതെ ഇരിക്കാനാവുമോ?' എന്ന അവരുടെ വാക്കുകള്‍ ധീരതയുടെയും സഹോദരസ്നേഹത്തിന്റെയും ഉദാത്ത മാതൃകയായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ ഖൗലക്ക് തന്റെ സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞു.
ധീരതയുടെയും വിപ്ലവത്തിന്റെയും പ്രതീകം
ഖൗലയുടെ ഈ കഥ കേവലം സഹോദരസ്നേഹത്തിന്റെ കഥ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും ധീരതയുടെയും പ്രതീകമാണ്. ഏത് പ്രതിസന്ധിയിലും സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും എന്നതിന്റെ ഉദാഹരണമാണ് ഖൗലയുടെ ജീവിതം. യഥാര്‍ഥ ധീരതക്ക് ലിംഗഭേദമില്ലെന്നും ആര്‍ക്കും അത് നേടാമെന്നും ആ അനുപമ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഖൗലയുടെ സൈനിക ജീവിതം
ഉത്തമ നൂറ്റാണ്ടില്‍ അസ്വര്‍ അല്‍ അസദിയുടെ മകളായി ജനിച്ച ഖൗല, ദിറാറിനൊപ്പം നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. യര്‍മൂക്ക് യുദ്ധത്തില്‍ അവര്‍ ഒരു കൂട്ടം സ്ത്രീകളോടൊപ്പം ബൈസന്റൈന്‍ സൈന്യത്തെ പരാജയപ്പെടുത്തി. ഉഖാബ് യുദ്ധത്തിലാണ് അവരുടെ സൈനിക കഴിവുകള്‍ ആദ്യമായി വെളിപ്പെട്ടത്. അജ്നാദൈന്‍ യുദ്ധത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വൈദ്യസഹായം നല്‍കാനും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഖൗലയുടെ പോരാട്ട വീര്യത്തെ പ്രകീര്‍ത്തിച്ചവരില്‍ ഉമര്‍ (റ) ഉള്‍പ്പെടുന്നു. സുഊദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ ഖൗല ബിന്‍ത് അല്‍അസ്‌വറിന്റെ പേരില്‍ പല സ്ഥാപനങ്ങളും റോഡുകളും നിലവിലുണ്ട്. ജോര്‍ദാന്‍ 'ചരിത്രത്തിലെ അറബ് വനിതകള്‍' എന്ന പേരിലിറക്കിയ സ്റ്റാമ്പ് സീരീസില്‍ അവരുടെ ചിത്രം പതിച്ച സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. യു.എ.ഇയിലെ വനിതകള്‍ക്കായുള്ള ആദ്യ സൈനിക കോളേജിന് ഖൗലയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
അവലംബം:
നിസാഉന്‍ ഫാദിലാത്: അബ്ദുല്‍ ബദീഅ് സ്വഖര്‍