ഗര്‍ഭകാല പ്രമേഹം എന്ന വില്ലന്‍

അഖില നിസാം
ഒക്ടോബര്‍ 2025

സന്തോഷവും അഭിമാനവും നിറഞ്ഞ മാതൃത്വത്തിന്റെ മധുരം പൊതിഞ്ഞ നല്ല നാളുകള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അധികപേര്‍ക്കും കഥയുടെ ഗതി മാറ്റി പ്രമേഹം എന്ന ഗര്‍ഭകാല വില്ലന്‍ കടന്നുവരുന്നത്. ''ജസ്റ്റേഷനല്‍ ഡയബറ്റിസ് ഉണ്ടല്ലോ'' എന്നായിരിക്കും ഡോക്ടര്‍ പറയുക. എന്തായാലും കുറച്ചു മുഖങ്ങള്‍ വാടാനും വല്ലാത്ത ഒരാധി പടരാനും അതു മതിയല്ലോ.

സ്ത്രീകളില്‍ ഹോര്‍മോണുകളുടെ കുത്തൊഴുക്കും ചാഞ്ചാട്ടവുമൊക്കെ സാധാരണമാണ്. അതിനനുസരിച്ച് മനോനിലയുടെ ഊഞ്ഞാലാട്ടവും (മൂഡ് സ്വിങ്‌സ്) തലകുത്തിമറിച്ചിലും സ്‌കൈഡൈവുമൊക്കെ അനുഭവിക്കാനുമാകും. എന്നിരിക്കെ ഗര്‍ഭിണി കൂടിയാണെങ്കിലോ! അടിപൊളി.

അതുവരെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന പലതിനും അതോടെ വിലക്ക് വീഴും. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ അലിഞ്ഞുചേര്‍ന്ന ചോറ്, പുട്ട്, അപ്പം, ഇഡ്ഡലി, ദോശ... അങ്ങനെ എല്ലാറ്റിനോടും ബൈ ബൈ പറയേണ്ടി വരുമോ! പടച്ചോനേ,  പരീക്ഷണങ്ങളില്‍ ശക്തി തരണേ!

ഗര്‍ഭാവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാകുന്നതാണ് സംഭവം. അമിതമായ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നലും ക്ഷീണവും ഓക്കാനവുമൊക്കെ ലക്ഷണങ്ങളാണെന്ന് പറയാം. ചിലര്‍ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പുറമേ കണ്ടെന്നു വരില്ല. പക്ഷേ, തിരിച്ചറിഞ്ഞ് പരിചരിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ല. മറുപിള്ളയില്‍ നിന്നുള്ള ഹോര്‍മോണുകള്‍ ഇന്‍സുലിന്‍ ഉപയോഗിക്കാനോ നിര്‍മിക്കാനോ ഉള്ള കഴിവിനെ തടയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. രക്ത പരിശോധനയിലൂടെ പ്രമേഹത്തിന്റെ തോത് അറിയാന്‍ കഴിയും. പ്രമേഹം വികസിക്കുന്നു എന്നതിന്റെ അര്‍ഥം ഗര്‍ഭിണിയാകുന്നതിനു മുന്നേ പ്രമേഹം ഉണ്ടായിരുന്നു എന്നല്ല. ഗര്‍ഭധാരണത്തിലൂടെ ഈ അവസ്ഥ വന്നുചേര്‍ന്നു എന്നേയുള്ളൂ.

 

പരിഹാരമുണ്ട്

ഇവിടെയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അവലോകനം ചെയ്യണം. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച നിരീക്ഷിക്കണം. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കണം. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും ഈത്തപ്പഴവും ഉണക്കമുന്തിരിയും ഉള്‍പ്പെടെയുള്ള മധുരം ഇങ്ങനെയുള്ളവര്‍ ഒഴിവാക്കണം.

അമിതമായ ഗര്‍ഭകാല പ്രമേഹത്തിന് മരുന്ന് കഴിച്ചിട്ടും കുറവില്ലാതെ ആശങ്കപ്പെടുകയും സിസേറിയനാണെന്ന് ഉറപ്പിക്കുകയും ചെയ്ത പല ഗര്‍ഭിണികളോടും ബെര്‍ത്ത് ക്ലാസിന്റെ ഭാഗമായി സംസാരിക്കുമ്പോള്‍ അതിലേക്ക് നയിക്കുന്ന ഒരു രഹസ്യവാതില്‍ (ബ്ലൈന്‍ഡ് സ്‌പോട്‌സ്) തുറന്ന് കിടക്കുന്നത് കണ്ടെത്താനാകാറുണ്ട്. അത് ചിലപ്പോള്‍ വ്യായാമമാകാം, ജീവിത ശൈലിയിലെ ചെറിയ അശ്രദ്ധയാകാം, ചിലപ്പോള്‍ വളരെ നല്ലതെന്ന് കരുതി അവര്‍ കുടിക്കുന്ന കരിക്കിന്‍ വെള്ളം വരെയാകാം.

ഓരോ നേരത്തെ ഭക്ഷണത്തിനും പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, ഫാറ്റ് എന്നിവയുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും അത് ബുക്കിലോ മൊബൈല്‍ ആപ്പിലോ ഒന്ന് കുറിച്ചിടുകയും ചെയ്യാം. കുറച്ചു ഭക്ഷണം പല തവണയായി കഴിക്കാം. എല്ലാ ദിവസവും ഒരേ നേരം കഴിച്ച് തീറ്റയ്ക്കുമൊരു താളം നല്‍കാം. ചെറിയ വ്യായാമവും യോഗയുമൊക്കെ പരിശീലിക്കാവുന്നതാണ്. അതിനായി സര്‍ട്ടിഫൈഡ് യോഗ ട്രെയിനര്‍മാരുടെയും ഡയറ്റീഷ്യന്‍മാരുടെയും ഒക്കെ സേവനം തേടാം. സഹായം ആവശ്യമുള്ളപ്പോള്‍ അത് ആവശ്യപ്പെടാനും ജീവിതാവസ്ഥ മെച്ചപ്പെടുത്താനും നമ്മള്‍ മടിക്കേണ്ടതില്ല.

വ്യായാമം ചെയ്യുന്നവരുടെ ശരീരം കൂടുതല്‍ ഗ്ലൂക്കോസ് ഉപയോഗിക്കേണ്ടിവരും. അങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കാം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍, സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പതിനായിരത്തില്‍പരം വ്യായാമ മുറകളോ അശാസ്ത്രീയമായ ആഹാരക്രമങ്ങളോ കാലറി കട്ടോ അവലംബിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. സുരക്ഷിതമായ ഒരു പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ അന്വേഷണം തുടരണം.

 

പ്രമേഹം എന്നാല്‍

ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസിനെ അഥവാ പഞ്ചസാരയെ വിഘടിപ്പിച്ചു ശരീരകോശങ്ങളിലേക്ക് എത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തുന്നതിന് ഇന്‍സുലിന്‍ വേണം. എന്നാല്‍ ഇന്‍സുലിന്‍ ആവശ്യത്തിന് ഇല്ലെങ്കിലോ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലോ, രക്തത്തില്‍ പഞ്ചസാര അടിഞ്ഞുകൂടുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭകാല പ്രമേഹ പരിശോധന നടത്താം. ഏറ്റവും കൃത്യമായ ഫലം ലഭിക്കാന്‍ ഇതാണ് നല്ല സമയമെന്ന് മിക്ക ആരോഗ്യവിദഗ്ധരും വിശ്വസിക്കുന്നു. എന്നാല്‍, നിങ്ങളുടെ ഈ അവസ്ഥയ്ക്ക് അപകടസാധ്യതയുടെ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ കുറച്ചു നേരത്തെ പരിശോധിച്ചു കരുതല്‍ നടപടികള്‍ എടുക്കണം. തുടര്‍പരിശോധനകളും വേണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിങ്ങള്‍ക്കും ഗര്‍ഭപിണ്ഡത്തിനും സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. ജനനസമയത്ത് കുഞ്ഞിന്റെ ശരീരഭാരം വര്‍ധിക്കുന്നതിനും ഗര്‍ഭാശയത്തിനുള്ളില്‍ അംനിയോട്ടിക് ഫ്‌ളൂയിഡ് കൂടുന്നതിനും പ്രസവവേദന മണിക്കൂറുകള്‍ നീളുന്നതിനും ഇടയുണ്ട്. അപകട സാധ്യതയ്ക്കാണ് മുന്‍തൂക്കം എങ്കില്‍ സീ-സെക്ഷനിലേക്ക് പോകേണ്ടിയും വരും. പ്രമേഹം അമിതമാണെങ്കില്‍ ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിനു മുന്നേ കുഞ്ഞ് പുറത്തു വരാനുള്ള സാധ്യതയുമുണ്ട്. ജനനസമയത്ത് ശ്വസന പ്രശ്‌നങ്ങളോ കുറച്ചു പേര്‍ക്കെങ്കിലും അപസ്മാരമോ അഭിമുഖീകരിക്കേണ്ടിയും വരാം!

 

ആശങ്ക വേണോ?

ഗര്‍ഭകാല പ്രമേഹം പൊതുവായി കാണപ്പെടുന്നതാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യസംരക്ഷണ ദാതാക്കള്‍ക്ക് നല്ല ധാരണയുണ്ട്. ഗര്‍ഭകാല പ്രമേഹം ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് സന്തോഷകരമായ ഗര്‍ഭകാലവും ആരോഗ്യമുള്ള കുഞ്ഞുമുണ്ടാകും. നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യകരമാണെന്ന് ഉറപ്പാക്കാന്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ഒരാളുണ്ട്. തിരിഞ്ഞും പിരിഞ്ഞു നോക്കേണ്ട. അത് നിങ്ങള്‍ തന്നെ.

അധിക പേര്‍ക്കും പ്രസവം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പ്രമേഹാവസ്ഥ അപ്രത്യക്ഷമാവുകയും പഴയ ആരോഗ്യാവസ്ഥ കൈവരികയും ചെയ്യും.

 

എങ്ങനെ തടയാം?

ഇത് പൂര്‍ണമായും തടയാനായെന്ന് വരില്ല. പക്ഷേ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാം.  ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതുമാണ് ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കാന്‍ ഏറ്റവും നല്ല വഴികള്‍. നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഹോര്‍മോണുകളും ജനിതകവും പോലുള്ള മറ്റു ഘടകങ്ങളുമുണ്ട്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവരുണ്ട്. പട്ടിണി കിടന്നാലും ശരീരം തടിച്ചു വരുന്നവരുണ്ട്. അവരെ കുറ്റപ്പെടുത്തി വിധിക്കാതിരിക്കാം.

ആവശ്യപ്പെടാത്തപ്പോള്‍ ഉപദേശങ്ങള്‍ വാരിവിതറാതിരിക്കാം. കരുണ നിറഞ്ഞ കണ്ണിലൂടെ കാണാം!

''ഈ പ്രമേഹം ഞാന്‍ ഉണ്ടാക്കിയതാണോ? ഇനി ജീവിതകാലം മുഴുവന്‍ ഇങ്ങനെതന്നെ കഴിയേണ്ടി വരുമോ? എന്റെ കുഞ്ഞ്...' അങ്ങനെയങ്ങനെ ഗര്‍ഭകാല പ്രമേഹം കണ്ടെത്തിയതിനു ശേഷം ചില ഗര്‍ഭിണികള്‍ വളരെയധികം ഉത്കണ്ഠാകുലരായി മാറുന്നുണ്ട്. പലപ്പോഴും അവര്‍ക്ക് വേണ്ടത് പ്രശ്‌നപരിഹാരങ്ങളുടെ നീണ്ട ലിസ്റ്റ് അല്ല. കേട്ടിരിക്കാന്‍ ഒരാള്‍! ഒറ്റയ്ക്കല്ലെന്നൊരു തോന്നല്‍ ഒപ്പമുണ്ടെന്ന ഒരുറപ്പ്.

നിങ്ങള്‍ ഒരു കുഞ്ഞിനെ ചുമക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അറിയുക. ഓരോ ഗര്‍ഭിണിയുടെയും മനോവിചാര വികാരങ്ങള്‍ നിങ്ങള്‍ക്കുമാകാം. നിങ്ങള്‍ക്കുവേണ്ടി കൂടിയാണ് അവരതെല്ലാം ഏറ്റുന്നത്. ഈ പ്രപഞ്ചത്തിന് ആകമാനം കൂടിയാണ്. ഒറ്റയ്ക്ക് ആക്കാതിരിക്കാം. ഒപ്പമുണ്ടായിരിക്കാം. ഒന്നായിരിക്കാം.

(സര്‍ട്ടിഫൈഡ് ചൈല്‍ഡ്ബര്‍ത്ത് കോച്ച് ആണ് ലേഖിക)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media