വിവാഹവുമായി ബന്ധപ്പെട്ട് പല നാടുകളിലും പല വിധം ആചാരങ്ങള്‍ നടന്ന് വരുന്നു. ഇന്ത്യയില്‍ പുരാതന കാലത്ത് നിലവിലുണ്ടായിരുന്ന രീതികളിലൊന്നാണ് സ്വയംവരം. രാജകുടുംബങ്ങളില്‍ ഈ സമ്പ്രദായം സുപ്രചുരമായിരുന്നു. സീതാ സ്വയംവരം ഉദാഹരണം. ജനകപുത്രിയായ സീത അയോധ്യ രാജകുമാരനായ രാമനെ സ്വയം വരിക്കുകയായിരുന്നുവെന്നാണല്ലോ രാമായണ കഥ.
ഇന്ത്യയില്‍തന്നെ നിലവിലുണ്ടായിരുന്ന മറ്റൊരു ആചാരമായിരുന്നു കന്യാശുല്‍ക്കം. വധുവിന്റെ കുടുംബം വരന് നല്‍കുന്ന സ്ത്രീധനമാണ് കന്യാശുല്‍ക്കം. ഹിന്ദിയില്‍ 'ദഹേജ' എന്ന പേരിലറിയപ്പെടുന്ന ഈ ആചാരം ഹിന്ദുക്കളുടെ ഇടയിലായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഹിന്ദുക്കളില്‍നിന്നാണ് മുസ് ലിംകള്‍ക്കിടയിലേക്ക് സംക്രമിച്ചത്. അടുത്തകാലം വരെ മഹ് ര്‍ എന്ന വധുവിന്റെ വിവാഹമൂല്യം പേരിനും പുരുഷന് നല്‍കേണ്ട സ്ത്രീധനം ദുര്‍വഹവുമായിരുന്നു. പണമായും പൊന്നായും സ്വത്തായുമൊക്കെ നല്‍കപ്പെട്ടിരുന്ന സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഒരു മുഖ്യ കാമ്പയിന്‍ വിഷയമായിരുന്നു.
മഹ് ര്‍ വധുവിന്റെ അവകാശം
വധുവിന് വരന്‍ നല്‍കേണ്ട വിവാഹമൂല്യത്തിനാണ് മഹ് ര്‍ എന്ന് അറബിയില്‍ പറയുന്നത്. ഇസ് ലാമിക ശരീഅത്ത് പ്രകാരം വിവാഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധവും സുപ്രധാനവുമാണിത്. അറേബ്യയില്‍ ഇസ് ലാം പൂര്‍വകാലത്തേ നിലവിലുണ്ടായിരുന്നതാണ് മഹ് ര്‍. എന്നാല്‍ മഹ് ര്‍ എന്ന വാക്ക് ഖുര്‍ആനില്‍ കാണാന്‍ സാധിക്കുകയില്ല. പകരം സദുഖാത്ത് എന്നാണ് ഖുര്‍ആനിലെ പ്രയോഗം. ''സ്ത്രീകള്‍ക്ക് അവരുടെ 'സ്വദഖാത്ത്' നിര്‍ബന്ധമായും നിങ്ങള്‍ നല്‍കുക'' എന്ന അന്നിസാഅ് അധ്യായത്തിലെ സൂക്തം (4) ഉദാഹരണം. ഹദീസുകളില്‍ സ്വദാഖ് എന്നും മഹ് ര്‍ എന്നും പ്രയോഗിച്ചിട്ടുള്ളതായി കാണാവുന്നതാണ്. മുസ്‌നദ് അഹ് മദില്‍ ഇമാം അഹ് മദ് ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെയാണ്: ''ഒരാള്‍ സ്വദാഖ് (വിവാഹമൂല്യം) നിബന്ധനയാക്കി ഒരു സ്ത്രീയെ വേള്‍ക്കുകയും എന്നിട്ടത് കൊടുക്കേണ്ടതില്ലെന്ന് കരുതുകയും ചെയ്താല്‍ അവന്‍ വ്യഭിചാരിയായി.'' വിവാഹവും വ്യഭിചാരവും തമ്മിലുള്ള വിവേചകമാണ് മഹ് ര്‍ എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സ്വദാഖ് അഥവാ മഹ് ര്‍ എന്നാല്‍ പുരുഷ ദാമ്പത്യാവകാശം ലഭിക്കാന്‍ സ്ത്രീക്ക് നല്‍കേണ്ട പകരമാണെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം: 'അവരുമായി ദാമ്പത്യ സുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം (ഉജൂര്‍) നിര്‍ബന്ധമായും നല്‍കേണ്ടതാണ്'' (അന്നിസാഅ് 24).
'നിങ്ങളുടെ ധനം ചെലവഴിച്ച് അവരുടെ വിവാഹം നിങ്ങള്‍ക്ക് തേടാവുന്നതാണ്'' (അന്നിസാഅ് 24).
ഇങ്ങനെ നല്‍കപ്പെടുന്ന മഹ് ര്‍ അത് കൂമ്പാരമാണെങ്കിലും വിവാഹമോചനം നടന്നാലും മടക്കി വാങ്ങാന്‍ അര്‍ഹമല്ലെന്നാണ് ശരീഅത്ത്.
'പരസ്പരം സുഖം പകര്‍ന്നിരിക്കെ നിങ്ങളത് തിരിച്ചുവാങ്ങുന്നതെങ്ങനെ'' (അന്നിസാഅ് 21) എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്.
'ഒരുവള്‍ക്ക് ഒരു കൂമ്പാരം തന്നെ നല്‍കിയാലും നിങ്ങളത് തിരിച്ചുവാങ്ങരുത് (അന്നിസാഅ് 20).
ഇസ് ലാമിലും ഇസ് ലാം പൂര്‍വകാലത്തും
നിലവിലുള്ള ഏത് സമ്പ്രദായവും അത് നല്ലതാണെങ്കില്‍ അംഗീകരിക്കുക എന്നതാണ് ഇസ് ലാം ദീക്ഷിക്കുന്ന തത്ത്വം. ഹസ്രത്ത് മൂസാ നബിക്ക് ഭാര്യാപിതാവ് നിശ്ചയിച്ച വിവാഹമൂല്യം എട്ട് വര്‍ഷത്തെ സേവനമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ജാഹിലിയ്യാ കാലത്തെ മഹ് ര്‍ സമ്പ്രദായം അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. നബിതിരുമേനി ധനാഢ്യയും വര്‍ത്തക പ്രമുഖയുമായ ഖദീജയെ വിവാഹം ചെയ്തപ്പോള്‍ 500 ദിര്‍ഹമിന് തുല്യമായ ഇരുപത് ഊഖിയയാണ് നല്‍കിയതെന്ന് ഹസ്രത്ത് ആഇശയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസില്‍ കാണാം. സ്ത്രീയുടെ ഭാവി സുരക്ഷിതത്വമാണ് ഈ സമ്പ്രദായത്തിന്റെ പിന്നിലെ തത്ത്വമെന്ന് കരുതപ്പെടുന്നു. ഖുലഫാഉര്‍റാശിദുകളുടെ കാലത്തേ കനപ്പെട്ട തുകകള്‍ മഹ് ര്‍ ആയി നല്‍കപ്പെട്ടതായി ചരിത്രത്തില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. ഖലീഫാ ഉമറിന്റെ കാലത്ത് അത് ദുര്‍വഹമായി വര്‍ധിച്ചപ്പോള്‍ അദ്ദേഹം അതിന് പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞതും 'ഒരു കൂമ്പാരം നല്‍കിയാലും' എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ട് ഒരു സ്ത്രീ അതിനെ ചോദ്യം ചെയ്തതും ചരിത്ര പ്രസിദ്ധമായ സംഭവമത്രെ.
നാമമാത്ര മഹ് ര്‍
ഉത്തരേന്ത്യയില്‍ പേരിന് മാത്രം വിവാഹ ചടങ്ങില്‍ മഹ് ര്‍ പറയുകയും പിന്നീടത് നല്‍കാതിരിക്കുകയും ചെയ്യുന്ന പതിവ് വ്യാപകമായിരുന്നുവത്രെ. ഇതിനെ കുറിച്ചാണ് മൗലാനാ മൗദൂദി ഇങ്ങനെ എഴുതിയിട്ടുള്ളത്:
ഈ രാജ്യത്തെ മുസ് ലിംകള്‍ മഹ്‌റിനെ പൊതുവെ ഒരു ചടങ്ങായി മാത്രമാണ് മനസ്സിലാക്കുന്നത്. ഖുര്‍ആനിലും ഹദീസിലും അതിന് നല്‍കപ്പെട്ട പ്രാധാന്യം അവരുടെ ദൃഷ്ടിയില്‍ ഒട്ടുമേ ഇല്ല. നികാഹിന്റെ സന്ദര്‍ഭത്തില്‍ തീര്‍ത്തും ഒരു കാട്ടിക്കൂട്ടല്‍ പോലെയാണ് അതിനെ കുറിച്ചു തീരുമാനിക്കുന്നത്. പൂര്‍ത്തിയാക്കേണ്ട തീരുമാനമാണതെന്ന സങ്കല്‍പമേ അതിനെ കുറിച്ചു അവരുടെ മനസ്സിലില്ല. 'ആര് കൊടുക്കാന്‍, ആര് എടുക്കാന്‍ എന്ന് അതേക്കുറിച്ച് സംഭാഷണങ്ങളില്‍ നാം കാത്‌കൊണ്ട് കേട്ടിട്ടുള്ളതാണ്. കോളം പൂരിപ്പിക്കുന്ന ഒരു പണി എന്ന് മാത്രം. 80 ശതമാനം വിവാഹങ്ങളിലും മഹ് ര്‍ തീരെ കൊടുത്തുവീട്ടാറില്ലെന്നാണ് നമ്മുടെ അറിവ്. വിവാഹമോചനം തടയാനുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ് മഹ് ര്‍ സംഖ്യ നിര്‍ണയിക്കുമ്പോള്‍ മിക്കവരും പരിഗണിക്കുന്നത്. അങ്ങനെ, കിട്ടേണ്ട നിയമപരമായൊരവകാശം ഫലത്തില്‍ ഇല്ലാത്തപോലെയാകുന്നു. ഏതൊരു ശരീഅത്തിന്റെ പേരിലാണോ പുരുഷന് സ്ത്രീ ഹലാലാകുന്നത് എന്ന് ഇവര്‍ മനസ്സിലാക്കുന്നത് ആ ശരീഅത്ത് സ്ത്രീയുടെ ഗുഹ്യസ്ഥാനം ഹലാലാകുന്നതിന് നിശ്ചയിച്ച പകരമാണ് മഹ് ര്‍ എന്ന സംഗതി ഇവര്‍ ഗൗരവത്തിലെടുക്കുന്നില്ല. ഇത്രമാത്രം താറുമാറായി കഴിഞ്ഞ സമൂഹത്തില്‍ ശരീഅത്തിന്റെ ചൈതന്യത്തിനും വിധികള്‍ക്കും തീര്‍ത്തും വിരുദ്ധമായ രൂപങ്ങള്‍ സ്വീകരിച്ച സമ്പ്രദായങ്ങള്‍ ശരീഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമാകുന്നത് എങ്ങനെ ശരിയാകും എന്ന് മനസ്സിലാക്കുക നമ്മെ സംബന്ധിച്ചേടത്തോളം പ്രയാസകരമാണ്. നടപ്പു രീതികള്‍ക്ക് പിന്തു നല്‍കിക്കൊണ്ട് നിയമജ്ഞര്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന കാലത്ത് അവരുടെ സമൂഹങ്ങള്‍ തകരാറാവുകയോ അവിടത്തെ സമ്പ്രദായങ്ങള്‍ ശരീഅത്തിന് വിരുദ്ധമാവുകയോ ചെയ്തിരുന്നില്ല. അവര്‍ എഴുതിയതൊക്കെയും സംസ്‌കൃതമായ ഒരു സമൂഹത്തെയും അവിടത്തെ സമ്പ്രദായങ്ങളെയും മുമ്പില്‍ വെച്ചുകൊണ്ട് മാത്രമായിരുന്നു. അവരുടെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഒരു മുഫ്തിക്കും തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ സാധ്യമല്ല. ഫത് വ നല്‍കുന്നതിന് മുമ്പ് ശരീഅത്ത് തത്ത്വങ്ങളുടെ വെളിച്ചത്തില്‍ അവരുടെ വാചകങ്ങള്‍ നന്നായി മനസ്സിലാക്കുകയും അവര്‍ അത് എഴുതിയ കാലത്തെ സ്ഥിതിഗതികള്‍ ഇന്നത്തെ അവസ്ഥകളില്‍നിന്ന് ഭിന്നമല്ലേ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടതാകുന്നു
(തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1943 ജൂലൈ- ആഗസ്റ്റ്).