യു.കെ
യു.കെയിലെ മുസ്്ലിം സമൂഹം വിവിധ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവരാണ്. അതിനാല്‍ മഹ്റിന്റെ രൂപത്തിലും തുകയിലും സാംസ്‌കാരിക വൈവിധ്യം വ്യക്തമായി കാണാം. സാംസ്‌കാരിക പശ്ചാത്തലം, കുടുംബപരമായ ധാരണ, സാമ്പത്തിക സാഹചര്യം എന്നിവയെ ആശ്രയിച്ചാണ് മാറ്റങ്ങള്‍. എങ്കിലും, മഹ്‌റിന്റെ അടിസ്ഥാന സിദ്ധാന്തം വധുവിനോടുള്ള ബഹുമാനവും അവളുടെ സുരക്ഷയും ഉറപ്പാക്കുക എന്നു തന്നെയാണ്.
പാകിസ്താന്‍, ബംഗ്ലാദേശ് മുസ്ലിംകള്‍ സാധാരണയായി സ്വര്‍ണം, പണത്തുക, ചിലപ്പോള്‍ വലിയ തുകകള്‍ പോലും മഹ് റായി നിശ്ചയിക്കാറുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ പലപ്പോഴും ലളിതമായ പണത്തുകയോ ആഭരണമോ മഹ്റായി നിശ്ചയിക്കുന്നു. ചിലര്‍ ആത്മീയ മൂല്യമുള്ള ചെറുതായ മഹ്റിനാണ് മുന്‍ഗണന നല്‍കുന്നത്. ഇവിടെയുള്ള അറബ് മുസ്ലിംകള്‍ സ്വര്‍ണം, ആഭരണങ്ങള്‍, ചിലപ്പോള്‍ വീട് അല്ലെങ്കില്‍ വിലയേറിയ വസ്തുക്കളോ മഹ്‌റായി നല്‍കാറുണ്ട്. ആഫ്രിക്കന്‍ മുസ്ലിം സമൂഹം കന്നുകാലികള്‍, ഭൂമി, പണം എന്നിവ മഹ്റായി നല്‍കുന്ന പതിവുമുണ്ട്. യുകെയില്‍ ജനിച്ചു വളര്‍ന്ന പുതിയ തലമുറ ലളിതമായോ പ്രതീകാത്മകമായോ മഹ് ര്‍ തെരഞ്ഞെടുക്കുന്നു. ചിലപ്പോള്‍ ചെറിയൊരു തുകയോ ഒരു ഖുര്‍ആന്‍ കോപ്പിയോ പോലെയുള്ള ആത്മീയ സമ്മാനമാണ് നല്‍കുന്നത്.
ഏറ്റവും സാധാരണമായി മഹ് ര്‍ രൂപം പണമാണ്. £500 മുതല്‍ £5000 വരെ, ചിലപ്പോള്‍ അതിലും കൂടുതലായി തുക നിശ്ചയിക്കാറുണ്ട്. കുടുംബങ്ങളുടെ സാമ്പത്തിക ശേഷിയും സമൂഹത്തിലെ പതിവുകളും ഇതില്‍ സ്വാധീനിക്കുന്നു. വീടിന്റെ ഉടമസ്ഥാവകാശം, ഭൂമി, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥിര സ്വത്ത് എന്നിവയും മഹ്‌റായി നല്‍കാറുണ്ട്. ഇത് കൂടുതലായി അറബ് സമ്പന്ന കുടുംബങ്ങളില്‍ കാണപ്പെടുന്നു.
പലപ്പോഴും മഹ്‌റിന്റെ ഒരു ഭാഗം ഉടന്‍ നല്‍കുകയും, ശേഷിക്കുന്നത് ഭാവിയിലേക്ക് മാറ്റിവെക്കുകയും ചെയ്യുന്ന പതിവുണ്ട്. വിവാഹ വേര്‍പാട് അല്ലെങ്കില്‍ മറ്റ് സാഹചര്യങ്ങളില്‍ വധുവിന്റെ അവകാശമായി അത് നിലനില്‍ക്കും.
യുകെയില്‍ വളര്‍ന്നവര്‍ മതത്തിന്റെ യഥാര്‍ഥ പഠനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും ''ലളിതമായ മഹ് ര്‍ മതപരമായി മതിയാകും'' എന്ന ആശയം സ്വീകരിക്കുകയും ചെയ്യുന്നു. ഭൗതിക മൂല്യം കുറച്ച്, ബഹുമാനവും ആത്മീയ മൂല്യവും മുന്‍നിര്‍ത്തുന്നു. മഹ്ര് തുക കൂടുതലായാല്‍ വിവാഹം വൈകുകയോ പ്രയാസപ്പെടുകയോ ചെയ്യുമെന്ന് കരുതി അവര്‍ മിതമായ മഹ് ര്‍ പിന്തുടരുന്നു.
പുതിയ തലമുറ പ്രായോഗികതക്കും സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരാണ്. പലരും മഹ് റിനെ വധുവിന്റെ സുരക്ഷയ്ക്കും അവകാശത്തിനുമായി മതപരമായ നിര്‍ബന്ധിതമായ ഒരു ബാധ്യത എന്ന നിലയില്‍ മാത്രം കാണുന്നു. ചിലര്‍ ''വലിയ മഹ്ര് ആവശ്യപ്പെടുന്നത് വിവാഹത്തെ ഭാരമുള്ളതാക്കുന്നു'' എന്ന ചിന്തയില്‍, ലളിതവും നീതിപൂര്‍വവുമായ മഹ് ര്‍ നിലനിര്‍ത്തുന്നു. എന്നാല്‍, സാംസ്‌കാരിക ആചാരങ്ങളില്‍നിന്ന് മതബോധത്തിലേക്കുള്ള മാറ്റം, പാരമ്പര്യമായി സ്വര്‍ണം, പ്രോപ്പര്‍ട്ടി തുടങ്ങിയ വലിയ തുകകള്‍ മഹ്റായി ആവശ്യപ്പെടുന്ന പതിവ് മങ്ങുകയാണ്. മതപഠനവും ഇസ്ലാമിക മൂല്യങ്ങളും മുന്‍നിര്‍ത്തി, മിതമായതോ പ്രതീകാത്മകമായതോ ആയ മഹ് ര്‍ അവര്‍ തെരഞ്ഞെടുക്കുന്നു.
വിവാഹം വൈകിപ്പിക്കുന്നതിനും സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വലിയ മഹ് ര്‍ കാരണമാകുന്നു എന്ന് പുതിയ തലമുറ മനസ്സിലാക്കിയിട്ടുണ്ട്.
യു.കെയിലെ തലമുറകളിലെ വ്യത്യാസം നോക്കുമ്പോള്‍, മഹ് ര്‍ മാത്രമൊരു സാമ്പത്തിക ബാധ്യത അല്ല, മറിച്ച് സമൂഹത്തിലെ മാറ്റങ്ങളുടെയും മതബോധത്തിന്റെയും പ്രതിഫലനമാണ്. കുടുംബ സമ്മര്‍ദം കാരണം യുവാക്കള്‍ക്ക് അവരുടെ ലളിതമായ ആശയം നടപ്പാക്കാന്‍ ചിലപ്പോള്‍ പ്രയാസമുണ്ടാകുന്നു. അതിനാല്‍, മതബോധവും സാംസ്‌കാരിക ബഹുമാനവും ഒരുപോലെ പരിഗണിക്കുന്ന രീതിയില്‍ സമൂഹത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. മഹ് ര്‍ ബഹുമാനത്തിന്റെ അടയാളവും വധുവിന്റെ അവകാശവുമായി തുടരുന്നുവെങ്കിലും, അതിന്റെ രൂപത്തില്‍ തലമുറകളുടെ വ്യത്യാസം വ്യക്തമാണ്.
കേംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, യു.കെയിലെ ശരാശരി മഹ് ര്‍ തുക ഏകദേശം £3,000 മുതല്‍ £4,000 വരെയാണ്. കുടുംബങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലവും സാമ്പത്തിക സാഹചര്യവും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവും. WellWishers UK പോലുള്ള സര്‍വകലാശാല/ഇസ്ലാമിക സംഘടനകള്‍ 'Mahr al-Azwaj' ശൈലിയിലുള്ള ഇസ്ലാമിക ശിപാര്‍ശകളും സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കി പൊതുവായ മഹ് ര്‍ നിരക്കുകള്‍ ഒരുക്കുന്നു. ഏകദേശം £1,300 £1,600 വരെയുള്ള ശുപാര്‍ശ-മഹ് ര്‍ മൂല്യങ്ങള്‍ കാണപ്പെടുന്നു.
പൊതുവായ ബഹുസ്വര സര്‍വേകള്‍ മഹ് ര്‍ തുക സംബന്ധിച്ച് പ്രത്യേക ജാതികള്‍ക്ക് പ്രത്യേകമായി വിവരങ്ങള്‍ പങ്കുവെക്കാറില്ല.
ബ്രിട്ടീഷ് പാകിസ്താനി ദമ്പതികള്‍ സാധാരണയായി £2,000 മുതല്‍ £4,000 വരെയുള്ള പരിധിയിലാണ് മഹ് ര്‍ നിശ്ചയിക്കാറുള്ളത്. കുറഞ്ഞതോ മിതമായതോ ആയ സാമ്പത്തികമുള്ള ദമ്പതികള്‍ £1,000-£2,000 വരെ മഹ് ര്‍ നിശ്ചയിക്കും.
ബ്രിട്ടീഷ് ബംഗ്ലാദേശി ആളുകളില്‍ സാമൂഹികമായി 'പ്രദര്‍ശന' ഘടകങ്ങള്‍ കൂടുതലുള്ളവര്‍ ചിലപ്പോള്‍ £3,000 മുതല്‍ £5,000 വരെ മഹ് ര്‍ നല്‍കാറുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ഇതിന്റെ പരിധി £1,500-£3,000 ആണ്.
ബ്രിട്ടീഷ് ഇന്ത്യന്‍ ജനതക്കിടയില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളര്‍ന്നവരെ അടിസ്ഥാനമാക്കി, മഹ് ര്‍ £2,000 മുതല്‍ £4,000 വരെയും ചിലപ്പോള്‍ £5,000നേക്കാള്‍ ഉയരുന്നതും കണ്ടിട്ടുണ്ട്. ബ്രിട്ടനിലെ മുസ്ലിം സമൂഹത്തില്‍ വിവാഹം ഒരു സാമൂഹികവും മതപരവുമായ ഘടകമാണ്. വിവിധ ദേശീയതകളുടെയും സാംസ്‌കാരിക പശ്ചാത്തലങ്ങളുടെയും സംയോജനം ഇവിടെയുള്ള വിവാഹച്ചടങ്ങുകളില്‍ പ്രതിഫലിക്കുന്നു.
വീട്ടിലോ മസ്ജിദിലോ ഹാളുകളിലോ ആയി നടത്തപ്പെടുന്ന നികാഹില്‍ ഇമാം ദമ്പതികളുടെ സമ്മതവും സാക്ഷികളുടെ സാന്നിധ്യവും ഉറപ്പാക്കുന്നു. നികാഹ് കഴിഞ്ഞാല്‍ ഇസ്ലാമിക നിയമപ്രകാരം വിവാഹിതരായിരിക്കുകയാണ്, പക്ഷേ യു.കെയില്‍ നിയമപരമായ അംഗീകാരം ലഭിക്കാന്‍ സിവില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ബ്രിട്ടനില്‍ മഹ് ര്‍ വിവാഹമോചനത്തിനുശേഷം നല്‍കുന്ന രീതി സാധാരണമാണ്.
ബ്രിട്ടനിലെ മസ്ജിദുകളില്‍ നടക്കുന്ന നികാഹുകളില്‍ നികാഹ് നാമ (വിവാഹ കരാര്‍ - രേഖ) തയാറാക്കും. ഇതില്‍ മഹ് ര്‍, തുക, വിധം, നല്‍കുന്ന സമയം എന്നിവ രേഖപ്പെടുത്തും. എന്നാല്‍, ഈ രേഖക്ക് യു.കെ നിയമത്തില്‍ സ്വതന്ത്രമായ വിവാഹപരിരക്ഷ കിട്ടില്ല.
യു.കെ മാരേജ് ലോ പ്രകാരം മുസ്ലിം നികാഹ് മാത്രം നിയമപരമായി വിവാഹമായി അംഗീകരിക്കപ്പെടുന്നില്ല. സിവില്‍ മാരേജ് രജിസ്ട്രേഷന്‍ വേണം. മഹ് ര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഫാമിലി കോര്‍ട്ടില്‍ എത്തിച്ചാല്‍ ചിലപ്പോള്‍ കോടതി അത് കരാറായി പരിഗണിക്കും. എന്നാല്‍, എപ്പോഴും എന്‍ഫോഴ്സ് ചെയ്യണമെന്നില്ല. അതിനാല്‍, ശരീഅ കൗണ്‍സില്‍ മഹ് ര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഗണിക്കുന്നു.
പല സ്ത്രീകള്‍ക്കും നികാഹ് മാത്രമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ യു.കെ നിയമത്തില്‍ വിവാഹാവകാശങ്ങള്‍ നഷ്ടപ്പെടും.
യു.എ.ഇ
- അബ്്ദു ശിവപുരം
യു.എ.ഇയിലെ വിവാഹ ആചാരങ്ങളും സമ്പ്രദായങ്ങളും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ബദവി കാലഘട്ടം മുതല്‍ അടിത്തറ പാകിയ തനത് സമ്പ്രദായത്തിന്റെ പൈതൃകങ്ങളില്‍ തന്നെയാണ് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷവും ഇവ നിലനില്‍ക്കുന്നതെങ്കിലും, ആധുനിക ജീവിത ശൈലികള്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
വരന്റെ പിതാവ് വധുവിന്റെ പിതാവിനോട് അന്വേഷണമാരംഭിക്കുന്നതോടെയാണ് വിവാഹത്തുടക്കം. വധുവിന്റെ കുടുംബക്കാര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ പാരിതോഷികങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഇസ് ലാമിക വിവാഹ സമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇസ്ലാമിക നിയമമനുസരിച്ചുള്ള ഔദ്യോഗിക നികാഹ് സാധാരണ കല്യാണ ദിവസം തന്നെയാണ് നടക്കാറ്. ഖാദിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ഇത് നടക്കാറുള്ളത്.
വിവാഹത്തിനിവിടെയും അടിസ്ഥാന നിബന്ധനകളില്‍ 'മഹ് ര്‍' (വിവാഹമൂല്യം) വരുന്നു. മഹ് ര്‍ വരന്‍ വധുവിന്റെ പിതാവ് മുഖേനയാണ് നല്‍കുന്നത്. ഇത് വലിയ തുകയോ സ്വര്‍ണാഭരണങ്ങളോ ആയിരിക്കും. ഒട്ടകങ്ങളെ നല്‍കുന്ന പതിവുമുണ്ട്.
ഒരാഴ്ചയോളം നീണ്ടുനില്‍ക്കാവുന്ന വിവാഹാഘോഷങ്ങളില്‍ പരമ്പരാഗത നാടന്‍ പാട്ടുകളും അയാല, റസ്ഫ: നാടോടി നൃത്തങ്ങളും കടന്നുവരുന്നു.
മൈലാഞ്ചി രാത്രി
വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് മൈലാഞ്ചി രാത്രി. വധുവും അവളുടെ അടുത്ത ബന്ധുക്കളും സ്‌നേഹിതകളും പങ്കെടുക്കുന്ന ആ രാത്രിയില്‍ കൈയിലും പാദങ്ങളിലുമായി മൈലാഞ്ചി കൊണ്ട് അലങ്കരിക്കുന്നു. ഇതോടനുബന്ധിച്ച് ഗാനങ്ങളും നാടോടിനൃത്തങ്ങളും സമൃദ്ധമായ ഭക്ഷണങ്ങളുമുണ്ടാവും. ആധുനിക കാലഘട്ടത്തില്‍ കല്യാണാഘോഷങ്ങള്‍ക്കും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തനത് ആചാര സമ്പ്രദായങ്ങള്‍ക്കൊപ്പം ആധുനിക സാങ്കേതികതകളുടെ പ്രകടനവും കാണാം. യു.എ.ഇയിലെ കല്യാണാവസരങ്ങളിലെല്ലാം തങ്ങളുടെ തനത് പൈതൃകങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.
മന്‍ദോസ്
മേത്തരം മരത്തടിയില്‍ നിന്ന് നിര്‍മിച്ചെടുത്ത മരപ്പെട്ടിയാണിത്. സവിശേഷവും വ്യതിരിക്തവുമായ അലങ്കാരങ്ങളോടെയാണിത് പണിതെടുക്കുന്നത്. വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മുതല്‍ അമൂല്യമായ സാധനങ്ങളാണ് ഇതില്‍ സൂക്ഷിക്കപ്പെടുന്നത്. പൈതൃകമെന്ന നിലയില്‍ ഇന്നും ഇത് നിലനില്ക്കുന്നുണ്ട്.
മലേഷ്യ
-ഹുസ്‌ന മുംതാസ്
മലായ് ഭാഷയില്‍ മഹ്റിന് മസ്‌കഹ് വിന്‍ എന്നാണ് പറയുക. സാധാരണ ഗതിയില്‍ പണമോ സ്വര്‍ണമോ മറ്റു മൂല്യമുള്ള വസ്തുക്കളോ മസ്‌കഹ് വിന്‍ ആയി വരന്‍ വധുവിന് വിവാഹ സമയത്ത് കൈമാറും. ഇസ്്ലാമിക നിയമം അനുശാസിക്കുന്നതിനു പുറമെ മലായ് സംസ്‌കാരത്തില്‍ ആഴത്തില്‍ ഇഴചേര്‍ന്ന ഒരു ആചാരം കൂടിയാണിത്.
മലേഷ്യയിലെ എല്ലാ സ്റ്റേറ്റിലും ഗവണ്മെന്റ് നിശ്ചയിച്ച മഹ് ര്‍ തുകയുണ്ട്. കുറഞ്ഞത് ആ തുക മഹ് ര്‍ ആയി നല്‍കിയിരിക്കണം എന്നത് നിയമമാണ്. മജ്ലിസ് അഗാമ ഇസ്ലാം നെഗേരി എന്ന ഗവണ്മെന്റ് സ്ഥാപനമാണ് തുക നിശ്ചയിക്കുന്നത്. ഈ തുകകള്‍ സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു - ഉദാഹരണത്തിന്, തെരെന്‍ഗാനുവില്‍ RM100, സെലാങ്കോറിലും ഫെഡറല്‍ പ്രദേശങ്ങളിലും RM300 എന്നിങ്ങനെ. മഹ് ര്‍ ഒരു ഭാരമാവാതിരിക്കാന്‍ ചെറിയ തുകകളാണ് ഇങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അത് സ്ത്രീക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ മാത്രം വലുതല്ല.
മസ്‌കഹ് വിനൊപ്പം ഹന്തരന്‍ എന്ന സമ്പ്രദായവും മലേഷ്യയിലുണ്ട്. വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പണം, വിലയേറിയ വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങള്‍ നിറച്ച ഒരു ട്രേ വധുവിന്റെ കുടുംബത്തിന് വരന്‍ കൈമാറുന്നതാണ് ഹന്തരന്‍. മസ്‌കഹ് വിന്‍ നിയമപരവും മതപരവുമായ ഒരു ആവശ്യകതയാണെങ്കിലും, ഹന്തരന്‍ സാംസ്‌കാരികമാണ്. - പ്രായോഗികമായി, പണ മൂല്യത്തിലും സാമൂഹിക ശ്രദ്ധയിലും ഹന്തരന്‍ പലപ്പോഴും മഹ്റിനെ മറികടക്കുന്നു.
മലേഷ്യയില്‍, ഇസ് ലാമിക കുടുംബ നിയമം സംസ്ഥാന അധികാരപരിധിയിലാണ്. ഓരോ സംസ്ഥാനവും അവരുടേതായ ഇസ് ലാമിക കുടുംബ നിയമങ്ങള്‍ നടപ്പാക്കുന്നു, മസ്‌കഹ് വിന്‍ വിവാഹ കരാറില്‍ രേഖപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നു. അത് മാറ്റിവയ്ക്കുകയും പിന്നീട് നല്‍കാതിരിക്കുകയും ചെയ്താല്‍, ഭാര്യക്ക് ശരീഅ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ കഴിയും, ഭര്‍ത്താവിനോട് പണം നല്‍കാന്‍ കോടതികള്‍ ഉത്തരവിട്ടേക്കാം, വിവാഹമോചന കേസുകളില്‍, മഹ് ര്‍ പലപ്പോഴും ഒത്തുതീര്‍പ്പ് നടപടികളുടെ ഭാഗമാണ്. ഈ നിയമപരമായ അംഗീകാരം മഹ് ര്‍ വെറും പ്രതീകം മാത്രമല്ല എന്ന് ഉറപ്പാക്കുന്നു. പക്ഷേ, താരതമ്യേന ചെറിയ തുകകള്‍ പലപ്പോഴും അതിന്റെ സാമ്പത്തിക പങ്ക് പരിമിതപ്പെടുത്തുന്നു.
മിക്ക മലേഷ്യന്‍ സ്ത്രീകള്‍ക്കും RM 22.50 നും RM 350 നും ഇടയില്‍ മസ് കഹ് വിന്‍ ലഭിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വിവാഹമോചനത്തിന്റെയോ വിധവയുടെയോ കാര്യത്തില്‍ അത്തരം തുകകള്‍ ഒരു സാമ്പത്തിക സുരക്ഷാ വലയമല്ല. ഭാര്യക്ക് സുരക്ഷ നല്‍കുക എന്ന മഹ്റിന്റെ യഥാര്‍ഥ ആത്മാവ് പ്രായോഗികമായി നേര്‍പ്പിച്ചിട്ടുണ്ടെന്ന് മലേഷ്യയിലെ മഹ് ര്‍ രീതിയെ കുറിച്ച് പല പണ്ഡിതന്മാരും വിമര്‍ശിക്കുന്നുണ്ട്. ഇസ്്ലാം മഹ്റിനെ അര്‍ഥവത്തായ അവകാശമായി രൂപപ്പെടുത്തുമ്പോള്‍, മലേഷ്യന്‍ ആചാരം അതിനെ ഒരു മിതമായ അടയാളമായി ചുരുക്കിയിരിക്കുന്നു, വിവാഹങ്ങളില്‍ ഹന്തരന്‍ കൂടുതല്‍ ഭാരം വഹിക്കുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍, സാമ്പത്തിക സുരക്ഷ, കുടുംബ നിയമം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആധുനിക മലേഷ്യയില്‍, നിലവിലെ മഹ് ര്‍ സമ്പ്രദായം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. മഹ് ര്‍തുക സ്ത്രീക്ക് യഥാര്‍ഥ സാമ്പത്തിക സുരക്ഷയെ പ്രതിഫലിപ്പിക്കണോ, അതോ അതിന്റെ പ്രതീകാത്മകമായ ലാളിത്യം തുടരണോ എന്നത് ഇപ്പോഴും പ്രസക്തമായ ചര്‍ച്ചയാണ്.
തുര്‍ക്കി
- ഹംദ സഹ്റത്ത്
എട്ടാമത്തെ വര്‍ഷത്തിലേക്ക് കടക്കുകയാണ് ഞാന്‍ തുര്‍ക്കിയില്‍. ഈ കാലയളവില്‍ തന്നെ ഒരുപാട് വിവാഹങ്ങള്‍ കൂടാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ ചില മലയാളി സുഹൃത്തുക്കള്‍ തുര്‍ക്കിയിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചിട്ടുമുണ്ട്, അതുപോലെത്തന്നെ വേറെ രാജ്യക്കാരും തുര്‍ക്കികളുമായുള്ള വിവാഹത്തിലും പങ്കെടുക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ മുസ് ലിം വിവാഹ രീതികളെക്കുറിച്ച് പറയുകയാണെങ്കില്‍ ആദ്യം വാക്കുകൊടുക്കാന്‍ അഥവാ സോസ് (Soz) എന്ന് പറയും. ഇവിടെ, വരന്റെ വീട്ടുകാരും അടുത്ത കുടുംബാംഗങ്ങളും വധുവിന്റെ വീട്ടില്‍ ചെന്ന് സമ്മാനങ്ങള്‍ കൈമാറും. ചില സമയങ്ങളില്‍ മോതിരമാറ്റ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. നല്ല തുര്‍ക്കിഷ് കാപ്പിയും ചെറിയ പലഹാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ബക്ലാവ, കുനാഫ, ലോക്മാ പോലുള്ളവ.
ഇതിന് ശേഷം വിവാഹ തീയതി നിശ്ചയിക്കുന്നതാണ്. നിശ്ചയത്തിനു ശേഷം വിവാഹത്തലേന്ന് (കിനാ ഗേജേസി) മെഹന്തി നൈറ്റ് പോലുള്ള പരിപാടി ഉണ്ടാവും. ഇതില്‍ വധുവിന്റെ അടുത്ത പെണ്‍സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രമേ ഉണ്ടാകൂ.
അടുത്ത ദിവസം നിക്കാഹ് മെറാസിമി (Nikah Merasimi) ഉണ്ടാകും. ഇതെല്ലാം വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ഉണ്ടാവുക. നമ്മുടെ നാട്ടിലെ ബിഹാറിലും കോഴിക്കോടും തമ്മില്‍ വിവാഹച്ചടങ്ങുകളില്‍ ഉണ്ടാകുന്ന വ്യത്യാസം പോലെത്തന്നെ ഇവിടെയും വ്യത്യാസമുണ്ട്. മെറാസിമില്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരിക്കുന്നതാണ്, പാട്ടും ഡാന്‍സും മേളവും എല്ലാം ഉണ്ടാകും. സാധാരണ വധു വെള്ള വസ്ത്രമാണ് ധരിക്കാറുള്ളത്. വരന്‍ സ്യൂട്ടും കോട്ടും. ഇതും മാറും സ്ഥലമനുസരിച്ച്. ഈ ദിവസം പൊതുവെ എല്ലാവരും ഒരു 'നിക്കാഹ് സലൂണ്‍' അഥവാ കല്യാണ മണ്ഡപത്തില്‍ വെച്ചാണ് നടത്താറുള്ളത്.
മഹ്റിന്റെ കാര്യമാണെങ്കില്‍ വരന്‍ അത് സ്വര്‍ണമായോ അതോ കാറോ അതുമല്ലെങ്കില്‍ ഒരു സമ്മാനമായോ ആണ് കൊടുക്കുക. ഇത് വധൂവരന്‍മാര്‍ തമ്മില്‍ നിശ്ചയിച്ചതാവാം അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചുറപ്പിച്ചതുമാവാം. മഹ്റിന്റെ മുഴുവന്‍ അവകാശി വധു തന്നെ എന്നതില്‍ സംശയമില്ല.
എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തിന് അവള്‍ ആവശ്യപ്പെട്ടതും വരന്‍ കൊടുത്തതും ഇത്രയായിരുന്നു: ഒരു കാറും അതിന്റെ കൂടെ ഒരു ഖുര്‍ആനും ആയിരുന്നു. ഇസ്തംബൂളിലെ ഒരു സുഹൃത്തിന്റെ നിക്കാഹ് കഴിഞ്ഞ മാസമായിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം വധുവിന് നല്‍കിയത് 3,47,194 തുര്‍ക്കി ലിറ ആയിരുന്നു. ഇത് നമ്മുടെ നാട്ടിലെ 7,40,959 രൂപയോളം വരും. അദ്ദേഹം ഇത് സ്വര്‍ണമായിട്ടാണ് കൊടുത്തത്. നാണയമായിട്ടും നല്‍കാം. 11 നാണയമാണ് സാധാരണ രീതിയില്‍ ഇവിടെ നല്‍കാറുള്ളത്. ഇതിലും മാറ്റങ്ങള്‍ വരാം. ഓരോ ജില്ലയിലും വ്യത്യാസം സ്വാഭാവികം.
മേല്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഇസ് ലാമിക രീതിയിലാണ് നടക്കുന്നത്. ഇവിടെ എല്ലാവരും ഈ രീതി അല്ല അവലംബിക്കുന്നത്. ഒരുപാട് ആര്‍ഭാടവും ഉള്ള വിവാഹങ്ങളും ഉണ്ട് തുര്‍ക്കിയില്‍. എന്നിരുന്നാലും ഒരു സാധാരണ മുസ് ലിം കുടുംബത്തിലെ നിക്കാഹിന്റെ രീതിയാണ് ഞാന്‍ പറഞ്ഞത്. നിക്കാഹ് സലൂണില്‍ തന്നെ പള്ളി ഇമാമും വധുവിന്റെ വലിയ്യും വരനും ചേര്‍ന്നിട്ടാണ് നിക്കാഹ്. നമ്മുടെ നാട്ടിലെന്ന പോലെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതില്‍ പങ്കെടുക്കുന്നതാണ്.