ഖുര്‍ആന്റെ ദര്‍ശനപരതയെ മലയാളഭാവനയിലേക്കും വായനയിലേക്കും
കൊണ്ടുവന്ന മരണപര്യന്തം എന്ന നോവലിന്റെ രചയിതാവ്
എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ശംസുദ്ദീന്‍ മുബാറക്
മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. മലയാള മനോരമ ദിനപ്രത്തിന്റെ മലപ്പുറം എഡിഷനില്‍ ചീഫ് സബ് എഡിറ്റര്‍.
'മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പുരസ്‌കാരം ലഭിച്ചു. രണ്ടാമത്തെ നോവല്‍ 'ദാഇശ്' 2020-ല്‍ മനോരമ ബുക്സ് പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലയുടെ സ്‌നേഹക്കഥകളുടെ സമാഹാരമായ 'മലപ്പുറം മനസ്സ്' 2023-ല്‍ ബുക് പ്ലസ് പ്രസിദ്ധീകരിച്ചു. മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'Breathless Beyond' (Bookplus-2024), കന്നഡ പരിഭാഷ 'മരണോത്തര സഞ്ചാര' (ചിഗ്‌റു പബ്ലിക്കേഷന്‍-2024) എന്നിവ പുറത്തിറങ്ങി.
പത്രപ്രവര്‍ത്തന മികവിന് നാഷനല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ മാനവസേവ മാധ്യമ പുരസ്‌കാരം, ഓയിസ്‌ക ഇന്റര്‍നാഷനല്‍ വുമന്‍സ് ചാപ്റ്ററിന്റെ യൂത്ത് മീഡിയാ അവാര്‍ഡ്, സായിസേവ സമിതിയുടെ സായിസേവാ മാധ്യമ അവാര്‍ഡ് എന്നിവ നേടി.
എഴുത്തിന്റെ വിചിത്രമായ രണ്ടു കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവം മറ്റൊന്നിനും ലഭിക്കില്ലെന്ന് പറയുന്നത് അതിശയോക്തിയായി ചിലപ്പോള്‍ തോന്നിയേക്കാം. എഴുത്തിന്റെ രണ്ടു കാലങ്ങള്‍ എനിക്കനുഭവപ്പെട്ടത് തികച്ചും വ്യത്യസ്തമാണ്. ഒന്ന് ഭയത്തിന്റേതും മറ്റൊന്ന് സന്തോഷത്തിന്റേതും. ഒന്ന് പ്രസിദ്ധീകരണത്തിന് മുമ്പും മറ്റൊന്ന് പ്രസിദ്ധീകരണത്തിനു ശേഷവും.
2018-ലാണ് എന്റെ ആദ്യ നോവല്‍ 'മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍' ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. മരിച്ച തയ്യിലപ്പറമ്പില്‍ ബഷീര്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവ് അനുഭവിച്ച അലൗകിക ജീവിതത്തെക്കുറിച്ച് എഴുതിയ ഡയറിക്കുറിപ്പുകളാണ് ഈ നോവല്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്താണ് ബഷീറിനെ മരണം കീഴടക്കിയത്. ഒരുപാട് സ്വപ്നങ്ങള്‍ നിറച്ച പെട്ടിയുമായി ഗള്‍ഫില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കുറച്ചുകാലം ജീവിക്കണമെന്ന ബഷീറിന്റെ മോഹത്തെയാണ് മരണം പെട്ടെന്നു തട്ടിയെടുത്തത്.
മരണത്തെ മുഖാമുഖം കാണുന്നതു മുതലാണ് ബഷീര്‍ തന്റെ ഡയറിയെഴുത്ത് തുടങ്ങുന്നത്. മരണവീട്ടിലെ സ്വാഭാവികമായ കരച്ചിലുകളും ആര്‍ത്തനാദങ്ങളും കേട്ട് കുഴിമാടത്തിലേക്കു പോകുന്നതും അവിടെ മുമ്പ് മരിച്ചുപോയ പലരെയും കണ്ടുമുട്ടുന്നതും തിരിച്ചു ഭൂമിയിലേക്കു വന്നു കുടുംബാംഗങ്ങളെയും നാട്ടുകാരെയും സന്ദര്‍ശിക്കുന്നതും ഡയറിക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കാലങ്ങള്‍ക്കു ശേഷം ബഷീര്‍ ഭൂമിയിലേക്കു തിരിച്ചു വരുമ്പോള്‍ കാണുന്നത് ലോകം അവസാനിക്കാനുള്ള തത്രപ്പാടുകളാണ്. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഓരോന്നും കാണുന്ന ബഷീര്‍ ഒടുവില്‍ ഭൂമിയും ഗോളങ്ങളും സര്‍വ സൃഷ്ടികളും തകര്‍ന്നടിയുന്നതും ലോകം മഹാശൂന്യതയുടെ വലിയ കറുപ്പായി മാറുന്നതും നേരിട്ടുകണ്ടു.
മറ്റു മനുഷ്യരെപ്പോലെത്തന്നെ ബഷീറും പെരുമഴയില്‍ കിളിര്‍ത്ത പുതുനാമ്പുപോലെ അപ്പോള്‍ പുനര്‍ജനിച്ചു. മനുഷ്യചെയ്തികളുടെ നന്മ-തിന്മകള്‍ കണക്കെടുക്കുന്ന മൈതാനിയിലും ബഷീറും എത്തി. ഒടുവില്‍ സ്വര്‍ഗ-നരകങ്ങളുടെ അനുഭവങ്ങളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്.
നോവല്‍ നിലനില്‍ക്കുന്നത് വേറിട്ട അന്തരീക്ഷത്തിലും സ്ഥലത്തിലും കാലത്തിലുമാണ്. ആ സ്ഥലകാലങ്ങള്‍ പൊതുവേ നാം പരിചയിച്ച കഥാലോകത്തിന്റെ പരിചിത കവചത്തിനു പുറത്താണ്. ബഷീര്‍ മരിക്കുന്നതോടെ റൂഹ് അഥവാ ആത്മാവ് മാത്രമായിത്തീരുന്ന അയാള്‍ എഴുതുന്ന ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് നോവലിന്റെ ആഖ്യാന ശൈലി. അയാള്‍ക്ക് ഭൗതികമായ ചില ശക്തികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലകാലങ്ങളെ അതിജയിക്കുന്ന ചില സിദ്ധികള്‍ കൈവരികയും ഓര്‍മകളുപയോഗിച്ച് കാലത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മലയാള ഫിക്ഷന് സ്ഥലകാലങ്ങളുടെ പുതിയൊരു തുറവിയും സാധ്യതയും നല്‍കുകയാണ് മരണപര്യന്തം. മരണം ഒരു സാധ്യതയാണെന്ന കണ്ടെത്തലാണ് നോവലിന്റെ കാതല്‍. അതിലൂടെ ഖബര്‍ ജീവിതത്തിലേക്കും പരലോകത്തേക്കും സ്വര്‍ഗ-നരകങ്ങളിലേക്കും വിടരുന്ന കഥാപ്രപഞ്ചം ഫിക്ഷനു പുതിയ ഭാവനാഭൂപടവും സ്ഥലരാശിയും കാണിച്ചുതരുന്നു.
ഖുര്‍ആന്റെ ദര്‍ശനപരതയെ മലയാളഭാവനയിലേക്കും വായനയിലേക്കും കൊണ്ടുവരുന്നു എന്ന പ്രസക്തി കൂടിയുണ്ട് മരണപര്യന്തത്തിന്. ജീവിതം, മരണം, പരലോകം, റൂഹ്, സ്വര്‍ഗ-നരകങ്ങള്‍, പാപ-പുണ്യങ്ങള്‍, ലോകചരിത്രം എന്നിവയെക്കുറിച്ചെല്ലാമുള്ള ഇസ്ലാമിക പാഠങ്ങളാണ് നോവലിലുടനീളം പറയുന്നത്. നാലര വര്‍ഷത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് നോവല്‍ എഴുതാന്‍ തുടങ്ങുന്നതുതന്നെ.
മരണം വന്നു വിളിച്ചപ്പോള്‍
പാലക്കാട് മലയാള മനോരമയില്‍ ജോലി ചെയ്യുമ്പോഴാണ് 'മരണപര്യന്തം' എഴുതുന്നത്. പത്രാധിപസമിതിയംഗമായതിനാല്‍ രാത്രി ന്യൂസ് ഡെസ്‌കിലായിരുന്നു ഡ്യൂട്ടി. പലപ്പോഴും രാത്രി വൈകിയാണ് ഡ്യൂട്ടി അവസാനിച്ചിരുന്നത്. ഡ്യൂട്ടി തീര്‍ന്ന് മുറിയിലെത്തി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഉണര്‍ന്നിരുന്ന് തനിച്ച് എഴുതാനിരുന്നപ്പോഴാണ് എഴുത്തിന്റെ വിചിത്രമായ അനുഭവം എന്നെ വന്നു തൊട്ടത്. ഓരോ ദിവസത്തെയും നോവല്‍ഭാഗം എഴുതിത്തീര്‍ന്ന് മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു കണ്ണടച്ചാല്‍ ബഷീറിന്റെ ആത്മാവിന്റെ ലോകം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. മരണത്തിന്റെ മാലാഖ ഇരുട്ടിന്റെ മറവില്‍ ആകാശങ്ങളില്‍നിന്ന് ഇറങ്ങിവരും. അപ്പൂപ്പന്‍താടി പോലെ മുറിയില്‍ അവര്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കും. അവസാനം എന്റെ വലതുകാലിന്റെ പെരുവിരലില്‍ മാലാഖ അമര്‍ത്തിപ്പിടിക്കാന്‍ തുടങ്ങും. എന്റെ പെരുവിരല്‍ വേദനകൊണ്ട് വിറയ്ക്കും.
നോവലില്‍ മരണത്തിന്റെ മാലാഖ ബഷീറിന്റെ പ്രാണനെ പിടിക്കുന്ന രംഗം കണ്‍മുന്നില്‍ തെളിയും. പെരുവിരലില്‍നിന്ന് മുട്ടുകാല്‍വരെയുള്ള ജീവനെ വലിച്ചൂരിയെടുത്ത് ആദ്യസംഘം മാലാഖമാര്‍ മാറിനില്‍ക്കും. അടുത്ത സംഘം വന്ന് മുട്ടുകാല്‍ മുതല്‍ അരഭാഗം വരെയുള്ള ഭാഗത്തെ പ്രാണനെ വലിച്ചെടുക്കും. ആ സംഘവും മാറിനിന്നാല്‍ അരഭാഗം മുതല്‍ കഴുത്തുവരെയുള്ള ഭാഗത്തെ ജീവനെ അടുത്ത സംഘം വലിച്ചൂരിയെടുക്കും. അവസാനമാണ് മരണത്തിന്റെ മാലാഖ അസ്റാഈലിന്റെ വരവ്. ശരീരത്തിലെ പ്രാണന്റെ അവസാന തുടിപ്പും വലിച്ചൂരിയെടുത്ത് മരണത്തിന്റെ മാലാഖ മാലാഖമാരുടെ സംഘങ്ങളെ തെളിച്ച് ആകാശങ്ങളിലേക്ക് പോകുന്നത് ബഷീറിന്റെ ജീവനറ്റ കണ്ണുകള്‍ നോക്കിയിരിക്കും.
ബഷീര്‍ കണ്ടതുപോലെ ഇരുട്ടില്‍ നിഴല്‍രൂപങ്ങളായി മരണത്തിന്റെ മാലാഖയെയും സംഘത്തെയും ആ രാത്രികളില്‍ പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പെരുവിരലില്‍നിന്ന് പ്രാണനെ പലവട്ടം അവര്‍ വലിച്ചൂരിയെടുത്തിട്ടുണ്ട്. പെരുവിരലിന്റെ വിറയലും വേദനയും കലശലാകുമ്പോള്‍ ഭയത്തോടെ ഞാന്‍ മുറിയിലെ ലൈറ്റ് തെളിക്കും. എന്താണ് സംഭവിച്ചതെന്നറിയാതെ വിയര്‍ത്തുകുളിച്ച ശരീരവുമായി കുറേനേരം ഫാനിനു ചുവട്ടില്‍ തലതാഴ്ത്തിയിരിക്കും. ചില ദിവസങ്ങളില്‍ പ്രഭാതത്തിന്റെ വെളിച്ചം വീഴുന്നതുവരെ അതേ ഇരിപ്പില്‍ ഭയന്ന് ഇരുന്നിട്ടുണ്ട്. ഉറക്കത്തില്‍ മരണം വിരുന്നുകാരനാകുന്നതു തുടര്‍ന്നതോടെയാണ് ഞാന്‍ നിര്‍ണായകമായ ആ തീരുമാനമെടുത്തത്. രാത്രി സ്വര്‍ഗത്തെക്കുറിച്ച് എഴുതാം. സ്വര്‍ഗമാകുമ്പോള്‍ നിറയെ അപ്സരസ്സുകളുണ്ടാകും. അലൗകിക സുഖത്തിന്റെ അനന്തവും അജ്ഞാതവുമായ സ്വര്‍ഗീയലോകങ്ങള്‍ കാണാനാകും. ആ ആനന്ദാനുഭൂതിയില്‍ രാത്രിയുടെ ഇരുട്ടിലും ഭയമില്ലാതെ എനിക്ക് എഴുതാനാകും.
വിചാരിച്ച പോലെ സ്വര്‍ഗത്തെക്കുറിച്ചുള്ള എഴുത്ത് അവസാനിപ്പിച്ച് ഉറങ്ങാന്‍ കണ്ണടച്ചാല്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം അപ്സരസ്സുകള്‍ മുറിയില്‍ ചിത്രശലഭങ്ങള്‍പോലെ പാറിക്കളിക്കും. അലൗകികമായ സംഗീതത്തില്‍ അവര്‍ നൃത്തം ചെയ്യും. സ്വര്‍ഗീയ വിഭവങ്ങള്‍ കൊണ്ടുവന്ന് അവരെന്നെ സല്‍ക്കരിക്കും. എന്റെ ചാരത്ത് വന്നിരുന്ന് ഉമ്മവച്ച് എന്റെ നെറുകയില്‍ തലോടും. അനിര്‍വചനീയമായ ആ സുഖത്തിന്റെ നിര്‍വൃതിയില്‍ മെല്ലെ കണ്ണുകളടച്ച് എനിക്ക് സുഖമായി ഉറങ്ങാം.
എന്നാല്‍, എന്റെ ആ വിചാരം തെറ്റായിരുന്നുവെന്ന് ആദ്യ ദിവസംതന്നെ ബോധ്യമായി. സ്വര്‍ഗലോകങ്ങളുടെ അലൗകിക സൗന്ദര്യത്തെക്കുറിച്ചും അപ്സരസ്സുകളുടെ ദിവ്യസൗന്ദ്യരത്തെക്കുറിച്ചും എഴുതി ലൈറ്റ് അണച്ച് സുഖമായി ഉറങ്ങാന്‍ കിടന്ന എന്റെ മുന്നില്‍ ആദ്യ നിമിഷങ്ങളില്‍ ഒരു അപ്സരസ്സു മാത്രം പ്രത്യക്ഷപ്പെട്ടു. എന്നെ മോഹിപ്പിക്കാനെന്നപോലെ കുറച്ചു നിമിഷങ്ങള്‍ മാത്രം അവള്‍ തിളങ്ങുന്ന സ്വര്‍ഗീയ ഉടയാടകളില്‍ നൃത്തം ചെയ്ത് എവിടേക്കോ പെട്ടെന്ന് അപ്രത്യക്ഷയായി.
ഞാന്‍ നോക്കുമ്പോള്‍ എന്റെ പെരുവിരല്‍ വീണ്ടും വിറയ്ക്കാന്‍ തുടങ്ങി. മുറിയിലേക്ക് മേഘക്കീറുകള്‍പോലെ അസ്റാഈലും മാലാഖമാരും ഇറങ്ങിവന്നു. എന്റെ ഇടതും വലതും അവര്‍ ഇരുന്നു. പെരുവിരലില്‍ പിടിച്ച് ഒരു സംഘം മാലാഖമാര്‍ ആത്മാവിനെ പിടിക്കാന്‍ തുടങ്ങി. ഞാന്‍ വലിയ അട്ടഹാസത്തോടെ പിടഞ്ഞെണീറ്റ് വീണ്ടും മുറയിലെ ലൈറ്റ് തെളിച്ചു.
നന്ദി, വായനക്കാരേ...
ഈ സന്തോഷങ്ങള്‍ക്ക്
എഴുത്തുപോലെ, ഒരുപക്ഷേ അതിനെക്കാളേറെ വിചിത്രമായി തോന്നിയിട്ടുണ്ട് പ്രസിദ്ധീകരണത്തിനു ശേഷമുള്ള ചില കഥകള്‍. മരണപര്യന്തം എന്ന നോവല്‍ ലഭിക്കാന്‍ വേണ്ടി ഒരു സുഹൃത്ത് നടത്തിയ ശ്രമങ്ങളോര്‍ത്ത് ഇപ്പോഴും അദ്ഭുതപ്പെടുന്നുണ്ട്. 2021 സെപ്റ്റംബറിലെ കോവിഡ് കാലം. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചേരമ്പാടിയില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ഥി റഫീഖ് ആണ് ഈ കഥയിലെ നായകന്‍. കല്‍പ്പറ്റയിലുള്ള സുഹൃത്ത് വഴിയാണ് റഫീഖ് മരണപര്യന്തം ഓര്‍ഡര്‍ ചെയ്തത്. സുഹൃത്തിന്റെ കൈയില്‍ നോവല്‍ എത്തിയിട്ടും റഫീഖിന് കിട്ടാന്‍ മാര്‍ഗമില്ല. ലോക്ഡൗണ്‍ കാരണം കേരളത്തിലേക്കുള്ള ചെക്പോസ്റ്റ് അടച്ചിരിക്കുകയാണ്. രണ്ടുതവണ റഫീഖ് ചെക്പോസ്റ്റ് വരെ പോയിനോക്കി. പക്ഷേ, ചെക്പോസ്റ്റ് കടക്കാനായില്ല. അവസാന ശ്രമംകൂടി നടത്താമെന്നു വിചാരിച്ചു. സൈക്കിള്‍ വശമില്ലാത്തതിനാല്‍ സുഹൃത്തിനോട് കൂടെ വരാന്‍ പറഞ്ഞു.
കാട്ടാനകള്‍ വിഹരിക്കുന്ന വഴിയാണ്. പോരാത്തതിനു നല്ല ഇരുട്ടും തണുപ്പും. മനസ്സില്‍ പേടിയും വിറയലും പെരുമ്പറ കൊട്ടിയെങ്കിലും പോകാന്‍തന്നെ തീരുമാനിച്ചു. പെരുമഴയുള്ള ഒരു പുലര്‍ച്ചെ അഞ്ചു കിലോമീറ്ററോളം സുഹൃത്തിന്റെ സൈക്കിളില്‍ പിറകിലിരുന്ന് ചെക്പോസ്റ്റ് വരെ എത്തിയിട്ടും ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. അവസാന ശ്രമവും പരാജയപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് താന്‍ പഠിക്കുന്ന വെങ്ങപ്പള്ളി കോളേജ് ലൈബ്രറിയില്‍ 'മരണപര്യന്തം' എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
താളൂര്‍ ചെക്പോസ്റ്റ് വഴി വയനാട്ടിലേക്ക് കടത്തിവിടുന്നുണ്ടെന്ന വിവരം കിട്ടിയതോടെ താളൂര്‍വഴി വെങ്ങപ്പള്ളിയിലെത്തി. ലൈബ്രറിയില്‍ ഇരുന്ന് ഒറ്റയിരിപ്പില്‍ നോവല്‍ വായിച്ചു തീര്‍ത്ത കഥ പറയുമ്പോഴും അന്നു പുലര്‍ച്ചെ അനുഭവിച്ച വിറയല്‍ റഫീഖിന്റെ വാക്കുകളില്‍ എനിക്കു കേള്‍ക്കാമായിരുന്നു.
നോവല്‍ കിട്ടാനായിരുന്നില്ല യു.പി മുസഫര്‍ നഗര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ ഖാദറിന് പ്രശ്നം. കൈയില്‍ കിട്ടിയ നോവല്‍ എങ്ങനെ വായിക്കുമെന്നറിയാതെയാണ് അബ്ദുല്‍ ഖാദര്‍ വിഷമിച്ചത്. അവസാനം അബ്ദുല്‍ ഖാദര്‍തന്നെ അതിനു വഴി കണ്ടെത്തി. ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാല ഉര്‍ദു വിഭാഗത്തിലെ വിദ്യാര്‍ഥിയായിരുന്ന അബ്ദുല്‍ ഖാദര്‍ മലയാളികളായ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞാണ് 'മരണപര്യന്തം' വാങ്ങിയത്. മലയാളം വായിക്കാന്‍ വശമില്ലാത്തതിനാല്‍ കുറച്ചു ദിവസം പുസ്തകം അബ്ദുല്‍ ഖാദറിന്റെ പെട്ടിയില്‍തന്നെ കിടന്നു. പിന്നെ കൂട്ടുകാര്‍ അതിനും വഴി കണ്ടെത്തിക്കൊടുത്തു. നോവല്‍ ഭാഗങ്ങള്‍ മൊബൈലില്‍ ഫോട്ടോയെടുക്കുക. ഫോട്ടോയില്‍നിന്ന് ഗൂഗ്ള്‍ ലെന്‍സ് വഴി ടെക്സ്റ്റ് ആക്കി മാറ്റുക. ഈ ടെക്സ്റ്റ് ഗൂഗ്ള്‍ ട്രാന്‍സ്ലേറ്റര്‍ വഴി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുക. ഇരുനൂറിലേറെ പേജുകളിലായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ഓരോ പേജും ഫോട്ടോ എടുത്ത് ഇംഗ്ലീഷിലേക്കു മൊഴിമാറ്റി വായിച്ച അബ്ദുല്‍ ഖാദറിനു സമാനമായ ഒരു വായനക്കാരനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. താനൂര്‍ തെയ്യാല സ്വദേശിയായ ഹസ്സന്‍ സഈദ് മരണപര്യന്തം വായിച്ചത് ചെവി കൊണ്ടാണ്. കാഴ്ചപരിമിതിയുള്ള ഹസ്സന് ഒരു കൂട്ടുകാരിയാണ് നോവല്‍ മുഴുവന്‍ വായിച്ചു കൊടുത്തത്. നല്ല വായനക്കാരനായ ഹസ്സന്‍ സഈദ് മരണപര്യന്തത്തെക്കുറിച്ചറിഞ്ഞപ്പോള്‍തന്നെ വാങ്ങുകയും സ്ഥിരമായി വായിച്ചുകൊടുക്കുന്ന കൂട്ടുകാരിയോട് വായിച്ചുതരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വായനയ്ക്കു ശേഷം നോവലിന്റെ വായനാനുഭവം വളരെ ഹൃദ്യമായി സമൂഹ മാധ്യമത്തില്‍ വീഡിയോ ആയി ഹസ്സന്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ആത്മാവില്‍ തൊട്ട അനുഭവം
നോവലിന്റെ കാണാച്ചരടുകള്‍ ഏതൊക്കെ വായനക്കാരന്, ഏതൊക്കെ രീതിയിലാണ് കെട്ടിപ്പിണഞ്ഞു കിടക്കുന്നതെന്ന് ഒരെഴുത്തുകാരന് ഒരിക്കലുമറിയില്ല. അക്ഷരങ്ങള്‍ സമ്മാനിക്കുന്ന യാദൃശ്ചികതകള്‍ എന്നല്ലാതെ അതിനെ എങ്ങനെ വിശേഷിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ കോളേജിലെ ഇംഗ്ലീഷ് പ്രഫസറാണ് അന്നു രാവിലെ എന്നെ വിളിച്ചെണീപ്പിച്ചത്. 'മരണപര്യന്തം നോവലിന്റെ 30 കോപ്പികള്‍ പെട്ടെന്നു വേണം'. ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തിരുവനന്തപുരത്തെ ഡി.സി ബുക്‌സ് ഷോറൂമിന്റെ നമ്പര്‍ കൊടുത്തപ്പോള്‍, 'അവിടെ ആകെയുള്ള 30 കോപ്പികള്‍ ഞാന്‍ വാങ്ങി. ഇനി 30 എണ്ണം കൂടി വേണം' എന്നദ്ദേഹം പറഞ്ഞു. ഡി.സി ബുക്‌സിന്റെ കോട്ടയം മെയിന്‍ ഓഫീസുമായി ബന്ധപ്പെട്ട് ഏര്‍പ്പാടാക്കാമെന്നും അഡ്രസ് വാട്‌സാപ്പില്‍ അയയ്ക്കാനും ആവശ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്ത് വീണ്ടും ഉറങ്ങാന്‍ കിടന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീണ്ടും വിളി. 'തിരക്കിലാണോ..?' എന്ന മുഖവുരയോടെയായിരുന്നു തുടക്കം. നോവലിന്റെ 60 കോപ്പി വാങ്ങുന്ന ഒരാളോട് എങ്ങനെയാണ് 'ഞാന്‍ രാത്രി ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയാണ്..' എന്നു പറയുക. 'തിരക്കില്ല..' എന്നു മറുപടി പറഞ്ഞു.
പിന്നീട് അദ്ദേഹം പറഞ്ഞ കഥ കേട്ട് ഞാന്‍ ഞെട്ടിയെന്നു മാത്രമല്ല, എനിക്കു പിന്നീടന്ന് ഉറക്കം പോലും വന്നില്ല.
അദ്ദേഹം വളരെ ശാന്തനായി ഉള്ളിലെ സന്തോഷം പ്രകടമാകുന്ന വാക്കുകളില്‍ പറഞ്ഞുതുടങ്ങി.
'സാറിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്നു ഞാന്‍ വിചാരിച്ച കാര്യം സാറിന്റെ നോവല്‍ കൊണ്ടാണ് സാധിച്ചത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...'
'ഞാന്‍ ഒരു ഇംഗ്ലീഷ് പ്രഫസര്‍ എന്നതിനപ്പുറം ദഅ്വ പ്രവര്‍ത്തനം നടത്തുന്നയാളാണ്. നാട്ടിലെ ക്രിമിനലുകളും ദുര്‍മാര്‍ഗികളുമായ യുവാക്കളെ നേര്‍വഴിക്കു നടത്തുക എന്നതാണ് എന്റെ പ്രധാന പ്രവര്‍ത്തനം. എപ്പോഴും ഒരു കൂട്ടം ആളുകള്‍ എന്റെ ദഅ്വ ഗ്രൂപ്പിലുണ്ടാകും. കഴിഞ്ഞ ഗ്രൂപ്പില്‍ 60 പേരുണ്ടായിരുന്നു. യാത്ര പറയുമ്പോള്‍ അവര്‍ക്കു സമ്മാനിക്കാനാണ് 'മരണപര്യന്ത'ത്തിന്റെ 60 കോപ്പികള്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്.'
ഇതു പറഞ്ഞ് പിന്നെയും അദ്ദേഹം ചോദിച്ചു: 'സാര്‍ തിരക്കിലാണോ..?' ഞാന്‍ പറഞ്ഞു: 'ഒരിക്കലുമില്ല, നിങ്ങള്‍ പറഞ്ഞോളൂ..'
'സര്‍, ഞാന്‍ എന്റെ ഭാര്യയെ പഠിക്കുന്ന കാലത്തു കാമ്പസില്‍നിന്ന് പ്രണയിച്ചു വിവാഹം ചെയ്തതാണ്. ഞങ്ങള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. കഴിഞ്ഞ ആഴ്ച വരെ എന്റെ ഏറ്റവും വലിയ സങ്കടമായിരുന്നു എന്റെ ഭാര്യ. ഇന്ന് എന്റെ ഏറ്റവും വലിയ ഭാഗ്യവും നിധിയുമാണ് എന്റെ ഭാര്യ. അതിനു കാരണം താങ്കളുടെ നോവലാണ്'.
അദ്ദേഹത്തിന്റെ കഥ കേള്‍ക്കാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഒന്നുകൂടി ഫോണ്‍ ചെവിയോടു ചേര്‍ത്തുവച്ചു.
'ഞാന്‍ നാട്ടിലുള്ളവരെയൊക്കെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ച് അവരെ നന്നാക്കുമ്പോഴും എന്റെ ഭാര്യയെ എനിക്കു നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യം പറഞ്ഞാല്‍ അവള്‍ നിര്‍ബന്ധ നിസ്‌കാരം പോലും നിര്‍വഹിച്ചിരുന്നില്ല. തട്ടമിടാന്‍തന്നെ മടിയാണ്. എന്തു പറഞ്ഞുകൊടുത്താലും തര്‍ക്കുത്തരം പറഞ്ഞ് വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറും. സ്വന്തം ഭാര്യയെ നന്നാക്കാന്‍ കഴിയാത്തയാളാണ് നാട് നന്നാക്കുന്നത് എന്നു പലരും എന്നെക്കുറിച്ച് അടക്കം പറയുന്നത് കേട്ടു സങ്കടപ്പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സാറിന്റെ 'മരണപര്യന്തം' ഞാന്‍ വായിക്കുന്നത്. ദിവസവും ഞാന്‍ കോളേജിലേക്കു പോകുമ്പോള്‍ ഈ നോവല്‍ ബെഡ്‌റൂമിലെ മേശമേല്‍ വെറുതെ മറിച്ചുവയ്ക്കും. ഞാന്‍ കോളേജിലേക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയാല്‍പിന്നെ ഭാര്യ വീട്ടില്‍ തനിച്ചാണ്. അവള്‍ വായിക്കുന്നെങ്കില്‍ വായിക്കട്ടെ എന്നു വിചാരിച്ചാണ് ഞാന്‍ പുസ്തകം മറിച്ചുവയ്ക്കുന്നത്. ഓരോ ദിവസവും ഓരോ അധ്യായമാണ് മറിച്ചുവയ്ക്കുക. അങ്ങനെ രണ്ടുമൂന്നാഴ്ച കഴിഞ്ഞു.
ഒരു ദിവസം അര്‍ധരാത്രി കിടന്നുറങ്ങുമ്പോള്‍ ഭാര്യ പതിവില്ലാതെ പെട്ടെന്ന് എന്നെ വിളിച്ചുണര്‍ത്തി. 'ഇക്കാ.., എണീക്ക്, എനിക്കു നിസ്‌കരിക്കണം..' എന്നു പറഞ്ഞു.
ഞാന്‍ അദ്ഭുതപ്പെട്ട് അവളുടെ മുഖത്തേക്കുതന്നെ നോക്കി. പിന്നെ വാച്ചിലേക്കും. സമയം പുലര്‍ച്ച രണ്ടു മണി. സാധാരണ മൂന്നിനോ മൂന്നരയ്‌ക്കോ എണീറ്റ് രാത്രിയിലെ തഹജ്ജുദ് നിസ്‌കരിച്ച് ഖുര്‍ആന്‍ ഓതി സുബഹി നിസ്‌കരിച്ച് ദിവസം തുടങ്ങുകയാണ് എന്റെ രീതി.
'ഇപ്പോ രണ്ടു മണിയായിട്ടേയുള്ളൂ.., മൂന്നരയ്ക്ക് ഞാന്‍ വിളിക്കാം. അപ്പോ നിസ്‌കരിച്ചാ പോരേ..?'
എന്റെ മറുപടി കേട്ട് ഭാര്യയ്ക്കു ദേഷ്യം വന്നു. 'പറ്റില്ല.., എനിക്ക് ഇപ്പോ നിസ്‌കരിക്കണം..' അവള്‍ പറഞ്ഞ പോലെ ഞങ്ങള്‍ രണ്ടു പേരും വുളു എടുത്ത് നിസ്‌കരിച്ചു. പിന്നെ കുറേ നേരം ഖുര്‍ആന്‍ ഓതി. ആ ദിവസത്തിനു ശേഷം എന്റെ ഭാര്യയില്‍ വലിയ മാറ്റങ്ങള്‍ വന്നു. അവളുടെ സ്വഭാവവും പെരുമാറ്റവും എല്ലാം മാറി. നിസ്‌കരിക്കാനും നോമ്പെടുക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും ഒക്കെ തുടങ്ങി. ഞാന്‍ സ്വപ്നം കണ്ടപോലെ ആകെയൊരു മാറ്റം. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അവള്‍ പറഞ്ഞതുമില്ല. കഴിഞ്ഞ ആഴ്ച കുട്ടികള്‍ സ്‌കൂളില്‍നിന്ന് ടൂര്‍ പോയപ്പോള്‍ ഞാനും ഭാര്യയും ഒരു യാത്ര പ്ലാന്‍ ചെയ്തു. ആ യാത്രയില്‍ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ ഭാര്യയുടെ പുതിയ മാറ്റത്തെക്കുറിച്ചു ഞാന്‍ ചോദിച്ചു.
അവള്‍ പറഞ്ഞു: 'ഇക്ക, ബെഡ്‌റൂമിലെ മേശമേല്‍ വെച്ച പുസ്തകമില്ലേ.., അടുക്കളയിലെ പണി കഴിഞ്ഞു മുറിയിലെത്തിയാല്‍ ആ പുസ്തകം ഞാന്‍ വെറുതെ ഓരോ ദിവസവും എടുത്തുനോക്കും. ആദ്യമൊന്നും വായിക്കാന്‍ തോന്നിയില്ല. പിന്നെപ്പിന്നെ കുറച്ചു വായിച്ചു. വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ ഉള്ളില്‍നിന്ന് ആരൊക്കയോ എന്നോടു സംസാരിക്കുന്നതുപോലെ എനിക്കു ഫീല്‍ ചെയ്തു. അതു വായിച്ചു കഴിഞ്ഞപ്പോള്‍ നോവലിലെ ബഷീര്‍ ഞാനാണെന്ന് എനിക്കു തോന്നി. എന്റെ ആത്മാവിനെ പിടിക്കാന്‍ അസ്രാഈല്‍ വന്നതും എന്റെ ശരീരം ഖബറിലേക്ക് എടുത്തുവയ്ക്കുന്നതും മലക്കുകള്‍ വന്ന് എന്നോട് ചോദ്യം ചോദിക്കുന്നതും എല്ലാം ഞാന്‍ അനുഭവിച്ചു. ഇന്നല്ലെങ്കില്‍ നാളെ ബഷീറിനെപ്പോലെ ഞാനും... കണ്ണീരുകൊണ്ട് അവളുടെ വാക്കുകള്‍ മുറിഞ്ഞു. ഇക്കാ ആ ചിത്രങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല. രാത്രി ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അങ്ങനെ ഉറക്കം വരാത്ത ഒരു രാത്രിയാണ് ഞാന്‍ നിങ്ങളെ രണ്ടു മണിക്കു വിളിച്ചുണര്‍ത്തിയത്.
ഇതും പറഞ്ഞ് കുറച്ചു നേരം അദ്ദേഹം മൗനിയായി. പിന്നെ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു. സാറിനോട് വലിയ കടപ്പാടും സ്‌നേഹവുമുണ്ട്. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യമാണ് സാറിന്റെ പുസ്തകം കാരണം സംഭവിച്ചത്. നന്ദി, ഒരായിരം നന്ദി...'
നന്ദി വായനക്കാരേ.., 'നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം....'