നവോത്ഥാന ചരിത്രത്തിന്റെ പരിസരത്തേക്ക് കേരളീയ മുസ്്ലിം സ്ത്രീയെ ചേര്‍ത്തുവെച്ചതില്‍ വലിയ പങ്കുവഹിച്ചത് പത്ര-മാസികകളായിരുന്നു. വായനയുടെ പരിസരത്തേക്ക് തീരെ അടുക്കാത്തവരും, വായിച്ചു തുടങ്ങിയവര്‍ പൈങ്കിളിയില് അഭിരമിക്കുകയും ചെയ്ത കാലമായിരുന്നു അത്. ധാര്‍മികവും സാമൂഹികവുമായ കര്‍ത്തവ്യബോധത്തോടെ സ്ത്രീയെയും കുടുംബത്തെയും ദൈവികമായ ഉള്‍ക്കരുത്തുള്ളവരാക്കി മാറ്റാന്‍ അന്നുമുതല്‍ നാല്പതു വര്‍ഷമായി ആരാമം മുന്‍പന്തിയിലുണ്ട്. ആരാമത്തെ അറിഞ്ഞ വായനക്കാരാണ് ഇക്കാലമത്രയും അതിനു പ്രചോദനമായതും.
ദൈവികമല്ലാത്തതൊന്നും കുടുംബ സംവിധാനത്തിനകത്തും, ധാര്‍മികമല്ലാത്തതൊന്നും സാമൂഹിക വ്യവസ്ഥിതിയിലും ഉണ്ടാവരുതെന്നായിരുന്നു ആരാമം ആഗ്രഹിച്ചത്. അതിനുള്ള ഉള്ളടക്കമായിരുന്നു ഓരോ മാസത്തെയും പേജുകളിലൂടെ വായനക്കാരിലേക്കെത്തിയത്.
കുടുംബമാണ് എല്ലാ സാമൂഹിക സംവിധാനത്തിനും ശക്തിപകരുന്ന സ്രോതസ്സ്. വിവാഹമെന്ന പാവന കര്‍മത്തോടനുബന്ധിച്ച് എക്കാലത്തും ഇസ്ലാമികമല്ലാത്ത രീതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവ ചൂണ്ടിക്കാണിക്കാനും അതിന്റെ മൗലികതയെ ജനങ്ങളിലേക്കെത്തിക്കാനും ആരാമം ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടാചാരമനുസരിച്ചും സാമ്പത്തിക നിലയനുസരിച്ചും സ്ത്രീയുടെ സുരക്ഷയും പദവിയുമായി ബന്ധപ്പെട്ടും വിവാഹത്തിന്റെ ഉപാധിയായ മഹ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നുമുണ്ട്. ഈയവസരത്തില്‍ മഹ്റിനെ കുറിച്ച് പണ്ഡിതോചിതമായ വായനകളും വ്യത്യസ്ത നാടുകളിലെ മഹ്്റുമായി ബന്ധപ്പെട്ട രീതികളും പരിചയപ്പെടുത്തുകയാണ്.
സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പാലിക്കുകയും പലിശയോടടുക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിക്ക് പല രൂപേണയുണ്ടാവുന്ന സംശയമാണ് ഇന്‍ഷൂറന്‍സ് പോലുള്ളവ. സാമൂഹിക ക്ഷേമവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്ന ഇസ്്ലാമിക സാമ്പത്തിക വ്യവസ്ഥയെയും നിലവിലെ ഇന്‍ഷൂറന്‍സ് രീതികളെയും പരിചയപ്പെടുത്തുകയാണ് വേറൊരു ഭാഗത്ത്. സാമൂഹിക ജീവിതത്തില്‍ പരിപൂര്‍ണ ഉത്തരവാദിത്വം നല്കി ഇസ്്ലാം ഉയര്‍ത്തിക്കൊണ്ടുവന്ന സ്ത്രീ പിന്നീടെങ്ങനെ അധഃപതിച്ചു എന്ന അന്വേഷണവും, വിവാഹം കഴിച്ചയച്ച പെണ്‍കുട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബം ചേര്ത്തുപിടിക്കാനാവശ്യപ്പെടുന്ന ജീവിത കലകളും ആരാമത്തിലൂടെ വായിക്കാം.