വിവാഹത്തിന്റെ നിബന്ധനകളിലൊന്നാണ് മഹ് ര്‍. 'സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക'' എന്നാണ് വിശ്വാസികളോടുള്ള ഖുര്‍ആനിന്റെ അനുശാസന (4:4). മഹ് ര്‍ നിശ്ചയിക്കാത്ത വിവാഹം അസാധുവാണ്. നിശ്ചയിക്കപ്പെട്ട മഹ് ര്‍ വിവാഹസമയത്ത് നല്‍കിയിട്ടില്ലെങ്കില്‍ പോലും ഇണയോടൊപ്പം ശയിക്കുന്നതോടെ അത് അവള്‍ക്ക് നല്‍കല്‍ നിര്‍ബന്ധമായിത്തീരുന്നു. പിന്നീട് അവളുടെ ഇഷ്ടപ്രകാരം അത് വിട്ടുകൊടുക്കുകയോ വിട്ടുവീഴ്ച നല്കുകയോ ആകാം. ''ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സുഖ-സന്തോഷപൂര്‍വം ഭുജിച്ചുകൊള്ളുക'യെന്നാണ് മേല്‍ സൂക്തത്തിലെ തുടര്‍ച്ചയായി വരുന്ന അനുശാസന. തനിക്ക് ലഭിക്കുന്ന മഹ്റിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സ്ത്രീക്ക് തന്നെയാണെന്നാണ് ഇസ്ലാമികവിധി.
ലളിതമാകണം വിവാഹം; മഹ്‌റും
വിവാഹം ലളിതമാക്കുകയും ആര്‍ഭാടമാക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഇസ്ലാമിക നിര്‍ദേശം. മഹ് ര്‍ ലഘൂകരിച്ച് അത് എളുപ്പമുള്ളതാക്കാനും അങ്ങനെ വിവാഹം ലളിതമാക്കാനും ഇസ് ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. 'വിവാഹത്തില്‍ ഏറ്റവും നല്ലത് ഏറ്റവും എളുപ്പമുള്ളതാണ്' എന്ന ഇബ്‌നു ഹിബ്ബാന്റെയും 'മഹ്‌റുകളില്‍ ഏറ്റവും മികച്ചത് ഏറ്റവും ലളിതമായതാണ്' എന്ന ഹാക്കിമിന്റെയും ബൈഹഖിയുടെയും 'എളുപ്പമുള്ള മഹ് ര്‍ വാങ്ങുന്ന വനിതയാണ് ഏറ്റവും ഉത്തമ'യെന്ന അഹ്ദിന്റെയും 'ലളിതമായ മഹ് ര്‍ സ്വീകരിക്കുന്നവളാണ് ഏറ്റവുമധികം അനുഗൃഹീതയായ വനിത'യെന്ന ഇബ്‌നു മാജയുടെയും നിവേദനങ്ങളില്‍ ചിലതിന്റെ പരമ്പരകളുടെ സ്വീകാര്യതയെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടെങ്കിലും അവ നല്‍കുന്ന സന്ദേശം പ്രസക്തമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വചനങ്ങള്‍ മുസ് ലിം സ്ത്രീകളെ പ്രചോദിപ്പിക്കുന്നത് വിവാഹമന്വേഷിക്കുന്ന പുരുഷനോട് അവര്‍ മഹ് ര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് ലളിതമാക്കണമെന്നും അങ്ങനെ വിവാഹം എളുപ്പമാക്കണമെന്നുമാണ്.
രണ്ട് ചെരിപ്പുകള്‍ മാത്രം മഹ്‌റായി സ്വീകരിച്ച് വിവാഹം ചെയ്യാന്‍ പ്രവാചകന്‍ (സ) അനുവദിച്ച ബനൂ ഫസാറക്കാരിയെക്കുറിച്ച് അബൂദാവൂദില്‍ നിന്നുള്ള സ്വഹീഹായ നിവേദനവും, അറിയാവുന്ന ഖുര്‍ആന്‍ വചനങ്ങള്‍ പഠിപ്പിക്കണമെന്ന നിബന്ധന മഹ്‌റായി സ്വീകരിച്ച് ദരിദ്രനായ ഒരു സ്വഹാബിയെ വിവാഹം ചെയ്യാന്‍ പ്രവാചകന്‍ അനുവദിച്ചതായുള്ള സ്വഹീഹുല്‍ ബുഖാരിയിലും മുസ് ലിമിലുമുള്ള ഹദീസും, 'ഒരു ഇരുമ്പ് മോതിരമെങ്കിലും മഹ്‌റായി നല്‍കാന്‍ താങ്കളുടെ പക്കലുണ്ടോ?'എന്ന അദ്ദേഹത്തോടുള്ള പ്രവാചകന്റെ ചോദ്യവുമെല്ലാം എത്ര ലളിതമായ വസ്തുക്കളും മഹ്‌റായി നല്‍കാമെന്ന് പഠിപ്പിക്കുന്ന പ്രമാണങ്ങളാണ്.
മാന്യമാകണം മഹ് ര്‍
നിശ്ചിതമായ മഹ് ര്‍ സ്ത്രീ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പുരുഷന്റെ സാമ്പത്തികസ്ഥിതിയും അവളുടെ കുടുംബപശ്ചാത്തലവുമനുസരിച്ചുള്ള മാന്യമായ മഹ് ര്‍ നല്‍കുന്ന സമ്പ്രദായമായിരുന്നു പ്രവാചകന്റെ കാലത്ത് നില നിന്നിരുന്നതെന്നാണ് മനസ്സിലാകുന്നത്. അന്‍സാരി സ്ത്രീയെ വിവാഹം ചെയ്തപ്പോള്‍ അബ്ദുര്‍ റഹ്‌മാനി ബിന്‍ ഔഫ് (റ) നല്‍കിയത് ഒരു ഈത്തപ്പഴക്കുരുവിന്റെ തൂക്കത്തിലുള്ള സ്വര്‍ണമായിരുന്നുവെന്ന് ബുഖാരിയില്‍ കാണാം. ഏതാനും ഒട്ടകങ്ങള്‍ മഹ്‌റായി നല്‍കിക്കൊണ്ട് പ്രവാചകന്റെ കാലത്ത് നടന്ന വിവാഹത്തെപ്പറ്റി അബൂദാവൂദ് ഹസനായ പരമ്പരയോടെ നിവേദനം ചെയ്തിട്ടുമുണ്ട്.
തന്റെ ഇണകളില്‍ മിക്കവര്‍ക്കും പ്രവാചകന്‍ (സ) നല്‍കിയ മഹ് ര്‍ അഞ്ഞൂറ് ദിര്‍ഹമായിരുന്നുവെന്ന് ആഇശ(റ)യില്‍നിന്ന് മുസ് ലിം നിവേദനം ചെയ്ത ഹദീസിലുണ്ട്. അന്നത്തെ വെള്ളിനാണയമായിരുന്നു ദിര്‍ഹം. സ്വര്‍ണനാണയമായ ദിനാറിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയം. ഒരു ദിര്‍ഹം 2.975 ഗ്രാമാണ്. അപ്പോള്‍ അഞ്ഞൂറ് ദിര്‍ഹം 1487.5 ഗ്രാം; ഏകദേശം ഒന്നര കിലോഗ്രാം വെള്ളി. ഇന്നത്തെ നിലവാരമനുസരിച്ച് രണ്ട് ലക്ഷത്തോളം രൂപയാണ് 500 ദിര്‍ഹം വെള്ളിയുടെ വില. അഞ്ഞൂറ് ദിര്‍ഹമിന് തുല്യമായി അന്ന് നിലവിലുണ്ടായിരുന്ന സ്വര്‍ണനാണയം അമ്പത് ദീനാറാണ്. ഒരു ദീനാര്‍ 4.25 ഗ്രാമാണ്; അഥവാ 50 ദീനാര്‍ 212.5 ഗ്രാം സ്വര്‍ണമാണ്. ഇന്നത്തെ നിലവാരപ്രകാരം 22 ലക്ഷം രൂപയോളം വരും അതിന്റെ മൂല്യം.
മഹ് ര്‍ ആദരവാണ്
ഇഷ്ടമുള്ള മഹ് ര്‍ ആവശ്യപ്പെടാന്‍ സ്ത്രീക്ക് അവകാശം നല്‍കുകയും അതോടൊപ്പം അത് പുരുഷനെ പ്രയാസപ്പെടുത്തുന്നതാകരുതെന്ന് അവളെ ഉപേദശിക്കുകയും ചെയ്യുന്ന ഇസ് ലാം യഥാര്‍ഥത്തില്‍ വിവാഹത്തിലൂടെ അവള്‍ ആദരിക്കപ്പെടുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്; അവളുടേതാണ് തീരുമാനം. നമ്മുടെ നാട്ടില്‍ ആ അവസ്ഥക്ക് മാറ്റമുണ്ടാക്കിയത് സ്ത്രീധനസമ്പ്രദായമാണ്. പെണ്ണിന്റെ അവകാശമായ മഹ് ര്‍ അവഗണിക്കപ്പെടുന്നതിനും പുരുഷനെ വിവാഹക്കമ്പോളത്തില്‍ വില്‍ക്കപ്പെടുന്നവനാക്കിത്തീര്‍ക്കുന്നതിനും സ്ത്രീധനസമ്പ്രദായം കാരണമായിത്തീര്‍ന്നു. പെണ്ണിനെ വിവാഹം ചെയ്യുന്നതിനുള്ള കൂലിയായി പറഞ്ഞുറപ്പിക്കുന്ന ഭീമമായ തുകയില്‍നിന്ന് ചെറിയൊരു ശതമാനം മഹ്‌റായി തിരിച്ചു നല്‍കുകയെന്ന ഇസ് ലാമിന് തീരെ പരിചയമില്ലാത്ത രീതിയാണ് സ്ത്രീധനസമ്പ്രദായം വഴി ഉണ്ടാവുന്നത്. പെണ്‍വീട്ടില്‍ നിന്ന് ലഭിക്കുന്ന ഭീമമായ സ്വര്‍ണാഭരണശേഖരത്തിന് നടുവില്‍ അതിന്റെ ചെറിയൊരു ശതമാനം മാത്രം മൂല്യമുള്ള മഹ്‌റാഭരണത്തിന് വേറിട്ടൊരു വിലയുമുണ്ടാവില്ല. അതുകൊണ്ടു തന്നെ സ്ത്രീധനത്തിന് കീഴിലുള്ള മഹ് ര്‍ പെണ്ണിന് അതുമൂലം ലഭിക്കേണ്ട ആദരവ് നല്‍കുന്നതിന് പകരം അധഃപതനമാണ് സൃഷ്ടിക്കുന്നത്.
ലൈംഗികജീവിതവും കുടുംബജീവിതവും പുരുഷനും സ്ത്രീക്കും ആവശ്യമാണെങ്കിലും അതില്‍ ശാരീരികവും ജീവശാസ്ത്രപരവുമായ ഉത്തരവാദിത്വങ്ങളെല്ലാം വഹിക്കേണ്ടി വരുന്നത് സ്ത്രീയാണ്. അതുകൊണ്ടായിരിക്കാം അവളെ ആദരിച്ചുകൊണ്ടാവണം വൈവാഹിക ജീവിതമാരംഭിക്കേണ്ടത് എന്ന ദൈവിക കല്പന. തന്നെ ഇണയായി വേണമെന്ന് ആവശ്യപ്പെടുന്ന പുരുഷനോട് അതിനായി തനിക്ക് ആവശ്യമുള്ളതെന്താണോ അത് ആവശ്യപ്പെടാന്‍ പെണ്ണിനെ ഇസ് ലാം അനുവദിച്ചിട്ടുണ്ട്. ഒരുവളെ ഇണയായി ലഭിക്കണമെന്ന് ആഗ്രഹിക്കാനേ പുരുഷന് നിര്‍വാഹമുള്ളൂ. താന്‍ അയാളുടെ ഇണയാകണമെങ്കില്‍ തനിക്ക് എന്തെല്ലാം വേണമെന്ന് തീരുമാനിക്കാനും ആവശ്യപ്പെടാനുമുള്ള അവകാശം സ്ത്രീക്ക് മാത്രമുള്ളതാണ്. അവള്‍ക്ക് അത് ആവശ്യപ്പെടാം. അത് എന്താണെന്ന് തീരുമാനിക്കേണ്ടത് അവള്‍ മാത്രമാണ്. സ്ത്രീക്ക് ഇസ് ലാം നല്‍കുന്ന ആദരവിന്റെയും അവകാശത്തിന്റെയും പ്രതീകം കൂടിയാണ് മഹ് ര്‍.
എന്ത് കൊടുക്കണം?
മൂല്യമുള്ള എന്തും മഹ്‌റായി നല്‍കുവാന്‍ ഇസ് ലാം അനുവദിക്കുന്നുണ്ടെന്ന് മുകളില്‍ പറഞ്ഞ സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. പ്രവാചകന്‍ (സ) നല്‍കിയതായി രേഖപ്പെടുത്തപ്പെട്ട മഹ് ര്‍ അഞ്ഞൂറ് ദിര്‍ഹം വെള്ളിയായിരുന്നു. അന്ന് പ്രധാനമായും പ്രചാരത്തിലുണ്ടായിരുന്ന നാണയം വെള്ളിയായിരുന്നു. തന്നെ വിവാഹമാലോചിച്ച അബൂത്വല്‍ഹയോട്, അദ്ദേഹം ഇസ് ലാം സ്വീകരിക്കുകയാണെങ്കില്‍ അത് മഹ്‌റായി പരിഗണിച്ച് വിവാഹിതയാകാമെന്ന് പറഞ്ഞ ഉമ്മു സുലൈമു ബിന്‍ത് മില്‍ഹാനിനെക്കുറിച്ച് സ്വഹീഹു മുസ് ലിമും നസാഇയും നിവേദനം ചെയ്ത ഹദീസിലുണ്ട്. സമ്പത്തും സമ്മാനങ്ങളുമെല്ലാം മഹ്‌റായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമ്പന്നനായ അദ്ദേഹത്തോട് ഉമ്മു സുലൈം പറഞ്ഞത് ''താങ്കള്‍ ഇസ് ലാം സ്വീകരിക്കുകയാണെങ്കില്‍ അത് മഹ്‌റായി പരിഗണിച്ചുകൊണ്ട് ഞാന്‍ താങ്കളെ വിവാഹം ചെയ്യാം'' എന്നായിരുന്നുവെന്നും, അങ്ങനെയാണ് അബൂ ത്വല്‍ഹ ഇസ് ലാമിനെക്കുറിച്ച് പഠിക്കുകയും ഇസ് ലാം സ്വീകരിക്കുകയും അവര്‍ വിവാഹിതരാവുകയും ചെയ്തതെന്നുമാണ് ഹദീസ് വ്യക്തമാക്കുന്നത്. മൂല്യമുള്ളതായി സ്ത്രീ പരിഗണിക്കുന്ന അനുവദിക്കപ്പെട്ടതെന്തും മഹ്‌റായി ആവശ്യപ്പെടാമെന്നും അത് നല്‍കിയാല്‍ വിവാഹം സാധുവാകുമെന്നും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.
പണവും ആഭരണങ്ങളും ഭൂസ്വത്തും പാര്‍പ്പിടവുമെല്ലാം മഹ്‌റായി നല്‍കുന്ന സമ്പ്രദായങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ് ലിംകള്‍ക്കിടയിലുണ്ട്. കേരളത്തില്‍ കുറേക്കാലമായി സ്വര്‍ണാഭരണങ്ങള്‍ മഹ് ര്‍ നല്‍കുന്ന രീതിയാണ് വ്യാപകമായി നിലനില്‍ക്കുന്നത്. സ്വര്‍ണവും സമ്പത്തുമെല്ലാം സ്ത്രീധനമായി പറഞ്ഞുറപ്പിക്കുന്നതോടൊപ്പം നടക്കുന്ന ഒരു ആചാരം മാത്രമായിത്തീര്‍ന്നതിനാലാവാം മഹ് ര്‍ സ്വര്‍ണാഭരണങ്ങളായി മാത്രം നല്‍കുന്ന സമ്പ്രദായത്തിന് പ്രചുരപ്രചാരമായത്. പറഞ്ഞുറപ്പിക്കുന്ന സ്ത്രീധനത്തോടൊപ്പമുള്ള സ്വര്‍ണാഭരണങ്ങള്‍ എത്രയാണോ അതിന്റെ പത്ത് ശതമാനം ആഭരണമാണ് മഹ്‌റായി തിരിച്ചു നല്‍കേണ്ടത് എന്ന അലിഖിതമായ നടപ്പുരീതിയാണ് സ്ത്രീധനവിവാഹങ്ങളില്‍ തുടര്‍ന്നുവന്നിരുന്നത്. സ്ത്രീധനം പറഞ്ഞാലും ഇല്ലെങ്കിലും മഹ് ര്‍ എന്നു പറയുമ്പോള്‍ അത് സ്വര്‍ണാഭരണങ്ങളോ അല്ലെങ്കില്‍ സ്വര്‍ണത്തില്‍ ഡയമണ്ട് പതിച്ച ആഭരണങ്ങളോ ആയിരിക്കണമെന്നാണ് പണക്കാരനാണെങ്കിലും അല്ലെങ്കിലുമെല്ലാം മലയാളിമുസ് ലിമിന്റെ മനസ്സിലുളളത്.
മഹ് ര്‍ ഷെയറാകുമ്പോള്‍
സ്വര്‍ണ്ണഭ്രമത്തിനെതിരെ നിലപാടെടുക്കുന്നവര്‍ക്ക് അത് തുടങ്ങാന്‍ പറ്റുന്ന മേഖലയാണ് മഹ് ര്‍. തിരൂരില്‍ ജീവിക്കുന്ന എന്റെ ഒരു ജന്മിസുഹൃത്തിന്റെ മകന്‍ മഹ് ര്‍ നല്‍കിയത് ഒരു ഏക്കര്‍ കൃഷിയിടമാണ്; തിരുവനന്തപുരം ജില്ലയില്‍ നിന്നായിരുന്നു വധു. പുരയിടവും നടന്നുകൊണ്ടിരിക്കുന്ന കച്ചവടത്തിലെ ഓഹരിയുമെല്ലാം മഹ് ര്‍ നല്‍കുന്ന രീതി വിരളമെങ്കിലും മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ആ രംഗത്തുള്ള ഇതേപോലെയുള്ള ഒരു സാധ്യതയാണ് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഷെയറുകള്‍. സ്വര്‍ണമല്ലാത്ത മൂല്യവര്‍ധനവുണ്ടാക്കുന്ന മറ്റെന്തെങ്കിലുമാകണം മഹ്റെന്ന് കരുതുന്നവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഷെയറുകള്‍ നല്ലൊരു സാധ്യതയാണ്; പക്ഷെ അവ ഇസ് ലാമിക മൂല്യങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്; ഹറാമായ യാതൊന്നും സമ്പാദ്യത്തില്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ വിശ്വാസികളുടെയും ബാധ്യതയാണ്.
ഒരു കമ്പനിയുടെ ആസ്തിയെ നിശ്ചിത ഭാഗങ്ങളായി വിഭജിക്കുന്നതാണ് ഷെയറുകള്‍. ഒരു നിശ്ചിത എണ്ണം ഷെയറുകള്‍ ഒരാള്‍ വാങ്ങുമ്പോള്‍ ആ കമ്പനിയില്‍ നിശ്ചിത ശതമാനം പങ്കാളിത്തമുള്ളയാളായി അയാള്‍ മാറുന്നു. കമ്പനികളുടെ ലാഭത്തിലും നഷ്ടത്തിലും ഒരുപോലെ പങ്കാളികളാകേണ്ടി വരുന്ന ക്രയവിക്രയമായതിനാല്‍ ഇസ് ലാമികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഇതിലില്ല. സര്‍ക്കാരിന്റെയും ഇതിന്നായി നിശ്ചയിക്കപ്പെട്ട ഏജന്‍സികളുടെയും കര്‍ശനമായ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവയാണ് ഇത്തരം കമ്പനികള്‍.
കമ്പനികളുടെ ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. ഇന്ത്യാ ഗവണ്‍മെന്റിന്റെയും സെബി (Securities and Exchange Board of India- SEBI)യുടെയും നിബന്ധനകളും നിയമങ്ങളും പാലിക്കുന്ന കമ്പനികളുടെ ഷെയറുകളാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍നിന്ന് ലഭിക്കുക. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്ന് ബ്രോക്കര്‍മാര്‍ വഴിയാണ് സാധാരണക്കാര്‍ ഷെയറുകള്‍ വാങ്ങുക. ഇതിനായുള്ള ഓണ്‍ലൈന്‍ ആപ്പുകളുണ്ട്. പാന്‍ കാര്‍ഡ്, ഡീമാറ്റ് & ട്രേഡിങ്ങ് അക്കൗണ്ട് എന്നിവയുണ്ടെങ്കില്‍ ആര്‍ക്കും ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഹലാലായ സംരംഭങ്ങളില്‍ പണം നിക്ഷേപിക്കുകയും ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത് ഇസ് ലാം അനുവദനീയമാക്കിയിട്ടുണ്ട്. ഹലാലായ ക്രയവിക്രയങ്ങള്‍ നടത്തുന്ന കമ്പനികളുടെ ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ പ്രാഥമികമായി വിലക്കുകളൊന്നുമില്ലെന്ന് പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ള ക്രയവിക്രയങ്ങള്‍ മാത്രം നടത്തുന്ന കമ്പനികളിലെ ഓഹരികളെയാണ് ശരീഅത്ത് പിന്തുടരുന്ന സ്റ്റോക്കുകള്‍ (Shariah-compliant stocks)എന്ന് വിളിക്കുക. ബാങ്കുകള്‍, ചൂതാട്ടം, പന്നിമാംസം, ആല്‍ക്കഹോള്‍, പോണോഗ്രാഫി, പുകയില വ്യാപാരം, ആയുധവ്യാപാരം തുടങ്ങിയവയില്‍ വ്യാപാരം നടത്താത്തവരാണ് ശരീഅ കോംപ്ലെയ് ന്റ് കമ്പനികള്‍.
കൂടുതല്‍ കടക്കെണിയിലായ കമ്പനികള്‍, നഷ്ടസാധ്യത അമിതമായ കമ്പനികള്‍ എന്നിവയെയും ശരീഅ കോംപ്ലെയ് ന്റ് ആയി അംഗീകരിക്കാറില്ല. ശരീഅഃ കോംപ്ലെയ് ന്റ് അവകാശപ്പെടുന്ന കമ്പനികള്‍ അതു പാലിക്കുന്നുണ്ടെന്നു സെബി ഉള്‍പ്പെടെയുള്ള റെഗുലയേറ്ററി ബോര്‍ഡുകള്‍ ഉറപ്പുവരുത്തുന്നുമുണ്ട്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയില്‍ ശരീഅഃ കോംപ്ലെയ് ന്റ് ആയ നിരവധി കമ്പനികളുണ്ട്. അവയില്‍ നിക്ഷേപിക്കുന്നതിന് ഇസ് ലാമികമായി വിലക്കുകളൊന്നുമില്ല. അത്തരം ഷെയറുകള്‍ മഹ്‌റായി നല്‍കുന്നത് അനുവദനീയമാണ്. സ്വര്‍ണഭ്രമത്തിനെതിരെ ബോധവല്‍ക്കരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഒരു മഹര്‍രീതിയാണിത്.
പെണ്ണിന് തീരുമാനിക്കാം
മഹ് ര്‍ ദുഷ്‌കരമാക്കാതിരിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളോടൊപ്പം തന്നെ അത് എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശവും വിവാഹിതയാകുന്ന വനിതക്കാണ്. വിവാഹമോചിതയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ 'അവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്' എന്നാണ് നല്‍കിയ മഹ്റിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് (4: 20). ഇവിടെ 'ഒരു കൂമ്പാരം തന്നെ' എന്ന പ്രസ്താവന ശ്രദ്ധേയമാണ്. വിവാഹാലോചന നടത്തുന്ന പുരുഷനോട് തനിക്ക് ആവശ്യമുള്ള മഹ് ര്‍ ആവശ്യപ്പെടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും അങ്ങനെ അവള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കുമ്പോള്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്നുമുള്ള ഇസ് ലാമിന്റെ വിധിയാണ് ഈ ആയത്ത് വെളിപ്പെടുത്തുന്നത്.
പുരുഷനോടൊപ്പമുള്ള ഇണജീവിതം ആരംഭിക്കുന്നതോടെ നല്‍കിയ മഹ്റിന്റെ പൂര്‍ണമായ അവകാശം സ്ത്രീക്ക് മാത്രമായിത്തീരുന്നു. ഏകപക്ഷീയമായി സ്ത്രീ വിവാഹമോചനം ആവശ്യപ്പെടുകയാണെങ്കില്‍, അപ്പോഴല്ലാതെ അവളില്‍നിന്ന് ഒന്നും തിരിച്ചുവാങ്ങാന്‍ ഭര്‍ത്താവിന് അവകാശമില്ല.
സ്വര്‍ണഭ്രമത്തിന്റെ അപകടം
മലയാളികളുടെ സ്വര്‍ണത്തോടുള്ള ഭ്രമം പ്രശസ്തമാണ്. സുരക്ഷിത നിക്ഷേപമാണെന്നതാണ് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനുള്ള നമ്മുടെ ന്യായീകരണം. നിക്ഷേപത്തിന് വേണ്ടിയല്ല മലയാളികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്; അത് ആഡംബരത്തിന്റെ ചിഹ്നമായാണ്. വീട്ടിലോ ലോക്കറിലോ സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത സ്വര്‍ണാഭരണങ്ങള്‍ യഥാര്‍ഥത്തില്‍ ചത്ത പണമാണ്. അവയുടെ മൂല്യം വര്‍ധിക്കുന്നുണ്ടെന്ന ന്യായീകരണം മുസ് ലിമിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാവുകയില്ല. ഇസ് ലാമിക നിയമപ്രകാരം സകാത്ത് കൊടുക്കുകയാണെങ്കില്‍ ഈ മൂല്യവര്‍ധനവിനെക്കാള്‍ കൂടുതല്‍ പലപ്പോഴും സകാത്തായി നല്‍കേണ്ടിവരുന്ന തുകയായിരിക്കും. ഈ പറയുന്നത് ആഭരണങ്ങളുമായി ബന്ധപ്പെട്ടാണ്; നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണനാണയങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടല്ല. പണിക്കൂലിയും പണിക്കുറവുമെല്ലാം പരിഗണിക്കുമ്പോള്‍ വെറുതെ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ ചത്ത പണം തന്നെയാണ്.
പണത്തിന്റെ ആവശ്യഘട്ടങ്ങളില്‍ സ്വര്‍ണം പണയം വെച്ച് കാര്യങ്ങള്‍ സാധിക്കാമെന്നതാണ് ആഭരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സാധാരണക്കാരുടെ ന്യായീകരണം. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ കുമിഞ്ഞുകൂടി കേരളത്തിലെ മൂന്ന് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലുള്ളത് ലോകത്തിലെ പല വന്‍കിട രാജ്യങ്ങളിലുമുള്ളതിനേക്കാള്‍ അധികം സ്വര്‍ണശേഖരമാണ്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നിവയില്‍ ആകെ 263 ടണ്‍ സ്വര്‍ണം പണയമായി ലഭിച്ചത് ഉണ്ടെന്നാണ് കണക്ക്. സ്വീഡന്‍, ഓസ്‌ട്രേലിയ, ബെല്‍ജിയം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണശേഖരത്തേക്കാള്‍ കൂടുതലാണിത്. ഈ സ്ഥാപനങ്ങളിലുള്ള സ്വര്‍ണശേഖരത്തിന് ആനുപാതികമായി അവയുടെ ഉടമകളായ സാധാരണക്കാരില്‍നിന്ന് അവര്‍ പിരിച്ചെടുക്കുന്നത് ഭീമമായ പലിശയാണ്. അപകടകരവും ക്രൂരവുമായ പലിശക്കെണിയില്‍ കുടുക്കുന്നതിനുള്ള നിമിത്തമായിത്തീരുകയാണ് സ്വര്‍ണാഭരണങ്ങള്‍; അവയില്‍ നിക്ഷേപിച്ചിരിക്കുന്ന പണം തനിക്കും സമൂഹത്തിനും ഉപയോഗപ്രദമാകുന്ന രീതിയിലുള്ള സംരംഭങ്ങളില്‍ നിക്ഷേപിച്ചാല്‍ പലിശക്കെണിയില്‍നിന്ന് രക്ഷപ്പെടാനും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനും കഴിയും.
സ്വര്‍ണഭ്രമത്തിനെതിരെ നിലപാടെടുക്കാന്‍ സാമൂഹികബോധമുള്ളവരെ പ്രേരിപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അത് സൃഷ്ടിക്കുന്ന അപകടകരമായ പലിശക്കെണിയാണ്. എടുപ്പിച്ചും മാറ്റിവെപ്പിച്ചുമെല്ലാം ആഭരങ്ങളുടെ മൂല്യത്തിന്റെ എത്രയോ ഇരട്ടി പലിശയായി ഈടാക്കുന്നവരാണ് പണയപ്പലിശക്കാര്‍. മഹ്‌റാഭരണങ്ങളടക്കം പലിശക്ക് പണയം വെക്കുകയും അതിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ പ്രയാസപ്പെടുകയും ചെയ്യുന്ന നിരവധി പേര്‍ നമ്മുടെയെല്ലാം അയല്പക്കങ്ങളില്‍ തന്നെയുണ്ടാവും. സ്വര്‍ണാഭരണങ്ങളില്‍ മുടക്കുന്ന സമ്പത്ത് മറ്റ് രീതികളില്‍ നിക്ഷേപിക്കാന്‍ പ്രചോദിപ്പിക്കാനും അതില്‍നിന്ന് ലാഭമുണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കാനും കഴിഞ്ഞാല്‍ അതുകൊണ്ട് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. മുടക്കിയിട്ടിരിക്കുന്ന ചത്ത പണത്തിന് ജീവനുണ്ടാവുകയും അത് വളരുകയും ചെയ്യുന്നതിനാണ് ഇത്തരം നിക്ഷേപങ്ങള്‍ നിമിത്തമാവുക.