1975 ജൂണ്‍ 15-നായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ പെട്ടെന്നു തന്നെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. ജനാധിപത്യം കൊല ചെയ്യപ്പെട്ടു. സ്വേഛാധിപത്യം നഗ്ന താണ്ഡവമാടി. എങ്ങും ഭീതിദമായ അന്തരീക്ഷം.
രാജ്യത്ത് എന്തെല്ലാമോ സംഭവിക്കാന്‍ പോകുന്നുവെന്ന് നേരത്തെ ആശങ്കപ്പെട്ടതാണ്. പ്രസ്ഥാന നേതാക്കള്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും കരുതിയിരിക്കാനും ഉള്‍ക്കരുത്തോടെ എന്തും നേരിടാനും അണികളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് അടിയന്തരാവസ്ഥ നിലവില്‍വരുന്നത്. അന്നുതന്നെ ചില രാഷ്ട്രീയ സംഘടനകളെ നിരോധിക്കുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ ജമാഅത്തെ ഇസ് ലാമിയും നിരോധിക്കപ്പെട്ടു. ഇന്ത്യയിലുടനീളം ജമാഅത്ത് നേതാക്കളും അനേകം പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റില്‍ പല സ്ഥലങ്ങളിലും പല കാരണങ്ങളാണ് പറയപ്പെട്ടിരുന്നത്. കോഴിക്കോട് ജില്ലയില്‍ 28 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് ഓര്മ. അമീര്‍ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, കെ.എന്‍ അബ്ദുല്ല മൗലവി എന്നിവരും ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ സമിതി അംഗങ്ങളുമാണ് അതില്‍ ഉണ്ടായിരുന്നത്. ജമാഅത്തെ ഇസ് ലാമി, 'ജില്ലാ സമിതി' എന്ന പുതിയ സംവിധാനം നിലവില്‍ വന്നിട്ട് ഏതാനും മാസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. ജില്ലാ സമിതിയംഗം എന്ന നിലയിലാണ് ഞാനും അറസ്റ്റ് ചെയ്യപ്പെടുന്നത്.
അന്ന് രാത്രി അല്പം വൈകിയാണ് ഉറങ്ങിയത്. സമയം പന്ത്രണ്ട് മണിയായിക്കാണും. വാപ്പ വിളിക്കുന്നതു കേട്ട് ഞെട്ടിയുണര്‍ന്നു. കോലായില്‍ വന്നു നോക്കിയപ്പോള്‍ ചിമ്മിണി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വാപ്പക്ക് പുറമെ മൂന്ന് നാല് പോലീസുകാര്‍. കൂട്ടത്തില്‍ നേരത്തെ പരിചയമുള്ള ഒരു സി.ബി.ഐ ഉദ്യോഗസ്ഥനുമുണ്ട്. എസ്.ഐ പേരും അഡ്രസ്സും ജോലി സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം വളരെ സൗമ്യമായി പറഞ്ഞു. നിങ്ങള്‍ താമരശ്ശേരി പോലീസ് സ്റ്റേഷന് വരെ വരണം. സി.ഐ നിങ്ങളെ കാണണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അന്ന് കൊടുവള്ളി പോലീസ് സ്റ്റേഷന് നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ താമരശ്ശേരി സ്റ്റേഷന് പരിധിയിലായിരുന്നു ഓമശ്ശേരി. നേരത്തെ പ്രതീക്ഷിച്ചതായതിനാല്‍ മാതാപിതാക്കളുടെ മുമ്പില്‍ ഒട്ടും പതറാതെ അവരുടെ കൂടെ പോകാന്‍ തയാറായി. സി.ബി.ഐക്കാരന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
കൊടുവള്ളിയിലെ ആര്.സി മൊയ്തീന് സാഹിബ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. നിങ്ങളെ കാത്തിരിക്കയാണ്. മാതാപിതാക്കള്‍ കേള്‍ക്കാന്‍ കൂടി വേണ്ടിയാണ് അയാള്‍ അതു പറഞ്ഞത്. അവര്‍ പ്രയാസപ്പെടാതിരിക്കാന്‍ എസ്.ഐ വളരെ ശ്രദ്ധിച്ചിരുന്നു. 'നാളെ രാവിലെത്തന്നെ മകന് തിരിച്ചുവരും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ചില കാര്യങ്ങള്‍ നേരിട്ടന്വേഷിക്കാന്‍ വേണ്ടി വിളിച്ചതാണ്. ഒട്ടും ബേജാറാകാതെ ഉറങ്ങിക്കോളൂ.
അവരോടൊപ്പം വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വീട്ടിന് ചുറ്റും തോക്ക് ധാരികളായ കുറേ പോലീസുകാര്‍ കാവല്‍ നില്ക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്. ഇടുങ്ങിയ ഇടവഴിയും നടവരമ്പും പിന്നിട്ട് റോഡിലെത്തിയപ്പോള്‍ വേറെയും പോലീസുകാരോടു കൂടി വലിയ വാന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ വണ്ടിയില്‍ കയറി. പോലീസ് വാഹനത്തിലും പോലീസ് സ്റ്റേഷനിലും ജീവിതത്തില്‍ ആദ്യത്തെ കയറ്റം.
വണ്ടി താമരശ്ശേരി എത്തി. ആര്.സി എന്നെ പ്രതീക്ഷിച്ചു വരാന്തയില്‍ തന്നെ നില്പുണ്ടായിരുന്നു. എന്നെ സി.ഐയുടെ മുന്നില്‍ ഹാജരാക്കി. പേരും അഡ്രസ്സും മറ്റും ചോദിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: 'മുകളില്‍നിന്നുള്ള ഉത്തരവനുസരിച്ചു നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. കാരണമെന്താണെന്നൊക്കെ പിന്നീടറിയിക്കാം. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചു ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്റ്റേഷനില്‍ സൗകര്യമൊരുക്കി. ലോക്കപ്പ് മുറിയിലൊന്നും ഞങ്ങളെ കയറ്റിയില്ല. രണ്ടുപേരും നന്നായുറങ്ങി. സുബ്ഹ് ബാങ്ക് കേട്ടാണ് ഉണര്‍ന്നത്. അടുത്ത് തന്നെയുള്ള പള്ളിയില്‍ പോയി നമസ്കാരം നിര്‍വഹിക്കാനും, ഹോട്ടലില്‍നിന്ന് ചായ കുടിച്ചുകൊള്ളാനും അവര്‍ സമ്മതം നല്കി. അന്ന് മുഴുവന്‍ ഞങ്ങള്‍ സ്റ്റേഷനിലെ വരാന്തയില്‍ തന്നെ കഴിച്ചുകൂട്ടി. സ്റ്റേഷനില്‍ എന്തോ ആവശ്യത്തിന് വന്നവരാണെന്നേ മറ്റുള്ളവര്‍ കരുതിയുള്ളൂ. 'നിങ്ങളുടെ കാര്യത്തില്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. വരുന്ന മുറക്ക് നിങ്ങളെ അറിയിക്കാം' എന്ന് ഇടക്ക് എസ്.ഐ അറിയിച്ചുകൊണ്ടിരുന്നു.
അന്ന് വൈകുന്നേരം ഞങ്ങളെ കോഴിക്കോട്ടെ പോലീസ് ക്ലബിനടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍നിന്നുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും അവിടേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അറസ്റ്റിന്റെ കാരണം അവരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. അന്ന് രാത്രിയോടെ ഞങ്ങള്‍ക്കെതിരില്‍ കുറ്റം ചാര്‍ത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ജമാഅത്തിനെ നിരോധിക്കുകയും ചെയ്ത ശേഷം ഞങ്ങള്‍ വെള്ളിമാട്കുന്നിലെ ജമാഅത്ത് ഓഫീസില്‍ രഹസ്യയോഗം ചേരുകയും ഗവണ്മെന്റിനെതിരില് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. യാഥാര്‍ഥ്യമോ, പാര്‍ട്ടി നിരോധിക്കപ്പെട്ട അന്ന് കാലത്തു തന്നെ പോലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് ഏര്‍പ്പെടുത്തിയ, ജമാഅത്ത് ഓഫീസിനരികിലുള്ള രണ്ടു സാക്ഷികളും പിന്നീട് കോടതിയില്‍ ഈ കാര്യം ബോധിപ്പിച്ചിട്ടുമുണ്ട്. പിറ്റേന്ന് കാലത്ത് ഞങ്ങളെ കോടതിയില്‍ ഹാജരാക്കി. ഞങ്ങള്ക്കെതിരിലുള്ള ചാര്‍ജ് ഷീറ്റ് വായിച്ചു കേള്‍പ്പിച്ചു തന്നു. അത് നിഷേധിച്ചതിനെ. തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് ഞങ്ങളെ റിമാന്റ് ചെയ്തു കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ഈരണ്ടു പേരെ വീതം ഒന്നിച്ച് കൈയാമം വെച്ചുകൊണ്ടായിരുന്നു ആ എഴുന്നള്ളിപ്പ്. കൂട്ടത്തില്‍ ചിലര്‍ കൈ ആകാശത്തേക്ക് ഉയര്‍ത്തി 'അല്ലാഹുമ്മ ശ്ഹദ്' എന്ന് ഉറക്കെപ്പറയുന്നുണ്ടായിരുന്നു. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആറ് പേരെ വീതം ഓരോ സെല്ലിലേക്ക് കൊണ്ടുപോയി അടച്ചു. ഒരാള്‍ക്ക് ഭക്ഷണത്തിനായി രണ്ട് പ്ലേറ്റ്, വെള്ളം വാങ്ങുന്നതിന് ഒരു മൊന്ത, രണ്ട് ചൗക്കാളം; ഒന്ന് വിരിക്കാനും മറ്റൊന്ന് പുതക്കാനും. സിമന്റ് തറയിലാണ് കിടത്തം. ആ വര്‍ഷം ശക്തമായ മഴ വര്ഷിച്ചിരുന്നതിനാല് പ്രായമായവര്‍ക്ക് വളരെ പ്രയാസമനുഭവപ്പെട്ടിരുന്നു. പക്ഷേ, എല്ലാം സസന്തോഷം അനുഭവിച്ചു. ആര്‍ക്കും പ്രത്യേകിച്ച് അസുഖങ്ങളൊന്നും ബാധിച്ചില്ല. ഭക്ഷണം രുചികരമായിരുന്നെങ്കിലും ക്വാണ്ടിറ്റി കുറവായിരുന്നു.
രാവിലെയും വൈകുന്നേരവും അല്പ സമയം സെല്ലില്‍നിന്ന് പുറത്തുവിടും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുക, കുളിക്കുക, ജയില്‍വാസികള്‍ പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്യുക എന്നിവക്കായി ആ സമയം എല്ലാവരും വിനിയോഗിക്കും.
ഞങ്ങള്‍ അടുത്തടുത്ത സെല്ലുകളിലായിരുന്നു. ഓരോ സെല്ലുകാരും ജമാഅത്തായി നമസ്കാരം നിര്‍വഹിക്കും. ഇടക്ക് അമീറിന്റെയോ, കെ.എന്‍, ടി.കെ എന്നിവരുടെയോ ക്ലാസുകളും ഉല്‍ബോധനങ്ങളും ഉണ്ടാവും. കെ.സിക്ക് മാപ്പിളപ്പാട്ട് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം എന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെടും. യു.കെ അബൂ സഹ് ലയുടെ 'മൂസാ നബിയും ഫിര്‍ഔനും' കേരളത്തിലുടനീളം അവതരിപ്പിക്കപ്പെടുന്ന കാലമായിരുന്നു അത്. അതിലെ ഗായക സംഘത്തിലെ ആളായതുകൊണ്ട് അതിലെ മിക്ക ഗാനങ്ങളും ഓര്‍മയിലുണ്ടായിരുന്നു. അവ ഞാന്‍ പാടും. തൊട്ടടുത്ത സെല്ലുകളിലിരുന്ന് അവര്‍ കേള്‍ക്കും. ഇടക്കിടക്ക് ടി.കെയുടെ ഫലിതം നിറഞ്ഞ നിരൂപണങ്ങളും വിലയിരുത്തലുകളും ജയിലിലെ പ്രയാസങ്ങളും ദുരിതങ്ങളും ലഘൂകരിക്കാനും മറക്കാനും ഏറെ സഹായകമായിരുന്നു. ഞങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരായിരുന്നില്ല; കരുതല്‍ തടവുകാരായിരുന്നു. അതിനാല്‍ സ്വന്തം വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ കുടുംബത്തില്‍ പെട്ട ഒരാളെ കാണാനും സൗകര്യമുണ്ടായിരുന്നു. അങ്ങനെ ഒരു മാസക്കാലത്തെ കാരാഗൃഹവാസത്തിന് ശേഷം ഞങ്ങള്‍ക്ക് ജാമ്യം അനുവദിക്കപ്പെട്ടു. 'ജീവിതത്തിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കുക, ദൈവം നല്കിയ സ്വാതന്ത്ര്യത്തിന്റെ വിലയറിയാം' എന്ന ഇമാം ഗസ്സാലിയുടെ വാക്കുകളായിരുന്നു അനുഭവിച്ചറിഞ്ഞ ജയില്‍ജീവിതത്തില്‍നിന്ന് മുക്തരാവുമ്പോള്‍.