മഹ്റിന് പിന്നിലെ യുക്തി

ഡോ. വി.പി സുഹൈബ് മൗലവി (പാളയം ഇമാം)
ഒക്ടോബര്‍ 2025

വിവാഹ സമയത്ത് പുരുഷന്‍ തന്റെ ധനം ചെലവഴിച്ച് വിവാഹം ചെയ്യണമെന്നാണ് ഇസ് ലാമിന്റെ വിധി. വരന്‍ നിര്‍ബന്ധമായും വധുവിനു നല്‍കേണ്ട മൂല്യത്തിന് മഹ് ര്‍ എന്നാണ് അറിയപ്പെടുന്നത്. സ്വദ്ഖാത്ത്, ഉജൂര്‍ എന്നീ പദങ്ങളാണ് മഹ് ര്‍ എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. നിഹ് ലത്ത്, ഉക്വ് ര്‍ എന്നീ പേരുകളും മഹ്‌റിനുണ്ട്. മഹ് ര്‍ ഇല്ലാത്ത യാതൊരു വിവാഹവും ഇസ് ലാം അംഗീകരിക്കുന്നില്ല. സ്വദാഖിന്റെ ബഹുവചനമാണ് സ്വദുഖാത്. സ്വിദ്ഖില്‍ നിന്ന് എടുക്കപ്പെട്ട പദം കൂടിയാണത്. കദിബിന്റെ (കളവിന്റെ) വിപരീതമാകുന്നു 'സ്വിദ്ഖ്. മഹ് ര്‍ വിനിയോഗിക്കുന്നവന് വിവാഹത്തിലുള്ള തന്റെ അഭിലാഷം സത്യസന്ധമാണെന്ന് അറിയിക്കുന്നതിനാലാണ് അതിനു സ്വദാഖ് എന്നു പറയപ്പെട്ടത്. പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതേ ആശയം പറഞ്ഞിട്ടുണ്ട്. പ്രശസ്ത ഭാഷാ പണ്ഡിതനായ റാഗിബുല്‍ അസ്ഫഹാനി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ശബ്ദകോശത്തില്‍ ഖുര്‍ആന്‍ മഹറിനെ 'സ്വദാഖ്' എന്നുപ്രയോഗിച്ചത് വിശ്വാസത്തിന്റെ ആത്മാര്‍ഥയെ കുറിക്കുന്ന പ്രതീകമായതിനാലാണ് എന്നു പറയുന്നുണ്ട്.  

വിവാഹ ഉടമ്പടി പൂര്‍ണമാകുന്നതോടുകൂടി വിവാഹമൂല്യം നല്‍കല്‍ വരന്റെമേല്‍ നിര്‍ബന്ധമായി. അത് ഒഴിവാക്കല്‍ അനുവദനീയമല്ല.

 

അല്ലാഹു പറയുന്നു: ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക'' (ഖുര്‍ആന്‍ 4/4).

'അങ്ങനെ അവരില്‍നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യതയെന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്'' (ഖുര്‍ആന്‍ 4/24).

അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫിന്റെ ദേഹത്ത് പ്രവാചകന്‍ കുങ്കുമത്തിന്റെ പാട് കണ്ടു. പ്രവാചകന്‍ ചോദിച്ചു: 'എന്താണ് കാര്യം?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ ഒരു മഹതിയെ വിവാഹം കഴിച്ചിരിക്കുന്നു'. പ്രവാചകന്‍ ചോദിച്ചു: 'താങ്കള്‍ അവര്‍ക്ക് എന്താണ് മഹ് ര്‍ നല്‍കിയത്?' അദ്ദേഹം പറഞ്ഞു: 'ഒരു ഈത്തപ്പനക്കുരുവിന്റെ തൂക്കം സ്വര്‍ണം'. പ്രവാചകന്‍ പ്രതികരിച്ചു: 'താങ്കളില്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. ഒരു ആടിനെയെങ്കിലും അറുത്ത് വിവാഹ സല്‍കാരം നടത്തുക'' (ബുഖാരി, മുസ് ലിം).

പ്രവാചകന്‍ പറഞ്ഞു: 'മഹ്‌റില്ലാത്ത വിവാഹം ഇസ് ലാമിലില്ല' (മുസ് ലിം, തിര്‍മുദി).

 

ഖുര്‍ആന്‍ മഹ് ര്‍ നല്‍കല്‍

ഖുര്‍ആന്‍ മഹ് ര്‍ നല്‍കുന്നത് ഒരു ഫാഷനായി ഇന്ന് മാറുന്നുണ്ട്. ലാളിത്യമായി ചിലര്‍ അതിനെ പ്രചരിപ്പിക്കാറുമുണ്ട്. വില കെട്ടപ്പെടുന്ന ഏതും മഹ്റായി നല്‍കാവുന്നതാണ്. അതിനാല്‍ മുസ്ഹഫും (ഖുര്‍ആന്‍) നല്‍കാവുന്നതാണ്.

പക്ഷേ, ഖുര്‍ആന്‍ വില്‍പ്പന പാടില്ലെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം മാനിച്ച് ഖുര്‍ആന്‍ മഹ്റായി നല്‍കാതിരിക്കലാണ് ഉത്തമം. കാരണം ''വില''യാക്കാന്‍ പറ്റുന്നതേ മഹ്റാക്കാവൂ എന്നുണ്ട്. മഹ് ര്‍ പെണ്ണിന്റെ അവകാശമായതിനാല്‍ സ്ത്രൈണ മനസ്സുകള്‍ക്ക് ആകര്‍ഷണീയമായത് നല്‍കലാണ് നല്ലത്.

അതുകൊണ്ടാണ് നമ്മുടെ നാടുകളിലൊക്കെ സ്വര്‍ണാഭരണം നല്‍കിവരുന്നത്. അല്ലെങ്കില്‍ സ്ത്രീക്ക് ഭാവി ജീവിതത്തില്‍ കൂടുതല്‍ സാമ്പത്തിക സുരക്ഷ സാധ്യമാക്കുന്ന കാര്യങ്ങളും മഹ്റായി നല്‍കാം.

 

ഭൂമിയും തോട്ടവും

സാമ്പത്തിക ശേഷിയുള്ള സ്വഹാബിവര്യന്മാര്‍ തോട്ടവും ഭൂമിയും മറ്റും പ്രവാചകന്റെ അനുമതിയോടെ മഹ് ര്‍ നല്‍കാറുണ്ടായിരുന്നു. ഒരാള്‍ ഭാര്യയെ വിവാഹമോചനം ചെയ്താലും അവള്‍ സാമ്പത്തികമായി പ്രയാസപ്പെടാതിരിക്കുവാന്‍ ഈ രീതിയില്‍ മഹ് ര്‍ നല്‍കുന്നതാണ് ഉത്തമമെന്ന് മുന്‍ഗാമികളില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. സാബിത് ബ്നു ഖൈസ് എന്ന സ്വഹാബി ജുമൈലതിനെ വിവാഹം ചെയ്തത് രണ്ട് തോട്ടങ്ങള്‍ മഹ് ര്‍ നല്‍കിയായിരുന്നു (ബുഖാരി).

 

മഹ് ര്‍ പുരുഷനു ബാധ്യതയാക്കിയതിലെ യുക്തി

സ്ത്രീയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമുള്ളതിനാലാണ് പുരുഷന്റെ മേല്‍ മഹ് ര്‍ ബാധ്യതയായി നിശ്ചയിച്ചത്. ജീവിതച്ചെലവുകളാകുന്ന ബാധ്യതകള്‍കൊണ്ട് കല്‍പിക്കപ്പെട്ടത് പുരുഷനാണ്, സ്ത്രീയല്ല എന്ന മതത്തിന്റെ അടിസ്ഥാനത്തോട് ഇത് യോജിക്കുകയും ചെയ്യുന്നു.

 

നികാഹിന്റെ വാചകത്തില്‍ മഹ് ര്‍ നിര്‍ണയിച്ച് പറയല്‍

വിവാഹ ഉടമ്പടിയില്‍ മഹ് ര്‍ നിര്‍ണയിക്കലും പറയലും സുന്നത്താകുന്നു. കാരണം, പ്രവാചകന്‍ ഒരു നികാഹും മഹ് ര്‍ പറയാതെ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും കവാടം കൊട്ടിയടക്കലുമാണ് മഹ് ര്‍ പറയുന്നതിലുള്ളത്.

 

മഹ് ര്‍ റൊക്കമാക്കലും അവധിവെക്കലും

വിവാഹം കഴിഞ്ഞാല്‍ ഉടന്‍ തന്നെ മഹ് ര്‍ പൂര്‍ണമായി നല്‍കലാണ് ഉത്തമം. ഫാത്തിമക്ക് എന്തെങ്കിലും നല്‍കുന്നതിന് മുമ്പ് അലി അവരോടൊപ്പം മണിയറയില്‍ പ്രവേശിക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. അലി പ്രവാചകനോട് പറഞ്ഞു: 'എന്റെ കൈയില്‍ യാതൊന്നുമില്ല' പ്രവാചകന്‍ ചോദിച്ചു. നിന്റെ പടയങ്കിയെവിടെ? അങ്ങനെ അദ്ദേഹം പടയങ്കി അവര്‍ക്ക് നല്‍കി  (അബൂദാവൂദ്). എന്നാല്‍, നാട്ടുപതിവും സമ്പ്രദായങ്ങളുമനുസരിച്ച് മഹ് ര്‍ മുഴുവനായോ അല്ലെങ്കില്‍ ഭാഗികമായോ വേഗത്തില്‍ നല്‍കലും അവധിവെച്ചു നല്‍കലും അനുവദനീയമാണ്. പ്രവാചക പത്നി ആഇശ പറഞ്ഞു: ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവ് അവള്‍ക്ക് എന്തെങ്കിലും നല്‍കുന്നതിന് മുമ്പ് മണിയറയില്‍ പ്രവേശിപ്പിച്ച് കൊടുക്കാന്‍ പ്രവാചകന്‍ എന്നോട് കല്‍പിച്ചു (ഇബ്നു മാജ). എന്നാല്‍, കാലപരിധി അതിവിദൂരമാവരുത് എന്ന നിബന്ധനയോടെയാണിത്. കാരണം, വിദൂരമായ കാലപരിധി മഹ് ര്‍ നഷ്ടപ്പെടാന്‍ അവസരം സൃഷ്ടിക്കലാണ്.

 

മഹ് ര്‍ അമിതമാക്കുന്നതിന്റെ വിധി

ഒരാളുടെ സാമ്പത്തിക നില പരിഗണിക്കാതെ അയാള്‍ മഹ്റില്‍ ധാരാളിത്തം കാണിക്കുന്നതോ, വധുവോ വധുവീട്ടുകാരോ അയാളോട് അയാളെ ഞെരുക്കുന്ന രീതിയിലുള്ള വിവാഹമൂല്യം ആവശ്യപ്പെടുന്നതോ ഉചിതമല്ല.

  • ആഇശയില്‍നിന്നു നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ഒരു സ്ത്രീയുമായുള്ള വിവാഹം എളുപ്പമാകുക എന്നതും മഹ് ര്‍ കുറയുക എന്നതും അവളുടെ ബറകത്താണ്. (ഇബ്നു ഹിബ്ബാന്‍, ഹാകിം).
  • രണ്ടാം ഖലീഫ ഉമര്‍ പറഞ്ഞു: സ്ത്രീകളുടെ മഹ്‌റില്‍ നിങ്ങള്‍ അമിതമാക്കരുത്. കാരണം, മഹ് ര്‍ അമിതമാക്കല്‍ ഇഹലോകത്ത് ആദരണീയവും അല്ലാഹുവിങ്കല്‍ സൂക്ഷ്മതയുമായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ തിരുദൂതനായിരുന്നു അമിതമായ മഹ്‌റിന് യോഗ്യന്‍. പന്ത്രണ്ട് ഊഖിയയെക്കാള്‍ തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്കും മഹ് ര്‍ നല്‍കപ്പെടുകയോ പന്ത്രണ്ട് ഊഖിയയെക്കാള്‍ തിരുദൂതര്‍ തന്റെ ഭാര്യമാരില്‍ ഒരാള്‍ക്കും മഹ് ര്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഒരാള്‍ തന്റെ ഭാര്യയുടെ മഹ് ര്‍ അമിതമാക്കുകയും അയാളുടെ മനസ്സില്‍ അവള്‍ക്കുനേരെ ശത്രുത ഉടലെടുക്കുകയും അയാള്‍ പറയുകയും ചെയ്യും: തോല്‍സഞ്ചി കെട്ടുന്ന കയറുവരെ നിനക്കുവേണ്ടി ഞാന്‍ ചെലവഴിച്ചുപോയി (അബൂദാവൂദ്, അഹ്മദ്, തിര്‍ മിദി, ഇബ്നുമാജ)
  • അബൂസലമയില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതര്‍ പത്‌നിമാര്‍ക്ക് നല്‍കിയിരുന്ന മഹ്‌റിനെ കുറിച്ച് ഞാന്‍ ആഇശയോടു ചോദിച്ചു. അവര്‍ പറഞ്ഞു: 'പന്ത്രണ്ട് ഊഖിയയും ഒരു നശ്ശുമായിരുന്നു.' അവര്‍ ചോദിച്ചു: 'നശ്ശ് എന്നാല്‍ എന്താണെന്നറിയുമോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അവര്‍ പറഞ്ഞു: 'അര ഊഖിയയാണ്.' (മുസ് ലിം)

 

മഹ് ര്‍ കൊടുക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സകാത്ത് ധനം നല്‍കാമോ?

ഒരാള്‍, തന്റെ ഭക്ഷണ പാനീയങ്ങള്‍ക്കും താമസത്തിനും ഒക്കെ സ്വയം അധ്വാനിച്ച് കണ്ടെത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍, അയാളുടെ പക്കല്‍ വിവാഹം കഴിക്കാന്‍ ആവശ്യമായ ധനമില്ല. അയാളെ സകാത്തില്‍നിന്ന് വിവാഹം കഴിപ്പിക്കാമോ എന്നൊരു ചോദ്യം സഊദി പണ്ഡിതനായിരുന്ന ശൈഖ് ഉസൈമീന്റെ മുന്നില്‍ വന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: 'അതെ, അയാളെ സകാത്തിന്റെ ധനമുപയോഗിച്ച് വിവാഹം കഴിപ്പിക്കാവുന്നതും, മഹ്റിന് ആവശ്യമായ പണം മുഴുവനായും സകാത്തില്‍ നിന്ന് നല്‍കാവുന്നതുമാണ്. ഒരു ദരിദ്രനെ വിവാഹത്തിന് സകാത്തില്‍ നിന്ന് സഹായിക്കാം എന്ന് പറയാനുള്ള കാരണമെന്ത്?, അയാള്‍ക്ക് നല്‍കുന്നത് വലിയ സംഖ്യയാണെങ്കില്‍ എന്നെല്ലാം ആരെങ്കിലും ചോദിച്ചാല്‍, നാം പറയും: ചില സന്ദര്‍ഭങ്ങളില്‍ ഒരാളുടെ വിവാഹമെന്ന ആവശ്യം ഭക്ഷണ പാനീയങ്ങളെപ്പോലെ അനിവാര്യമാണ്' (ഫതാവാ അര്‍കാനുല്‍ ഇസ്ലാം 440/441). ഇതൊന്നും സ്ത്രീധന വിവാഹങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. സ്ത്രീധനം വൈവാഹിക ജീവിതത്തിലേക്ക് കടന്നുവന്ന ദുഷിച്ച അനാചാരമാണ്.

 

വിചാരണ പാടില്ല

വധുവിനല്ലാതെ മറ്റാര്‍ക്കും മഹ്‌റില്‍ ഉടമാവകാശമില്ല. സ്ത്രീ ഉദ്ദേശിക്കുന്നത് പോലെ ഭര്‍ത്താവിന്റെയും രക്ഷാധികാരിയുടെയും അനുവാദമില്ലാതെ തന്നെ അവള്‍ക്കത് കൈകാര്യം ചെയ്യാന്‍ ഇസ് ലാം അനുവാദം നല്‍കുന്നു. അവള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ധര്‍മം ചെയ്യാം. അതിന്റെ പേരില്‍ ഭര്‍ത്താവിനോ രക്ഷാധികാരിക്കോ അവളെ വിചാരണ ചെയ്യാനോ വിമര്‍ശിക്കാനോ ഇസ് ലാം അവകാശം നല്‍കുന്നില്ല. സ്ത്രീ സ്വമനസ്സാല്‍ രക്ഷിതാവിനോ ഭര്‍ത്താവിനോ ദരിദ്രര്‍ക്കോ യാചകര്‍ക്കോ അനാഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ നല്‍കിയാല്‍ അവര്‍ക്കും ഉപയോഗിക്കാം. അതാണല്ലാഹു പറഞ്ഞത്: 'അതില്‍നിന്ന് സ്വമനസ്സാലെ അവര്‍ നിങ്ങള്‍ക്ക് നല്‍കിയാല്‍ അത് നിങ്ങള്‍ക്ക് ഹൃദ്യമായും സന്തോഷത്തോടെയും തിന്നാം' (ഖുര്‍ആന്‍ 4:4). മഹ് ര്‍ മരണം വരെ സൂക്ഷിച്ചുവെക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ, ധൂര്‍ത്തും ദുര്‍വ്യയവും പാടില്ല എന്ന പൊതുതത്ത്വം മഹ് ര്‍ വിനിയോഗിക്കുന്നേടത്തും ബാധകമാണ്.

 

തിരിച്ചു വാങ്ങല്‍

വിവാഹമോചന സന്ദര്‍ഭത്തിലോ അതിന് മുമ്പോ ഭര്‍ത്താവ് മഹ്ര് തിരിച്ച് വാങ്ങാന്‍ പാടില്ല എന്നതാണ് പൊതുവായ ഇസ്ലാമിക വിധി. അല്ലാഹു പറയുന്നു. 'അല്ലെങ്കില്‍ നന്മ ചെയ്തുകൊണ്ട് അവരെ വിവാഹമോചനം ചെയ്യുക. അപ്പോള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍ നിന്ന് ഒരു വസ്തുവും മടക്കിയെടുക്കുന്നത് നിങ്ങള്‍ക്ക് അനുവദനീയമല്ല' (ഖുര്‍ആന്‍ 2:2 29).

'അവരില്‍ ഒരുവള്‍ക്ക് വമ്പിച്ച ധനം മഹ്റായിട്ട് കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒരു വസ്തുവും നിങ്ങള്‍ മടക്കി വാങ്ങരുത്. അക്രമമായും വ്യക്തമായ കുറ്റമായും നിങ്ങള്‍ അത് വാങ്ങുന്നുവോ? എങ്ങനെ നിങ്ങള്‍ അത് വാങ്ങും? നിങ്ങള്‍ അന്യോന്യം ഇണങ്ങിച്ചേരുകയും അവര്‍ നിങ്ങളില്‍നിന്ന് സുദൃഢമായ ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു' (ഖുര്‍ആന്‍ 4:20,21). എന്നാല്‍, പുരുഷന് വിവാഹമോചനത്തിന്റെ യാതൊരു ആവശ്യവുമില്ലാത്ത ഘട്ടത്തില്‍ സ്ത്രീ വിവാഹമോചനം തേടുന്ന ഖുല്‍ഇന്റെ സന്ദര്‍ഭത്തില്‍ മഹ് ര്‍ തിരിച്ച് വാങ്ങാന്‍ ഇസ് ലാം അനുവാദം നല്‍കുന്നുണ്ട്. ജുമൈലത് എന്ന മഹതി തന്റെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടിയപ്പോള്‍ ഭര്‍ത്താവ് നല്‍കിയ മഹ് ര്‍ തിരിച്ച് കൊടുക്കാന്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയുണ്ടായി (ബുഖാരി). ഈ സന്ദര്‍ഭത്തിലും മഹ് ര്‍ തിരിച്ചു വാങ്ങാതിരിക്കുകയാണ് നല്ലത്. വാങ്ങുകയാണെങ്കില്‍ തന്നെ എന്തെങ്കിലും അവള്‍ക്ക് വിട്ടു കൊടുക്കുന്നതിനാണ് ഇസ് ലാം പ്രേരിപ്പിക്കുന്നത്.

 

ആരാണ് മഹ് ര്‍ നിശ്ചയിക്കേണ്ടത്?

മഹ് ര്‍ സ്ത്രീയുടെ അവകാശമാണ്. അവള്‍ക്ക് അനുഭവിക്കാനുള്ളതാണ്. മഹ് ര്‍ നല്‍കുവാന്‍ പരിശുദ്ധ ഖുര്‍ആനില്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍  എല്ലാം തന്നെ സ്ത്രീകള്‍ക്ക് അവരുടെ മഹ് ര്‍ നല്‍കുവിന്‍ എന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. രക്ഷാധികാരികള്‍ക്ക് നല്‍കുക എന്ന് എവിടെയും പറയുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക, ഇനി അതില്‍ നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ട് തരുന്ന പക്ഷം നിങ്ങള്‍ അത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ച് കൊള്ളുക'' ഖുര്‍ആന്‍ 4:4). മഹ് ര്‍ എന്നത് സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നാണെന്നും അവര്‍ക്ക് തന്നെയാണത് നല്‍കേണ്ടതെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തം. ഈ നിര്‍ദ്ദേശം വരനോടും രക്ഷാധികാരിയോടും ഉള്ളതാണ്. ഇസ് ലാമിന്റെ മുമ്പ് തന്നെ മഹ് ര്‍ നിശ്ചയിച്ച രീതിയിലുള്ള വിവാഹ സമ്പ്രദായം ചിലരില്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്ത്രീയുടെ മഹ് ര്‍ അവള്‍ക്ക് നല്‍കാതെ രക്ഷാധികാരിയാണ് അനുഭവിച്ചിരുന്നത്. ഇത്തരം സമീപനങ്ങള്‍ രക്ഷാധികാരികള്‍ കൈകൊള്ളരുതെന്ന സൂചന ഈ വചനത്തിലുണ്ട്. മഹ് ര്‍ നിശ്ചയിക്കാനുള്ള ഉയര്‍ന്ന അധികാരം സ്ത്രീകള്‍ക്കാണ്; കാരണം അത് അവരുടെ അവകാശമാണ്. അതുകൊണ്ട് മൂന്ന് രീതിയില്‍ മഹ് ര്‍ തീരുമാനിക്കാവുന്നതാണ്, (ഒന്ന്) ആദ്യമായി സ്ത്രീ തന്നെ എനിക്ക് എത്ര മഹ് ര്‍ ലഭിക്കണം എന്ന് പറയുക ഇതാണ് ഏറ്റവും ശരിയായ രീതി. (രണ്ട്) പുരുഷന്‍ പറയുക ശേഷം സ്ത്രീ സമ്മതിക്കുക. സ്ത്രീയുടെ സമ്മതം അന്വേഷിക്കാതെ നിശ്ചയിക്കുവാന്‍ പാടില്ല. (മൂന്ന്) രക്ഷാധികാരി വധുവിന് നല്‍കേണ്ട മഹ് ര്‍ എത്രയാവണം എന്ന് വരനോടോ വരന്റെ വീട്ടുകാരോടോ പറയുക, ശേഷം വധു അത് സമ്മതിക്കുക, ഇവിടെയും സ്ത്രീയുടെ സമ്മതം അന്വേഷിക്കാതെ മഹ് ര്‍ നിശ്ചയിക്കുവാന്‍ രക്ഷാധികാരിക്ക് അവകാശമില്ല. ബനൂ ഫുസാറയില്‍ പെട്ട ഒരു സ്ത്രീ രണ്ടു ചെരിപ്പ് മഹ് ര്‍ നിര്‍ണയിച്ച് വിവാഹിതയായി. പ്രവാചകന്‍ അവളോട് ചോദിച്ചു: നീ മനസാ തൃപ്തിപ്പെട്ടുവോ? അവള്‍ പറഞ്ഞു: അതെ. അപ്പോള്‍ പ്രവാചകന്‍ അത് മഹ്റായി അനുവദിച്ചു (അഹ്മദ്). ഉമ്മുസുലൈം എന്ന സ്വഹാബി വനിത അബൂത്വല്‍ഹത്തിനെ വിവാഹം ചെയ്തപ്പോള്‍ അവരുടെ മഹ് ര്‍ ആ മഹതി തന്നെയാണ് നിശ്ചയിച്ചത്. ശേഷം മഹതി പറഞ്ഞു. ഇനി മറ്റൊന്നും ഞാന്‍ മഹ്റായി താങ്കളോട് ചോദിക്കുകയില്ല (ബുഖാരി).

മഹ്‌റിന് പിന്നിലെ യുക്തി

 

  • മഹ്‌റിലൂടെ സ്ത്രീയെ ആദരിക്കുകയാണ് ചെയ്യുന്നത്. അവള്‍ പുരുഷനെ തേടി പോകുന്നതിന് പകരം പുരുഷന്‍ അവളെ തേടി എത്തുകയാണ്. വിവാഹ സമയത്ത് പെണ്‍വീട്ടുകാരില്‍നിന്ന് പണവും സമ്പത്തും സ്വീകരിക്കുന്ന സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായി ചെലവുകള്‍ വഹിക്കേണ്ടത് പുരുഷനാണെന്ന് അത് വ്യക്തമാക്കുന്നു.
  • സ്ത്രീയോടുള്ള പുരുഷന്റെ താല്‍പര്യവും സ്‌നേഹവും പ്രകടിപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. സ്ത്രീക്കുള്ള വിലയായിട്ടല്ല അത് നല്‍കുന്നത്, മറിച്ച് അവള്‍ക്ക് നല്‍കുന്ന ഒരു വിവാഹ സമ്മാനമാണത്. 'നിങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം സമ്മാനമായി നല്‍കുക' (ഖുര്‍ആന്‍ 4:4). (സമ്മാനം എന്നര്‍ഥമുള്ള 'നിഹ് ല' എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്)
  • മഹ്‌റുമായി ബന്ധപ്പെടുത്തിയാണ് പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്ന വാക്കുച്ചരിക്കുന്നത്. സ്ത്രീക്ക് വേണ്ടി പുരുഷന്‍ പണം ചെലവഴിക്കുന്നത് അവന്‍ ഗൗരവത്തോടെയാണ് ആ ബന്ധത്തിലേര്‍പ്പെടുന്നത് എന്നതിന്റെ അടയാളമാണ്. ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് വിവാഹമോചനം ചെയ്താലും മഹ്‌റിന്റെ പകുതി സ്ത്രീക്ക് അവകാശപ്പെട്ടതാണ്. ശക്തമായ ഒരു കരാറാണ് വിവാഹം എന്നാണിത് വ്യക്തമാക്കുന്നത്. ശാരീരികമായ ആസ്വാദനമല്ല അതിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും മഹ്‌റിന്റെ പകുതി നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത്: 'ഇനി പരസ്പര സ്പര്‍ശത്തിനുമുമ്പ് ത്വലാഖ് കൊടുത്തു, വിവാഹമൂല്യം നിശ്ചയിച്ചിട്ടുമുണ്ട്. എങ്കില്‍ നിശ്ചിത വിവാഹമൂല്യത്തിന്റെ പകുതി നല്‍കേണ്ടതാകുന്നു'(ഖുര്‍ആന്‍ 2: 237).
  • കുടുംബത്തിന്റെ മേധാവിത്വം ഇസ് ലാം പുരുഷന്റെ കൈയിലാണ് ഏല്‍പിക്കുന്നത്. പ്രകൃതിപരമായി തന്നെ കുടുംബമെന്ന സംവിധാനത്തിന്റെ നിയന്ത്രണത്തിന് ഏറ്റവും അനുയോജ്യന്‍ പുരുഷനാണ്. അവന് നല്‍കപ്പെട്ടിരിക്കുന്ന അവകാശത്തിന് പകരമായി അവന്റെ മേല്‍ ചുമത്തുന്ന ബാധ്യതയാണ് മഹ് ര്‍. നിസ്സാരമായ കാരണങ്ങളുടെ പേരില്‍ കുടുംബം തകരുന്നതില്‍ അവന്‍ സൂക്ഷ്മത പാലിക്കുന്നവനായി മാറും. കാരണം അവനാണ് അതിന്റെ നിര്‍മാണത്തിന് വിലയൊടുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ തകര്‍ച്ച അവന്റെ പരാജയം കൂടിയായിരിക്കും. അല്ലാഹു പറയുന്നു:

'പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്' (ഖുര്‍ആന്‍4: 34).

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media