നമ്മെ വിട്ടുപോകുന്ന മക്കള്‍
കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മറ്റൊരു സുപ്രധാന കാര്യം കൂടി അദ്ദേഹം
കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മറ്റൊരു സുപ്രധാന കാര്യം കൂടി അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ സംസ്ഥാനത്ത് കോവിഡ് കാലയളവില്‍ മാത്രമായി നടന്ന ആത്മഹത്യയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കൗമാരപ്രായക്കാരായ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയെ കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെട്ടതും സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതും. നാട് നിയന്ത്രണങ്ങള്‍ക്കും അടച്ചുപൂട്ടലുകള്‍ക്കും വിധേയമായ മാര്‍ച്ച് 25 മുതല്‍ ജൂലൈ ഒമ്പതുവരെ കേരളത്തില്‍ 66 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളാണ് ഇങ്ങനെ സ്വയം ഹത്യ ചെയ്ത് അവരുടെ ജീവിതത്തോടുള്ള പ്രതിഷേധം അറിയിച്ചത്.
സാമൂഹിക ജീവിതത്തിന്റെ തുറസ്സുകളും സാധ്യതകളും അടയുകയും അതിലൂടെ ലഭ്യമാകുമായിരുന്ന മാനസികോല്ലാസങ്ങള്‍ നഷ്ടമാവുകയും ചെയ്തത് കുട്ടികളെ മാത്രമല്ല, പ്രായംകൊണ്ടും പരിചയം കൊണ്ടും പക്വതയെത്തിയവര്‍ക്കും വല്ലാത്ത ഭീതിയും ആശങ്കയും വിഷാദവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ കരുതല്‍ ഏറെ ആവശ്യമുള്ള കുട്ടികളിലേക്കും കൗമാരക്കാരിലേക്കും അത് വ്യാപിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണ്ടതാണ്.
ചേര്‍ത്തുനിര്‍ത്താന്‍ ആളില്ലാതായിപ്പോകുന്നതും ജീവിതത്തെക്കുറിച്ച പ്രതീക്ഷകളുടെയും താല്‍പര്യങ്ങളുടെയും പൂര്‍ത്തീകരണമില്ലായ്മയും ആണ് നിരാശക്കും വിഷാദത്തിനും കാരണമായി മാറുന്നത്. പുറം കളികളും സൗഹൃദങ്ങളും തടയപ്പെടുകയും വീട്ടില്‍ മാതാപിതാക്കളുടെ കാര്‍ക്കശ്യം ഏറുകയും ചെയ്യുന്നത് മനോഘടനയെ തെറ്റിക്കാന്‍ സാധ്യതയേറെയെന്നാണ് മനശ്ശാസ്ത്രപഠനങ്ങള്‍ പറയുന്നത്. അതോടൊപ്പം പരിചയിച്ചും ശീലിച്ചും വന്നിട്ടില്ലാത്ത പുതിയൊരു പഠന രീതി-ഓണ്‍ലൈന്‍ പഠന രീതിയും ചില കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് പോലുള്ള സാമൂഹിക തിന്മകള്‍, വഴിവിട്ട ബന്ധങ്ങള്‍ എന്നിവ നമ്മുടെ കുടുംബബന്ധത്തെ താളം തെറ്റിച്ചിട്ടുണ്ട്. ഇതിന് പലപ്പോഴും ഇരയാകുന്നത് കുട്ടികളാണ്. അതുപോലെ പഠനത്തിലും കരിയറിലും തങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളം മക്കളിലൂടെ പൂര്‍ത്തീകരിക്കാനുള്ള മാതാപിതാക്കളുടെ വെപ്രാളവും തത്രപ്പാടും കുട്ടികളില്‍ വലിയതോതില്‍ സമ്മര്‍ദമേറ്റുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. തങ്ങളെപ്പോലെ തന്നെ വികാരവിചാരങ്ങളും ആധിയും ഉത്കണ്ഠയും ഉള്ളവരാണ് തങ്ങളുടെ കുഞ്ഞുങ്ങളെന്നും അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്നും രക്ഷിതാക്കള്‍ തിരിച്ചറിയണം.
ഏറ്റവും ആദ്യം ജീവിതത്തെക്കുറിച്ച ബോധ്യമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. പരിഗണനയും ലക്ഷ്യവും ഭൗതികമായ ജീവിത വിജയങ്ങളില്‍ അര്‍പ്പിക്കുകയും പാരത്രികവും ദൈവികവുമായ മോക്ഷത്തിലേക്കുള്ള വഴികളെ മറന്നുകളയുകയും ചെയ്യുകയാണ് പലപ്പോഴും നാം. ആത്യന്തികമായ ജീവിത വിജയം പരലോകമാണെന്ന യാഥാര്‍ഥ്യം നമ്മുടെ മക്കള്‍ക്ക് കുഞ്ഞുനാളിലേ കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിരാശയില്‍നിന്നും അതുപോലുള്ള വിഷാദങ്ങളില്‍നിന്നും നമ്മുടെ മക്കളെ കാത്തു രക്ഷിക്കാം.