സത്യവിശ്വാസികള്‍ക്ക് അത്യധികം പ്രാധാന്യമുള്ള രണ്ട് ആരാധനാ കര്‍മങ്ങളാണ് ഹജ്ജും ഉംറയും. നിശ്ചിത ഉപാധികള്‍ പൂര്‍ത്തിയായവര്‍
സത്യവിശ്വാസികള്‍ക്ക് അത്യധികം പ്രാധാന്യമുള്ള രണ്ട് ആരാധനാ കര്‍മങ്ങളാണ് ഹജ്ജും ഉംറയും. നിശ്ചിത ഉപാധികള്‍ പൂര്‍ത്തിയായവര്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ നിര്‍വഹിക്കല്‍ നിര്‍ബന്ധമുള്ളൂവെങ്കിലും പിന്നെയും പിന്നെയും നിര്‍വഹിക്കണമെന്ന അന്ത്യമില്ലാത്ത ആഗ്രഹം അവേശഷിപ്പിക്കുന്നുവെന്നതാണ് ഈ രണ്ട് ആരാധനകളുടെയും സവിശേഷത. ഹജ്ജും ഉംറയും അനുഷ്ഠിക്കുന്നതിലൂടെ ലഭ്യമാക്കുന്ന ഐഹികവും പാരത്രികവുമായ സദ്ഫലങ്ങളുടെ ആധിക്യമാണ് ഇതിനു കാരണം. ഇത്രയും മഹത്തര കര്‍മമായ ഹജ്ജും ഉംറയും അനുഷ്ഠിക്കാന്‍ സാധ്യമാവാത്ത സാഹചര്യം സംജാതമാവുകയെന്നത് സത്യവിശ്വാസികള്‍ക്ക് അസഹ്യവും വേദനാജനകവുമായിരിക്കും. കോവിഡ് 19-ന്റെ ഇക്കാലത്ത് അങ്ങനെയുള്ള ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉംറ നിര്‍വഹണം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ അസാധ്യമായ ഏതാനും മാസങ്ങള്‍ കടന്നുപോയി. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുള്ളവര്‍ ഹജ്ജ് യാത്രക്ക് അപേക്ഷയും പണവും നല്‍കി യാത്രാ തീയതി സംബന്ധിച്ച അറിയിപ്പ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ മഹാമാരി ലോകമൊന്നാകെ പിടിച്ചുകുലുക്കി കടന്നുവന്നത്. ഹജ്ജിന്റെ കാര്യത്തില്‍ എന്ത് തീരുമാനമുണ്ടാകുമെന്ന് ആളുകള്‍ ഉല്‍ക്കണ്ഠപ്പെടുന്നതിനിടയിലാണ് സുഊദി അറേബ്യക്കകത്തുള്ള സ്വദേശികളും വിദേശികളുമായ നിശ്ചിത എണ്ണം ആളുകള്‍ക്കു മാത്രമേ കര്‍ശനമായ ചില ഉപാധികളോടെ ഹജ്ജില്‍ പങ്കെടുക്കാന്‍ സാധ്യമാകൂ എന്ന അറിയിപ്പ് വന്നത്. ഈ സാഹചര്യത്തില്‍ പലരും ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ചരിത്രത്തിലെപ്പോഴെങ്കിലും ഹജ്ജ് നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എപ്പോഴൊക്കെ? എന്തിന്റെ പേരിലായിരുന്നു അത്? പകര്‍ച്ചവ്യാധിയുടെ പേരില്‍ ഹജ്ജ് തന്നെ നിര്‍ത്തിവെക്കുന്നതിന്റെ മതവിധിയെന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ മുമ്പില്‍ വെച്ചു കൊണ്ട് ഹ്രസ്വമായ മറുപടി നല്‍കുകയാണ് ഇവിടെ.
ഹിജ്‌റ 9-ാം വര്‍ഷം ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടതു മുതല്‍ പല കാലങ്ങളിലും ഹജ്ജ് നിര്‍വഹണത്തിന് വിഘ്‌നം സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ പൂര്‍ണമായും മറ്റു ചിലപ്പോള്‍ ഭാഗികവുമായിരുന്നു തടസ്സങ്ങള്‍. ഹജ്ജ് കര്‍മം തന്നെ നിര്‍വഹിക്കാന്‍ സാധിക്കാതിരിക്കുക എന്നതാണ് പൂര്‍ണമായ തടസ്സം കൊണ്ട് ഉദ്ദേശിക്കുന്നത്, ഹജ്ജ് കര്‍മം നടക്കുമെങ്കിലും ചില പ്രദേശത്തുകാര്‍ക്ക് അതില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാവുക എന്നതാണ്. ഹജ്ജ് കര്‍മാനുഷ്ഠാനത്തില്‍ പ്രവേശിച്ച ശേഷം അത് പൂര്‍ത്തീകരിക്കാന്‍ സാധ്യമാവാത്ത സാഹചര്യം സംജാതമാവുന്നതും അതില്‍ പെട്ടതാണ്. തീവ്രവാദികളായ അക്രമി സംഘത്തിന്റെ ക്രൂരകൃത്യങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മോശമായ കാലാവസ്ഥ, ആഭ്യന്തര സംഘര്‍ഷം, വിലക്കയറ്റം, കൊള്ളസംഘങ്ങളുടെ സാന്നിധ്യം, മക്കയിലേക്ക് എത്താന്‍ സാധിക്കാത്ത വിധം വഴി ദുര്‍ഘടമാകല്‍ എന്നീ കാരണങ്ങളാലെല്ലാം ജനങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സാധ്യമാവാതെ വന്നിട്ടുണ്ട്.
ഖറാമിത്വയുടെ ആക്രമണം
ദീര്‍ഘമായ വര്‍ഷങ്ങള്‍ ഹജ്ജ്കര്‍മം തന്നെ മുടങ്ങിപ്പോയത് ഖറാമിത്വയുടെ ആക്രമണകാലത്താണ്. മധ്യപൗരസ്ത്യദേശത്ത് ക്രിസ്ത്വബ്ദം ഒമ്പതാം നൂറ്റാണ്ടില്‍ ജന്മമെടുത്ത് പതിനൊന്നാം നൂറ്റാണ്ടില്‍ തിരോഭവിച്ച ഒരു തീവ്രവാദി സംഘമാണ് ഖറാമിത്വ. ശീഈകളിലെ ഇസ്മാഈലീ വിഭാഗവുമായി ബന്ധമുള്ളവരാണിവര്‍. ഹംദാന്‍ എന്ന് പേരുള്ള ഒരാളാണ് ഇതിന്റെ സ്ഥാപകന്‍. ഹംദാന്റെ വിളിപ്പേര് ഖിര്‍മിത്വ് എന്നായിരുന്നു. അതില്‍നിന്ന് ഉടലെടുത്തതാണ് ഖറാമിത്വ. ഖറാമിത്വയുടെ ആദ്യകേന്ദ്രം ഇറാഖിലെ കൂഫക്കും ബസ്വറക്കും ഇടക്കുള്ള വാസിത്വ് പട്ടണമായിരുന്നു. അവിടത്തെ ദരിദ്രരായ നിവാസികള്‍ ഭരണവര്‍ഗമായ അബ്ബാസികളോടും ഭൂവുടമകളോടും വിരോധത്തില്‍ കഴിയുകയായിരുന്നു. അബ്ബാസികളോട് ശത്രുതയില്‍ കഴിഞ്ഞിരുന്ന ശീഈ വിഭാഗത്തിലെ ഒരു സാധാരണ കര്‍ഷകന്‍ മാത്രമായിരുന്ന ഹംദാനെ അവര്‍ തങ്ങളുടെ നേതാവും പ്രചാരകനുമായി തെരഞ്ഞെടുത്തു. ഭക്തിയും വിരക്തിയും പ്രകടിപ്പിച്ചിരുന്ന ഹംദാന്‍ തെറ്റായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. ഖിര്‍മിത്വിന് ധാരാളം അനുചരന്മാരെ ലഭിച്ചു. ഹി. 283-ല്‍ അബ്ബാസീ ഖലീഫയായ മുക്തഫീ ബില്ലാഹ് ഖിര്‍മത്വ് എന്ന ഹംദാനെ വധിച്ചു.
ഹംദാനുശേഷം അബൂസഈദില്‍ ജന്നാബി എന്ന ആള്‍ ഖറാമിത്വയുടെ നേതാവായി. അദ്ദേഹം ബഹ്‌റൈനിലെ അല്‍ അഹ്‌സായില്‍ ഒരു വലിയ ശാഖ രൂപവത്കരിച്ചു. എല്ലാ ശാഖകളും ഒന്നിച്ച് അബ്ബാസിയാ ഖിലാഫത്തിനെതിരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ബഹ്‌റൈനില്‍ ഖറാമിത്വയുടെ പ്രവര്‍ത്തനം ശക്തമായപ്പോള്‍ ഖലീഫ മുഅ്തദിദ് ഒരു സൈന്യത്തെ അയച്ച് അവരെ നേരിട്ടുവെങ്കിലും സൈന്യം പരാജയപ്പെട്ടു. ഖറാമിത്വ വിപ്ലവകാരികള്‍ ബഹ്‌റൈന്റെ തലസ്ഥാനമായിരുന്ന ഹിജ്ര്‍ പിടിച്ചടക്കി. യമാമയും ഒമാനും അവരുടെ അധീനത്തിലായി.
അബൂത്വാഹിര്‍ സുലൈമാന്‍ ഖറാമിത്വാ നേതാവായപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ ശക്തിയും സ്വാധീനവും പിന്നെയും വര്‍ധിച്ചു. ഹി. 315-ല്‍ അബൂത്വാഹിര്‍ ഹിജാസിലേക്ക് കടന്നു. ദുല്‍ഹജ്ജ് 8-ന് വിവിധ നാടുകളില്‍നിന്ന് ഹജ്ജിന് വന്ന ജനക്കൂട്ടം മസ്ജിദുല്‍ ഹറാമിലും പുറത്തും തെരുവിലും നിറഞ്ഞുനില്‍ക്കെ പെട്ടെന്ന് ഖറാമിത്വകള്‍ ചാടി വീണ് ആക്രമണമാരംഭിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തി. ജനങ്ങള്‍ ചിതറിയോടി. രക്ഷകിട്ടുമെന്ന് വിചാരിച്ച് ചിലര്‍ കഅ്ബയുടെ ഖില്ല പിടിച്ച് അതിനുള്ളില്‍ ഒളിക്കാന്‍ ശ്രമിച്ചു. പക്ഷേ അക്രമികള്‍ കഅ്ബക്ക് ഒരു പവിത്രതയും കല്‍പിച്ചില്ല. അവരുടെ നേതാവ് അബൂത്വാഹിര്‍ ഉറക്കെ വിളിച്ചുപറഞ്ഞു: 'ഞാന്‍ സൃഷ്ടിക്കുന്നു. ഞാന്‍ സംഹരിക്കുന്നു.' വധിച്ച മനുഷ്യരെ സംസം കിണറിലേക്ക് വലിച്ചെറിഞ്ഞു. പലരെയും മസ്ജിദുല്‍ ഹറാമിനുള്ളില്‍ കുഴികുഴിച്ച് മറമാടി.
അവര്‍ കഅ്ബയുടെ വാതില്‍ ഇളക്കിയെടുത്തു. അതിന്റെ വിരി വലിച്ചു കീറി, ഒരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഹജറുല്‍ അസ്‌വദ് ഇളക്കിയെടുത്ത് അവരുടെ ആസ്ഥാനമായ ബഹ്‌റൈനിലേക്ക് കൊണ്ടുപോയി. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരില്‍നിന്ന് അത് വീണ്ടെടുത്ത് തിരികെ കൊണ്ടുവന്നത്. അവരുടെ പ്രഹരമേറ്റ് ഹജറുല്‍ അസ്‌വദ് പല കഷ്ണങ്ങളായി കഴിഞ്ഞിരുന്നു. പിന്നീടത് കോണ്‍ക്രീറ്റില്‍ ഉറപ്പിക്കുകയും അതിന്റെ സംരക്ഷണത്തിന് വെള്ളി കൊണ്ടുള്ള ബലിഷ്ഠമായ ഒരാവരണം പണിയുകയും ചെയ്തു. ആ വര്‍ഷം അവര്‍ മൂവായിരം ഹാജിമാരെ വധിച്ചു എന്നാണ് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഹി. 322-ല്‍ അബൂത്വാഹിര്‍ മരണപ്പെട്ടു. പിന്നെയും ഖറാമിത്വകളുടെ അക്രമങ്ങള്‍ തുടര്‍ന്നുവെങ്കിലും അബ്ബാസികളും സല്‍ജൂഖികളും ഒന്നിച്ച് അവരെ തുരത്തിയോടിച്ചു. അങ്ങനെ രണ്ട് നൂറ്റാണ്ടുകാലം മുസ്‌ലിം ലോകത്തിന് പൊതുവിലും അബ്ബാസിയാ ഭരണകൂടത്തിനു വിശേഷിച്ചും വന്‍ ഭീഷണിയായിരുന്നു ഈ തീവ്രവാദി പ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെട്ടു.
ഇമാം ദഹബിയുടെ 'താരീഖുല്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
''ഹിജ്‌റ 317 ദുല്‍ഹജ്ജ് എട്ടിന് കഅ്ബയുടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് അബൂത്വാഹിര്‍ അല്‍ ഖര്‍മത്വി തന്റെ അനുയായികളോട് അവരുടെ വാളുകളുപയോഗിച്ച് പരിശുദ്ധ ഭവനത്തില്‍ വന്ന ഹാജിമാരെ അറുകൊല ചെയ്യാനും കൊള്ളയടിക്കാനും അവരുടെ രക്തം ചിന്താനും ആഹ്വാനം ചെയ്തു. അയാള്‍ തന്നെ ഭീകരമായി കൂട്ടക്കൊലക്ക് നേതൃത്വം നല്‍കി. 'ഈ കാഫിറുകളെയും കല്ലിന്റെ ആരാധകരെയും വകവരുത്തുക' എന്നും അയാള്‍ അനുചരന്മാരോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കഅ്ബയുടെ മൂലകളെ അവര്‍ തകര്‍ക്കുകയും ഹജറുല്‍ അസ്‌വദ് പിഴുതെടുക്കുകയും ചെയ്തു. ഈ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. കുളിപ്പിക്കുകയോ കഫന്‍ ചെയ്യുകയോ നമസ്‌കരിക്കുകയോ ചെയ്യാതെ ഇതേ സ്ഥലത്തു തന്നെ കുഴിയുണ്ടാക്കി കുഴിച്ചുമൂടപ്പെടുകയാണുണ്ടായത്.''
ചരിത്രഗ്രന്ഥങ്ങളെ അവലംബിച്ചുകൊണ്ട് ചില സുഊദീ രേഖകള്‍ പറയുന്നു: ''അവര്‍ ഹജറുല്‍ അസ്‌വദിനെ അതിന്റെ സ്ഥാനത്തുനിന്ന് പിഴുതെടുത്ത് അവരുടെ പ്രബോധനകേന്ദ്രവും രാഷ്ട്ര തലസ്ഥാനവുമായ ബഹ്‌റൈനിലെ ഹജ്‌റിലേക്ക് കൊണ്ടുപോയി. അബൂത്വാഹിര്‍ ദാറുല്‍ ഹിജ്‌റ എന്ന പേരില്‍ അവിടെ ഒരു കെട്ടിടം പണിതിരുന്നു. അതില്‍ ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചു. കഅ്ബയിലേക്കുള്ള ഹജ്ജ് മുടങ്ങിപ്പോകാനും ആളുകള്‍ ഹജ്ര്‍ പട്ടണത്തിലേക്ക് യാത്ര ചെയ്യാനും വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആ വര്‍ഷങ്ങളിലെല്ലാം ഹജ്ജ് മുടങ്ങി. ഖറാമിത്വയുടെ അതിക്രമങ്ങള്‍ കാരണത്താല്‍ പത്ത് വര്‍ഷമാണ് ഹജ്ജ് മുടങ്ങിയത്.''
പകര്‍ച്ചവ്യാധികള്‍
വസൂരി, കോളറ, പ്ലേഗ് മുതലായ മഹാമാരികള്‍ കാരണത്താല്‍ ഹജ്ജ് പൂര്‍ണമായോ ഭാഗികമായോ മുടങ്ങിയ പല സന്ദര്‍ഭങ്ങളും ഉണ്ടായതായി ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രകാരനായ ഇബ്‌നുകസീര്‍ 'അല്‍ബിദായ വന്നിഹായ' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
''ഹി. 357-ല്‍ ഹിജാസില്‍ വസൂരി രോഗം പടര്‍ന്നുപിടിക്കുകയും അതില്‍ ധാരാളം ആളുകള്‍ മരണമടയുകയും ചെയ്തു. ഹജ്ജ് യാത്രികര്‍ സഞ്ചരിച്ചിരുന്ന ഒട്ടകങ്ങള്‍ പോലും വഴിയില്‍ വെച്ച് ദാഹം സഹിക്കാന്‍ കഴിയാതെ ചത്തുപോയി. ഹജ്ജ് യാത്രക്കാരില്‍ കുറച്ചുപേര്‍ക്ക് മാത്രമേ മക്കയിലെത്താന്‍ സാധിച്ചുള്ളൂ. എത്തിയവരില്‍തന്നെ അധികപേരും ഹജ്ജിനുശേഷം മരണമടഞ്ഞു.''
1814-ല്‍ പ്ലേഗ് പിടിപെട്ട് ഹിജാസില്‍ എണ്ണായിരത്തോളം ആളുകള്‍ മരണമടഞ്ഞതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതു കാരണം ആ വര്‍ഷം ഹജ്ജ് നിര്‍ത്തിവെച്ചു.
ക്രി. 1887 മുതല്‍ 1892 വരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴും മഹാമാരി കാരണത്താല്‍ ഹജ്ജ് പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തിവെച്ച സംഭവങ്ങളുണ്ടായി.
മറ്റു കാരണങ്ങള്‍
മോശമായ കാലാവസ്ഥ, ആഭ്യന്തര സംഘര്‍ഷം, വിലക്കയറ്റം, കൊള്ള സംഘങ്ങളുടെ വിളയാട്ടം മുതലായ കാരണങ്ങളാലും ഹജ്ജ് അനുഷ്ഠാനം പലപ്പോഴും ഭാഗികമായി തടയപ്പെട്ടിട്ടുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ യഥാസമയത്ത് നടക്കുമെങ്കിലും ഉപര്യുക്ത കാരണങ്ങളാല്‍ പലര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരിക എന്നതാണ് ഹജ്ജ് ഭാഗികമായി തടയപ്പെടുക എന്നതിന്റെ ഉദ്ദേശ്യം.
ഹി. 417-ലെ സംഭവങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ചിത്രകാരനും 'അല്‍കാമില്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ഇബ്‌നു അസീര്‍ പറയുന്നു:
''ഈ വര്‍ഷം ഇറാഖില്‍ അതികഠിനമായ ശൈത്യമായിരുന്നു. അതു കാരണം ടൈഗ്രീസ് പോലെയുള്ള വന്‍നദികളിലെ വെള്ളം ഉറച്ചുപോയിരുന്നു. കൃഷി നനക്കാനുള്ള തോടുകളുടെ സ്ഥിതിയും അതു തന്നെയായിരുന്നു. മഴ വര്‍ഷിക്കുന്നതില്‍ താമസിച്ചുപോവുകയും ടൈഗ്രീസിന്റെയും മറ്റും ഒഴുക്ക് നിന്നുപോവുകയും ചെയ്തത് കാരണത്താല്‍ കുറച്ചു കര്‍ഷകര്‍ക്കു മാത്രമേ തങ്ങളുടെ കൃഷി ചെയ്യാന്‍ സാധിച്ചുള്ളൂ. ആ വര്‍ഷം ഖുറാസാനില്‍നിന്നും ഇറാഖില്‍നിന്നുമുള്ള ഹജ്ജ് യാത്ര മുടങ്ങിപ്പോയി.''
ക്രി. 1013-ല്‍ ഇറാഖില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ആഭ്യന്തര കലാപമുണ്ടാവുകയും ചെയ്തു. മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ക്കപ്പെടുകയും ഇരുഭാഗത്തും ധാരാളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ആ സാഹചര്യത്തില്‍ ആര്‍ക്കും ഹജ്ജിനു പോകാന്‍ സാധിച്ചില്ല. അങ്ങനെ ഇറാഖികള്‍ക്ക് അക്കൊല്ലത്തെ ഹജ്ജ് മുടങ്ങിപ്പോയി.
ക്രി. 1028-ല്‍ ഫാത്വിമീ ഭരണാധികാരിയായ അബ്ദുല്‍ അസീസ് ബില്ലാഹിയുടെ കാലത്ത് ഈജിപ്തിലും സമീപരാജ്യങ്ങളിലും വമ്പിച്ച വിലക്കയറ്റമുണ്ടായി. അതുകാരണത്താല്‍ ആളുകള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ ആ വര്‍ഷം ഈജിപ്തില്‍നിന്നും മറ്റു പൗരസ്ത്യ ദേശങ്ങളില്‍നിന്നും ആരും ഹജ്ജില്‍ സംബന്ധിക്കുകയുണ്ടായില്ല.
ക്രി. 1027-1029 കാലത്ത് കൊള്ള സംഘങ്ങളുടെ ശല്യം കാരണം പല നാട്ടുകാര്‍ക്കും ഹജ്ജിനു പോകാന്‍ സാധിച്ചിരുന്നില്ല. ചില വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഹാജിമാര്‍ പോലും കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
ആധുനിക കാലത്ത്, ആര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ സാധ്യമാവാത്ത ഒരു സാഹചര്യമുണ്ടായി. മഹ്ദി വാദവുമായി ജുഹൈമാനുബ്‌നു അബ്ദുല്ലയും സംഘവും 1979 നവംബര്‍ 20-ന് പരിശുദ്ധ കഅ്ബയും മസ്ജിദുല്‍ ഹറാമും പിടിച്ചടക്കി, സ്വുബ്ഹ് നമസ്‌കാര സമയത്ത് മയ്യിത്ത് കട്ടിലുകളില്‍, മയ്യിത്തുകളാണ് എന്ന വ്യാജേന ആയുധങ്ങള്‍ നിറച്ച് മസ്ജിദുല്‍ ഹറാമിന്റെ വ്യത്യസ്ത വാതിലുകളിലൂടെ അകത്ത് പ്രവേശിച്ച് വിശുദ്ധ ഭവനം പിടിച്ചടക്കുകയാണ് ചെയ്തത്. 1979 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 4 വരെ മക്കയിലെ ഹറം അവരുടെ നിയന്ത്രണത്തിലായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന സൈനിക നടപടിയിലൂടെയാണ് അക്രമികളില്‍നിന്ന് മോചനം ലഭിച്ചത്. ആ സന്ദര്‍ഭത്തില്‍ ഏകദേശം രണ്ടാഴ്ച ആര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ സാധിച്ചിരുന്നില്ല. ആ വര്‍ഷത്തെ ഹജ്ജ് കഴിഞ്ഞ ശേഷം മുഹര്‍റം ഒന്നിനായിരുന്നു സംഭവം.
കോവിഡു കാലത്തെ ഹജ്ജ്
കോവിഡ് 19 എന്ന മഹാമാരി ലോകത്താകെ നാശം വിതക്കുകയും മാനവരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണിയായിത്തീരുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ലോക മുസ്‌ലിം പണ്ഡിത സഭകളും ഫത്‌വാ ബോര്‍ഡുകളും ഫിഖ്ഹീ കൗണ്‍സിലുകളും നിരന്തരം കൂടിയാലോചനകള്‍ നടത്തുകയുണ്ടായി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രൂപത്തില്‍ നിശ്ചിത ഉപാധികളോടെ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹജ്ജ് സംഘടിപ്പിക്കാം എന്ന തീരുമാനത്തിലാണ് അവര്‍ എത്തിയത്.
ഈ വിഷയത്തില്‍ ശര്‍ഇന്റെ വിധിയായി ഈജിപ്തിലെ ഫത്‌വാ ബോര്‍ഡ് സെക്രട്ടറി ശൈഖ് ഉവൈദ ഉസ്മാന്‍ പറയുന്നു:
''ആരോഗ്യ മന്ത്രാലയത്തിനോ ഹജ്ജ്-ഉംറ കമ്മിറ്റിക്കോ, ഹാജിമാര്‍ക്ക് കൊറോണാ ബാധയുണ്ടായേക്കുമെന്ന ഭീഷണിയുണ്ടാവുകയാണെങ്കില്‍ ഹജ്ജ്-ഉംറ കര്‍മങ്ങള്‍ നീട്ടി വെക്കാനോ നിര്‍ത്തി വെക്കാനോ അനുവാദമുണ്ടായിരിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈ വിധി. ഈ മാരകമായ മഹാമാരിയുടെ പ്രതിരോധത്തില്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാകുന്നു. 'പ്രയോജനം നേടുക എന്നതിനേക്കാള്‍ ദോഷം തടുക്കുക' എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇത് ശര്‍ഈ വിധികളുടെ ഒരടിസ്ഥാനമാണ്. മനുഷ്യന്‍ രോഗിയാവുകയോ മരണപ്പെടുകയോ ആണെങ്കില്‍ അവന് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധ്യമാവുകയില്ല. എന്നാല്‍ രോഗത്തില്‍നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ പിന്നെയും അവന് പലപ്രാവശ്യം ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ സമയം ലഭിച്ചേക്കും.''