ഇന്ന് സാഹിത്യം അന്തര്‍മുഖത്വം വെടിഞ്ഞ് നവീകരണപ്രക്രിയയിലൂടെ സ്വയം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എഴുത്തുകാരന് കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുകയും കണ്വെന്ഷണല് സംഭാഷണങ്ങള്‍ക്കു പകരം കഥാപാത്രങ്ങളുടെ ചിന്തകളും തോന്നലുകളും ഓര്‍മകളും യാതൊരു ക്രമവുമില്ലാതെ ആന്തരികബോധത്തില്നിന്ന് പുറത്തേക്കൊഴുക്കുകയും ചെയ്യുന്നു. പരമ്പരാഗത നിര്‍വചനങ്ങള്‍ക്കതീതമായ വാക്യഘടനയോടെ രൂപപ്പെടുന്ന ആഖ്യാന ശൈലി 'ബോധധാരാ' സങ്കേതത്തോടടുത്തുനില്ക്കുന്നു.
ഡൊറോത്തി എം. റിച്ചാഡ്സണ് സംഭാവന ചെയ്ത ഈയൊരു പരിഷ്കാരം വിര്‍ജീനിയ വൂള്‍ഫ്, ജയിംസ് ജോസ് എന്നിവര്‍ പിന്തുടര്ന്നിരുന്നതു കാണാം. ഇങ്ങനെയുള്ള ആധുനികതയിലൂടെ കലാകാരന് അല്ലെങ്കില്‍ എഴുത്തുകാരന് തങ്ങളുടെ പോരായ്മകളും പരിമിതികളും തിരിച്ചറിഞ്ഞു സമൂഹത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവഗണിച്ചുകൊണ്ട് മോഡേണിസത്തിന്റെ ഒരു പ്രധാന സവിശേഷതയായ 'അവന്റ് ഗാര്‍ഡ്' എന്ന പ്രതിഭാസത്തിലേക്ക് കടന്നിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക ക്രമത്തില്‍നിന്ന് സ്വയം ബഹിഷ്കൃതരായി തങ്ങളുടെ മേഖലയില്‍ സ്വയം പരമാധികാരം പ്രഖ്യാപിച്ചുകൊണ്ട് പരമ്പരാഗതമായ വായനക്കാരെ ഞെട്ടിക്കുക, പ്രബലമായ ബൂര്‍ഷ്വാ വിഭാഗത്തിന്റെ ആദര്‍ശങ്ങളെയും നിയമ സാധ്യതകളെയും ഭക്തിമാര്‍ഗങ്ങളെയും വെല്ലുവിളിക്കുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇവിടെ 'സലീം കുരിക്കളകത്ത്' എന്ന എഴുത്തുകാരന് 'മെസപ്പൊട്ടേമിയ' എന്ന ചെറുകഥാ സമാഹാരത്തിലൂടെ സമൂഹം കല്പിച്ചിരിക്കുന്ന അടിസ്ഥാനപരമായ മാമൂലുകളില്‍നിന്ന് സ്വയം വ്യതിചലിച്ച് തന്റേതായൊരു ഭൂമിക അനാവൃതമാക്കുകയാണ് ചെയ്യുന്നത്. സ്ഥൂല ചിന്ത വെടിഞ്ഞ് സൂക്ഷ്മാംശത്തിലൂടെ വായനക്കാരെ തന്റെ കഥാപാത്രങ്ങളുമായി കണ്ണിചേര്‍ക്കുന്ന രചനാ വൈഭവത്തിനുടമയായ ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ അവതാരികയോടു കൂടിയ 'മെസപ്പൊട്ടേമിയ' എന്ന ഈ കൃതി തികച്ചും മാനുഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അനുവാചക ഹൃദയത്തിലേക്കൊരു കൊളുത്തിട്ടുകൊണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു. പണ്ടുകാലത്തേ എല്ലാവരും നുണഞ്ഞുപോരുന്ന മധുരതരമായ കഥകളോടൊപ്പം ചേര്‍ത്തുവെക്കാന്‍ പര്യാപ്തമായ ആഖ്യാന ശൈലിയിലൂടെയാണ് അദ്ദേഹത്തിന്റെ ഓരോ കഥയും രൂപപ്പെട്ടുവരുന്നത്.
'ചൂട്ടുവെളിച്ച'ത്തില്‍ വല്ല്യുമ്മായുടെ കഥകളിലൂടെ ആദു തന്റെ സ്വപ്നം മുഴുവന്‍ കഥകള്‍ കൊണ്ടു നിറച്ചു. അതുകൊണ്ടല്ലേ ഒരു അതീന്ദ്രിയ ശക്തി പോലെ കഥയാശാനായ വാസുവേട്ടന് എന്ത് സംഭവിച്ചുവെന്നത് അവന് തന്റെ സ്വപ്നത്തിലൂടെ മനസ്സിലാക്കാന്‍ സാധിച്ചതും അത് വായനക്കാരുടെ കെട്ടിക്കിടക്കുന്ന ഉദ്വേഗത്തെ ശമിപ്പിച്ചതും!
'കലാകാരനായ പോലീസുകാരന് ചുവന്ന ചായക്കൂട്ടു കൊണ്ട് ശരീരം മുഴുവന്‍ ചിത്രം വരച്ചു, തീര്‍ത്തുകളഞ്ഞ വാസുവേട്ടന്!'
ഇവിടെ കഥപറയല്‍ എന്ന പ്രക്രിയ വല്ല്യുമ്മായില്നിന്ന് തുടങ്ങി പഴയ സിനിമാക്കഥകള്‍ ഗൃഹാതുരതയോടെ ആദുവിനും കൂട്ടുകാര്‍ക്കും പറഞ്ഞുകൊടുക്കുന്ന വാസുവേട്ടനില്‍ വരെയെത്തി നില്ക്കുന്നു. ചിലപ്പോള്‍ ആയിരത്തൊന്ന് രാവിലെ ഷെഹര്സാദിനെപ്പോലെ അയാള്‍ പോലീസുകാരെയും നൂറുനൂറു കഥകള്‍ പറഞ്ഞ് രസിപ്പിച്ചിട്ടുണ്ടായിരിക്കണമെന്ന് എഴുത്തുകാരന് സന്ദേഹപ്പെടുന്നു.
സ്വാഭാവികമായ കഥാപരിസരത്ത് സംഘര്‍ഷത്തിന്റെ സാധ്യതകള്‍ക്ക് വിത്തു വിതറി പുതിയ കഥ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് 'കടല്‍മുറ്റം' എന്ന കഥയിലുള്ളത്. കടലോളം സ്നേഹം കണ്ണില്‍ നിറച്ച് തന്റെ ഭാര്യയും മോളുമടങ്ങിയ കുഞ്ഞുകുടുംബത്തെ കഥകളൂട്ടി വളര്‍ത്തുകയാണ് മരയ്ക്കാര്‍ എന്ന കഥാപാത്രം. കൊലക്കുറ്റമാരോപിച്ച് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാലം വായനയുടെ, എഴുത്തിന്റെ ലഹരിയിലൂടെ തന്റെ പതിനാലു വര്‍ഷത്തെ ജയില്‍ ജീവിതമാണ് നമുക്കു മുമ്പില്‍ വെക്കുന്നത്. മോശപ്പെട്ട ഒരു നിമിഷവും ഒരാളുടെയും ജീവിതത്തിലില്ല എന്ന സത്യം വെളിപ്പെടുത്താനും ഏതൊരവസ്ഥയായാലും ആത്മവിശ്വാസത്തോടുകൂടി അതിനെ നേരിട്ട്, ഒരു നിമിഷം പോലും പാഴാക്കാതെ പ്രവര്‍ത്തിച്ചുകൊണ്ട് നല്ല നാളേക്കായി കാത്തിരിക്കാനുമാണ് ഈ കഥ നമ്മോട് പറയുന്നത്.
തുകലില്‍ നിര്‍മിതമായ ചാട്ട കൊണ്ട് ബേബറസിന്റെ മേല്‍ പതിച്ച ഓരോ അടിയും നിലവിളിയും ഓരോ സംസ്കൃതിയായി പരിണമിച്ച മെസപ്പൊട്ടേമിയയിലെ കഥയുറങ്ങിക്കിടക്കുന്ന ലൈബ്രറി പരിസരം!
വീല്‍ ചെയറിലിരുന്നുകൊണ്ട് നാലു ലക്ഷത്തിലധികം പുസ്തകങ്ങളുറങ്ങുന്ന ലൈബ്രറിയുടെ അമരക്കാരിയായി ഇനിയുമൊരു ടൈഗ്രീസ് നദി കറുത്തൊഴുകാതിരിക്കാനായി സൈനബ് അവിടെയുള്ള പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിക്കുന്നു.
ഇറാഖീ അധിനിവേശ സേന ബസ്വ്റയിലെത്തി അറിവുകളുടെ അക്ഷയഖനി സൈനിക കേന്ദ്രമാക്കിത്തീര്ത്തപ്പോള് പുസ്തകങ്ങള്‍ വീട്ടിലേക്കു മാറ്റി സംരക്ഷിക്കുകയല്ലാതെ സൈനബിന് മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു.
അക്ഷരങ്ങളാല്‍ കോര്‍ത്തെടുത്ത ജീവിതത്തിന്റെ കൊളുത്തുകളഴിഞ്ഞുപോയിട്ടും മുത്തുകളൊന്നും ഊര്ന്നുപോകാതെ മുറുകെപ്പിടിച്ച് അവള് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 'മെസപ്പൊട്ടേമിയ' എന്ന കഥയില്‍! അവതാരികയില്‍ സൂചിപ്പിച്ചതുപോലെ ധിഷണാപരമായ വ്യായാമമെന്നതിലുപരി വായനക്കാര്‍ക്ക് ഹൃദയത്തോട് ചേര്‍ത്തു വെക്കാന്‍ പറ്റിയ കഥയാണ് 'മെസപ്പൊട്ടേമിയ.'
ചരിത്ര പശ്ചാത്തലത്തെ കഥയെന്ന വ്യവഹാരത്തിലേക്ക് പരിണാമപ്പെടുത്തിയെടുത്തതാണ് 'ഒലീവ് കായ'യെന്ന കഥ!
'സ്നേഹിതരേ, കഠാരയുടെ അധികാരത്തിനു വഴങ്ങാത്ത മുറിവാണ് ഞാന്‍' - നിസാര്‍ ഗബ്ബാനിയുടെ വരികള്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ തീവ്രത പ്രകടമാക്കുന്നു. ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാലു പതിറ്റാണ്ട് അടക്കിഭരിച്ച കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെടുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്. മനസ്സിനിണങ്ങാത്തവരോട് ഒരിക്കലും പൊരുത്തപ്പെടരുതെന്ന് സഅദ്നുവിന് നേരെയുളള പ്രതിഷേധത്തിലൂടെ ഹന തുറന്നടിക്കുന്നു. ഈ കഥയുടെ ആസ്വാദനതലത്തിലേക്ക് നമുക്ക് പെട്ടെന്നിറങ്ങിച്ചെല്ലാന്‍ കഴിയുന്നില്ലെങ്കിലും ഉത്തരാധുനികതയുടെ ചായക്കൂട്ടുകള്‍ ഈ കഥയിലെവിടെയൊക്കെയോ പോറല്‍ വീഴ്ത്തി ചിത്രപ്പെടുന്നുണ്ട്.
ചരിത്രവും കഥയും കൂടിക്കലര്‍ന്ന് വായനക്കാരെ അല്പം പോലും വിരസമാകാത്തിടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയെന്നത് ഒരു എഴുത്തുകാരന്റെ കൈയടക്കത്തെയാണ് സൂചിപ്പിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യാ ചരിത്രത്തിലെ കുപ്രസിദ്ധമായ ഒരേടാണ് ഗോസംരക്ഷണമെന്ന മുറവിളിയും അഖ്ലാഖിന്റെ കൊലപാതകവും! 'അഖ്ലാഖിന്റെ മുഖം' എന്ന കഥയില്‍ ഇങ്ങനെ ഒരാനുകാലിക സംഭവത്തെ കഥാതന്തുക്കളുമായി ഇഴചേര്‍ത്ത് അനുവാചകരില്‍ സംഘര്‍ഷാവസ്ഥയുടെ രംഗപടം തീര്‍ക്കുകയാണ് എഴുത്തുകാരന്. 'അങ്ങാടി ജംഗ്ഷന്', 'മീടൂ' എന്നീ കഥകള്‍ മറ്റു കഥകളില്‍നിന്നും വളരെ വേറിട്ടു നില്ക്കുന്നു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് വളരെ സ്വാഭാവികമായി കഥ പറഞ്ഞുതീര്‍ക്കാതെ കഥാന്ത്യത്തെ ഒരു വിപരീതദിശയില്‍ സഞ്ചരിപ്പിക്കുന്നു. ലൈംഗികാതിക്രമം കൂടിവരുന്ന ഇന്നത്തെ കാലത്ത് ഒരു തുറന്നുപറച്ചിലിന് കളമൊരുക്കുന്ന 'ങല ഠീീ' കാമ്പയിന്! അതിലെ സത്യവും മിഥ്യയും ഒരേ പ്ലാറ്റ്ഫോമില്‍ പൊളിച്ചെഴുതപ്പെടുകയാണ്.
'നഗരച്ചൂട്'എന്ന കഥയില്‍ നൂറയും മീരയും തമ്മിലുള്ള അടുപ്പം ഒരു 'റെപ്രസന്റേഷന്‍ മെത്തേഡി'ലൂടെയാണ് പുരോഗമിക്കുന്നത്. ഇവിടെ ആഖ്യാതാവ് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഥാപാത്രങ്ങളുടെ മനസ്സിലുണരുന്ന ചിന്തകളും വികാരങ്ങളും എന്താണെന്ന് കണ്ടെത്തുന്ന കര്‍ത്തവ്യം വായനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് കഥാകാരന് ചെയ്യുന്നത്.
എനിക്കേറെ ഹൃദയത്തില്‍ സ്പര്‍ശിച്ച ഒരു കഥയാണ് 'സെയ്തു മുഹമ്മദ് ഗ്രന്ഥശാല.' അതിലെ സെയ്തു മുഹമ്മദ് നമ്മുടെ ഇടയില്‍ ജീവിക്കുന്നതുപോലെ തോന്നി. ഒരു എഴുത്തുകാരന്റെ ധര്‍മമെന്താണോ അതിലൂന്നി തന്റെ കഥാപാത്രത്തിലൂടെ പുളിച്ചു തികട്ടുന്ന സാമ്പ്രദായിക വ്യായാമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പരിപാകപ്പെടുത്തിയിരിക്കുകയാണ് സെയ്തു എന്ന കഥാപാത്രത്തെ. മണ്ണിനെയും പുസ്തകങ്ങളെയും ഒരുപോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ച സെയ്തുവിന്റെ മരണം ഒരു നെരിപ്പോടായി അനുവാചകരിലെത്തുന്നു.
പ്രശസ്തനായ സ്വീഡിഷ് കവി ഷെല്‍ എസ്പ്മാര്‍ക്ക് എഴുതിയ 'ഭാഷ മരിക്കുമ്പോള്‍' എന്ന കവിതയില്‍ ഒരു ഭാഷ മരിക്കുമ്പോള്‍ മരിച്ചവര്‍ ഒരുകുറി കൂടി മരിക്കുന്നു എന്ന വരികള്‍ ശ്രദ്ധേയമാണ്. ഭൂതകാലത്തിന്റെ ഓര്‍മകള്‍ നാം കാത്തുസൂക്ഷിക്കുന്നതും പുനര്‍ജനിപ്പിക്കുന്നതും ചെയ്യുന്നത് വാക്കുകളിലൂടെയാണ്. ഭാഷ മരിച്ചാല്‍ നമുക്ക് മരിച്ചവരെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള ഓര്‍മകളെ കാത്തുസൂക്ഷിക്കാനാവാതെ വരും. ഇവിടെയാണ് സലീം കുരിക്കളകത്ത് കോറിയിട്ട എഴുത്തുകളുടെ പ്രസക്തി. നിരവധി ചരിത്രപുരുഷന്മാരും ചരിത്രസംഭവങ്ങളും ഇദ്ദേഹത്തിന്റെ എഴുത്തിലൂടെ പുനര്‍ജനിക്കുന്നു.
സ്വത്വം കളയാതെ ഇന്നത്തെ എഴുത്തുകാരുടെ കൂടെ നില്ക്കാന് പ്രാപ്തിയുള്ള ഒരെഴുത്തുകാരന് തന്നെയാണ് ഇദ്ദേഹവും എന്ന് അക്ഷരങ്ങളിലൂടെ ബോധ്യപ്പെടുത്തുകയാണിവിടെ.