എന്റെ ഹജ്ജ് അനുഭവങ്ങള്‍
യു.ടി ഫാത്വിമ ശാന്തപുരം
ആഗസ്റ്റ് 2020
ആനന്ദകരവും ആത്മനിര്‍വൃതി നല്‍കുന്നതുമായ ഹജ്ജ് കര്‍മത്തിന് അവസരം ലഭിക്കുകയെന്നത് ഏതൊരു സത്യവിശ്വാസിയെ
ആനന്ദകരവും ആത്മനിര്‍വൃതി നല്‍കുന്നതുമായ ഹജ്ജ് കര്‍മത്തിന് അവസരം ലഭിക്കുകയെന്നത് ഏതൊരു സത്യവിശ്വാസിയെ സംബന്ധിച്ചും മഹാഭാഗ്യമാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ മൂന്ന് പ്രാവശ്യം ഹജ്ജ് നിര്‍വഹിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അരനൂറ്റാണ്ട് മുമ്പ് പതിനെട്ടും പത്തൊമ്പതും വയസ്സ് പ്രായമുള്ള കാലത്ത് നിര്‍വഹിച്ച ആദ്യത്തെ രണ്ട് ഹജ്ജുകളും ഹജ്ജിനുവേണ്ടിയുള്ള പ്രത്യേക യാത്രയായിരുന്നില്ല. 1968-1972 കാലത്ത് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന ഭര്‍ത്താവ് ഹൈദറലി ശാന്തപുരത്തോടൊപ്പം മദീനയില്‍ താമസിക്കാന്‍ പോയതായിരുന്നു. അദ്ദേഹം 1968-ല്‍ മദീനാ യൂനിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഞങ്ങള്‍ തമ്മിലുള്ള വിവാഹം. മാസങ്ങള്‍ കഴിഞ്ഞ് വാര്‍ഷികാവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോവുമ്പോള്‍ എന്നെയും കൂടെ കൂട്ടി. ഞാന്‍ ചേന്ദമംഗല്ലൂര്‍ മദ്‌റസത്തുല്‍ ബനാത്തിലെ പഠനത്തിനുശേഷം ഇസ്‌ലാമിയാ കോളേജില്‍ പഠനം തുടരുന്ന കാലമായിരുന്നു അത്. പഠനം നിര്‍ത്തുന്നതില്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും പോകുന്നത് മദീനയിലേക്കാണല്ലോ എന്നാലോചിച്ചപ്പോള്‍ സന്തോഷം തോന്നി. മക്കയും മദീനയും സന്ദര്‍ശിക്കാനും ഹജ്ജും ഉംറയും നിര്‍വഹിക്കാനും സൗകര്യം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയാണ് ഏറെ സന്തോഷം നല്‍കിയത്.
യാത്രാരേഖകള്‍ ശരിപ്പെടുത്തി ഞങ്ങള്‍ തീവണ്ടി മാര്‍ഗം ബോംബെയിലേക്ക് പുറപ്പെട്ടു. അവിടെനിന്ന് കപ്പലില്‍ ബഹ്‌റൈനിലേക്കും ബഹ്‌റൈനില്‍നിന്ന് വിമാനമാര്‍ഗം ദഹ്‌റാനിലേക്കും ദഹ്‌റാനില്‍നിന്ന് കാര്‍മാര്‍ഗം മദീനയിലേക്കുമായിരുന്നു യാത്ര. കപ്പല്‍ പുറപ്പെടുന്ന തീയതി പ്രതീക്ഷിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ ബോംബെയിലെ സാബു സിദ്ദീഖ് മുസാഫര്‍ ഖാനയിലാണ് താമസിച്ചത്. ഹജ്ജ് യാത്രക്കാരുടെ താമസത്തിനുവേണ്ടി ചില ഉദാരമതികള്‍ നിര്‍മിച്ചതായിരുന്നു ബോംബെയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പ്രസ്തുത മുസാഫര്‍ ഖാന, അക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ ബോംബെയിലെത്തി അവിടെനിന്ന് കപ്പലിലാണ് ജിദ്ദയിലേക്ക് യാത്രചെയ്തിരുന്നത്. ഹജ്ജ് കാലത്തെ തിരക്കൊഴിഞ്ഞാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബോംബെയിലെത്തുന്നവര്‍ക്ക് തുഛമായ വാടകയില്‍ റൂം കൊടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സാബു സിദ്ദീഖ് മുസാഫര്‍ ഖാനയിലെത്തിയത്. ബഹ്‌റൈന്‍ വഴി പോകാന്‍ അവിടേക്കുള്ള വിസ ബോംബെയില്‍നിന്നു തന്നെ നേടിയെടുക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യയില്‍ അക്കാലത്ത് ബഹ്‌റൈനിന് സ്വന്തമായ എംബസിയോ കോണ്‍സുലേറ്റോ നിലവിലില്ലാതിരുന്നതിനാല്‍ ബോംബെയിലെ ബ്രിട്ടീഷ് ഹൈക്കമീഷണറായിരുന്നു വിസ നല്‍കിയിരുന്നത്. 'ബഹ്‌റൈന്‍ ഗവണ്‍മെന്റിനുവേണ്ടി' എന്നെഴുതിയാണ് ബ്രിട്ടീഷ് ഹൈക്കമീഷണര്‍ വിസയില്‍ ഒപ്പിട്ടിരുന്നത്. 1969 സെപ്റ്റംബര്‍ 10-ന് വിസ ലഭിച്ചുവെങ്കിലും സെപ്റ്റംബര്‍ 21-നാണ് ബോംബെ തുറമുഖത്തുനിന്ന് ഞങ്ങളുടെ കപ്പല്‍ പുറപ്പെട്ടത്.
ബോംബെ വിട്ടാല്‍ കറാച്ചി, മസ്‌കത്ത്, ദുബൈ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് വഴി ബസ്വറയിലേക്കായിരുന്നു കപ്പല്‍ സഞ്ചരിച്ചിരുന്നത്. ആളുകളോടൊപ്പം ചരക്കുകൂടി വഹിക്കുന്നതായിരുന്നു കപ്പല്‍. വിവിധ തുറമുഖങ്ങളില്‍ ആളുകളെയും ചരക്കും ഇറക്കുകയും കയറ്റുകയും ചെയ്യും. ആഴക്കടലായതിനാല്‍ അറബിക്കടലില്‍ ചിലപ്പോള്‍ വന്‍തിരമാലകളടിക്കുമെങ്കിലും അറേബ്യന്‍ ഉള്‍ക്കടല്‍ പൊതുവെ ശാന്തമായിരിക്കും. വാനലോകത്ത് മിന്നിത്തിളങ്ങുന്ന താരഗണങ്ങളെയും കണ്ണെത്താത്ത ദൂരത്തില്‍ പരന്നുകിടക്കുന്ന പാരാവാരത്തെയും നോക്കിക്കണ്ടും ആസ്വദിച്ചുമുള്ള കപ്പല്‍ യാത്ര, വിശിഷ്യാ രാത്രികാലങ്ങളില്‍ അത്യധികം ആനന്ദം പകരുന്നതാണ്. കപ്പലിന്റെ സഞ്ചാരത്തോടൊപ്പം സംഘമായി പറക്കുന്ന പ്രത്യേക തരം മത്സ്യങ്ങളും നയനാനന്ദകരമായ കാഴ്ചയാണ്. നാലാം ദിവസമാണ് ഞങ്ങള്‍ ബഹ്‌റൈനില്‍ കപ്പലിറങ്ങിയത്. അന്നവിടെ ഒരു ലോഡ്ജില്‍ താമസിച്ച് പിറ്റേ ദിവസം മനാമാ എയര്‍പോര്‍ട്ടില്‍നിന്ന് ദഹ്‌റാനിലേക്ക് വിമാനം കയറി. ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ള ദഹ്‌റാനില്‍ നിമിഷങ്ങള്‍കൊണ്ട് ഞങ്ങളെത്തി, ഇന്നത്തെ ദമ്മാം എയര്‍പോര്‍ട്ട് അക്കാലത്ത് ദഹ്‌റാന്‍ എയര്‍പോര്‍ട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബോട്ട് സൗകര്യമുണ്ടായിരുന്നുവെങ്കിലും അതിലെ യാത്രക്ക് മണിക്കൂറുകള്‍ സമയമെടുക്കുന്നതിനാല്‍ ഞങ്ങള്‍ വിമാനത്തിലാണ് യാത്ര ചെയ്തത്. പില്‍ക്കാലത്ത് ബഹ്‌റൈനെയും സുഊദി അറേബ്യയെയും പരസ്പരം ബന്ധിപ്പിക്കുന്ന നീളമേറിയ പാലം നിര്‍മിക്കപ്പെട്ടു.
ദഹ്‌റാനില്‍നിന്ന് മദീനയിലേക്കുള്ള യാത്ര ടാക്‌സി കാറിലായിരുന്നു. നൂറുകണക്കില്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, മരുഭൂമികള്‍ താണ്ടിക്കടന്നുള്ള ആ യാത്ര ഇന്നത്തെപ്പോലെ വിശാലമായ രാജപാതകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ലാത്ത കാലത്ത് ക്ലേശപൂര്‍ണമായിരുന്നുവെങ്കിലും കൗതുകകരമായിരുന്നു. ജീവിതത്തില്‍ ആദ്യമായി മരുഭൂമിയെ അതിന്റെ തനതായ രൂപത്തില്‍ കാണുകയായിരുന്നു. പാരാവാരം പോലെ പരന്നുകിടക്കുന്ന മണല്‍പരപ്പും, കാറ്റിന്റെ ഗതിയനുസരിച്ച് രൂപം പ്രാപിക്കുകയും തകര്‍ന്നില്ലാതാവുകയും ചെയ്യുന്ന മണല്‍കുന്നുകളും സമുദ്രയാനങ്ങളെന്നോണം മരുക്കപ്പലുകളായി സഞ്ചരിക്കുന്ന ഒട്ടകക്കൂട്ടങ്ങളും അത്ഭുതകാഴ്ചയാണ്.
ഞങ്ങള്‍ മദീനയിലെത്തുന്നതിനു മുമ്പുതന്നെ അവിടത്തെ സുഹൃത്തുക്കള്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഫഌറ്റ് കണ്ടുവെച്ചിരുന്നു. ആധുനിക രീതിയിലുള്ള ടെറസ് ബില്‍ഡിംഗുകള്‍ പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലമായതിനാല്‍ മദീനയില്‍ പൊതുവെയുണ്ടായിരുന്ന പഴയ രീതിയില്‍ കളിമണ്ണും ഈത്തപ്പനത്തടിയും ഈത്തപ്പനപ്പട്ടയും പടുമരത്തടിയും കൊണ്ട് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളാണ് നിലവിലുണ്ടായിരുന്നത്. മസ്ജിദുന്നബവിയില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്തായിരുന്നു ഞങ്ങള്‍ക്ക് താമസത്തിന് ലഭിച്ച ഫഌറ്റ്. മൂന്ന് റൂമുകളുള്ള ഫഌറ്റിന്റെ ഒരറ്റത്തുള്ള രണ്ടു റൂമുകളില്‍ കൂടെയുണ്ടായിരുന്ന ഒ.പി അബ്ദുസ്സലാം മൗലവിയുടെ കുടുംബവും മറ്റേ അറ്റത്തുള്ള റൂമില്‍ ഞങ്ങളും താമസിച്ചു. ആദ്യമായി മസ്ജിദുന്നബവി കാണുകയും അവിടെ ചെന്ന് നമസ്‌കരിക്കുകയും ചെയ്തപ്പോഴുണ്ടായ ആഹ്ലാദവും ആത്മനിര്‍വൃതിയും അനിര്‍വചനീയമാണ്. പിന്നീട് അഞ്ചു നേരത്തെ നമസ്‌കാരവും മസ്ജിദുന്നബവിയില്‍ വെച്ചാണ് നിര്‍വഹിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ മഗ്‌രിബ്‌നു മുമ്പ് പള്ളിയില്‍ പോയാല്‍ ഇശാഅ് നമസ്‌കാരത്തിനു ശേഷമേ തിരിച്ചുവന്നിരുന്നുള്ളൂ. എന്റെ ഭര്‍ത്താവ് യൂനിവേഴ്‌സിറ്റിയിലേക്കുള്ള പാഠഭാഗങ്ങള്‍ പഠിച്ചിരുന്നതും നിശ്ചിത ഖുര്‍ആന്‍ സൂറകള്‍ ഹൃദിസ്ഥമാക്കിയിരുന്നതും മസ്ജിദുന്നബവിയില്‍ വെച്ചായിരുന്നു.
മദീനാ ജീവിതകാലത്ത് മൗലാനാ മൗദൂദിയെ നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. 1969 അവസാനത്തില്‍ റബാത്തില്‍ വെച്ച് നടന്ന ഒരന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം തിരിച്ചുപോയത് മദീന വഴിയായിരുന്നു. മസ്ജിദുന്നബവിക്കടുത്തുള്ള തൈസീര്‍ ഹോട്ടലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നമസ്‌കാരത്തിന് മസ്ജിദുന്നബവിയില്‍ വരും. അങ്ങനെ ഒരു ദിവസം നമസ്‌കാരം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചു.
1970-ല്‍ നടന്ന ഹജ്ജില്‍ പങ്കെടുക്കാന്‍ എനിക്ക് സൗകര്യം ലഭിച്ചു. എം.കെ അബ്ദുര്‍റഹ്മാന്‍ തറുവായിയും ഭാര്യ റുഖിയ്യയും മക്കളും ഒ.പി അബ്ദുസ്സലാം മൗലവിയും ഭാര്യ ആഇശയും മക്കളും പി. കുഞ്ഞിമുഹമ്മദ് മൗലവിയും ഭാര്യ സൈനബും മക്കളും ടി.കെ ഇബ്‌റാഹീം സാഹിബും ഭാര്യ സുലൈഖയും ഞങ്ങളും ഒന്നിച്ചാണ് ഹജ്ജിനു പുറപ്പെട്ടത്. മദീനക്കാരുടെ മീഖാത്തായ ദുല്‍ഹുലൈഫയില്‍ വെച്ച് ഉംറക്ക് ഇഹ്‌റാം ചെയ്തു. കഅ്ബക്കു ചുറ്റുമുള്ള ഏഴു പ്രാവശ്യത്തെ ത്വവാഫും മഖാമു ഇബ്‌റാഹീമിനു പിന്നിലെ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരവും നിര്‍വഹിച്ച ശേഷം സംസം വെള്ളം കുടിച്ചു. അക്കാലത്ത് സംസം കിണറില്‍നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കാന്‍ സൗകര്യമുണ്ടായിരുന്നു. പിന്നീട് സ്വഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം വേഗത്തില്‍ നടന്നു. അക്കാലത്ത് സ്വഫായും മര്‍വയും കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ തന്നെയായിരുന്നു. ഉംറ കഴിഞ്ഞ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതുവരെ ഞങ്ങള്‍ താമസിച്ചത് മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനും കെ.എം മൗലവിയുടെ മകനുമായ ശൈഖ് അബ്ദുസ്സമദ് അല്‍ കാതിബിന്റെ ഉടസ്ഥതയിലുള്ള മക്കയിലെ ഒരു വില്ലയിലായിരുന്നു.
ദുല്‍ഹജ്ജ് എട്ടിന് രാവിലെ ഹജ്ജിന് ഇഹ്‌റാം ചെയ്ത് ഞങ്ങള്‍ മിനായിലേക്ക് പുറപ്പെട്ടു. ഇന്നത്തെപ്പോലെ ജനബാഹുല്യമോ വാഹനത്തിരക്കോ ഇല്ലാത്ത കാലമായിരുന്നു അത്. ഹജ്ജുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. മിനായില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ആര്‍ക്കു വേണമെങ്കിലും ടെന്റ് കെട്ടുന്നതിന് വിരോധമുായിരുന്നില്ല. അതിനാല്‍ പലരും മുന്‍കൂട്ടി സ്ഥലം കത്തെി അതില്‍ ടെന്റ് കെട്ടുകയും ആവശ്യക്കാര്‍ക്ക് വാടകക്ക് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. മിനായിലെ മസ്ജിദുല്‍ ഖൈഫിനടുത്ത് അങ്ങനെയുള്ള ഒരു ടെന്റിലാണ് മിനായിലെ ദിവസങ്ങളില്‍ ഞങ്ങള്‍ താമസിച്ചത്. ബലിയനുഷ്ഠാനത്തിന് പ്രത്യേകം സ്ഥലങ്ങളൊന്നും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ആളുകള്‍ തങ്ങള്‍ താമസിക്കുന്ന ടെന്റിനടുത്തു തന്നെ ബലിയറുക്കാനുള്ള ആടുകളെ കെട്ടിയിടുകയും അവിടെ വെച്ചു തന്നെ ബലിയറുക്കുകയുമാണ് ചെയ്തത്. ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൊന്നും പരിഷ്‌കരണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടായിരുന്നില്ല. മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ ഖൈഫ്, മസ്ജിദു നമിറ, മസ്ജിദുല്‍ മശ്അരില്‍ ഹറാം, മത്വാഫ്, സ്വഫാ-മര്‍വ, ജംറകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വമ്പിച്ച പരിവര്‍ത്തനങ്ങളാണ് പില്‍ക്കാലത്ത് ഉണ്ടായത്.
ഹജ്ജ് കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തി മാസങ്ങള്‍ക്കു ശേഷം ഞാനെന്റെ ആദ്യമകള്‍ക്ക് ജന്മം നല്‍കി. മദീനയില്‍ ജനിച്ചവളായതിനാല്‍ മദീനയുടെ അപരനാമമായ ത്വയ്ബ എന്നാണ് അവള്‍ക്ക് നാമകരണം ചെയ്തത്.
1971-ലെ ഹജ്ജ് നിര്‍വഹിച്ചത് പത്ത് മാസം പ്രായമുള്ള മകളെയും ചുമന്നുകൊണ്ടായിരുന്നു. മദീനയിലെ മറ്റു കുടുംബങ്ങളാരും ആ വര്‍ഷത്തെ ഹജ്ജില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല.
മിനായില്‍ ഒരു മുത്വവ്വിഫിന്റെ ക്യാമ്പിലാണ് ഞങ്ങള്‍ താമസിച്ചത്. അറഫയില്‍നിന്ന് വാഹന സൗകര്യം ലഭിക്കാതിരുന്നതിനാല്‍ മുസ്ദലിഫ വരെ കുട്ടിയെ ചുമന്നു കൊണ്ട് നടന്നു പോയി.
ഹജ്ജ് കഴിഞ്ഞ ഉടനെ എനിക്ക് നാട്ടിലേക്ക് തിരിച്ചുപോരേണ്ടിവന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ എന്റെ ഭര്‍ത്താവിന്റെ അവസാന വര്‍ഷമായതിനാല്‍ പഠനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ യൂനിവേഴ്‌സിറ്റിയുടെ വകയില്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിക്കുമെങ്കിലും എന്നെയും കൂടി വിമാനത്തില്‍ കൊണ്ടുവരാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കുമായിരുന്നില്ല. ഞങ്ങളുടെ എല്ലാ ചെലവുകളും നിവര്‍ത്തിച്ചിരുന്നത് അദ്ദേഹത്തിന് മാസാന്തം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുകയായ മുന്നൂറ് റിയാലുകൊണ്ടായിരുന്നു. അതിനാല്‍ സൗകര്യപ്പെടുമെങ്കില്‍ ഹാജിമാരുടെ കപ്പല്‍ ജിദ്ദയില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ അവരുടെ കൂടെ എന്നെയും കുട്ടിയെയും ബോംബെയിലേക്ക് കപ്പലില്‍ അയക്കാന്‍ തീരുമാനിച്ചു. തീവ്രമായ ശ്രമങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്ക് കപ്പലില്‍ സീറ്റ് ലഭിച്ചു. സമീപപ്രദേശത്തുകാരായ സ്ത്രീകളടക്കമുള്ള ചില ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നത് യാത്രയില്‍ സഹായകമായി. ബോംബെ ഹാര്‍ബറില്‍ ഞങ്ങളെ സ്വീകരിക്കാന്‍ എന്റെ പിതാവ് നാട്ടില്‍നിന്ന് എത്തിയിരുന്നതിനാല്‍ തുടര്‍ യാത്രയില്‍ പ്രയാസമുണ്ടായില്ല. ഞങ്ങള്‍ തീവണ്ടിമാര്‍ഗം നാട്ടില്‍ തിരിച്ചെത്തി.
ഇരുപത്തി മൂന്നുവര്‍ഷം കഴിഞ്ഞ് 1994-ല്‍ ആണ് പിന്നീട് ഞാന്‍ ഹജ്ജ് നിര്‍വഹിച്ചത്. അതും ഭര്‍ത്താവിനൊപ്പം തന്നെ. 1976 മുതല്‍ 2006 വരെ എന്റെ ഭര്‍ത്താവ് സുഊദി മതകാര്യ വകുപ്പിനു കീഴില്‍ ഇസ്‌ലാമിക പ്രബോധകനായി യു.എ.ഇയില്‍ സേവനമനുഷ്ഠിച്ചിരുന്നു. അതിനിടയിലാണ് ഒരിക്കല്‍ കൂടി ഹജ്ജ് നിര്‍വഹിക്കാനുള്ള ആഗ്രഹമുണ്ടായത്. എത്ര നിര്‍വഹിച്ചാലും മതിവരാത്തതും പിന്നെയും നിര്‍വഹിക്കണമെന്ന ആഗ്രഹം ജനിപ്പിക്കുന്നതുമായ കര്‍മമാണ് ഹജ്ജ്. അങ്ങനെ ഞങ്ങള്‍ ഹജ്ജിനു മാത്രമായി ഒരു യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹം വന്ന് എന്നെ ദുബൈയിലേക്ക് കൊണ്ടുപോയി. 1994 മെയ് 5-ന് സുഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയില്‍നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. ജിദ്ദയില്‍ എത്തുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് ഉംറക്ക് ഇഹ്‌റാം ചെയ്തു. ഉംറ നിര്‍വഹിച്ച ശേഷം ഇഹ്‌റാമില്‍നിന്ന് ഒഴിവായി അതേ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന തമുത്തുഅ് രൂപത്തിലാണ് ഞങ്ങള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടിലാണ് ചെന്നിറങ്ങിയത്. 1981-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ എയര്‍പോര്‍ട്ടില്‍ ഹാജിമാര്‍ക്കുവേണ്ടി മാത്രം നിര്‍മിക്കപ്പെട്ട ഹജ്ജ് ടെര്‍മിനലില്‍ ഹജ്ജുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. അല്‍പനേരത്തെ വിശ്രമത്തിനുശേഷം മുത്വവ്വിഫ് ഒരുക്കിയ ബസ്സില്‍ മറ്റു ഹാജിമാരുടെ കൂടെ ഞങ്ങള്‍ മക്കയിലേക്ക് പുറപ്പെട്ടു. ഏകദേശം ഒന്നര മണിക്കൂര്‍ നേരത്തെ യാത്രക്കു ശേഷം ഞങ്ങളുടെ ബസ് മക്കയിലെ ഞങ്ങളുടെ മുത്വവ്വിഫിന്റെ ഓഫീസിനു മുമ്പില്‍ നിര്‍ത്തി.
ഞങ്ങള്‍ ലഗേജ് മുത്വവ്വിഫിന്റെ ഓഫീസില്‍ വെച്ച് ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. മക്കയിലെ മസ്ജിദുല്‍ ഹറാമും അനുബന്ധ സ്ഥലങ്ങളുമെല്ലാം കഴിഞ്ഞ ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകെ മാറിക്കഴിഞ്ഞിരുന്നു.
ഞങ്ങള്‍ ഹജ്ജ് കമ്മിറ്റി മുഖേന വന്നവരല്ലാത്തതിനാല്‍ മുന്‍കൂട്ടി താമസസ്ഥലം ഒരുക്കിയിട്ടുണ്ടായിരുന്നില്ല. താമസസ്ഥലം അന്വേഷിക്കുന്നതിനിടയില്‍ ഹജ്ജ് കമ്മിറ്റി മുഖേന വന്ന രണ്ടുപേരെ കണ്ടുമുട്ടി. തങ്ങളുടെ താമസസ്ഥലത്തിന് ആവശ്യക്കാരായി ആരെയെങ്കിലും കിട്ടുകയാണെങ്കില്‍ അതവര്‍ക്ക് നല്‍കി തങ്ങളുടെ താമസം ഹോട്ടലിലേക്ക് മാറാമെന്ന ഉദ്ദേശ്യത്തോടെ ആവശ്യക്കാരെ അന്വേഷിച്ചു നടക്കുകയായിരുന്നു അവര്‍. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുംപോലെ ആയിരുന്നു അത്.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഞങ്ങള്‍ മദീനാ സന്ദര്‍ശനത്തിന് പോയി. മക്കയെപ്പോലെത്തന്നെ മദീനയും അടിമുടി മാറിയതായി അനുഭവപ്പെട്ടു. മസ്ജിദുല്‍ ഹറാം പോലെ മസ്ജിദുന്നബവിയും വളരെയധികം വിപുലീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളെല്ലാം മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
മദീനയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ മുമ്പ് പലപ്പോഴും സന്ദര്‍ശിച്ചതാണെങ്കിലും ഒരിക്കല്‍ കൂടി സന്ദര്‍ശനം നടത്തി. എല്ലായിടത്തും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തെ താമസത്തിനുശേഷം ഞങ്ങള്‍ മക്കയിലേക്ക് മടങ്ങി. തിരിച്ചുവരുമ്പോള്‍ ദുല്‍ഹുലൈഫയില്‍നിന്ന് ഒരു ഉംറക്കുകൂടി ഇഹ്‌റാം ചെയ്തു. മക്കയിലെത്തി ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതുവരെ മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരവും കഅ്ബാ ത്വവാഫുമായി കഴിച്ചുകൂട്ടി.
ദുല്‍ഹജ്ജ് ഏഴിന് രാത്രി മുത്വവ്വിഫിന്റെ വാഹനത്തില്‍ മിനായിലേക്ക് പുറപ്പെട്ടു. ടെന്റുകളുടെ നഗരം എന്ന പേരിലറിയപ്പെടുന്ന വിശാലമായ മിനായില്‍ മുത്വവ്വിഫ് സജ്ജമാക്കിയ ക്യാമ്പില്‍ ഞങ്ങള്‍ ചെന്നിറങ്ങി. ഒരു മുത്വവ്വിഫിന്റെ ക്യാമ്പില്‍ ഏകദേശം നാലായിരം ഹാജിമാരാണുണ്ടാവുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഹാജിമാര്‍ ഞങ്ങളുടെ ക്യാമ്പിലുണ്ടായിരുന്നു. ദുല്‍ഹജ്ജ് ഒമ്പതിന് അറഫയിലേക്കു പുറപ്പെടുന്നതുവരെയുള്ള ഓരോ നമസ്‌കാരവും അതതിന്റെ സമയത്തു തന്നെ നിര്‍വഹിച്ചു. ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ അറഫയിലേക്ക്. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ഹാജിമാരുടെ വാഹനങ്ങള്‍ കൊണ്ട് എല്ലാ റോഡുകളും നിറഞ്ഞിരിക്കുന്നു. അന്തരീക്ഷമാകമാനം തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതം. അറഫയുടെ അതിര്‍ത്തിയായ വാദി നമിറയില്‍ മസ്ജിദു നമിറ എന്ന പേരിലറിയപ്പെടുന്ന വിശാലമായ ഒരു പള്ളിയുണ്ട്. ഹജ്ജിന്റെ അമീര്‍ അവിടെ വെച്ച് ഹാജിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ഞങ്ങളുടെ കൈയില്‍ ഉള്ള ഒരു ചെറിയ റേഡിയോയിലൂടെ ശ്രവിക്കാന്‍ സാധിച്ചു.
ടെന്റുകളില്ലാത്ത തുറന്ന മൈതാനിയില്‍നിന്നും പ്രഭാത പ്രാര്‍ഥനക്കു ശേഷം ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴ് കല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക് പുറപ്പെട്ടു. വാഹനയാത്രക്ക് മണിക്കൂറുകള്‍ എടുക്കുന്നതിനാല്‍ കാല്‍നടയായാണ് ഞങ്ങള്‍ മിനായിലേക്ക് പോയത്. കല്ലേറ് കര്‍മം നിര്‍വഹിച്ച ശേഷം ഹജ്ജിന്റെ പ്രധാന കര്‍മങ്ങളില്‍പെട്ട ത്വവാഫുല്‍ ഇഫാദയും സഅ്‌യും നിര്‍വഹിക്കാന്‍ മക്കയിലേക്കു പോയി. നടന്നുതന്നെയാണ് പോയത്. വലിയ തിരക്കായിരുന്നുവെങ്കിലും രണ്ടു കര്‍മങ്ങളും നിര്‍വഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് പോയി. ഞാനെന്റെ മുടിയില്‍നിന്ന് ഒരു വിരല്‍തുമ്പിന്റെ അത്ര മുറിച്ചു. ബലിയനുഷ്ഠാനത്തിനുള്ള കൂപ്പണ്‍ മുന്‍കൂട്ടി എടുത്തിരുന്നതിനാല്‍ അത് ഞങ്ങള്‍ക്ക് നേരിട്ട് ചെയ്യേണ്ടിവന്നില്ല. വൈകുന്നേരത്തോടെയാണ് ഞങ്ങള്‍ മിനായില്‍ തിരിച്ചെത്തിയത്. അന്ന് രാത്രിയും പിറ്റേന്നും മിനായില്‍ താമസിച്ചു. ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളില്‍ ജംറത്തുസ്സുഗ്‌റാ, ജംറത്തുല്‍ വുസ്ത്വാ, ജംറത്തുല്‍ അഖബ എന്നീ സ്ഥലങ്ങളില്‍ കല്ലേറ് നടത്തി. ദുല്‍ഹജ്ജ് പന്ത്രണ്ടിന് കല്ലേറ് കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചുപോയി. ദുബൈയിലേക്ക് തിരിച്ചുവരേണ്ടുന്ന തീയതി ആകുന്നതുവരെ മക്കയില്‍ താമസിച്ചു. തിരിച്ചുവരുന്ന ദിവസം കഅ്ബയുടെ വിടവാങ്ങല്‍ ത്വവാഫ് (ത്വവാഫുല്‍ വിദാഅ) നിര്‍വഹിച്ച ശേഷം ജിദ്ദാ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. 1994 മെയ് 25-ന് സുഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയില്‍ തിരിച്ചെത്തി. മൂന്ന് ദിവസം കഴിഞ്ഞ് മെയ് 28-ന് ഷാര്‍ജാ എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലും തിരിച്ചെത്തി.