ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേള 1921-ലെ മലബാര്‍ വിപ്ലവത്തിന് നൂറു വര്‍ഷം തികയുന്ന സന്ദര്‍ഭം കൂടിയാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേള 1921-ലെ മലബാര്‍ വിപ്ലവത്തിന് നൂറു വര്‍ഷം തികയുന്ന സന്ദര്‍ഭം കൂടിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ അടരുകള്‍ വിശദവും സവിശേഷവുമായ പഠനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. സമരത്തിന്റെ വിവിധ ഘട്ടങ്ങള്‍, നാട്ടുരാജാക്കന്മാരുടെ നേതൃത്വം, ദേശീയ പ്രസ്ഥാനത്തിന്റെ സാന്നിധ്യം, ഖിലാഫത്ത് പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, തര്‍ക്കെ മുവാലാത്ത് (നിസ്സഹകരണ ത്യാഗം), ദേശീയ പ്രസ്ഥാനത്തിലെ വിവിധ ധാരകള്‍, ദേശീയ നേതാക്കള്‍, പ്രാദേശിക പ്രാതിനിധ്യങ്ങള്‍, അഹിംസാ സമരങ്ങള്‍, ക്വിറ്റ് ഇന്ത്യ, ഉപ്പു സത്യാഗ്രഹം തുടങ്ങി സായുധ സമരങ്ങള്‍ വരെ. ഇവയില്‍ പലതും മുഖ്യധാരാ ചരിത്രത്തിന്റെയും പാഠപുസ്തകങ്ങളുടെയും ദേശീയതാ പൊതുബോധ നിര്‍മിതിയുടെയും സുപ്രധാന ഭാഗങ്ങളുമാണ്.
പൊതുവായി ഇത്തരം അടരുകളെ പരിശോധിച്ച് അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് വരുമ്പോള്‍ സവിശേഷമായ വര്‍ണങ്ങളിലും താല്‍പര്യങ്ങളിലുമാണ് അവയെ പടുത്തുയര്‍ത്തിയിരിക്കുന്നതെന്നു കാണാം. സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തെ പരിഗണിക്കുമ്പോള്‍ അതില്‍ ആഘോഷിക്കപ്പെട്ടവരും അരികിലേക്ക് നീക്കിനിര്‍ത്തപ്പെട്ടവരുമുണ്ടെന്ന് മനസ്സിലാകും. സമാനമായി സമരത്തിലെ പ്രാദേശികമായ സാന്നിധ്യങ്ങളെ പരിശോധിക്കുമ്പോള്‍ ബോധപൂര്‍വമായി മാറ്റിനിര്‍ത്തപ്പെട്ട സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ജനതയുമുണ്ടെന്നു കാണാം. സ്വാതന്ത്ര്യസമരത്തിലെ ധീരോജ്ജ്വലമായ ഏടായിട്ടും ഇത്തരത്തില്‍ ബോധപൂര്‍വമായ മറവിയിലേക്ക് തള്ളപ്പെട്ട സ്ഥലവും സന്ദര്‍ഭവും ജനതയുമാണ് 1921-ലെ മലബാര്‍ വിപ്ലവവും മാപ്പിളമാരും - അറിയപ്പെടാതെ പോയ ചരിത്രത്തിലേക്ക് ഒരു വായന....
'ഒരു ഗൂര്‍ഖ ക്യാമ്പ് അക്രമിച്ച 400 പേരടങ്ങുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ സംഘം ഒരൊറ്റ രാത്രിയില്‍ 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. ഇതിന്ന് പ്രതികാരമായി ഗുര്‍ഖകളും കച്ചിനുകളും ചേര്‍ന്ന് മാപ്പിളമാരുടെ വീടുകള്‍ കൈയേറി. നിരപരാധികളായ പുരുഷന്മാരെ ബയണറ്റുകൊണ്ട് കുത്തിക്കൊന്നു. മാപ്പിള സ്ത്രീകളെ അപമാനിച്ച ശേഷം വെട്ടിക്കൊന്നു. കുട്ടികളെയും വൃദ്ധന്മാരെയും പോലും വെറുതെ വിട്ടില്ല. എല്ലാ മാപ്പിള വീടുകള്‍ക്കും തീവെച്ചു. ആലി മുസ്‌ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടേയും നെല്ലിക്കുത്തുള്ള വീടുകള്‍ പീരങ്കി ഉപയോഗിച്ച് വെടിവെച്ച് തകര്‍ത്തു. മാപ്പിളമാരോട് നേരിെട്ടതിര്‍ത്ത് തോറ്റ ഗര്‍വാളികള്‍ മാപ്പിള സ്ത്രീകളോടും കുട്ടികളോടുമാണ് തങ്ങളുടെ ശൗര്യം കാട്ടിയത്. കരുവാരക്കുണ്ട്, തുവ്വൂര്‍, കൊന്നാര, ചേറൂര്‍, കിഴക്കേ കോഴിക്കോടു പ്രദേശം, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ പട്ടാളം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര അക്രമങ്ങള്‍ നടത്തി'.1
'എത്ര മാപ്പിളമാര്‍ കൊല്ലപ്പെട്ടു എന്നതിന് ക്ലിപ്തമായ കണക്കില്ല. 12,000-ത്തോളം പേര്‍ മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു. 50,000 പേരെ അറസ്റ്റ് ചെയ്തു. 14,000 പേരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് വധശിക്ഷക്കോ നാടുകടത്തലിനോ ശിക്ഷിച്ചു. ആയിരക്കണക്കില്‍ സ്ത്രീകളെയും കുട്ടികളെയും പട്ടാളക്കാര്‍ കൊന്നൊടുക്കി.'2
പൂേക്കാട്ടൂരില്‍ ആണുങ്ങള്‍ യുദ്ധത്തിനിറങ്ങിയപ്പോള്‍ പെണ്ണുങ്ങള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ബദ്ര്‍ ബൈത്ത് (അറബിഗാനം), ബദ്‌റുല്‍ കുബ്‌റാ (അറബി മലയാള മാപ്പിളപ്പാട്ട്) മുതലായവ ചൊല്ലി പ്രോത്സാഹിപ്പിച്ചിരുന്നതായി പൂക്കോട്ടൂര്‍ സംഭവത്തെ സംബന്ധിച്ച് ഡി.എസ്.പി. ഹിച്ച്‌കോക്കിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ തന്നെ പറയുന്നു. പട്ടാളത്തെ നയിച്ച ക്യാപ്റ്റന്‍ മെക്കന്‍ റോയ് മദ്രാസ് ഗവര്‍ണര്‍ക്കും സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കുമയച്ച റിപ്പോര്‍ട്ടിലും മാപ്പിള വനിതകളുടെ സമരപ്രോത്സാഹനത്തെപ്പറ്റി പറയുന്നുണ്ട്. മാപ്പിള വീടുകളിലെ ഓരോ അമ്മമാരും തന്റെ രണ്ടു മക്കളില്‍ ഒരു മകനെ യുദ്ധത്തിനയച്ചുകൊടുത്തു. ചില വീടുകളില്‍ ഉണ്ടായിരുന്ന രണ്ടു മക്കളെയും യുദ്ധത്തിനയച്ചുകൊടുത്തിരുന്നു. അറവങ്കരയിലെ പാപ്പാട്ടുങ്ങല്‍ മമ്മുട്ടി-തായുമ്മ ദമ്പതികളുടെ രണ്ട് മക്കള്‍ അലവി, മുഹമ്മദ് എന്നിവരെ ചുകന്ന പട്ടു വസ്ത്രം ധരിപ്പിച്ച് വാളുകളുമായി അവസാന ഭക്ഷണവും പ്രാര്‍ഥനയും കഴിച്ച് മാതാപിതാക്കള്‍ യാത്രയാക്കി. എന്നാല്‍ അതില്‍ ജ്യേഷ്ഠന്‍ അലവി രക്തസാക്ഷിയായി. മുഹമ്മദിനെ വെടിയുണ്ടയേറ്റ് അബോധാവസ്ഥയില്‍ മറ്റുള്ളവരാല്‍ താങ്ങിയെടുത്ത് ഉമ്മയുടെ മുമ്പിലെത്തിച്ചു. ബോധം വന്ന് സംസാരിക്കാറായപ്പോള്‍ മകന്‍ ഉമ്മയോട് ഖേദപൂര്‍വം പരാതിപ്പെട്ടു, ഉമ്മാ എനിക്ക് ആ ഭാഗ്യമുണ്ടായില്ല. ശഹീദാകാത്ത (രക്തസാക്ഷി) ഈ മകന്റെ കാര്യത്തില്‍ ഉമ്മ വ്യാകുലപ്പെട്ടു. മുഹമ്മദിന് പിന്നീട് പച്ചക്കറി കച്ചവടമായിരുന്നു. സെയ്താക്കന്മാര്‍ എന്നായിരുന്നു മുഹമ്മദിനെ വിളിച്ചിരുന്നത്. 1980-ലാണ് മുഹമ്മദ് മരിച്ചത്.3
ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ച, അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരുടെ പങ്കാളിത്തത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിനെതിരെ നടന്ന 1857-ലെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറിയ ഏറ്റവും പ്രധാനപ്പെട്ട സായുധ സമരമാണ് മലബാര്‍ വിപ്ലവം എന്നറിയുമ്പോഴാണ് നമ്മുടെ ദേശീയതാഖ്യാനങ്ങള്‍ മലബാര്‍ വിപ്ലവത്തോടും മാപ്പിള ജനതയോടും കാണിച്ച അവഗണനയുടെ ആഴം മനസ്സിലാവുക. 6,000 യൂറോപ്യന്മാരും എട്ടു ലക്ഷത്തിലേറെ ഇന്ത്യക്കാരുമാണ് ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തില്‍ മരണപ്പെട്ടത്. മലബാര്‍ വിപ്ലവത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് പക്ഷത്ത് മുന്നൂറോളം പേരും മാപ്പിളമാരുടെ ഭാഗത്ത് കാല്‍ ലക്ഷം പേരുമാണ് മരിച്ചത് (യുദ്ധത്തില്‍ 12,000-ത്തോളം പേരും ബ്രിട്ടീഷുകാര്‍ കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് 14,000-ത്തോളം പേരും). അറസ്റ്റ് ചെയ്തവര്‍, നാടുകടത്തപ്പെട്ടവര്‍ / തടവിന് ശിക്ഷിക്കപ്പെട്ടവര്‍, കാണാതായവര്‍ എന്നതുകൂടി പരിഗണിക്കുമ്പോള്‍ മാപ്പിളമാരുടെ പക്ഷത്ത് ഒരു ലക്ഷത്തോളം പേരെ നേരിട്ട് ഇത് ബാധിച്ചതായി കാണാം. ഇന്നത്തെ ഉത്തരേന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നിങ്ങനെ വിശാലമായ ഭൂപ്രദേശത്ത് മുഗള്‍ സൈന്യവും വിവിധ നാട്ടുരാജാക്കന്മാരുടെ സൈന്യവും പങ്കാളിത്തം വഹിച്ച സൈനിക നടപടിയിലെ ആള്‍നാശവും യാതൊരു ഭരണകൂട സൈനിക പിന്തുണയുമില്ലാതെ രണ്ടു താലൂക്കുകള്‍ക്കകത്ത് തദ്ദേശീയര്‍ നടത്തിയ സായുധ സമരവും തമ്മില്‍ താരതമ്യം സാധ്യമല്ല. എങ്കിലും ഭൂപ്രദേശം, ജനത എന്നിവ പരിഗണിക്കുമ്പോള്‍ മലബാര്‍ വിപ്ലവം സൃഷ്ടിച്ച സ്വാധീനം പ്രധാനപ്പെട്ടതാണ്.
ആധുനിക കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ വെളിവാക്കിയ ആദ്യത്തെ പ്രധാന സംഭവം കൂടിയാണ് മലബാര്‍ വിപ്ലവം. മെഷീന്‍ ഗണ്‍, പീരങ്കി, റോക്കറ്റ് ലോഞ്ചര്‍, മോര്‍ട്ടാര്‍ കാര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ആധുനിക കാലത്തെ യുദ്ധം കേരളം അനുഭവിച്ച ഏക സന്ദര്‍ഭവും ഇതാണ്. യുദ്ധം, വിപ്ലവം, ഗറില്ല, ആക്രമണം, സ്യൂയിസൈഡ് ബോംബര്‍, അംബുഷ് അടക്കമുള്ളവ നമുക്കു മുന്നില്‍ സാക്ഷ്യം വഹിച്ച സന്ദര്‍ഭവും ഇതാണ്. തുല്യതയില്ലാത്ത ഈ അനുഭവങ്ങളെ നവകേരള നിര്‍മിതിയില്‍നിന്ന് ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു. കൊളോണിയില്‍ കുരിശുയുദ്ധ യൂറോപ്യന്‍ സംഘ്പരിവാര്‍ വംശവെറി 'കേരളീയ പൊതുബോധ'ത്തില്‍ ആഴത്തില്‍ വേരോടിയതിന്റെ മികച്ച ഉദാഹരണം കൂടിയായി ഈ മാറ്റിനിര്‍ത്തലിനെ മനസ്സിലാക്കാം.
സുഭാഷ് ചന്ദ്രബോസിന്റെ സായുധ സൈന്യമായ ഐ.എന്‍.എയില്‍ അംഗങ്ങളായിരുന്ന വിരലിലെണ്ണാവുന്ന മലയാളികള്‍ ഒഴിച്ചാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത കേരളീയര്‍ മലബാര്‍ വിപ്ലവകാരികള്‍ക്കു പുറമെ അപൂര്‍വമായിരിക്കും. പക്ഷേ, ആയിരക്കണക്കിന് വരുന്ന ആ രക്തസാക്ഷികള്‍ക്ക് നാമെന്താണ് പകരം നല്‍കിയത്? സ്വാതന്ത്ര്യസമരം സജീവമായതോടെ വിദേശ രാജ്യത്തേക്കു കടന്ന് അവിടെ വക്കീല്‍ പണിയുമായി സുഖസുന്ദരമായി കഴിയുകയും സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത വര്‍ഷം തിരിച്ചെത്തി സ്വാതന്ത്ര്യസമര നേതാവെന്ന ലേബലില്‍ ഹൈക്കമ്മീഷണര്‍ പോലുള്ള നയതന്ത്ര പദവികളില്‍ ആറാടുകയും ചെയ്തവരെ മഹാന്മാരായാണ് നാം പരിഗണിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ ഒരു നുള്ള് മണ്ണ്‌പോലും ദേഹത്ത് വീഴാതിരിക്കാന്‍ ശ്രദ്ധിച്ച, ഇത്തരക്കാര്‍ നിര്‍മിച്ച സ്വാതന്ത്ര്യസമര ആഖ്യാനങ്ങളില്‍നിന്ന് രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും നാടും കുടുംബവും ത്യജിച്ചവര്‍ പുറത്തുനില്‍ക്കേണ്ടിവന്നു എന്നത് ഇനിയെങ്കിലും തിരിച്ചറിയപ്പെടാതിരുന്നുകൂടാ.
ഒരു സമരത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ചങ്കുറപ്പില്ലാത്ത ഭീരുക്കളായവര്‍ നിര്‍മിച്ച ആഖ്യാനങ്ങളുടെ പടവുകള്‍ താണ്ടിയാണ് നവകേരളം, നവോത്ഥാന കേരളം, ആധുനിക കേരളം, വികസിത കേരളം, സാക്ഷര കേരളം തുടങ്ങിയ അകംപൊള്ളയായ ആത്മരതികളിലേക്ക് നാം തലകുത്തി വീണത്. അടിത്തറയില്‍തന്നെ മടവീണ ഈ നിര്‍മിതികള്‍ സമ്മാനിച്ച അളവുകോലുകള്‍ കൊണ്ടാണ് ഇത്രയും കാലം മഹത്തായ മലബാര്‍ വിപ്ലവമെന്ന ദക്ഷിണേന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തെ നാം അളന്നെടുത്തത്. അതിനാലാണ് അവരുടെ ആത്മബലികളെ അതിന്റെ വിശുദ്ധിയില്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിയാതെ പോയത്.
ആത്മവിശുദ്ധികൊണ്ട് നമുക്ക് അകംപേറാന്‍ കഴിയാതെ പോയ ആ മഹാത്മാക്കളുടെ സ്മരണകളെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ ഇനിയെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട്. അടുത്തിടെയുണ്ടായ 'വാരിയന്‍കുന്നന്‍' സിനിമയുടെ പ്രഖ്യാപനം അത്തരത്തിലൊരു നീക്കമായി കാണാവുന്നതാണ്. സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പറഞ്ഞത് ശ്രദ്ധേയമാണ്: ''ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.'' ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രം, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. അതോടെ സിനിമ പ്രഖ്യാപനം വന്‍വിവാദത്തിലേക്കാണ് വഴിമാറിയത്. നൂറു വര്‍ഷം മുമ്പുള്ള മഹത്തായ വിപ്ലവ ചരിത്രത്തെ കുറിച്ച് സംഘ്പരിവാറിന്റെ വംശവെറിയിലധിഷ്ഠിതമായ ആഖ്യാനങ്ങള്‍ വീണ്ടും പുറപ്പെടാന്‍ തുടങ്ങി. പക്ഷേ, മഹത്തായൊരു വിപ്ലവത്തെയും ആയിരക്കണക്കിനാളുകളുടെ രക്തസാക്ഷിത്വത്തെയും ഇനിയും മറച്ചുപിടിക്കാനാവില്ലെന്നു തന്നെയാണ് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്.
മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയവര്‍, അവരുടെ നിലപാടുകള്‍, ബ്രിട്ടീഷുകാര്‍ക്കും അവരുടെ പിണിയാളുകളായ ജന്മിമാര്‍ക്കും അവരുടെ ഒറ്റുകാര്‍ക്കുമെതിരെ എടുത്ത നടപടികള്‍, വിപ്ലവ സംഘാടനം, ഏറ്റുമുട്ടലുകള്‍, ദേശീയ-അന്തര്‍ദേശീയ നേതാക്കളുടെ ഇടപെടലുകള്‍ തുടങ്ങി വിവിധ അടരുകള്‍ പുതിയ കാലത്തിന്റെ വിശകലനോപാധികള്‍ കൊണ്ട് പഠനവിധേയമാക്കുന്ന സന്ദര്‍ഭം കൂടിയാണിത്. അപ്പോഴും ജന്മനാടിനെ അധിനിവേശകരില്‍നിന്ന് രക്ഷിച്ചെടുക്കാനായി രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനാളുകള്‍ നമ്മുടെ കാഴ്ചകള്‍ക്കപ്പുറത്താണ്. സ്വാതന്ത്ര്യസമരത്തിനു വേണ്ടി സ്വര്‍ണവളകള്‍ നല്‍കിയവരുടെയും പദയാത്രകള്‍ നടത്തിയവരുടെയും വിദേശ വസ്ത്ര ബഹിഷ്‌കരണം നടത്തിയവരുടെയും കഥകള്‍ നമുക്കു മുന്നില്‍ സവിസ്തരം കിടക്കുമ്പോഴാണ് ഇത്രയധികം രക്തസാക്ഷികള്‍ മറവിയിലേക്ക് തള്ളപ്പെട്ടിരിക്കുന്നത്.
ഇങ്ങനെ മറവിയിലേക്ക് തള്ളപ്പെട്ട ആയിരക്കണക്കിന് രക്തസാക്ഷികളിലെ സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള വിവരണങ്ങള്‍ക്കും ഓര്‍മകള്‍ക്കും ഇതുതന്നെയാണ് അവസ്ഥ. മലബാര്‍ വിപ്ലവത്തിലെ ഓരോ സംഭവങ്ങളെയും സവിശേഷമായി പഠിക്കുമ്പോള്‍ കേരളം ഇന്നേവരെ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത രക്തസാക്ഷ്യത്തിന്റെയും ധീരതയുടെയും കഠിന ദുഖങ്ങളുടെയും പീഡനങ്ങളുടെയും ആയിരം കഥകളാണ് അതിലടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം. ബ്രിട്ടീഷ് സൈന്യത്തിന്റെയും ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെയും ക്രൂരമായ വേട്ടയാടലുകളുടെ കഥകള്‍ ഇവയില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം മലബാറിലെ ആയിരക്കണക്കിന് മാപ്പിള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന്റെ കൂടി വിലയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശേഷിച്ചും ഏറനാട്ടിലും കോഴിക്കോട് താലൂക്കിലെ കിഴക്കന്‍ മേഖലയിലും ബ്രിട്ടീഷ് സൈന്യം സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്ത ക്രൂരതകളെ വിചാരണ ചെയ്യാനും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായ നടപടികള്‍ സ്വീകരിക്കാനും അവരുടെ പിന്‍തലമുറ എന്ന നിലയില്‍ കേരളീയ സമൂഹത്തിന് സവിശേഷമായ ബാധ്യതയുണ്ട്. ഒന്നും രണ്ടും ലോക യുദ്ധകാലത്ത് വിവിധ സൈനിക ശക്തികള്‍ നടത്തിയ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് 1921-ലെ വിപ്ലവകാലത്ത് ബ്രിട്ടീഷ് സൈന്യത്തില്‍നിന്ന് മാപ്പിള സ്ത്രീകളും കുട്ടികളും ഇരയായത്. ഇതിന് സമാനമായ അനുഭവം ആധുനിക കേരളത്തിലുണ്ടായോ എന്നത് സംശയമാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഉദാഹരണം 'മലബാര്‍ സമരം: എം.പി. നാരായണ മേനോനും സഹപ്രവര്‍ത്തകരും' എന്ന പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്ത അനുഭവ വിവരണത്തില്‍ കാണാം. 1921 വിപ്ലവസമയത്ത് കൗമാരക്കാരനായിരുന്ന തിരുവഴാംകുന്ന് സ്വദേശിയും പോണ്ടിച്ചേരിയില്‍ താമസക്കാരനുമായ തുണിക്കച്ചവടക്കാരനായ മുഹമ്മദ് ഹാജിയുടേതാണ് കരളലിയിക്കുന്ന അനുഭവം. ഗ്രന്ഥകാരനും മലബാര്‍ വിപ്ലവ നായകരിലൊരാളായ നാരായണ മേനോന്റെ മരുമകനുമായ പ്രഫ. എം.പി.എസ്. മേനോന്‍ 1970 ജൂലൈ 20-ന് 64-കാരനായ മുഹമ്മദ് ഹാജിയെ അഭിമുഖം നടത്തിയ വിവരണമാണത്. വിപ്ലവം നടക്കുമ്പോള്‍ കൗമാരക്കാരനായിരുന്ന മുഹമ്മദ് ഹാജി, ഗൂര്‍ഖാ പട്ടാളത്തിന്റെ പിടിയിലകപ്പെടാതിരിക്കാനായി വീട്ടിലെ പത്തായത്തിന്റെ അടിയില്‍ ഒളിച്ചു. തന്റെ മാതാവിനെ പട്ടാളം അപമാനിച്ച ശേഷം ബയനറ്റ്‌കൊണ്ട് വയറുകീറി കൊല്ലുന്നത് അവിടെ കിടന്ന് അദ്ദേഹം കണ്ടു. അന്നവിടെനിന്ന് ഓടി രക്ഷപ്പെട്ട് പോണ്ടിച്ചേരിയിലെത്തിയ ആ കൗമാരക്കാരന്‍ ജീവിതത്തിലൊരിക്കലും തിരുവഴാംകുന്നിലേക്ക് തിരിച്ചുപോയിട്ടില്ല. സ്വന്തം മാതാവിനെ പട്ടാളം അപമാനിക്കുന്നതും വയറുകീറി പിളര്‍ക്കുന്നതുമായ ആ കാഴ്ചകള്‍ ആ കൗമാരക്കാരനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിട്ടുണ്ടാവും. അതിനാലാണ് ജീവിതത്തിലൊരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍, വിപ്ലവ സമര നായകരിലൊരാളായ താളിയില്‍ ഉണ്യേന്‍കുട്ടി ഹാജിയുടെ ബന്ധുവായിട്ടുകൂടി മുഹമ്മദ് ഹാജി തയാറാകാതിരുന്നത്. ബ്രിട്ടീഷ് പട്ടാളം ബലാത്സംഗം ചെയ്ത് വയറു കീറി പിളര്‍ത്തി കൊന്നുകളഞ്ഞ ആയിരക്കണക്കിന് ഉമ്മമാര്‍, അതു കണ്ട് സഹിക്കാനാവാതെ നാടുവിട്ടുപോയ, ജീവിതകാലം മുഴുക്കെ ആ കാഴ്ചകള്‍ വേട്ടയാടിയ മക്കള്‍, ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്ന കുഞ്ഞുങ്ങള്‍, കൊലപ്പെടുത്തിയ ശേഷം തലയറുത്ത് കിഴക്കന്‍ ഏറനാട്ടിലെ വഴിവക്കില്‍ തൂക്കിയിട്ട കുഞ്ഞുങ്ങള്‍... ഇവരുടെ നിലവിളികള്‍ നൂറുവര്‍ഷമായിട്ടും നാം കേള്‍ക്കാതിരിക്കുന്നതെങ്ങനെയാണ്!?
ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകള്‍ക്കിരയായ മാപ്പിള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അവരോട് വീരോചിതം പോരാടുകയും അതിന് പിന്തുണ നല്‍കുകയും ചെയ്തത് ഓര്‍ക്കേണ്ടതുണ്ട്. അതില്‍ സവിശേഷമായതാണ് 1921 ഒക്‌ടോബര്‍ 25 ബ്രിട്ടീഷ് സൈനിക വിഭാഗമായ ഡോര്‍സെറ്റ് റെജിമെന്റ് മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്ന് 246 മാപ്പിളമാരെ വെടിവെച്ചുകൊന്നതില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും ധീര രക്തസാക്ഷിത്വം. അധികാരിത്തൊടിയിലെ കീടക്കാടന്‍ കുടുംബത്തില്‍പെട്ട 11 വയസ്സുകാരി ഫാത്വിമയാണ് ആ പെണ്‍കുട്ടി. വെടിവെച്ചു കൊല്ലാനായി പിതാവിനെ വീട്ടിനകത്തുനിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചുകൊണ്ടുപോകുന്നത് തടഞ്ഞ ഫാത്വിമയെ സൈനികര്‍ തോക്കിന്റെ ചട്ടകൊണ്ട് കുത്തിയകറ്റാന്‍ ശ്രമിച്ചു. ഏറെ ബലപ്രയോഗം നടത്തിയിട്ടും പെണ്‍കുട്ടി പിതാവിനെതന്നെ കെട്ടിപ്പിടിച്ചു നിന്നു. അതോടെ, ഇരുവരെയും സൈന്യം ഒരുമിച്ച് വെടിവെച്ചുകൊന്നു. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഫാത്വിമ.
കോണോംപാറ ചീരങ്ങന്‍തൊടിയിലെ അരീപ്പുറം പാറക്കല്‍ കുഞ്ഞീന്‍ ഹാജിയുടെ മകള്‍ കദിയാമുവാണ് രണ്ടാമത്തേത്. വാര്‍ധക്യസഹജമായ അസുഖം ബാധിച്ച് കിടക്കുകയായിരുന്ന കുഞ്ഞീന്‍ ഹാജിയെ പരിചരിക്കാന്‍ ഭര്‍തൃവീട്ടില്‍നിന്ന് വന്നതായിരുന്നു കദിയാമു. പത്തായത്തിന് മുകളില്‍ കിടക്കുകയായിരുന്ന പിതാവിനെ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് തടഞ്ഞ കദിയാമുവിനെയും സൈന്യം തോക്കിന്‍പാത്തി കൊണ്ട് കുത്തിയൊഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ കുഞ്ഞീന്‍ ഹാജിയെ വീടിന്റെ കിഴക്കേ മുറ്റത്ത് കൊണ്ടുപോയി കമിഴ്ത്തിക്കിടത്തി. ഉപ്പാക്ക് വെടിയേല്‍ക്കാതിരിക്കാന്‍ കദിയാമുവും ഹാജിയെ കെട്ടിപ്പിടിച്ചു കിടന്നു. ഒടുവില്‍ ഇരുവരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. മലബാര്‍ വിപ്ലവ ചരിത്രം ഇത്തരം നൂറുകണക്കിന് ഫാത്വിമമാരുടേയും കദിയാമുമാരുടെയും ധീരചരിതങ്ങളാല്‍ നിറഞ്ഞുകിടക്കുകയാണ്.
അത്തരത്തില്‍ മറ്റൊരാളാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് രണ്ട് മക്കളെ വീരോചിതമായി യാത്രയയച്ച അറവങ്കര പാപ്പാട്ടുങ്ങല്‍ തായുമ്മ എന്ന മാതാവ്. ഇതിഹാസങ്ങളില്‍ മാത്രം കേട്ടുശീലിച്ച ധീര മാതൃത്വം എന്ന പരികല്‍പനയെ നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ധീരോചിതമായി പ്രാവര്‍ത്തികമാക്കിയവരാണവര്‍. 1921 ആഗസ്റ്റ് 26-ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിലെ സ്ത്രീസാന്നിധ്യവും സവിശേഷമാണ്. പടക്കളത്തിലിറങ്ങിയ ആണുങ്ങള്‍ക്ക് പടപ്പാട്ടുകള്‍ പാടി ആവേശം പകര്‍ന്ന സ്ത്രീകളെ കുറിച്ച് ബ്രിട്ടീഷ് രേഖകള്‍ തന്നെ സംസാരിക്കുന്നുണ്ട്. അതിനു പുറമെ പടക്കളത്തില്‍ വെടിയേറ്റു വീണ പ്രിയപ്പെട്ടവരെ എടുത്തുകൊണ്ടുപോകാന്‍ യന്ത്രത്തോക്കുകളെ അവഗണിച്ച് സ്ത്രീകള്‍ രംഗത്തിറങ്ങിയ സംഭവം 'ന്യൂയോര്‍ക് ടൈംസ്' അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അക്കാലത്തു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടൊപ്പം മലബാര്‍ വിപ്ലവ നായകന്‍ വാരിയകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യമാരിലൊരാളായ മാളു ഹജ്ജുമ്മയുടെ കഥയും ചേര്‍ക്കേണ്ടതാണ്. കേരളത്തിന്റെ ഝാന്‍സി റാണി എന്നുവരെ വിശേഷിപ്പിക്കാവുന്ന മാളു ഹജ്ജുമ്മ കുതിരപ്പുറത്ത് യാത്രചെയ്തിരുന്ന, ഒളിത്താവളത്തില്‍ വാരിയന്‍കുന്നത്തിന് തുണയായിരുന്ന അപൂര്‍വ വ്യക്തിത്വമാണ്. മലബാര്‍ വിപ്ലവത്തിന് നൂറു വര്‍ഷം പിന്നിടുന്ന ഈ വേളയിലെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത മാപ്പിള സ്ത്രീകളെയും കുഞ്ഞുങ്ങളെയും നമ്മുടെ ഓര്‍മകള്‍ക്കും ചരിത്രപാഠങ്ങള്‍ക്കും പൊതുബോധത്തിനും പുറത്ത് നിര്‍ത്താതിരിക്കാനുള്ള ജാഗ്രത നാം കാണിക്കേണ്ടതുണ്ട്. ഇത്രയും കാലത്തെ മറവികള്‍ക്ക് പകരമായി അവരുടെ ത്യാഗോജ്ജ്വല ഓര്‍മകളെ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുക. കാരണം, അന്നവരെ കൊലപ്പെടുത്തിയ ക്രൂരന്മാരുടെ നേരവകാശികള്‍ നമുക്കുചുറ്റും പതുങ്ങിയിരിപ്പുണ്ട്.
കുറിപ്പുകള്‍
1. മലബാര്‍ സമരം: എം.പി നാരായണമേനോനും സഹപ്രവര്‍ത്തകരും പ്രഫ. എം.പി.എസ്. മേനോന്‍, (പേജ് 124-125), 1992, ഐ.പി.എച്ച്
2. മലബാര്‍ സമരം: എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും (പേജ് 139)
3. ആംഗ്ലോ-മാപ്പിള യുദ്ധം (പേജ് 155-156), എ.കെ. കോടൂര്‍, 1998, 1921 വിപ്ലവ അനുസ്മരണ സമിതി.