ആഗോളതലത്തില്‍ മാനവരാശിയെ പിടിച്ചുലച്ച ഒരു മഹാമാരിയാണ് കോവിഡ് 19. തീര്‍ച്ചയായും ശക്തമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും
ആഗോളതലത്തില്‍ മാനവരാശിയെ പിടിച്ചുലച്ച ഒരു മഹാമാരിയാണ് കോവിഡ് 19. തീര്‍ച്ചയായും ശക്തമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്ന സമൂഹങ്ങളില്‍ വൈറസ് ബാധ മന്ദഗതിയിലാവുന്നതും അശ്രദ്ധയും ജാഗ്രതക്കുറവുമുള്ള ഇടങ്ങളില്‍ അത് അതിവേഗം വ്യാപിക്കുന്നതും നാം കണ്ടതാണ്. ആഗോളതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ കേരളം മുന്നിട്ടു നില്‍ക്കുമ്പോഴും ഈ ഒരു വൈറസ് നമുക്ക് തന്നതും ബാക്കിവെച്ചതുമായ നിരവധി ആശങ്കകളും പ്രതിസന്ധികളും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ജീവിത ശൈലിയില്‍നിന്നും വിഭിന്നമായ ഒരു രീതിയിലേക്ക് ആബാലവൃദ്ധം ജനങ്ങളെയും കോവിഡ് കൊണ്ടെത്തിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി കാണപ്പെടുന്ന സാമൂഹികവും സാമ്പത്തികവും മനശ്ശാസ്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. രോഗവ്യാപനം മൂലം ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കു പുറമെയാണ് ഇത്.
കോവിഡും യുവസമൂഹവും
കോവിഡ് കാലത്തില്‍ യാത്രാ സ്വാതന്ത്ര്യം താരതമ്യേന പരിമിതപ്പെട്ടുകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു വിഭാഗമാണ് യുവാക്കളും മധ്യവയസ്‌കരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന സ്വയം തൊഴിലുകാരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും. കുട്ടികളുടെയും പ്രായമായവരുടെയും ദൈനംദിന കാര്യങ്ങള്‍ കൂടി ഭംഗിയായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നു. ചിലപ്പോള്‍ ജോലി ഇല്ലാതാവുകയും ചെയ്യുന്ന പ്രതികൂല സാഹചര്യത്തില്‍ ഇവര്‍ വെപ്രാളപ്പെടുന്നു. പ്രവാസി അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കില്‍ അവരുടെ മടങ്ങിവരവും തുടര്‍ന്നുള്ള ക്വാറന്റൈന്‍ കാലയളവും തിരികെ പോവാന്‍ കഴിയുന്ന കാലത്ത് ജോലി ഉണ്ടാവുമോ എന്ന ആശങ്കയും ജീവിത സമ്മര്‍ദം കൂട്ടുന്നു. ഗണ്യമായ വിഭാഗത്തിന് വിഷാദം, ഉത്കണ്ഠ എന്നിവയുണ്ടാകാം. ചിലരിലാവട്ടെ അമിതമായ അസുഖഭയം മൂലം പാനിക് അറ്റാക്കും ഉണ്ടാകാം. നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ധിക്കുക, ശ്വാസം മുട്ടല്‍, താനിപ്പോള്‍ മരിച്ചുപോകുമെന്ന ഭയം എന്നിങ്ങനെയാണ് പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍.
കോവിഡ് ഭീതി കഴിഞ്ഞാലും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഒക്കെ വരാവുന്ന പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ആണ് അത്. മുന്നേ കടന്നുപോയ മാനസികവും ശാരീരികവും സാമ്പത്തികവുമായ ദുരവസ്ഥകളെ കുറിച്ചുള്ള ഭീതിജനകമായ ഓര്‍മകള്‍ പിന്നീട് മനസ്സിലേക്ക് കടന്നുവരികയും അതോടെ ടെന്‍ഷനും വെപ്രാളവും ഉറക്കമില്ലായ്മയും ഉണ്ടാവുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷമാണിത്. ഭാവിയില്‍ ഇത്തരം അവസ്ഥ വന്നാല്‍ തീര്‍ച്ചയായും മനോരോഗ വിദഗ്ധന്റെ വിദഗ്‌ധോപദേശം തേടേണ്ടതാണ്. കൂടാതെ കോവിഡ് ഘട്ടത്തിന്റെ പരിണിത ഫലമായി ഉണ്ടായേക്കാവുന്ന മറ്റൊരു അവസ്ഥയാണ് അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍ (Adjustment Disorder). അതായത് അതുവരെ ജീവിച്ചിരുന്ന സാമൂഹിക-സാമ്പത്തിക അവസ്ഥക്കുണ്ടാവുന്ന മാറ്റവുമായി ഒരു തരത്തിലും യോജിച്ചുപോകാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുന്നതാണിത്. ലഭിക്കുന്ന വരുമാനത്തിലുണ്ടാകുന്ന കുറവും അനുബന്ധ പ്രശ്‌നങ്ങളുമാണ് ഇതിന് നിദാനം. ഇത്തരക്കാര്‍ക്ക് മനശ്ശാസ്ത്ര കൗണ്‍സലിംഗ് അത്യാവശ്യമാണ്, വേണ്ടിവന്നാല്‍ ചികിത്സയും. മാത്രമല്ല പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള ഫാമിലി കൗണ്‍സലിംഗ് സെഷന്‍ ഒരു പരിധിവരെ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുടുംബാംഗങ്ങളെ സഹായിക്കും.
പോസിറ്റീവ് പ്രതിഫലനങ്ങള്‍
കോവിഡ് കാലം എന്നും നിറപ്പകിട്ടില്ലാത്ത ഇരുണ്ട ഓര്‍മകളായിരുന്നു എങ്കിലും അനുഭവങ്ങളിലൂടെ ചില ഗുണവശങ്ങള്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. അതില്‍ ഏറ്റവും പ്രധാനം കുടുംബവുമൊന്നിച്ചുള്ള തുടര്‍ച്ചയായ കുറേ ദിനങ്ങള്‍ ഭൂരിഭാഗം ആളുകള്‍ക്കും ലഭിച്ചു എന്നുള്ളതാണ്. കുറേയാളുകള്‍ വീട്ടില്‍ ചെറിയ രീതിയില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്തു തുടങ്ങിയതായി കാണാന്‍ കഴിയും. ഒരു ഒഴിവുവേള വിനോദം എന്നതിനേക്കാള്‍ ഗൗരവമായി കുറച്ച് കുടുംബങ്ങളെങ്കിലും ഇത്തരം ശൈലികള്‍ ജീവിതചര്യയാക്കി മാറ്റാന്‍ സാധ്യതയുണ്ട്. ഇത് ഒരു ശുഭസൂചനയാണ്.
മറ്റൊരു പ്രധാന മാറ്റം നാം ആരോഗ്യകരമായ ജീവിത ശൈലികള്‍ അവലംബിച്ചു തുടങ്ങി എന്നുള്ളതാണ്. അതോടുകൂടി പകര്‍ച്ചവ്യാധികള്‍ സിംഹഭാഗവും വരാതെ തടയപ്പെട്ടു. കുട്ടികളിലെ രോഗസാധ്യതകള്‍ ഏകദേശം 90 ശതമാനത്തോളം കുറഞ്ഞതായി കാണാം. കോവിഡിനെ പ്രതിരോധിക്കാനായി നാം മാസ്‌കും സാനിറ്റൈസേഷനും പതിവാക്കിയപ്പോള്‍ മറ്റു പല രോഗാണു സംക്രമണവും തടയപ്പെട്ടു.
സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കാന്‍ സാധിച്ചു. അതോടൊപ്പം അധ്യാപകര്‍ കാലാകാലങ്ങളായി ചെയ്യുന്ന മഹത്തരമായ സേവനത്തിന്റെ പ്രാധാന്യവും പ്രായോഗിക ബുദ്ധിമുട്ടുകളും കൂടുതല്‍ മനസ്സിലാക്കുകവഴി നല്ലൊരു അധ്യാപക-രക്ഷാകര്‍തൃ-വിദ്യാര്‍ഥി കൂട്ടായ്മയും വളര്‍ന്നുവരാന്‍ ഈയൊരു സാഹചര്യം സാക്ഷ്യം വഹിച്ചു.
മാത്രമല്ല ആര്‍ഭാടങ്ങളും അത്യാഗ്രഹങ്ങളും മാറ്റിനിര്‍ത്തി ജീവിക്കാനും നാം പഠിച്ചില്ലേ? അതിനി സ്ഥിരമാക്കുന്നതില്‍ ഒട്ടും തെറ്റില്ല. ഇപ്പോള്‍ നാം ആര്‍ജിച്ച സാമ്പത്തിക അച്ചടക്കവും വിജയകരമാക്കാം. ഭൂതകാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ വിവാഹങ്ങളിലും മറ്റും നാം കാണിച്ച ധൂര്‍ത്ത്, അനാവശ്യമായ ചുറ്റിത്തിരിയലും കൂടിയ രീതിയിലുള്ള പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലും തിയേറ്ററുകളിലും മാളുകളിലും കൂടെക്കൂടെയുള്ള സന്ദര്‍ശനം, നിസ്സാര കാര്യങ്ങള്‍ക്കുപോലും ആശുപത്രികള്‍ കയറിയിറങ്ങുന്ന പ്രവണത എന്നിവ എല്ലാം പരിമിതപ്പെടുത്താമായിരുന്നുവെന്ന് തോന്നിയേക്കാം. ഈ ഒരു ഉള്‍ക്കാഴ്ചയാണ് മുന്നോട്ടുള്ള പ്രയാണത്തിന് നമുക്ക് ഊര്‍ജം നല്‍കുന്നത്.
ആഘാതം കുട്ടികളില്‍
കുട്ടികളെ സംബന്ധിച്ചേടത്തോളം അവധിക്കാലം കളിചിരിയുടെയും ഉല്ലാസങ്ങളുടെയും കവാടം തുറക്കപ്പെടുന്ന പ്രതീതിയാണ്. എന്നാല്‍ ഇക്കൊല്ലം കൃത്യമായി ആ സമയത്തുതന്നെ കൊറോണ വില്ലന്‍ വേഷത്തില്‍ വരികയും എല്ലാം തകിടം മറിക്കുകയും ചെയ്തു. ഈയൊരു അപ്രതീക്ഷിത മാറ്റം തെല്ലൊന്നുമല്ല കുട്ടികളെയും കൗമാരക്കാരെയും പിടിച്ചുലച്ചത്. ഒന്നാമതായി വിനോദോപാധികള്‍ എല്ലാം വിലക്കപ്പെട്ടു. ഫലമോ കൂടുതല്‍ സമയവും അലസമായി ടി.വിയുടെയോ ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ നിലയുറപ്പിക്കാന്‍ തുടങ്ങി. പുറത്ത് ഇറങ്ങലും വ്യായാമവും ഇല്ലാതായതോടൊപ്പം അമിതമായി ആഹാരം കഴിക്കലും രക്ഷിതാക്കളുമായുള്ള തര്‍ക്കങ്ങളും കാരണം ജീവിതം കൂടുതല്‍ വിരസമായി.
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സാമൂഹികവല്‍ക്കരണം നടക്കുന്ന വേളകൂടിയായിരുന്നു അവധിക്കാലം. എന്നാല്‍ പുറംലോകവുമായുള്ള ബന്ധം അസാധ്യമായതോടെ സമൂഹവുമായി ഇഴുകിച്ചേരാനുള്ള അവസരങ്ങളും നഷ്ടമായി. കായിക പരിശീലനങ്ങളും സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള പരിശീലനങ്ങളുമെല്ലാം വഴിയടഞ്ഞതോടെ കുട്ടികളുടെ സര്‍വതോമുഖമായ വ്യക്തിത്വവികാസം കൂടുതല്‍ ദുഷ്‌കരമായി. ചില കുട്ടികള്‍ ക്രമാതീതമായ ഭക്ഷണവും വ്യായാമക്കുറവും മൂലം പൊണ്ണത്തടിയന്മാരായി.
അധ്യയന വര്‍ഷത്തിന്റെ തുടക്കവും കൊറോണാ ഭീതിയില്‍ ആയതിനാല്‍ ഔപചാരിക വിദ്യാഭ്യാസമെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതിന്റെ കൗതുകവും വെപ്രാളവുമായിരുന്നു ജൂണ്‍ മാസത്തില്‍. കേവലം അറിവ് സമ്പാദിക്കല്‍ മാത്രമല്ല വിദ്യാഭ്യാസം. ദിനേന സ്‌കൂളിലേക്കുള്ള യാത്രയും സഹപാഠികളുമായുള്ള സമ്പര്‍ക്കവും അധ്യാപകരുമായുള്ള അനുഭവങ്ങളും അധ്യാപകരുടെ കുട്ടികളെ കുറിച്ചുള്ള നിരീക്ഷണങ്ങളും എല്ലാം മാറ്റിനിര്‍ത്തി പരിമിതികളുള്ള ഒരു വിദ്യാഭ്യാസ രീതി സാഹചര്യങ്ങളുടെ അനിവാര്യത മൂലമാണ് നാം അവലംബിക്കുന്നത്. വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ യഥാവിധി നിരീക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്കും പരിമിതികളുണ്ട്. തന്മൂലം വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കുറയുന്നതിനും കുറച്ച് ആലസ്യം കടന്നുകൂടുന്നതിനും ഈയൊരു അവസ്ഥാ വിശേഷം നിമിത്തമാകുന്നു. പഠനത്തോടൊപ്പം പരിശീലനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഫഷനല്‍ വിദ്യാഭ്യാസം കൂടുതല്‍ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നു.
പ്രായമായവരില്‍
ലോക്ക് ഡൗണ്‍ സമയത്ത് പുറത്ത് ഇറങ്ങുന്നതിന് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയരായവരാണ് പ്രായമായവര്‍. പൊതുവെ 65 വയസ്സിനു മുകളിലുള്ള ജനവിഭാഗം. അവരുടെ പരിമിതമായ സഞ്ചാര സ്വാതന്ത്ര്യവും പ്രാര്‍ഥനകള്‍ക്കും മറ്റുമായി ആരാധനാലയങ്ങളില്‍ പോയിരുന്ന പതിവു രീതിയും തല്‍ക്കാലം നിര്‍ത്തിവെക്കണമെന്നു പറയുമ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ നന്നേ ബുദ്ധിമുട്ടുന്ന കാര്യമാണ്. അവരുടെ ജീവിത കാലഘട്ടത്തില്‍ ഇത്തരം ഒരു നിയന്ത്രണം ആദ്യാനുഭവം ആയിരിക്കണം.
പൊടുന്നനെയുള്ള സാമൂഹികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പൊതുവെ യുവസമൂഹം തന്നെ പാടുപെടുമ്പോള്‍ കാലാകാലങ്ങലായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതരീതികളില്‍നിന്നും മാറുക പ്രായമായവരെ സംബന്ധിച്ചേടത്തോളം മാനസിക സമ്മര്‍ദം കൂടുതല്‍ പ്രകടമാകാന്‍ കാരണമാകുന്നു. ഉത്കണ്ഠയും വിഷാദവുമാണ് ഈ സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രധാന രണ്ട് രോഗാവസ്ഥകള്‍. എന്നാല്‍ ആദ്യമേ ഏതെങ്കിലും വൈകാരികമായ അസുഖങ്ങള്‍ക്ക് മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന പ്രായം കൂടിയ ആളുകള്‍ക്ക് രോഗഭീതിയും ഉത്കണ്ഠയും വര്‍ധിക്കാനും ഈ സാഹചര്യത്തില്‍ സാധ്യതയുണ്ട്. അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാന്‍ പേടിക്കുന്നത് മൂലവും കണ്ടുകൊണ്ടിരിക്കുന്ന ഡോക്ടറെ യഥാവിധി തുടര്‍ ചികിത്സക്കായി കാണാന്‍ സാധിക്കാത്തതുമൂലവും ശാരീരികവും മാനസികവുമായ പല അസുഖങ്ങളും വഷളായ വയോജനങ്ങളെ നമുക്കു ചുറ്റും കാണാവുന്നതാണ്. മറ്റൊരു വസ്തുത ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുമ്പോഴും പുറത്ത് ഇറങ്ങാനും സുഹൃത്തുക്കളെ കാണാനുമുള്ള അവസരം വയോജനങ്ങള്‍ക്ക് വിലക്കപ്പെടുന്നു. സ്വാഭാവികമായും ശാസ്ത്രീയ പരമായി നോക്കുമ്പോള്‍ അസുഖങ്ങള്‍ കൂടുതല്‍ പിടിപെടാന്‍ സാധ്യതയുള്ള ഗ്രൂപ്പാണ് വയോജനങ്ങള്‍. അതുകൊണ്ട് ഈ നിയന്ത്രണങ്ങള്‍ അവരുടെ നന്മക്കായി സമൂഹം പാലിച്ചേ മതിയാവൂ. എന്നാല്‍ പ്രായം 65 കഴിഞ്ഞാലും ചുറുചുറുക്കോടെ കൃത്യമായ വ്യായാമവും വിനോദങ്ങളുമായി കഴിഞ്ഞുകൂടുന്ന 'യുവാക്കളായ' വയോജനങ്ങളും നമുക്കിടയിലുണ്ട്. ഈയൊരു വിഭാഗത്തിന്റെ ആത്മവീര്യം ചോര്‍ന്നു പോകുന്നതിനും നമ്മുടെയൊക്കെ കാലം കഴിഞ്ഞു എന്ന ആത്മഗതം പുറത്തുവരുന്നതിനും ഈയൊരു കാലഘട്ടം സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡ് മരണങ്ങള്‍ നടക്കുന്ന ഭൂരിപക്ഷവും വയോജനങ്ങളാണെന്ന് കേള്‍ക്കുമ്പോള്‍ പ്രായമായവരുടെ മനോബലം കൂടുതല്‍ ദുര്‍ബലമാകുന്നു.