ചെറുപയറ് പരിപ്പ് പ്രഥമന്‍
ചെറുപയറ് പരിപ്പ് - മുക്കാല്‍ കപ്പ് (വേവിച്ചത്)
ചൗവ്വരി - കാല്‍ കപ്പ് (വേവിച്ചത്)
ശര്‍ക്കര - അരക്കിലോ
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍
കിസ്മിസ് - 25 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
നെയ്യ് - 1 ടേ. സ്പൂണ്‍
തേങ്ങ - 1 വലുത് (ചുരണ്ടി ഒന്നും രണ്ടും മൂന്നും പാലുകള്‍ തയാറാക്കാന്‍)
ചെറുപയറ് പരിപ്പും ചൗവ്വരിയും വേവിച്ച് വെക്കുക. ശര്‍ക്കര ചീകി അല്‍പം വെള്ളത്തില്‍ അലിയിച്ച് ഉരുളിയിലേക്ക് തെളിച്ചൂറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച ചെറുപയറ് പരിപ്പും ചൗവ്വരിയും ചേര്‍ത്ത് അടുപ്പത്തു വെച്ച് നന്നായിളക്കുക. ഇതിലേക്ക് മൂന്നാംപാല്‍ ഒഴിച്ച് അല്‍പം ഒന്ന് വറ്റിക്കുക. തുടര്‍ന്ന് രണ്ടാം പാല്‍ ഒഴിക്കുക. വീണ്ടും കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഉടന്‍ അടുപ്പില്‍നിന്നും വാങ്ങിവെക്കുക. ശേഷം ഏലയ്ക്കാ പൊടി ചേര്‍ത്തിളക്കുക.
ഒരു ചെറിയ ചീനച്ചട്ടി അടുപ്പത്ത് വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്ത് കിസ്മിസ് കുമിളിക്കുകയും അണ്ടിപ്പരിപ്പ് ചുവക്കുകയും ചെയ്താല്‍ വാങ്ങാം. ഇത് കോരിയെടുത്ത് പായസത്തില്‍ ചേര്‍ക്കുക. പായസം തീരെ കുറുകിപ്പോയാല്‍ അല്‍പം പശുവിന്‍ പാല്‍ കാച്ചിയത് ചേര്‍ക്കാം.
മുളയരി മുളപ്പയറ് പ്രഥമന്‍
മുളയരി - 1 പിടി കുതിര്‍ത്ത്, വേവിച്ചത്
മുളപ്പയറ് - കാല്‍ കപ്പ്
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍
ചുക്കുപൊടി - കാല്‍ ടീ സ്പൂണ്‍
ശര്‍ക്കര - 400 ഗ്രാം
നെയ്യ് - 1 ടേ. സ്പൂണ്‍
ചൗവ്വരി - 1 പിടി വേവിച്ചത്
തേങ്ങ - 1 ഇടത്തരം ചുരണ്ടിയത്
ബദാം നുറുക്കിയത് - 1 ടേ. സ്പൂണ്‍
കിസ്മിസ് - 50 ഗ്രാം
ശര്‍ക്കര ചീകി അല്‍പം വെള്ളത്തിലിട്ട് നന്നായി അലിയിക്കുക. ഇത് ഒരു ഉരുളിയിലേക്ക് പകര്‍ന്ന് അല്‍പം കുറുകുമ്പോള്‍ മുളയരി വേവിച്ചതും മുളപ്പയറും ചൗവ്വരി വേവിച്ചതും ചേര്‍ന്ന് ചെറു തീയില്‍ വേവിക്കുക.
തേങ്ങയില്‍ ആവശ്യത്തില്‍ വെള്ളം ചേര്‍ത്ത് ഒന്നും രണ്ടും മൂന്നും പാലുകള്‍ പിഴിഞ്ഞ് എടുക്കുക. അടുപ്പത്തിരിക്കുന്ന മുളയരി -മുളപ്പയറ്- ശര്‍ക്കരപ്പാനി മിശ്രിതത്തിലേക്ക് മൂന്നാംപാല്‍ ഒഴിച്ച് അല്‍പനേരം ഇളക്കുക. കുറുകി വരുമ്പോള്‍ രണ്ടാംപാല്‍ ഒഴിക്കാം. ഇതും കുറച്ചൊന്ന് വറ്റിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇറക്കി വെക്കുക. ഏലയ്ക്കാ പൊടിയും ചുക്കുപൊടിയും ബദാം നുറുക്കിയതും ചേര്‍ക്കാം. കിസ്മിസ് ചൂട് നെയ്യില്‍ ഇട്ട് വറുത്ത് പായസം അലങ്കരിക്കുക.
പാല്‍പ്പായസം
പാല്‍ - അര ലിറ്റര്‍
ഉണക്കലരി - 1 പിടി
പഞ്ചസാര - മുക്കാല്‍ കപ്പ്
ഏലയ്ക്കാ - 3 എണ്ണം പൊടിച്ചത്
നെയ്യ് - 1 ടീസ്പൂണ്‍
അരി അല്‍പം പാലില്‍ ഇട്ട് വേവിക്കുക. അവശേഷിക്കുന്ന പാല്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് അലിയിച്ച് ചോറില്‍ ചേര്‍ക്കുക. കുറച്ചൊന്ന് കുറുകിയാല്‍ നെയ്യും ഏലയ്ക്കാ പൊടിയും ചേര്‍ക്കാം.
ഡ്രൈ ഫ്രൂട്ട്‌സ് - സേമിയാ പായസം
സേമിയ - അര കപ്പ്
ഡ്രൈ ഫ്രൂട്ടുകള്‍ (പിസ്ത, അണ്ടിപ്പരിപ്പ്, വാള്‍നട്ട്, ബദാം, ഈന്തപ്പഴം) - എല്ലാം കൂടി അര കപ്പ്
പാല്‍ - അര ലിറ്റര്‍
പഞ്ചസാര - ഒന്നര ലിറ്റര്‍
ഏലയ്ക്കാപ്പൊടി - അര ടീ സ്പൂണ്‍
നെയ്യ് - ഒരു ടേ. സ്പൂണ്‍
അര ടേ. സ്പൂണ്‍ നെയ്യില്‍ സേമിയയിട്ട് വറുക്കുക. ഇതില്‍ പാല്‍ ഒഴിച്ച് തിളച്ചു വരുമ്പോള്‍ പഞ്ചസാര പൊടിച്ച് ചേര്‍ക്കുക. അര ടേ. സ്പൂണ്‍ നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തുകോരുക. ഇതോടൊപ്പം മറ്റ് ഡ്രൈ ഫ്രൂട്ടുകളും ചെറുതായരിഞ്ഞ് പായസത്തില്‍ ചേര്‍ക്കാം. ശേഷം ഏലയ്ക്കാപ്പൊടി വിതറി വിളമ്പുക.