അടുക്കളാവശിഷ്ടങ്ങള്‍ മണ്ണിര കമ്പോസ്റ്റാക്കാം
ഡോ. ഹംസ സ്രാമ്പിക്കല്‍
ആഗസ്റ്റ് 2020
നാം വീട്ടില്‍നിന്നും പുറംതള്ളുന്ന അടുക്കള അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പം മനസ്സുവെച്ചാല്‍ ഇവ നമ്മുടെ അടുക്കള തോട്ടങ്ങളിലേക്ക് ഉപയോഗിക്കാവുന്ന ഒരു ഒന്നാംതരം മണ്ണിര കമ്പോസ്റ്റാക്കി മാറ്റാവുന്നതാണ്.
നാം വീട്ടില്‍നിന്നും പുറംതള്ളുന്ന അടുക്കള അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പം മനസ്സുവെച്ചാല്‍ ഇവ നമ്മുടെ അടുക്കള തോട്ടങ്ങളിലേക്ക് ഉപയോഗിക്കാവുന്ന ഒരു ഒന്നാംതരം മണ്ണിര കമ്പോസ്റ്റാക്കി മാറ്റാവുന്നതാണ്. ഇതിനു വേണ്ടി കടകളില്‍നിന്ന് സാധനങ്ങള്‍ പാക്ക് ചെയ്തുവരുന്ന മരപ്പെട്ടികളോ അടിയില്‍ ദ്വാരമുള്ള സിമന്റ് പാനകളോ പ്ലാസ്റ്റിക് ബക്കറ്റുകളോ ഉപയോഗിക്കാം. വീട്ടില്‍നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങളുടെ തോതനുസരിച്ച് ഇവയുടെ വലിപ്പം ക്രമീകരിക്കാം. ഇത്തരം ചട്ടികളോ ബക്കറ്റുകളോ ശേഖരിച്ച് അടിയില്‍ വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരമുണ്ടാക്കിയ ശേഷം അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ അടിയില്‍ മണല്‍ നിരത്തണം. മരപ്പെട്ടിയാണെങ്കില്‍ അടിയില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതിനു ശേഷം ചെയ്യുന്നത് നന്നായിരിക്കും. അതിനു മുകളില്‍ അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ചകിരി/തൊണ്ട് മുറിച്ച് കഷ്ണങ്ങളാക്കി നിരത്തുക.
ഇനി അല്‍പം വിപുലമായ രീതിയില്‍ വേണമെങ്കില്‍ നമുക്ക് ഭൂമിയുടെ ഉപരിതലത്തിനു മുകളില്‍ 1 മീറ്റര്‍ വീതി, 2 മീറ്റര്‍ നീളം, 60 സെന്റിമീറ്റര്‍ ഉയരം എന്നിവയുള്ള ഒരു ടാങ്ക് നിര്‍മിച്ച് ഇതുപോലെ ചെയ്യാം. അതുമല്ലെങ്കില്‍ 1 മീറ്റര്‍ വീതി, 2 മീറ്റര്‍ നീളം, 40 സെന്റിമീറ്റര്‍ താഴ്ച എന്നിവ ഉള്ള ഒരു കുഴി നിര്‍മിച്ചും ഇപ്രകാരം ചെയ്യാം.
പെട്ടിയുടെ/ബക്കറ്റിന്റെ/കുഴിയുടെ/ടാങ്കിന്റെ അടിയില്‍ മണലും അതിനു മീതെ ചകിരിയും നിരത്തിയതിനു ശേഷം കരിയിലയും ചാണകവും 8:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ഒരു ലയറും കൂടി ഉണ്ടാക്കണം. ഏകദേശം 10 ദിവസങ്ങള്‍ കൊണ്ട് ഇവ ദ്രവിച്ച് മണ്ണിരകള്‍ക്ക് വളരാന്‍ പറ്റിയ ഒരു മാധ്യമമായി മാറും. ഈ സമയത്ത് യൂഡ്രില്ലസ് (ആഫ്രിക്കന്‍ മണ്ണിര), ഐസീന (ചുവന്ന മണ്ണിര) എന്നീ നല്ലയിനം മണ്ണിരകളെ നിക്ഷേപിക്കണം. എപ്പോഴും ആവശ്യത്തിന് നനവുണ്ടാവാന്‍ ശ്രദ്ധിക്കണം. പിന്നീട് ദിനേനയുള്ള അടുക്കള അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ഒഴിവാക്കി നിക്ഷേപിക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ നല്ലവണ്ണം ഇളക്കി കൊടുക്കണം. കുഴി നിറയുമ്പോള്‍ രണ്ട് ദിവസം നനക്കാതെ വെച്ചാല്‍ മണ്ണിരകള്‍ താഴോട്ട് വലിയുകയും മുകളില്‍നിന്ന് കമ്പോസ്റ്റ് വാരി എടുക്കുകയും ചെയ്യാം. നല്ല കമ്പോസ്റ്റ് ആയി മാറാന്‍ ഏകദേശം 45 ദിവസം എടുക്കും. അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഇടക്കിടക്ക് ചാണകവെള്ളം കലക്കി ഒഴിക്കുന്നത് കമ്പോസ്റ്റ് നിര്‍മാണം വേഗത്തിലാവാന്‍ സഹായിക്കും. അടിയില്‍നിന്ന് ദ്വാരത്തിലൂടെ ഒഴുകി വരുന്ന വെര്‍മിവാഷ് സംഭരിച്ച് നാലിരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് തളിച്ചു കൊടുത്താല്‍ അവ നല്ല പുഷ്ഠിയോടെ വളരും. ബക്കറ്റില്‍/പെട്ടികളില്‍/ടാങ്കില്‍ എലി ശല്യം ഒഴിവാക്കാന്‍ ഒരു കമ്പിവല ഇട്ട് മൂടണം. അതുപോലെ ഒരു ഇഷ്ടികയുടെ മുകളില്‍ പെട്ടി/ബക്കറ്റ് വെച്ച് അതിനു ചുറ്റും അല്‍പം ഉറുമ്പ് പൊടി വിതറിക്കൊടുത്താല്‍ ഉറുമ്പു ശല്യവും ഒഴിവാക്കാം. ടാങ്കില്‍ ഉറുമ്പു കയറാതിരിക്കാന്‍ ടാങ്കിന് ചുറ്റും സിമന്റ് കൊണ്ടോ പി.വി.സി പാത്തികള്‍ കൊണ്ടോ ഒരു ചാലുണ്ടാക്കി അതില്‍ വെള്ളം നിര്‍ത്തിയാല്‍ മതി. അതുപോലെ മണ്ണിരകള്‍ക്ക് ചൂട് തട്ടാതിരിക്കാന്‍ മുകള്‍ ഭാഗത്ത് നനഞ്ഞ ചാക്ക് ഇട്ട് മൂടുന്നതും നല്ലതാണ്.
മണ്ണിര കമ്പോസ്റ്റ് ചെടികള്‍ക്ക് വളരെയധികം പോഷകങ്ങള്‍ നല്‍കുന്ന ഒരു ഉത്തമ ജൈവ വളമാണ്. അവ മണ്ണിന്റെ ഫലഭൂയിഷ്ഠത, ജല ആഗിരണശേഷി, ചെടികളുടെ രോഗപ്രതിരോധ ശക്തി എന്നിവ വര്‍ധിപ്പിക്കുന്നതാണ്. മണ്ണിര വാഷും ഒരു ഉത്തമ വളര്‍ച്ചാ ടോണിക്കായി ഉപയോഗിക്കാം.