ഇന്നലെ സ്വപ്നത്തിലറിയാതെ
വന്ന ഒരു സ്ത്രീരൂപത്തിന്
പരിചയമുള്ളൊരാളുടെ
ഛായയുണ്ടായിരുന്നു....
നരച്ചു തുടങ്ങിയ മുടിയും
മുഖത്തെ ചില ചുളിവുകളും
തിമിരം വന്നു തുടങ്ങിയ
ആ കണ്ണുകളുമൊഴിച്ചു
നിര്‍ത്തിയാല്‍
എവിടെയോ കണ്ട് മറന്ന പോലെ .....
ഓര്‍ത്തോര്‍ത്തിരുന്നപ്പോ
ബോറടിച്ചു തുടങ്ങി
അല്ലെങ്കിലും ഈ സ്വപ്നങ്ങളുടെയൊക്കെ
പിറകെ നടക്കാന്‍ മാത്രം
അത്ര വിഡ്ഢിയൊന്നുമല്ലല്ലോ ഞാന്‍!
ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍
മിന്നല്‍പടരു പോലെ വന്ന്
ആ രൂപം വയറ് നിറച്ച്
കഴിക്കാന്‍ പറഞ്ഞ പോലൊരു
തോന്നല്‍ ....
അതുകൊണ്ടാവണം
ഇന്ന് ഹോസ്റ്റലിലെ
പുളിച്ച ദോശയും
കളയാന്‍ തോന്നിയില്ല....
ദുപ്പട്ട കിട്ടാതെ
അലമാര മുഴുവന്‍ വലിച്ചു പുറത്തിട്ട്
ആരെയൊക്കെയോ പ്രാകി
തിരിഞ്ഞു നോക്കിയപ്പോള്‍
കട്ടിലിലതാരോ തേച്ചു
മടക്കിവെച്ചിരിക്കുന്നു....
കഴുത്തില്‍ ചുറ്റി
ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍
മുടിയൊക്കെ വൃത്തിക്ക്
കെട്ടിവെക്കാത്തതിനാരോ
ഉറക്കെ ശാസിക്കുന്നു...
തിരക്കിട്ട് ക്രോസ് ചെയ്തപ്പോള്‍
ചീറി വന്നൊരു
കാറ് കണ്ടില്ല
അയാളെന്തൊക്കെയോ
പറഞ്ഞു.
പക്ഷേ അപ്പോഴും
കൈയിലാരോ
മുറുകെ പിടിച്ച്
എപ്പഴുംങ്ങനെ
ഞാനിണ്ടാവോന്ന്
ചോദിക്കുന്നുണ്ടായിരുന്നു ...
ക്ലാസില്‍ സാറ് കാണാണ്ടെ
ഫോണില്‍ കുത്തുമ്പോളൊക്കെ
ആരോ അത് മാറ്റിവെച്ച്
പരീക്ഷയടുത്തെന്ന്
വെപ്രാളത്തോടെ
ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു...
മീന്‍ വറുത്തതിന്
മാത്രമല്ല
അന്ന് കഴിച്ച പഫ്‌സിനും
ചായക്കും വരെ
പതിവില്ലാത്തൊരു
മണവും രുചിയും..
ഓണ്‍ലൈനിലിരിക്കുമ്പോഴൊക്കെ
വല്ലാത്തൊരു വിരസത
എല്ലാം ആ സ്വപ്നം പറ്റിച്ച
പണിയാണ്....
വൈകുന്നേരമായപ്പോള്‍
മേലാകെ പനിച്ചു
പൊള്ളുന്നു....
ആരോ ഒരാള്‍
സ്‌നേഹത്തോടെ
ഒരു നനഞ്ഞ തുണി
നെറ്റിയിലിടുന്നുണ്ട്....
ഉറങ്ങാന്‍ ശ്രമിച്ച്
കണ്ണടച്ചപ്പോഴൊക്കെ
തെളിഞ്ഞു വന്ന
ആ മുഖത്തോട്ട്
എന്തെന്നില്ലാത്ത അത്ഭുതത്തോടെ
നോക്കിയിരുന്നു ....
അപ്പോഴൊക്കെ
എവിടെ നിന്നാണെന്നറിയില്ല
കുസൃതി കണ്ണുകളുള്ള
ഒരു അഞ്ച് വയസ്സുകാരി
ആ സാരിത്തുമ്പില്‍
തൂങ്ങി
അമ്മേയെന്ന് ഉറക്കെ
വിളിക്കുന്നുണ്ടായിരുന്നു ....