അല്ലാഹുവിലുള്ള ദൃഢവിശ്വാസമാണ് മുസ്‌ലിമിന്റെ സവിശേഷത. ഈ ലോകത്ത് സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയ
അല്ലാഹുവിലുള്ള ദൃഢവിശ്വാസമാണ് മുസ്‌ലിമിന്റെ സവിശേഷത. ഈ ലോകത്ത് സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയ പ്രകാരമാണെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ഇഹപര നന്മകള്‍ നേടിയെടുക്കാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുകയാണ് തന്റെ ദൗത്യമെന്നും ഓരോ വിശ്വാസിയും ഉറച്ചുവിശ്വസിക്കുന്നു. ഈ ഉത്തമബോധ്യമാണ് ജീവിതത്തിന് കരുത്തും വെളിച്ചവും പകരുന്നത്. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ ശക്തിയേകുന്ന ഇത്തരം ഒട്ടേറെ വിശ്വാസി മാതൃകകള്‍ ചരിത്രത്തില്‍ നമുക്ക് കാണാം.
അന്ധവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അവിവേകത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത വിശ്വാസം കൊ് കരുത്താര്‍ജിച്ച സ്ത്രീ മാതൃകകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാനാകും. ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് അവരെ ഇത്തരത്തില്‍ പരിവര്‍ത്തിപ്പിച്ചത്. ''പറയുക ആരുടെ കൈയിലാണോ സകല വസ്തുക്കളുടെയും അധികാരം അവന്‍ അഭയം നല്‍കുന്നു. അവനെതിരെ ആരും അഭയം നല്‍കാനില്ല. നിങ്ങള്‍ അറിയുന്നുവെങ്കില്‍. പറയുക. അല്ലാഹുവിനാണ് സകല അധികാരങ്ങളും. എങ്ങോട്ടാണ് നിങ്ങള്‍ വശീകരിക്കപ്പെടുന്നത്?''
ദൈവത്തിലുള്ള ദൃഢവിശ്വാസമാണ് മുസ്‌ലിം സ്ത്രീയുടെ വ്യക്തിത്വം പ്രോജ്ജ്വലവും പ്രശോഭിതവുമാക്കുന്ന ശക്തി. ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാനും ജീവിതം പരീക്ഷണാലയമാണ് എന്ന തിരിച്ചറിവ് നല്‍കാനും പ്രചോദനമേകുന്ന ആത്മീയ കരുത്താണത്.
ഈമാനിന്റെ അതുല്യ മാതൃകയാണ് ഹാജര്‍ ബീവി(റ)യില്‍ നാം ദര്‍ശിക്കുന്നത്. പരിശുദ്ധ കഅ്ബാലയത്തിനടുത്ത് ജലമോ ജനമോ ഇല്ലാത്ത താഴ്‌വരയില്‍ ഇബ്‌റാഹീം നബി(അ) അവരെയും, മുലകുടി പ്രായത്തിലുള്ള മകന്‍ ഇസ്മാഈലിനെയും വിട്ടേച്ചു പോകുമ്പോള്‍ നിസ്തുലമായ ധൈര്യവും സ്ഥൈര്യവുമാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്. അന്നേരം അവര്‍ ഇബ്‌റാഹീം നബി(അ)യോടു ചോദിച്ചു. ''അല്ലാഹുവാണോ ഞങ്ങളെ ഇവിടെ വിട്ടേച്ചുപോകാന്‍ കല്‍പിച്ചത്?'' അതേ എന്ന ഇബ്‌റാഹീമി(അ)ന്റെ മറുപടി അവര്‍ക്ക് ഏകിയ ആത്മവിശ്വാസവും സംതൃപ്തിയും അത്ഭുതകരമായിരുന്നു. 'അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല' എന്ന ആ മഹതിയുടെ പ്രതികരണം അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്.
വല്ലാത്ത പ്രതിസന്ധിയാണ് ഹാജര്‍ ബീവി (റ) അഭിമുഖീകരിച്ചത്. തന്റെ പ്രിയതമന്‍ തന്നെയും തന്റെ പിഞ്ചു പൈതലിനെയും സസ്യലതാദികളോ ജലമോ ഇല്ലാത്ത ആ വിജനമായ പ്രദേശത്ത് വിട്ടേച്ചുപോകുന്നു. അദ്ദേഹത്തിന് ദൈവകല്‍പന അനുസരിക്കാതെ തരമില്ലല്ലോ. അവരുടെ കൈവശമാവട്ടെ തോല്‍സഞ്ചിയില്‍ അല്‍പം ഈത്തപ്പഴവും അല്‍പം വെള്ളവും മാത്രമാണുണ്ടായിരുന്നത്. പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയാത്ത വിദൂര ദേശങ്ങളിലേക്കായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ യാത്ര. ഹാജര്‍ ബീവി(റ)ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നും അല്ലാഹു തന്നെയും മകനെയും കൈവെടിയുകയുമില്ലെന്ന ഉറച്ച വിശ്വാസമില്ലായിരുന്നെങ്കില്‍ അതിസങ്കീര്‍ണമായ ആ സാഹചര്യം തരണം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നല്ല ആദ്യ നിമിഷത്തില്‍ തന്നെ അവര്‍ തളര്‍ന്നുപോകുമായിരുന്നു. എല്ലാ ഹാജിമാരും ഉംറക്കാരും സംസം കുടിക്കുമ്പോഴും സ്വഫാ മര്‍വാ മലകള്‍ക്കിടയിലൂടെ ഓടുമ്പോഴും രാപ്പകല്‍ ഭേദമില്ലാതെ സ്മരിച്ചുകൊണ്ടിരിക്കുന്ന ഒരു ചരിത്രത്തിന്റെ ഭാഗമാകാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
ഹാജറിനെപ്പോലുള്ള എത്രയോ മഹതീ മഹാന്മാരെക്കൊണ്ട് ഇസ്‌ലാമിക ചരിത്രം പ്രശോഭിതമാണ്. അവരുടെ ഈമാന്‍ മനസ്സുകളെ സജീവമാക്കുകയും ബോധമണ്ഡലങ്ങളെ ഉദ്ബുദ്ധമാക്കുകയും ഹൃദയങ്ങളെ ത്രസിപ്പിക്കുകയും ചെയ്തു. അല്ലാഹു എല്ലാ രഹസ്യങ്ങളും അറിയുന്നവനും അവന്റെ ദൃഷ്ടിയില്‍നിന്ന് ഒരു നിമിഷം പോലും മറഞ്ഞിരിക്കുക സാധ്യമല്ലെന്നുമുള്ള ശക്തമായ ബോധത്താല്‍ തിളക്കമാര്‍ന്ന ചരിത്രം സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിച്ചു.
അസ്‌ലമി(റ)നോടൊപ്പം ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) രാത്രിയില്‍ മദീനാ തെരുവിലൂടെ ചുറ്റിനടക്കവെ അവര്‍ രണ്ടു പേരും ക്ഷീണിതരായി ഒരു വീടിന്റെ ചുമരില്‍ ചാരിനിന്നു. അപ്പോഴതാ ആ വീട്ടിലെ സ്ത്രീ തന്റെ മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ ആ പെണ്‍കുട്ടി ഉമ്മയോടു ചോദിക്കുന്നു: ''അമീറുല്‍ മുഅ്മിനീന്റെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ?'' ഇല്ല, എന്താണാ തീരുമാനമെന്ന് ഉമ്മ ചോദിച്ചു. ആ പെണ്‍കുട്ടി പറഞ്ഞു: ''പാലില്‍ വെള്ളം ചേര്‍ക്കുന്നത് അദ്ദേഹം നിരോധിച്ചിരിക്കുന്നു.'' അന്നേരം ആ മാതാവിന്റെ മറുപടി, 'അമീറുല്‍ മുഅ്മിനീന്‍ ഇവിടെ ഇല്ലല്ലോ. വേഗം പാലില്‍ വെള്ളം ചേര്‍ക്കൂ' എന്നായിരുന്നു. ഉടനെ ആ മകള്‍ പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍ കാണുന്നില്ലെങ്കിലും അല്ലാഹു കാണുന്നുണ്ടല്ലോ, മാത്രമല്ല അമീറുല്‍ മുഅ്മിനീനെ ധിക്കരിക്കാന്‍ എനിക്കു സാധ്യമല്ല.''
ഇതു കേട്ട പാടെ ആ വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലും ഉണ്ടോ എന്നന്വേഷിക്കാന്‍ അസ്‌ലമി(റ)നെ ആ വീട്ടിലേക്ക് അയച്ചു. അപ്പോള്‍ ആ ഉമ്മയും മകളും മാത്രമേ ആ വീട്ടിലുള്ളൂ എന്നും ആ പെണ്‍കുട്ടി അനാഥയാണെന്നും അസ്‌ലം (റ) അറിയിച്ചു. ഉമര്‍(റ) തന്റെ വീട്ടിലെത്തി മക്കളെയെല്ലാവരെയും വിളിച്ചു വരുത്തി ചോദിച്ചു. അല്ലാഹുവിനെ ഭയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ ആരാണ് വിവാഹം കഴിക്കുക? അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ എന്നീ രണ്ടു മക്കളും അവര്‍ക്ക് ഭാര്യമാരുണ്ടെന്ന് അറിയിച്ചു. അവളെ വിവാഹം കഴിക്കാന്‍ ആസിം (റ) തയാറായി. ആ ദാമ്പത്യത്തില്‍ ജനിച്ച പെണ്‍കുട്ടിയുടെ പൗത്രനാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് (റ).
ഇസ്‌ലാം ആ യുവതിയുടെ മനസ്സില്‍ ഉണര്‍ത്തിയ ഈമാനിക ബോധവും രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവെക്കുറിച്ചുള്ള ഭയവും എത്രമാത്രം അടിയുറച്ചതായിരുന്നു! ഈമാന്‍ അവളെ ഇഹ്‌സാനിന്റെ പദവിയിലേക്കുയര്‍ത്തി, ആ ദാമ്പത്യ വല്ലരിയില്‍ നല്ല ഇസ്‌ലാമിക തലമുറ ജന്മം കൊണ്ടു. ഖുലഫാഉര്‍റാശിദുകളില്‍ അഞ്ചാമന്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസ് ആ തലമുറയിലെ മഹല്‍ വ്യക്തിത്വമാണ്.
''പറയുക, അല്ലാഹു നിങ്ങളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിസ്സംശയം അന്ത്യനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടൂം. അധിക പേരും അതറിയുന്നില്ല'' ''നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചുവെന്നും നിങ്ങള്‍ നമ്മിലേക്ക് മടക്കപ്പെടുകയില്ല എന്നും ധരിച്ചുവോ?'' അന്ത്യനാളില്‍ മനുഷ്യന് കര്‍മങ്ങള്‍ക്കനുസരിച്ച പ്രതിഫലം നല്‍കപ്പെടും. അത് നല്ലതാണെങ്കില്‍ നല്ലതും ദുഷിച്ചതാണെങ്കില്‍ ദുഷിച്ചതും. വിചാരണയുടെ തുലാസ് അതിസൂക്ഷ്മമായിരിക്കും. അവന് അനുകൂലമായാലും പ്രതികൂലമായാലും.
മുസ്‌ലിം സഹോദരി ഈ ഖുര്‍ആനിക സൂക്തങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ അവള്‍ യഥാര്‍ഥ വിശ്വാസിയായി മാറും. പരലോക ജീവിതം ധന്യമാക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകാന്‍ അതിനേക്കാള്‍ അവള്‍ക്ക് പ്രചോദനമേകുന്ന മറ്റൊന്നില്ല.
(തുടരും)