ഒരു കുഗ്രാമത്തിലെ സാദാ ഹിന്ദി മീഡിയം സ്‌കൂളില്‍നിന്ന് ഐ.എ.എസ് വരെ എത്തിയ കഥയാണ് സുരഭി ഗൗതമിന്റേത്. മധ്യപ്രദേശിലെ അംദാര ഗ്രാമത്തിലാണ് 2016-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 50-ാം റാങ്ക് കരസ്ഥമാക്കിയ സുരഭിയുടെ വീട്. അഛന്‍ വക്കീലാണ്, അമ്മ ടീച്ചറും. 93.4 ശതമാനം മാര്‍ക്കോടെയാണ് സുരഭി ഹൈസ്‌കൂള്‍ ജയിച്ചത്. ഇനിയെന്താകാനാണ് ആഗ്രഹം എന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കലക്ടറാകണം എന്ന് പൊടുന്നനെ പറയുകയായിരുന്നു. പറയും നേരം അതേപ്പറ്റിയൊന്നും ആലോചിച്ചിരുന്നില്ല. പിറ്റേന്ന് പത്രത്തില്‍ 'സുരഭിക്ക് ആഗ്രഹം കലക്ടറാകാന്‍' എന്ന് വാര്‍ത്തയും വന്നു.
സുരഭിയുടെ ഗ്രാമത്തിലെ സ്‌കൂളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നു. പുസ്തകങ്ങളൊന്നും സമയത്തിന് കിട്ടില്ല. സ്‌കൂള്‍ കാലം കഴിഞ്ഞപ്പോള്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി. അത് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. പിന്നീട് ഭോപ്പാലില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയി. യൂനിവേഴ്‌സിറ്റിയില്‍ ടോപ്പറായ സുരഭി ഗോള്‍ഡ് മെഡലോടെയാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്. കോളേജ് പഠനത്തിനു ശേഷം ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു.
അപ്പോഴും ചെറുപ്പത്തില്‍ ഉണ്ടായിരുന്ന സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം അലട്ടാന്‍ തുടങ്ങി. അങ്ങനെയാണ് സിവില്‍ സര്‍വീസ് എഴുതുന്നത്. ട്യൂഷനൊന്നും പോകാതെ സ്വയം പഠിച്ചാണ് വലിയ നേട്ടങ്ങള്‍ സുരഭി നേടുന്നത് എന്നത് ആര്‍ക്കും മാതൃകയാണ്.
ഹിന്ദി മീഡിയത്തില്‍ പഠിച്ചതിനാല്‍ സുരഭിക്ക് ഇംഗ്ലീഷ് ഒരു വലിയ പ്രശ്‌നമായിരുന്നു. മറ്റുള്ളവര്‍ വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ട് തനിക്കതു പോലെ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. മറ്റു വിഷയങ്ങള്‍ പഠിക്കാന്‍ എടുക്കുന്നതിനേക്കാള്‍ ഇരട്ടി അധ്വാനം കൊടുത്ത് ഇംഗ്ലീഷ് പഠിച്ചെടുക്കുകയായിരുന്നു. അവരുടെ ഗ്രാമത്തില്‍തന്നെ പുറത്തുപോയി പഠിക്കുന്ന ആദ്യ വിദ്യാര്‍ഥിയായിരുന്നു സുരഭി. ഇംഗ്ലീഷ് പ്രയാസപ്പെടുത്തുമ്പോള്‍ ഞാന്‍ നാട്ടിലേക്ക് വരുകയാണ്, എന്നെക്കൊണ്ട് പറ്റുന്നില്ല എന്ന് അഛനെ വിളിച്ച് പറയുമ്പോള്‍, നീ പഠനം നിര്‍ത്തിയാല്‍ അത് ഗ്രാമത്തിലെ പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവേശം കെടുത്തും എന്നായിരുന്നു അഛന്റെ മറുപടി. അങ്ങനെ കഠിനാധ്വാനം ചെയ്ത് പഠിച്ചപ്പോള്‍ ആഗ്രഹിച്ച ഐ.എ.എസ് തേടിയെത്തി. ഇന്ന് ഗ്രാമത്തിലെ സ്റ്റാര്‍ ആണ് സുരഭി ഗൗതം.