പ്രണയം പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയെന്നാണ് പറയപ്പെടുന്നത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശ്ലേഷം.
പ്രണയം പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയെന്നാണ് പറയപ്പെടുന്നത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശ്ലേഷം. എന്നാലത് ഏകപക്ഷീയമാണെങ്കിലോ? മിക്ക പ്രണയങ്ങളും വണ്‍വേ ആയിരിക്കും. അങ്ങനെ പൊട്ടിപ്പാളീസായ പ്രണയങ്ങളുടെ കഥ ഏറെ പേര്‍ക്കും പറയാനുണ്ടാവും.
കത്തുന്ന പ്രണയം അണയാത്ത പകയായി മാറാന്‍ അധികനേരം വേണ്ട. അങ്ങനെയാണ് പ്രണയാഭ്യര്‍ഥന തള്ളിയ പെണ്‍കുട്ടിയെ കുത്തിക്കൊന്ന വാര്‍ത്തയും മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ സംഭവങ്ങളും നമ്മുടെ മുന്നിലെത്തുന്നത്.
താജ്മഹല്‍ എനിക്കിഷ്ടമാണ്. ഞാനത് നോക്കിനോക്കി നിന്നിട്ടുണ്ട്. യമുനാ നദിയില്‍ നിന്നുള്ള മന്ദമാരുതന്‍ ആസ്വദിച്ച് അവിടെ കിടന്നിട്ടുമുണ്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പ്രണയിനികള്‍ ദിനേന ആഗ്രയിലെത്തുന്നു; ആ അനശ്വര പ്രണയകുടീരമൊന്നു കാണാന്‍, അനുഭവിക്കാന്‍. ലാല്‍ബാഗിലെ പൂന്തോട്ടങ്ങള്‍ എനിക്കിഷ്ടമാണ്. ഞാനവയെ നോക്കിനോക്കി നില്‍ക്കും. എന്നാല്‍ അനുവാദം കൂടാതെ ഒരു പൂ ഇറുത്താല്‍ വിവരമറിയും. ഇതു തന്നെയാണ് പ്രണയത്തിലും. പെണ്ണിനെ പക്ഷേ, നിശ്ചിത സമയത്തിലധികം ദുരുദ്ദേശ്യപൂര്‍വം നോക്കുന്നതു പോലും ശിക്ഷാര്‍ഹമാണ്. അപ്പോഴവളെ അവളുടെ അനിഷ്ടം വകവെക്കാതെ സ്വന്തമാക്കാന്‍ ആണൊരുത്തന്‍ ധൈര്യപ്പെട്ടാലോ?
മൂന്നു വര്‍ഷം മുമ്പ് ആഗ്രയില്‍ ഒരു ക്രിസ്ത്യന്‍ പള്ളി തകര്‍ക്കപ്പെട്ടിരുന്നു. വില്ലന്‍ പ്രണയം തന്നെ! തന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി തള്ളിയതിനെത്തുടര്‍ന്നാണ് അവള്‍ സ്ഥിരമായി എത്തിയിരുന്ന പള്ളി ആക്രമിച്ചതെന്നാണ് പോലീസ് അറസ്റ്റ് ചെയ്തയാള്‍ വെളിപ്പെടുത്തിയത്. യുവാവ് അന്യമതക്കാരനായതിനാല്‍ വിവാഹം സാധ്യമല്ലെന്ന് പെണ്‍കുട്ടി തുറന്നുപറഞ്ഞിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി പള്ളിയില്‍ വരാതായി. ഇതോടെ ആഗ്ര പാളയം മേഖലയിലുള്ള സെന്റ് മേരീസ് പള്ളിയിലെ മദര്‍ മേരിയുടെ പ്രതിമ തകര്‍ത്ത് അതില്‍ ചങ്ങലയിട്ടാണ് കാമുകന്‍ കലിപ്പ് തീര്‍ത്തത്.
കാമവും പ്രണയവും ഇഴചേര്‍ന്നാണിരിക്കുന്നത്. കാമുകനെ സംഹാരരുദ്രനാക്കുന്നത് പലപ്പോഴും കാമദാഹമാണെന്ന് പറയേണ്ടിവരും. പ്രണയവും കാമവും പുരുഷന് മാത്രമല്ലല്ലോ ഉണ്ടാവുക എന്നു ചോദിക്കുന്നവരുണ്ട്. കാമാതുരയായ ഈജിപ്തിലെ രാജ്ഞി സുലൈഖ യൂസുഫ് നബിയെ തന്റെ ഇംഗിതത്തിനു കിട്ടാതിരുന്നപ്പോള്‍ ജയിലിലടക്കാന്‍ ഭര്‍ത്താവിനോട് കല്‍പിച്ച കഥ ഇതിനു തെളിവായി ഉദ്ധരിക്കുന്നു. സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങള്‍ നേടുന്നതിന് അധികാരത്തിന്റെ ഇടനാഴികളില്‍ വിലസുന്ന സ്ത്രീകളുണ്ട് എന്നതു ശരി തന്നെ. എന്നാല്‍ പ്രണയക്കേസുകളില്‍ മിക്കപ്പോഴും ഇരയുടെ കളത്തില്‍ കാണുന്നത് പെണ്ണിനെ തന്നെയാണ്. പലപ്പോഴും അതിഭീകരമായ മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നത്. പ്രണയാഭ്യര്‍ഥന നടത്താന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ പ്രണയം നിരസിക്കാന്‍ മറ്റേയാളിനും അവകാശമുണ്ടല്ലോ.
ഇഷ്ടമില്ലാത്തവനാണെങ്കില്‍ പെട്ടെന്ന് ഒഴിവാക്കാനാവും പെണ്‍കുട്ടികളുടെ ശ്രമം. എന്നാല്‍ വണ്‍വേ കാമുകന്‍ വിടണ്ടേ? ആദ്യമാദ്യം സ്‌നേഹപൂര്‍വം സംസാരിക്കുന്ന അയാളുടെ സ്വരം പൊടുന്നനെ മാറുന്നു. അധികാരത്തോടെയാണ് പിന്നെ. അവസാനം താക്കീതും. എന്നെ സ്‌നേഹിച്ചില്ലെങ്കില്‍, മറ്റൊരാളെ സ്‌നേഹിച്ചാല്‍ നീ അനുഭവിക്കും.
ഇത് കേവലമൊരു താക്കീതല്ല. അങ്ങനെ അനുഭവിച്ച ഒത്തിരി പെണ്‍കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ ഉപരിപഠനത്തിനായി പോകുന്ന പെണ്‍കുട്ടികള്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നുവെന്നത് ആശങ്ക ഉണര്‍ത്തുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചത് ഇങ്ങനെയാണ്.
ഇതിലും ഭീകരമാണ് ആസിഡ് ആക്രമണം. മുഖം നഷ്ടമായാല്‍ ജീവിച്ചിട്ടെന്ത്? തന്നെ പ്രണയിക്കാന്‍ തയാറാകാത്ത സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കാന്‍ ആരാണ് വീര പുരുഷുകള്‍ക്ക് അധികാരം കൊടുത്തത്? തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയത് വിവാഹം മുടക്കാനായിരുന്നുവത്രെ. പ്രണയനൈരാശ്യം മൂലം രണ്ടു മാസമെടുത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഓപറേഷന്‍! സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ ബൈക്കില്‍ പിന്നാലെയെത്തി ആസിഡ് ഒഴിക്കുകയായിരുന്നു പ്രതി സുബീഷ്. പ്രണയം അറിയിച്ചെങ്കിലും യുവതി നിരസിക്കുകയായിരുന്നു. അതിനിടെ മറ്റൊരാളുമായി ജീനയുടെ വിവാഹം ഉറപ്പിച്ചതോടെ പദ്ധതി നടപ്പാക്കുകയായിരുന്നു.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ലോകപരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്തവരൊന്നുമല്ല സഹജീവിയെ ഈവിധം ക്രൂശിക്കുന്നത് എന്നതാണ്. സുബീഷ് വിദേശത്ത് കപ്പലില്‍ ജോലി ചെയ്യുന്നയാളാണ്. അവിടെ നിന്ന് ആസിഡ് കുപ്പിയിലാക്കി കൊണ്ടുവരികയായിരുന്നുവത്രെ. യുവതിയുടെ ഫേസ്ബുക്കില്‍ കയറി നാട്ടുകാരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആസിഡ് തന്നെ വേണമെന്നില്ല ഒരാളുടെ ദേഹം പൊള്ളിക്കാന്‍. മുംബൈയിലെ ദഹ്‌സാറില്‍ വെച്ച് ഈയിടെ ഒരു യുവാവ് 24-കാരിയായ യുവതിയെ ഉപദ്രവിച്ചത് ടോയ്‌ലെറ്റ് ക്ലീനര്‍ മുഖത്തേക്ക് ഒഴിച്ചാണ്. യുവതി വീട്ടിലേക്ക് പോകുംവഴിയാണ് അയല്‍ക്കാരന്‍ കൂടിയായ 25-കാരന്‍ ആക്രമണം നടത്തിയത്. വഴിയില്‍ വെച്ച് യുവതിയോടൊപ്പം കൂടിയ ഇയാള്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ടോയ്‌ലെറ്റ് ക്ലീനര്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
എത്ര ഉന്നത സ്ഥാനത്താണെങ്കിലും പുരുഷപീഡനം സഹിക്കേണ്ടവളായി ഈ 21-ാം നൂറ്റാണ്ടിലും പെണ്ണ് കഴിയുന്നു. വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ അവിടെ എത്ര മാത്രം സുരക്ഷിതരാണ്? അലാസ്‌ക എയര്‍ലൈന്‍സിലെ സഹ പൈലറ്റായ യുവതി പരാതിപ്പെട്ടത് ക്യാപ്റ്റന്‍ വൈനില്‍ മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ്. പക്ഷേ വിമാനക്കമ്പനി ക്യാപ്റ്റനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. വനിതാ പൈലറ്റിന്റെ ഗതി ഇതാണെങ്കില്‍ പാവം എയര്‍ ഹോസ്റ്റസുമാരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.
മീ ടൂ കമ്പയിന്‍
ഈയിടെ വൈറലായ മീ ടൂ (ഞാനും പീഡനത്തിനിരയായി) കാമ്പയിനെ ഇതോടു ചേര്‍ത്തു വായിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണിത് തുടങ്ങിയത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് കാമ്പയിന് തുടക്കംകുറിച്ചത്. സുഹൃത്തില്‍നിന്ന് ലഭിച്ച നിര്‍ദേശത്തെ ഉള്‍ക്കൊണ്ടാണ് പീഡനത്തിനിരയായവര്‍ അത് തുറന്നുപറയണമെന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളില്‍ 'മീ ടു' എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. അലീസയുടെ നിര്‍ദേശത്തെ മറ്റുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹോളിവുഡ് നടി റീസ് വിതര്‍സ്പൂണ്‍ 16-ാം വയസ്സില്‍ ഒരു സംവിധായകന്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒമ്പതാം വയസ്സില്‍ പീഡനത്തിനിരയായെന്ന് നടി അമേരിക്ക ഫെറേറയും സിനിമയുടെ കാസ്റ്റിംഗിനിടെ തന്നെ നഗ്നയാക്കി നിര്‍ത്തിയെന്ന് ജെന്നിഫര്‍ ലോറന്‍സും വെളിപ്പെടുത്തി. ബോളിവുഡിലെയും കോളിവുഡിലെയും നടിമാരും ചൂഷണത്തിനു വിധേയമായ കാര്യങ്ങള്‍ തുറന്നുസമ്മതിച്ചു.
ഇന്ത്യയില്‍നിന്ന് ആയിരങ്ങള്‍ 'മീ ടു' വിനൊപ്പം ചേര്‍ന്നപ്പോള്‍ കേരളത്തില്‍നിന്നും നടിമാരായ റീമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയ പ്രമുഖരുള്‍പ്പെടെ നിരവധി പേരും കാമ്പയിന്റെ ഭാഗമായി. ഇതിനകം വിവിധ രാജ്യങ്ങളിലുള്ളവര്‍ ഈ കാമ്പയിന്‍ ഏറ്റെടുത്തത് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളിലുള്ള സ്ത്രീകള്‍ എത്രത്തോളം ചൂഷണത്തിനു വിധേയമാവുന്നു എന്നതിനു തെളിവാണ്.
ഈ തുറന്നുപറച്ചിലിലെ ധാര്‍മികത അവിടെ നില്‍ക്കട്ടെ. ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. നെറ്റി ചുളിക്കാതെ അത് ഉള്‍ക്കൊണ്ടേ തീരൂ. നടി ഐശ്വര്യാ റായ് പറഞ്ഞപോലെ ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ട സ്ത്രീകള്‍ അത് തുറന്നുപറയാന്‍ തയാറായി മുന്നോട്ടുവരുന്നത് മറ്റുള്ളവര്‍ക്കും സംസാരിക്കാന്‍ ധൈര്യം പകരും. സിനിമാമേഖലയില്‍ ഒതുങ്ങുന്നതല്ലല്ലോ സ്ത്രീപീഡനം. സ്ത്രീ ഉള്ളിടത്തെല്ലാം പീഡനവുമുണ്ട്. പലരും പുറത്തുപറയാന്‍ ധൈര്യപ്പെടുന്നില്ല എന്നു മാത്രം.
അമ്മ സുന്ദരിയെങ്കില്‍ മകളോ
സ്ത്രീ എത്ര ഉയര്‍ന്ന ജോലി ചെയ്യുന്നവളാണെങ്കിലും മാനഭംഗം ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇരയാവുമ്പോഴും ആ പരിഗണന നല്‍കാതെ അവളെ വലിച്ചുകീറുന്ന സംഭവങ്ങള്‍ നിലനില്‍ക്കുന്നു. 2012 ഡിസംബര്‍ 16-ന് ദല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാദേവിയെക്കുറിച്ച് ഈയിടെ ഒരു പൊതുചടങ്ങില്‍ കര്‍ണാടക മുന്‍ ഡി.ജി.പി എച്ച്.ടി. സംഗ്ലിയാന നടത്തിയ പരാമര്‍ശങ്ങള്‍ നോക്കൂ;
'ഞാന്‍ ഇപ്പോള്‍ നിര്‍ഭയയുടെ അമ്മയെ കണ്ടു. മികച്ച ശരീരപ്രകൃതമാണ് അവരുടേത്. അതുകൊണ്ടുതന്നെ നിര്‍ഭയ എത്ര സുന്ദരിയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ'. എന്താണിതിന്റെ അര്‍ഥം? പിന്നാലെ സ്ത്രീകള്‍ക്കായി സംഗ്ലിയാന ഒരു ഉപദേശവും നല്‍കി. അതിങ്ങനെ: 'നിങ്ങള്‍ക്കുനേരെ ആരെങ്കിലും ബലപ്രയോഗത്തിന് തുനിഞ്ഞാല്‍, അവര്‍ നിങ്ങളെ കീഴ്‌പ്പെടുത്തുമെന്ന് ഉറപ്പുണ്ടെങ്കില്‍ വഴങ്ങിക്കൊടുക്കുകയാണ് ജീവന്‍ രക്ഷിക്കാന്‍ നല്ലത്'. ഇതു പറയുന്നത് ഒരു മുന്‍ പോലീസ് മേധാവിയാണ്.
വനിതാദിനത്തോടനുബന്ധിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപക്ക് അവാര്‍ഡ് സമ്മാനിക്കാനായി ബംഗളൂരുവില്‍ എത്തിയതായിരുന്നു അവര്‍. ശ്രദ്ധേയമായ കാര്യം പരാമര്‍ശങ്ങള്‍ വിവാദമായപ്പോഴും സംഗ്ലിയാന തന്റെ നിലപാടില്‍ ഉറച്ചുനിന്നു എന്നതാണ്. ജീവനു ഭീഷണിയാണെന്നു കണ്ടാല്‍ മാനഭംഗത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന ഉപദേശത്തെയും അദ്ദേഹം ന്യായീകരിച്ചു. നല്ലൊരു കാര്യം പറയാന്‍ ഇതുപോലെ മാംസളമായ ഉപമകള്‍ കൊണ്ടുവരുന്ന മതപ്രഭാഷകരും സ്ത്രീവിരുദ്ധതയുടെ ചേരിയിലാണെന്നു പറയേണ്ടിവരും.
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൂട്ടമാനഭംഗവും കൊലപാതകവും നടന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിര്‍ഭയ കേസ് പെണ്‍കുട്ടിയുടെ അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. സ്ത്രീസുരക്ഷക്കുവേണ്ടി പല പദ്ധതികളും രൂപീകരിച്ചെങ്കിലും ഒന്നും നടപ്പായില്ലെന്നും പീഡനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും അമ്മ ആശാദേവി പറയുന്നു.
ആ പോലീസ് മേധാവിയുടെ പരസ്യമായ കമന്റ് നിര്‍ഭയയുടെ അമ്മയില്‍ എത്ര വലിയ ഷോക്കായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക? ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവര്‍ സംഗ്ലിയാനക്ക് ഒരു മറുപടി നല്‍കി. ആ മനുഷ്യന്റെ തൊലിയുരിച്ചുകളഞ്ഞ ആ കിടിലന്‍ മറുപടി മീര ജാദവ് ചീഫ് എഡിറ്ററായ ഖബര്‍ ലഹാരിയയില്‍ പ്രസിദ്ധീകരിച്ചിരുന്നു അതിങ്ങനെയായിരുന്നു:
'എന്റെ ശരീരഘടനയെ എന്റെ മകള്‍ ജ്യോതിയുടെ സൗന്ദര്യവുമായി താരതമ്യം ചെയ്യുന്നതിനു മുമ്പ് അത് ഉചിതമാണോ എന്നു നിങ്ങള്‍ ചിന്തിച്ചില്ല. നിങ്ങളുടെ വെറുപ്പുളവാക്കുന്ന അഭിപ്രായത്തിനുശേഷം, പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ നല്‍കിയ ഉപദേശം എല്ലാ അതിരുകളും ലംഘിച്ചു. നിങ്ങള്‍ എന്റെ മകളെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ പുരുഷമേധാവിത്വ മനഃസ്ഥിതി പ്രകടമാക്കുകയും ചെയ്തു. എന്റെ മകളുടെ ബലാത്സംഗകരും ഇതുപോലൊരു പ്രസ്താവന നടത്തിയിരുന്നു. അവള്‍ അവരെ പ്രതിരോധിച്ചതാണ് പ്രശ്‌നമായത് എന്ന ന്യായീകരണവും ഉണ്ടായി. നിങ്ങളെപ്പോലുള്ള ആളുകളുടെയും ക്രിമിനലുകളുടെയും മനോഭാവങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. നിങ്ങള്‍ കീഴ്‌പ്പെടുത്താന്‍ വരുന്നവരോട് വിട്ടുവീഴ്ച ചെയ്യാന്‍ പെണ്‍കുട്ടികളെ ഉപദേശിക്കുകയാണ്. ജീവന്‍ ത്യജിച്ച് രാപ്പകല്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികര്‍ക്ക് ഇതിനു സമാനമായ ഉപദേശം നല്‍കാമോ? ശത്രുസൈന്യം കീഴടക്കാന്‍ വരുമ്പോള്‍ ആയുധം വച്ച് കീഴടങ്ങാന്‍ അവരോട് പറയുമോ? അപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമല്ലോ?!'
ശത്രു അകലെ നിന്നല്ല...
കുട്ടികളുമായി ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് നല്ല കാര്യമാണ്. ചിലപ്പോള്‍ ബന്ധുക്കള്‍ നിങ്ങളുടെ വീട്ടില്‍ വിരുന്നു വന്നെന്നും വരാം. അപ്പോള്‍ മക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി റമൃസിലേൈീഹശഴവ.േീൃഴ ല്‍ വന്ന ചില കണക്കുകള്‍ ഓര്‍മിപ്പിക്കട്ടെ. 18 വയസ്സിനു മുമ്പേ ലോകത്തെ നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ ഒരിക്കലെങ്കിലും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗികാതിക്രമങ്ങളില്‍ 70 ശതമാനവും 17-നും അതിനു താഴെയും പ്രായമുള്ളപ്പോഴാണ് സംഭവിക്കുന്നത്. ബാലപീഡനത്തിന്റെ നിലവിലെ ശരാശരി പ്രായം 9 ആണ്! ഇതിനൊക്കെ പുറമെ മറ്റൊരു യാഥാര്‍ഥ്യം കൂടി- ബാലപീഡനങ്ങളില്‍ 85 ശതമാനം കേസുകളിലും ഇരകള്‍ സംഗതി പുറത്തുപറയുന്നില്ല. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാവുന്നവരില്‍ പകുതിയും 12 വയസ്സിനു താഴെയുള്ള കുട്ടികളാണ്.
90 ശതമാനവും കുട്ടികള്‍ക്ക് അറിയാവുന്ന, അവര്‍ സ്‌നേഹിക്കുന്ന വിശ്വാസമുള്ള ആളുകള്‍ തന്നെ! കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരില്‍ 30-40 ശതമാനവും അവരുടെ കുടുംബക്കാരോ ബന്ധുക്കളോ ആണ്. പകുതി പേര്‍ കുടുംബക്കാരല്ലെങ്കിലും നല്ലപോലെ പരിചയമുള്ള ആളുകളാണ്. ബാല്യത്തിലെ (കൗമാരത്തിലെയും) ലൈംഗികപീഡനം കുട്ടികളെ മാനസികമായി തളര്‍ത്തുമെന്നും വ്യക്തിത്വത്തെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് 60 ശതമാനം കേസിലും ലൈംഗികപീഡനങ്ങളോ ബലാത്സംഗമോ കാരണമായാണ്. ഈ സംഭവങ്ങളില്‍ പ്രതിയുടെ പ്രായം ശരാശരി 27 ആണെന്ന് കാണുന്നു. ഇങ്ങനെ ബാല്യത്തിലേ പീഡനത്തിനിരയാവുന്നവര്‍ 18 വയസ്സിനു മുമ്പേ പ്രസവിക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളും അവര്‍ക്കുണ്ടാവുന്ന മാനസികത്തകര്‍ച്ചയും വളരെ വലുതാണ്.
ഇന്ത്യയില്‍ ഓരോ 15 മിനിറ്റിലും ഒരു കുട്ടി ലൈംഗികപീഡനത്തിനിരയാവുന്നുവെന്ന് 2007 ഡിസംബറില്‍ പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഏറിവരുകയാണ്. 2016-ല്‍ ഒരു ലക്ഷത്തിലേറെ ബാലപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36,022 എണ്ണത്തിന് പോസ്‌കോ (ജൃീലേരശേീി ീള ഇവശഹറൃലി ളൃീാ ടലഃൗമഹ ഛളളലിരല)െ ചുമത്തി. ബി.ബി.സിയുടെ ഗീത പാണ്ഡേ പറയുന്നത് ലോകത്ത് ബാലപീഡനം ഏറ്റവുമധികം നടക്കുന്ന രാജ്യമായിരിക്കുന്നു ഇന്ത്യ എന്നാണ്. വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം നടത്തിയ 2007-ലെ സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 53 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറയുകയുണ്ടായി.
ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഓര്‍ഗനൈസേഷന്‍ വേള്‍ഡ് വിഷന്‍ ഇന്ത്യാ രാജ്യത്തെ 26 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായ ഒരു കാര്യം രാജ്യത്തെ ഓരോ അഞ്ചു കുട്ടികളിലും ഒരാള്‍ വീതം ലൈംഗികപീഡനം പേടിച്ച് അരക്ഷിതാവസ്ഥയില്‍ കഴിയുകയാണെന്നാണ്. 12-നും 18-നും ഇടയില്‍ പ്രായമുള്ള 45,000 കുട്ടികള്‍ പങ്കെടുത്ത സര്‍വേ വെളിപ്പെടുത്തിയ മറ്റൊരു സംഗതി ഓരോ നാലു കുടുംബങ്ങളിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നെങ്കിലും ആ കാര്യം പുറത്തുപറയാന്‍ മുന്നോട്ടുവരുന്നില്ല എന്നാണ്. രാജ്യത്തെ ഓരോ രണ്ടു കുട്ടികളിലും ഒരാള്‍ വീതം പീഡനത്തിനിരയാവുന്ന അവസ്ഥ വന്നിട്ടും ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയരാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതും ചൂഷണം ചെയ്യുന്നതും 2021-ഓടെ ഇല്ലാതാക്കുന്നതിന് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ ഡയറക്ടര്‍ ചെറിയാന്‍ തോമസ് പറയുന്നു.
പീഡനത്തെ തുടര്‍ന്ന് ഇര മരണപ്പെടുന്ന സംഭവങ്ങളും കുറവല്ല. അമേരിക്കയില്‍ ഒരു വര്‍ഷം ഏഴു ലക്ഷം കുട്ടികളാണ് ലൈംഗികചൂഷണത്തിനു വിധേയമാവുന്നത്. അതില്‍ 1750 പേരും മരണപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിത നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയില്‍ ഓരോ ദിവസവും 12 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികള്‍ വീതം ലൈംഗികപീഡനത്തിനിരയാവുന്നു. പോലീസും ആശുപത്രികളും നല്‍കുന്ന ആധികാരിക കണക്കുകളാണിത്. 2014-ല്‍ ഇത്തരത്തിലുള്ള 678 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2015-ല്‍ 677 ആയി ഉയര്‍ന്നു. ഇതില്‍ പകുതിയോളം ആണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.