പ്രവാചക രീതി

തന്‍വീര്‍ കാനച്ചേരി
ജൂലൈ 2018
'എല്ലാ മനുഷ്യരും തെറ്റു വരുത്തുന്നു, തെറ്റു തിരുത്തുന്നവരാണ് തെറ്റു വരുത്തുന്നവരില്‍ നല്ലവര്‍'(തിര്‍മിദി) എന്ന പ്രവാചകാധ്യാപനത്തിന്റെ സാരം ഏറെ പ്രസക്തമാണ്.

'എല്ലാ മനുഷ്യരും തെറ്റു വരുത്തുന്നു, തെറ്റു തിരുത്തുന്നവരാണ് തെറ്റു വരുത്തുന്നവരില്‍ നല്ലവര്‍'(തിര്‍മിദി) എന്ന പ്രവാചകാധ്യാപനത്തിന്റെ സാരം ഏറെ പ്രസക്തമാണ്. ഏതൊരു മനുഷ്യനും തെറ്റു പറ്റും എന്നത് പ്രകൃതിപരമായ സത്യമാണ്. മറവി, തെറ്റിദ്ധാരണ, പേടി തുടങ്ങിയ കാരണങ്ങളാലും മനുഷ്യനില്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തെറ്റു പറ്റിയവരെ തിരുത്തേണ്ട രീതികള്‍ വ്യത്യസ്തമാണ്. ചിലര്‍ പരുഷ സ്വഭാവത്തോടെയും മറ്റു ചിലര്‍ മാന്യമായ രീതിയിലും അതിനെ കൈകാര്യം ചെയ്യുന്നു. അത്തരം തെറ്റുതിരുത്തലുകള്‍ക്ക് പ്രവാചക ജീവിതം മാതൃകയാണ്. ആധുനിക മനശ്ശാസ്ത്രം പോലും പരാജയപ്പെടുംവിധമാണ് ആ മഹദ് മാതൃക. ഒരാള്‍ തെറ്റു വരുത്തിയാല്‍ അയാളുടെ അവസ്ഥ, സ്ഥാനം, അതിന്റെ കാരണം തുടങ്ങിയവ പരിഗണിച്ചായിരിക്കണം തെറ്റു തിരുത്തിക്കൊടുക്കേണ്ടത്. അതുപോലെ തെറ്റു തിരുത്തുന്ന ആളുടെ സ്ഥാനവും നോക്കി തെറ്റു തിരുത്തലിന് പല രൂപവും സ്വീകരിക്കാം. മറ്റുള്ളവര്‍ക്കില്ലാത്ത പദവിയും സ്ഥാനവും തങ്ങള്‍ക്കുള്ളതു കാരണം ചിലരുടെ ഉപദേശം മറ്റു ചിലരുടെ ഉപദേശത്തേക്കാള്‍ വേഗത്തില്‍ സ്വീകരിക്കപ്പെടാം.
യഈശുബ്‌നു തിഹ്ഫാ അല്‍ ഗിഫാരി തന്റെ പിതാവ് പറഞ്ഞതായി നിവേദനം: നബി (സ) ആതിഥ്യമരുളിയവരില്‍ ഒരാളായി ഞാനും ദൈവദൂതന്റെ അതിഥിയായി. നബി (സ) രാത്രിയില്‍ അതിഥികളെക്കുറിച്ച് അന്വേഷിക്കാനായി പുറപ്പെട്ടു. ആ സമയം ഞാന്‍ എന്റെ വയറിന്മേല്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു. ഇതുകണ്ട് പ്രവാചകന്‍ (സ) എന്നെ തൊഴിക്കുകയും ഇപ്രകാരം അരുളുകയും ചെയ്തു: 'അല്ലാഹു വെറുക്കുന്ന ശയനരീതിയാണിത്' (അബൂദാവൂദ്-2798).
ഇവ്വിധത്തിലുള്ള തെറ്റു തിരുത്തല്‍ രീതി പ്രവാചകനെപ്പോലുള്ള സമുന്നതരും സര്‍വ സ്വീകാര്യരുമായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ഉചിതമാണ്. മറിച്ച് സാധാരണക്കാര്‍ ഒരാളെ ഇങ്ങനെ തൊഴിച്ച് ഉപദേശിക്കല്‍ ഉചിതമല്ല, അത് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പ്രവാചകന്റെ മറ്റൊരു രീതി, അറിവില്ലായ്മ കാരണം തെറ്റു ചെയ്യുന്നതും വിവരമുണ്ടായിരിക്കെ തെറ്റു ചെയ്യുന്നതും വേറിട്ടു കാണണം എന്നതായിരുന്നു. ഒരിക്കല്‍ മുആവിയ ബ്‌നുല്‍ ഹകമുസ്സലമി എന്ന ഗ്രാമീണ അറബി മദീനയിലേക്ക് വരികയും നമസ്‌കാരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നറിയാതെ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ നബി (സ) സ്വീകരിച്ച നിലപാട് ഇതിനുദാഹരണമാണ്.
മുആവിയ പറഞ്ഞു: ഞാന്‍ പ്രവാചകന്റെ പിറകില്‍ നമസ്‌കരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ തുമ്മി. ഞാന്‍ പറഞ്ഞു; യര്‍ഹമുകല്ലാഹ്. ആളുകള്‍ എന്നെ തുറിച്ചുനോക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ ഉമ്മക്ക് ഞാനില്ലാതാവട്ടെ, എന്റെയടുത്ത് എന്ത് തെറ്റാണുള്ളത്, നിങ്ങളെന്തിനാണ് എന്നെ നോക്കുന്നത്? അവര്‍ അവരുടെ തുടകളില്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ മിണ്ടാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കി ഞാന്‍ സംസാരം നിര്‍ത്തി. എനിക്ക് മറുപടി പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ സ്വയം നിയന്ത്രിച്ചു. നമസ്‌കാരം അവസാനിച്ചപ്പോള്‍ പ്രവാചകന്‍ (സ) എന്നെ ചീത്ത പറയുകയോ അപമാനിക്കുകയോ പ്രഹരിക്കുകയോ ചെയ്തില്ല. അദ്ദേഹം ഇത്ര മാത്രമേ പറഞ്ഞുള്ളൂ; 'മനുഷ്യരുടെ വര്‍ത്തമാനമൊന്നും ഈ നമസ്‌കാരത്തിലില്ല, ഇത് തക്ബീറും തസ്ബീഹും ഖുര്‍ആന്‍ പാരായണവും മാത്രമാണ്' (സ്വഹീഹ് മുസ്‌ലിം). ഇവിടെ പ്രവാചകന്‍ (സ) നമസ്‌കാരത്തെ കുറിച്ച് ബോധമില്ലാത്ത ഒരാള്‍ക്ക് അതിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു കൊണ്ട് തെറ്റു തിരുത്തുകയാണ് ചെയ്തത്.


പ്രവാചക(സ)ന്റെ തെറ്റു തിരുത്തലിന്റെ മറ്റൊരു രീതി നിയമങ്ങളും ചട്ടങ്ങളും വിവരിച്ചുകൊടുത്ത് തെറ്റു തിരുത്തിക്കുക എന്നതാണ്. അതിനുദാഹരണം ജര്‍ഹദ് നിവേദനം ചെയ്യുന്നു: പ്രവാചകന്‍ അദ്ദേഹത്തിന്റെ അടുത്തുകൂടി പോയി. ആ സമയം അദ്ദേഹത്തിന്റെ തുട അനാവൃതമായിരുന്നു. ഇത് കാണാനിടയായ പ്രവാചകന്‍(സ) പറഞ്ഞു: 'നിന്റെ തുടകള്‍ മറക്കുക, അത് ഔറത്താണ്(നഗ്നത)' (തിര്‍മിദി).


പ്രവാചകന്റെ മറ്റൊരു രീതി തെറ്റിന്റെ ദോഷകരമായ പ്രതിഫലനം വിശദീകരിച്ചുകൊടുക്കലായിരുന്നു. അബൂ സഅ്‌ലബുല്‍ ഖാശാനി (റ) പറഞ്ഞു: ഒരു സ്ഥലത്ത് പ്രവാചകന്‍ തന്റെ യാത്ര നിര്‍ത്തുകയാണെങ്കില്‍ ആളുകള്‍ താഴ്‌വരകളിലേക്കും പര്‍വതങ്ങളിലേക്കുമായി പിരിഞ്ഞുപോകും. ഈ സമയം പ്രവാചകന്‍ (സ) പറഞ്ഞു: 'താഴ്‌വരകളിലേക്കും പര്‍വതങ്ങളിലേക്കുമായുള്ള നിങ്ങളുടെ പിരിഞ്ഞു പോക്ക് പിശാചില്‍നിന്നുള്ളതാണ്.' അവരെല്ലാവരും അദ്ദേഹത്തോടൊപ്പം സമീപത്തു തന്നെ കഴിയാതെ അതിനു ശേഷം അദ്ദേഹം ഒരിടത്തും യാത്ര നിര്‍ത്തിയിട്ടില്ല (അബൂദാവൂദ്). പൈശാചിക തന്ത്രത്തിന്റെ ദോഷകരമായ ഫലത്തെക്കുറിച്ച് ബോധവാന്മാരാക്കി അതില്‍നിന്നും അനുചരന്മാരെ അകറ്റുകയാണ് പ്രവാചകന്‍(സ) ഇവിടെ ചെയ്തത്.


തെറ്റുവരുത്തിയ ആളുകളോട് അത് നേരിട്ടു സൂചിപ്പിക്കണമെന്നില്ല. പ്രശ്‌നം പൊതുവായി പരാമര്‍ശിച്ചാലും മതിയാകുമെന്നത് പ്രവാചകന്റെ മറ്റൊരു രീതിയായിരുന്നു. അതിനുദാഹരണം. ആഇശ ബീവിക്ക് ബരീറ എന്നു പേരുള്ള ഒരടിമപ്പെണ്ണിനെ വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ, തങ്ങളുമായുള്ള ബന്ധം തുടരണമെന്ന നിബന്ധനയോടെ മാത്രമേ അവളെ വില്‍ക്കാന്‍ അവളുടെ ഉടമകള്‍ തയാറായുള്ളൂ. പ്രവാചകന്‍ (സ) ഇത് അറിഞ്ഞപ്പോള്‍ ജനങ്ങളിലേക്ക് എഴുന്നേറ്റു നിന്ന് അഭിസംബോധന ചെയ്തു. നാഥനെ സ്തുതിച്ച ശേഷം പറഞ്ഞു: 'അല്ലാഹുവിന്റെ വേദത്തിലില്ലാത്ത നിബന്ധനകള്‍ വെക്കുന്ന മനുഷ്യര്‍ക്ക് എന്തു പറ്റി? അല്ലാഹുവിന്റെ വേദത്തില്‍ പറയാത്ത എല്ലാ നിബന്ധനകളും അസാധുവാണ്. അത്തരം നൂറു നിബന്ധനകളുണ്ടായിരുന്നാലും ശരി, അല്ലാഹുവിന്റെ വിധിയാണു കൂടുതല്‍ ശരി. അല്ലാഹു വെച്ച നിബന്ധനകളാണ് കൂടുതല്‍ ബാധകമാവുക. അടിമയെ മോചിപ്പിക്കുന്നവര്‍ക്കാണ് അവരുമായുള്ള ബന്ധുത്വത്തിനര്‍ഹത' (ബുഖാരി).


പ്രവാചകന്റെ ഇത്തരം മനശ്ശാസ്ത്രപരമായ നീക്കങ്ങളും മാതൃകകളുമാണ് ആധുനിക മനഃശാസ്ത്ര വിദഗ്ധര്‍ പിന്‍പറ്റുന്നത്. ജീവിതത്തിന്റെ ഓരോ വശങ്ങളിലും ദിനചര്യയുടെ ഉത്തമ മാതൃകകളായി കാട്ടിത്തന്ന ആ മഹാ ജീവിതം തന്നെയാണ് ലോകത്തിന്റെ നിലനില്‍പ്പിനാധാരം. ആര്, എങ്ങനെ, എപ്പോള്‍, എന്ത് എന്ന ചോദ്യങ്ങള്‍ക്കൊക്കെ ആ ജീവിതം ഉത്തരം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകം ഇന്നും ആ ജീവിതം വായിച്ചുകൊണ്ടിരിക്കുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media