പ്രവാചകന്റെ കാലത്ത് സാമൂഹിക ജീവിതത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സ്ത്രീക്ക് പ്രേരണയായത് എന്തൊക്കെയായിരുന്നു?
പ്രവാചകന്റെ കാലത്ത് സാമൂഹിക ജീവിതത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സ്ത്രീക്ക് പ്രേരണയായത് എന്തൊക്കെയായിരുന്നു? ഖുര്‍ആനിലോ ഹദീസിലോ ആ പ്രേരണകള്‍ എണ്ണിപ്പറഞ്ഞതായി നമുക്ക് കാണാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രമാണങ്ങളെയും ചരിത്രത്തെയും ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ പ്രേരണകള്‍ എന്തൊക്കെയായിരുന്നുവെന്ന് നമുക്ക് കണ്ടെത്തുകയും ചെയ്യാം. ചിലത് നമുക്ക് പരിശോധിക്കാം.
ജീവിതഗതി തടസ്സപ്പെടാതിരിക്കാനും സുഗമമായി അതു മുന്നോട്ടൊഴുകാനും സ്ത്രീ പങ്കാളിത്തവും ഇടപെടലുമൊക്കെ ആവശ്യമായിരുന്നു. ആഇശ(റ) പറയുന്നു: 'രണ്ട് കാര്യങ്ങളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അതില്‍ ഏറ്റവും എളുപ്പമുള്ളതാവും പ്രവാചകന്‍ തെരഞ്ഞെടുക്കുക. അത് തെറ്റിലേക്ക് നയിക്കുന്നതാവരുത് എന്ന് മാത്രം. തെറ്റിലേക്ക് നയിക്കുമെങ്കില്‍ അതില്‍നിന്ന് ഏറ്റവും അകന്നു നില്‍ക്കുന്നതും പ്രവാചകന്‍ തന്നെയായിരിക്കും.'
ചോദ്യങ്ങളും സംശയങ്ങളും അലട്ടുമ്പോള്‍ സ്ത്രീകള്‍ നേരെ പ്രവാചക സന്നിധിയില്‍ വരികയാണ് ചെയ്യുക. ഭര്‍ത്താവിനെയോ മറ്റു ബന്ധുക്കളെയോ സംശയനിവൃത്തി വരുത്താനായി അവര്‍ പ്രവാചകന്റെ അടുത്തേക്ക് പറഞ്ഞയക്കാറുണ്ടായിരുന്നില്ല. ചിലപ്പോള്‍ ഭര്‍ത്താവോ ബന്ധുക്കളോ അതിന് സന്നദ്ധരായി എന്ന് വരില്ല. സന്നദ്ധരായാല്‍ തന്നെ ഉടന്‍ അവര്‍ പോകണമെന്നില്ല. തങ്ങളുടെ മനസ്സിലുള്ള സംശയങ്ങള്‍ ഈ മധ്യവര്‍ത്തികളിലൂടെ വേണ്ട രീതിയില്‍ പ്രവാചകനെ ധരിപ്പിക്കാന്‍ കഴിയില്ല എന്ന തോന്നലും ചിലപ്പോള്‍ അവര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. ഇങ്ങനെ പലതരം സാധ്യതകള്‍. അപ്പോള്‍ ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായത് പ്രവാചകനെ നേരില്‍ ചെന്നു കാണുക തന്നെയാണല്ലോ. സ്ത്രീകള്‍ നേരില്‍ കണ്ട് സംശയ നിവാരണം നടത്തിയതിന് എത്രയോ ഉദാഹരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. ഒരിക്കല്‍ ജഹീന ഗോത്രക്കാരിയായ ഒരു സ്ത്രീ വന്ന് പ്രവാചകനോട് ചോദിച്ചു: 'എന്റെ ഉമ്മ ഹജ്ജ് ചെയ്യുമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷേ, ഹജ്ജ് ചെയ്യാനാവാതെ അവര്‍ മരണപ്പെട്ടു. അവര്‍ക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യേണ്ടതുണ്ടോ?' പ്രവാചകന്‍ പറഞ്ഞു: 'അവര്‍ക്കു വേണ്ടി ഹജ്ജ് ചെയ്‌തോളൂ' (ബുഖാരി).
ചിലപ്പോള്‍ പുരുഷന്മാര്‍ തന്നെയാവും സ്ത്രീകളെ സംശയനിവാരണത്തിനായി പ്രവാചക സന്നിധിയിലേക്ക് പറഞ്ഞുവിടുക. അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ഭാര്യയായ സൈനബായിരുന്നു അദ്ദേഹത്തിന്റെയും തന്റെ സംരക്ഷണയിലുള്ള അനാഥകളുടെയും ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്. സൈനബ് അബ്ദുല്ലയോട് പറഞ്ഞു: താങ്കള്‍ക്കും ഈ അനാഥകള്‍ക്കും ഞാന്‍ സ്വദഖ നല്‍കുന്നത് സാധുവാകുമോ എന്ന് നിങ്ങള്‍ പ്രവാചകനോട് പോയി ചോദിക്കുക. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: നീ പോയി തന്നെ ചോദിക്കൂ. അങ്ങനെ സൈനബ് പ്രവാചക സന്നിധിയിലേക്ക് പോയി (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തത്).
ചില പ്രശ്‌നങ്ങളില്‍ പ്രവാചകനോട് സംശയം ചോദിച്ചിട്ടുണ്ടാവുക പുരുഷന്മാരായിരിക്കും. പക്ഷേ, ഉത്തരം അവര്‍ക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല. അതേ കാര്യത്തെക്കുറിച്ച് രണ്ടാമതും ചോദിക്കാനായി പിന്നെ അവര്‍ പറഞ്ഞയക്കുക പലപ്പോഴും സ്ത്രീകളെയായിരിക്കും. ഈ സന്ദര്‍ഭങ്ങളിലൊന്നും ചോദിക്കാന്‍ വരുന്നത് ആണാണോ പെണ്ണാണോ എന്ന് പ്രവാചകന്‍ നോക്കാറുണ്ടായിരുന്നില്ല. സാമൂഹിക ജീവിതം വിഘ്‌നം കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ഒരു രീതിയായി ഇതിനെ മനസ്സിലാക്കാം. സ്ത്രീ-പുരുഷ കൂടിക്കലരലിന്റെ പ്രശ്‌നമൊന്നും അക്കാലത്ത് ഉന്നയിക്കപ്പെട്ടിരുന്നില്ല.
സാമൂഹിക ജീവിതത്തില്‍ സ്ത്രീക്ക് പങ്കാളിത്തം നല്‍കാനുള്ള രണ്ടാമത്തെ പ്രേരകം അവളുടെ വ്യക്തിത്വ വികാസമാണ്. ഒത്തുചേരലുകളില്‍ പങ്കെടുത്തും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തും പോരാട്ടങ്ങളില്‍ അണിചേര്‍ന്നും മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് സ്ത്രീക്ക് അറിവും പരിചയവും നിശ്ചയദാര്‍ഢ്യവും ആര്‍ജിക്കാനാവുക. സ്ത്രീ ഒറ്റപ്പെട്ടു കഴിയുന്നവളാണെങ്കില്‍ അറിവും പരിചയവുമൊന്നും ആര്‍ജിക്കാനാവാതെ ഏറ്റവും ദുര്‍ബലമായിത്തീരും അവര്‍. അപ്പോള്‍ പണ്ഡിതന്മാരും നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അണിനിരക്കുന്ന സദസ്സുകളില്‍ പങ്കെടുക്കുക എന്നത് സ്ത്രീയുടെ വ്യക്തിത്വ വികാസത്തിന് വലിയ തോതില്‍ പ്രയോജനപ്പെടും. സ്ത്രീ-പുരുഷ സങ്കലനത്തിന്റെ പേരു പറഞ്ഞ് അത്തരം സദസ്സുകളില്‍നിന്നൊക്കെ അവളെ അകറ്റിനിര്‍ത്തരുത്. ചുരുക്കം ചില സ്ത്രീകള്‍ക്ക് ഇത്തരം സദസ്സുകളില്‍ പങ്കെടുക്കാതെ തന്നെ വിജ്ഞാനം നേടാനും അനുഭവസമ്പത്ത് വര്‍ധിപ്പിക്കാനുമൊക്കെ കഴിഞ്ഞെന്നു വരും. സ്ത്രീകളുടെ പൊതു സ്ഥിതിയെക്കുറിച്ചാണ് നമ്മളിവിടെ പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ബോധവല്‍ക്കരണത്തിനും സാമൂഹിക, രാഷ്ട്രീയ ശാക്തീകരണത്തിനും ഇത്തരം ഇടപഴക്കങ്ങളും ഒത്തുകൂടലുകളും തന്നെയാണ് പ്രധാന വഴി. പ്രവാചകന്റെ കാലത്ത് പള്ളിയായിരുന്നു ഇതിനൊക്കെ അവസരമൊരുക്കിയിരുന്നത്. സ്ത്രീകള്‍ പള്ളിയില്‍ വരുന്നതിന് ഈ സാമൂഹിക ലക്ഷ്യം കൂടിയുണ്ടായിരുന്നു. കാരണം പ്രവാചകന്റെ പള്ളി അക്കാലത്ത് സ്ത്രീക്കും പുരുഷനും ഒരുപോലെ വിജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും സംസ്‌കാരത്തിന്റെയും സാമൂഹികതയുടെയുമൊക്കെ പ്രസരണ കേന്ദ്രമായിരുന്നു. ഖുര്‍ആന്‍ പാരായണവും ഉദ്‌ബോധനങ്ങളും ശ്രവിക്കാനും വിശ്വാസികളായ മറ്റു സഹോദരിമാരുമായി ബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതവര്‍ക്ക് അവസരം നല്‍കി. ഇത് സ്ത്രീകളുടെ പൊതുവിലുള്ള അവസ്ഥ. എന്നാല്‍ പ്രവാചക കാലഘട്ടത്തിലെ മറ്റൊരു വിഭാഗം സ്ത്രീകളുണ്ട്. പ്രവാചക പത്‌നിമാരെ പോലുള്ളവര്‍ ഉദാഹരണം. അവര്‍ പ്രവാചകനില്‍നിന്ന് ആര്‍ജിച്ച വിജ്ഞാനത്തിന്റെ പ്രകാശ ഗോപുരങ്ങളായി സമൂഹത്തിന് വഴികാട്ടി. മുതിര്‍ന്ന സ്വഹാബിമാര്‍ വരെ അവര്‍ക്ക് ശിഷ്യപ്പെട്ടു.
നമ്മുടെ കാലത്തെ പണ്ഡിതന്മാര്‍ പ്രവാചക കാലഘട്ടത്തെ എന്തുകൊണ്ടാണ് മാതൃകയായി എടുക്കാത്തത്? ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കാത്തുനില്‍ക്കാതെ അറിവ് നേടാനായി അവര്‍ പ്രവാചക സന്നിധിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നല്ലോ. സ്വഹീഹ് ബുഖാരിയില്‍ വന്ന ഒരു സംഭവമുണ്ട്. അത്വാഅ് എന്ന താബിഈ പണ്ഡിതനോട് ഒരാള്‍ ചോദിച്ചു: 'നമസ്‌കാരം കഴിഞ്ഞാല്‍ ഇമാം സ്ത്രീകളുടെ ഭാഗത്തു ചെന്ന് ഉദ്‌ബോധനം നടത്തണമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?' (പെരുന്നാള്‍ പ്രസംഗം കഴിഞ്ഞ് പ്രവാചകന്‍ അങ്ങനെ ചെയ്തിരുന്നല്ലോ). അത്വാഅ് പറഞ്ഞു: 'അതവരുടെ ബാധ്യതയല്ലേ? എന്തുകൊണ്ടാണവരത് ചെയ്യാത്തത്?'
വിവ: അബൂസ്വാലിഹ