ഒരു കുഞ്ഞ് ജനിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്സവമാണ്.
ഒരു കുഞ്ഞ് ജനിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്സവമാണ്. എന്നാല്‍ ആ കുട്ടിക്ക് സെറിബ്രല്‍ പള്‍സി എന്ന അവസ്ഥ ഉണ്ടെന്നറിയുമ്പോഴോ, തകര്‍ന്നുപോകുന്നത് സ്വാഭാവികം. എന്നാല്‍ സെറിബ്രല്‍ പള്‍സിയെ അതിജീവിച്ച് കഠിനാധ്വാനം കൊണ്ട് ജീവിതവുമായി മല്ലിട്ട് വിജയം കരസ്ഥമാക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആഹ്ലാദത്തിന് ഉപമയില്ല. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവന്തിരുത്തിയില് താമസിക്കുന്ന അലി-സക്കീന ദമ്പതികളുടെ നാലാമത്തെ മകളാണ് 19-കാരി സമീഹ. ദൃഢനിശ്ചയം കൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രമാണ് സെറിബ്രല്‍ പള്‍സിയെ അതിജീവിച്ച് 2016-2017 ലെ സാക്ഷരതാ മിഷന്റെ എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷയില്‍ മിന്നും വിജയം കരസ്ഥമാക്കി സമീഹ എന്ന കൊച്ചു കവയത്രി സമൂഹത്തിനു മാതൃകയായത്.
മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും രോഗിയായ താനൊരു ഭാരമേയല്ല എന്ന സമീപനമാണ് തന്റെ വിജയമെന്ന് 19-കാരിയായ സമീഹ പറയുന്നു. ഉമ്മയുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും ആണ് തന്നെ എളുപ്പത്തില്‍ വിജയത്തിലെത്തിച്ചത്. ആറാം മാസത്തിലാണ് ഉമ്മ എന്നെ പ്രസവിച്ചത്. അതിനാല്‍ താന്‍ വേറിട്ടുതന്നെ എന്ന് സമീഹ ഒരു ചെറു പുഞ്ചിരിയോടെ പറയുന്നു. ജനനസമയത്ത് ഓക്സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ ദീര്‍ഘകാലം എന്‍.ഐ.സി.യുവിലും ഹോസ്പിറ്റല്‍ വാര്‍ഡുകളിലുമായിരുന്നു കഴിച്ചുകുട്ടിയത്. അപ്പോഴും മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയത് അല്പായുസ്സ്. അല്ലെങ്കില്‍ അവസാനം ജീവഛവം പോലെയുള്ള അവസ്ഥ. എന്നാല്‍ പ്രാര്‍ഥനകളും ഡോക്ടര്‍ പി. സുനില്‍ ദാസിന്റെ ചികിത്സയും ആ വിധിക്ക് വിരാമമിട്ടു. ഉമ്മക്ക് മെഡിക്കല്‍ സയന്‍സിന്റെ പാഠഭാഗങ്ങള്‍ പഠിക്കാനുള്ള അവസരങ്ങളും ഉണ്ടാക്കിക്കൊടുത്തു. വൈകല്യങ്ങളോട് പോരാടി ഏഴാം ക്ലാസ് വരെ തൊട്ടടുത്ത ബി.ഇ.എം സ്കൂളില്‍ പഠിച്ചു. 2010-ല്‍ ഫിസിയോതെറാപ്പിക്കായി വളാഞ്ചേരി വി.കെ.എം സ്പെഷ്യല്‍ സ്കൂളിലേക്ക് മാറേണ്ടിവന്നു. ഇതിനിടെ 16 -ഓളം ശസ്ത്രക്രിയകള്‍ക്ക് സമീഹ വിധേയയായി.
പ്രതിസന്ധികള്‍ വന്നപ്പോഴെല്ലാം ദൈവവിശ്വാസം കൈവിടാതെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടന്നുനീങ്ങി. അങ്ങനെയാണ് തുടര്വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 2016-2017 പത്താംതരം തുല്യതയുടെ പഠനകേന്ദ്രത്തില്‍ ചേര്‍ന്നത്. പഠനയാഥാര്ഥ്യങ്ങളെ തൊട്ടറിഞ്ഞപ്പോള് കഠിനപ്രയത്നം തന്നെ രക്ഷയെന്നും അതിലുപരി തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്കും പ്രിയ അധ്യാപകര്‍ക്കും നല്കാവുന്ന ഏറ്റവും വലിയ സമ്മാനം വിജയം തന്നെ എന്നത് മനസ്സിലാക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്തു. കണക്കും ഹിന്ദിയും പഠിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ ഗുരുവര്യന്മാര് തങ്ങളുടെ പ്രയാസങ്ങള്‍ നീക്കിവെച്ച് വീട്ടില്‍ വന്നു പ്രതിഫലം മോഹിക്കാതെ പ്രത്യേക പരിശീലനം നല്കി. വിനോദ് എന്ന ഗണിതാധ്യാപകന്റെ കഠിനശ്രമം കൊണ്ട് സമീഹക്ക് പേടി മാറി ഗണിതം ഇഷ്ടവിഷയമായി. സമീഹയെ കൈകൊണ്ട് വൃത്തം വരക്കാന്‍ സാധിപ്പിച്ചു എന്ന മാഷിന്റെ വാക്കുകള്‍ കഠിനപ്രയത്നം എടുത്തുകാണിക്കുന്നു. ശാരീരിക അവശതകളെ മനശ്ശക്തി കൊണ്ട് പൂര്‍ണമായും കീഴടക്കാമെന്നതാണ് ഈ വിജയം എന്ന് സമീഹ സമൂഹത്തിന് കാണിച്ചുതന്നു. കുട്ടുകാരിയായ ശ്രീലക്ഷമി തന്ന ആത്മവിശ്വാസമാണ് തനിക്ക് പരീക്ഷാസമയത്ത് സ്ക്രൈബിനെ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ പത്തുമിനിറ്റ് സമയം സമീഹക്ക് അനുവദിച്ചിരുന്നു.
ഒരിക്കല്‍ വി.കെ.എം ഹോസ്പിറ്റലില്‍ വെച്ച് ഒരു പരിപാടി വീക്ഷിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉമ്മ 'നിനക്കും ഇതിനൊക്കെ കഴിയുമല്ലോ' എന്ന് പ്രോത്സാഹിപ്പിച്ചു. ആ ഗദ്ഗദം പിന്നീട് സമീഹയെ കവിതയുടെ ലോകത്തേക്ക് ആനയിക്കുകയായിരുന്നു. 48 -ഓളം കവിതകള്‍ സമീഹ എഴുതി. പുസ്തകമാക്കാനുള്ള തിരക്കിലാണ് സമീഹ. അതോടൊപ്പം സയന്‍സ് വിഷയം എടുത്ത് പഠനം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. തന്റെ ശാരീരിക പരിമിതികള്‍ അനുവദിക്കുമോ എന്ന ഭയവും ഇല്ലാതില്ല.
യാത്രകള്‍ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നല്കുന്നു എന്ന് വിശ്വസിക്കുന്നു സമീഹ. ഇതിനിടയില്‍ ഉംറയും നിര്‍വഹിച്ചു.
കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്റെ കീഴില്‍ 11 വര്‍ഷത്തോളമായി ഫറോക്കില്‍ സാക്ഷരതാ പഠനകേന്ദം ആരംഭിച്ചിട്ട്. 60-70 പേര് എല്ലാ വര്‍ഷവും പരീക്ഷയെഴുതി പാസ്സാകുന്നു. പഠനത്തില്‍ താല്പര്യം ഉള്ളവര്‍ക്കും ഉയര്‍ന്ന ജോലി ആവശ്യമുള്ളവര്‍ക്കും താങ്ങും തണലുമായി ഒരുപറ്റം അധ്യാപകരും സമൂഹികനന്മ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളും ഈ സംരംഭത്തിന്റെ മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. അവരോടുള്ള കടപ്പാടും നന്ദിയും സമീഹയും കുടുംബവും ബഹുമാനത്തോടെ പറയുന്നു.