ഉറുമ്പ് ഒരു നിസ്സാര ജീവിയാണ്. എന്നാല്‍ സ്ഥിരോത്സാഹം, കൂട്ടായ്മ തുടങ്ങിയ കാര്യങ്ങളില്‍ ഉറുമ്പ് വലിയ മാതൃകയാണെന്ന്
ഉറുമ്പ് ഒരു നിസ്സാര ജീവിയാണ്. എന്നാല്‍ സ്ഥിരോത്സാഹം, കൂട്ടായ്മ തുടങ്ങിയ കാര്യങ്ങളില്‍ ഉറുമ്പ് വലിയ മാതൃകയാണെന്ന് കവികളും തത്വജ്ഞാനികളും പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ 27-ാം അധ്യായം ഉറുമ്പ് (നംല്) എന്ന പേരിലാണ്. പ്രസ്തുത അധ്യായത്തില്‍ 18-ാം സൂക്തത്തില്‍ ഉറുമ്പിന്റെ ഒരു പ്രസ്താവനയുണ്ട്: ''അങ്ങനെ അവര്‍ (സുലൈമാന്‍ നബിയും പരിവാരവും) ഒരു ഉറുമ്പിന്‍ താഴ്‌വരയിലെത്തി. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: 'ഹേ, ഉറുമ്പിന്‍ സമൂഹമേ! നിങ്ങള്‍ നിങ്ങളുടെ ഗേഹം പൂകിക്കൊള്ളുക; സുലൈമാനും പരിവാരവും നിങ്ങളെ ചവിട്ടിച്ചതക്കാതിരിക്കട്ടെ! അവരോ അതറിയുകയുമില്ല.''
ഉറുമ്പിന്റെ വര്‍ത്തമാനം ശ്രദ്ധിച്ച സുലൈമാന്‍ (അ) പുഞ്ചിരിക്കുകയും റബ്ബിനോട് പ്രാര്‍ഥിക്കുകയും ചെയ്തത് തുടര്‍ന്നുള്ള സൂക്തങ്ങളിലുണ്ട്.
ഒരു നിസ്സാര ജീവി സമസൃഷ്ടികളെ സമൂലമായ നാശത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കാണിച്ച ആത്മാര്‍ഥമായ വ്യഗ്രതയില്‍ വിശേഷബുദ്ധികൊണ്ടും വിശുദ്ധ വേദഗ്രന്ഥ മാര്‍ഗദര്‍ശനം വഴിയും ഏറെ അനുഗൃഹീതനായ മാനവന് വലിയ പാഠവും മാതൃകയുമുണ്ട്. പ്രസ്തുത ഉറുമ്പ് സ്വയം രക്ഷപ്പെടുന്നതിലുപരി സമസൃഷ്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചതിലെ ഗുണകാംക്ഷയില്‍ സാമൂഹികജീവിയായ മനുഷ്യര്‍ക്ക് മാതൃകയുണ്ട്.
ഒരു അന്ധന്‍ ഒറ്റക്ക് നടന്ന് നീങ്ങുകയാണ്. കുറച്ചപ്പുറത്ത് വലിയ ഗര്‍ത്തമുണ്ട്. അങ്ങനെ നേരെ പോയാല്‍ ആ അന്ധന്‍ ആ വലിയ കുഴിയില്‍ വീഴാനിടയുണ്ട്. ഈ അപകട സാധ്യതയെ നിസ്സംഗരായി നാം നോക്കിനില്‍ക്കുമോ? അങ്ങനെ നാം ഒരിക്കലും ചെയ്യില്ല; ചെയ്യാന്‍ പാടില്ല, എങ്കില്‍ നമ്മുടെ നാട്ടുകാരും കൂട്ടുകാരുമായ ആളുകള്‍ ഐഹിക ജീവിതത്തില്‍ കഷ്ടനഷ്ടങ്ങള്‍ക്കും ശാശ്വതമായ പാരത്രിക ജീവിതത്തില്‍ നരകശിക്ഷക്കും പാത്രമായേക്കാവുന്ന അപഥസഞ്ചാരം നടത്തുമ്പോള്‍ ഗുണകാംക്ഷാപൂര്‍വം ഇടപെടേണ്ടതില്ലേ?
നമ്മള്‍ ഒരു ഡോക്ടറെ സമീപിച്ചു. സല്‍സ്വഭാവിയും മനുഷ്യസ്‌നേഹിയുമായ നല്ലൊരു ഭിഷഗ്വരനാണെന്ന് നാം മനസ്സിലാക്കുന്നു. ആവശ്യത്തിനേ മരുന്ന് എഴുതുന്നുള്ളൂ. ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ക്കൊന്നും വിധേയമാക്കുന്നില്ല. ചുരുങ്ങിയ ഫീസ്. ചികിത്സയില്‍ നല്ല ആശ്വാസം കിട്ടുന്നു. ഈ നല്ല അനുഭവം നാമുമായി അടുത്തബന്ധമുള്ളവരോട് നാം പങ്കുവെക്കുക തന്നെ ചെയ്യും. അത് നമ്മുടെ സാമൂഹികബോധത്തിന്റെ അനിവാര്യ തേട്ടമാണ്.
ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. അവിടെ നല്ല വൃത്തിയുണ്ട്. ഭക്ഷണത്തിന് നല്ല രുചിയുണ്ട്. മിതമായ വിലയേ ഉള്ളൂ. വെയിറ്ററുടെ സ്വഭാവമര്യാദകളും പ്രശംസനീയം. ഇങ്ങനെ നല്ലൊരനുഭവമുണ്ടായാല്‍ തീര്‍ച്ചയായും നാം അത് സുഹൃത്തുക്കളുമായി സന്തോഷപൂര്‍വം പങ്കുവെക്കുക തന്നെ ചെയ്യും. അതേപോലെ നമ്മെ ഒരാള്‍ വഞ്ചിച്ചാല്‍, നാം ഒരു തട്ടിപ്പിനിരയായാല്‍ നമുക്ക് പിണഞ്ഞ അമളി നമ്മുടെ സ്വന്തക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ പിണയരുതെന്ന നിര്‍ബന്ധബുദ്ധി നമുക്കുണ്ടാവാറുണ്ട്. അത് നമ്മുടെ സാമൂഹികബോധം നമ്മോടാവശ്യപ്പെടുന്ന കാര്യമാണ്.
വിശുദ്ധ ഖുര്‍ആനിലെ 36-ാം അധ്യായമായ സൂറ: യാസീനില്‍ ഒരു പ്രദേശത്തിന്റെ സംഭവകഥ ഗുണപാഠ ശൈലിയില്‍ ഉദ്ധരിക്കുന്നുണ്ട്: ''ഒരു പ്രദേശത്ത് അല്ലാഹു രണ്ട് ദൈവദൂതന്മാരെ നിയമിച്ചു. നാട്ടുകാര്‍ അവര്‍ ഇരുവരെയും കളവാക്കി തള്ളി. ദയാപരനായ അല്ലാഹു മൂന്നാമതൊരു നബിയെക്കൂടി നിയോഗിച്ചുകൊണ്ട് ദൗത്യത്തെ ശക്തിപ്പെടുത്തി. അവര്‍ മൂന്നുപേരും ഗുണകാംക്ഷാപൂര്‍വം ജനങ്ങളെ നിരന്തരം നന്മയിലേക്ക് ക്ഷണിച്ചു. പക്ഷേ, നാട്ടുകാര്‍ ദുരാരോപണങ്ങളുടെയും ഭീഷണിയുടെയും ശൈലി അവലംബിച്ചുകൊണ്ട് പ്രവാചകന്മാരെ ശക്തിയായി എതിര്‍ത്തു. അങ്ങനെ മൂന്ന് പ്രവാചകന്മാര്‍ ഒരു വശത്തും നാട്ടുകാര്‍ മറുവശത്തുമായി കടുത്ത സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ വിദൂരപ്രദേശത്തുനിന്നൊരാള്‍ അവിടെയെത്തി. അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നു. പക്ഷേ, അദ്ദേഹം നിഷ്പക്ഷമായി രംഗനിരീക്ഷണം നടത്തുകയും സംവാദത്തെ വിശകലനവിധേയമാക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം ഉറച്ച സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: 'എന്റെ സമൂഹമേ, നിങ്ങളീ പ്രവാചകന്മാരെ പിന്‍പറ്റുവിന്‍. നിങ്ങളില്‍നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും പ്രതിഫലമോ പാരിതോഷികമോ സ്വീകരിക്കാത്ത നിഷ്‌കാമ കര്‍മികളാണീ പ്രവാചകന്മാര്‍. നിസ്വാര്‍ഥരും നിങ്ങളോട് ഗുണകാംക്ഷയുള്ളവരും; കൂടാതെ അവര്‍ ഉദ്‌ബോധിപ്പിക്കുന്ന തത്വങ്ങളുടെ സാധുതയും സത്യതയും തങ്ങളുടെ സംശുദ്ധ ജീവിതംകൊണ്ട് അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നെ സൃഷ്ടിച്ച റബ്ബിന് വിധേയമാകാതിരിക്കാന്‍ മാത്രം എനിക്ക് വല്ല കുഴപ്പവുമുണ്ടോ? ന്യായമായും സ്വാഭാവികമായും പുലരേണ്ടതാണവര്‍ പറയുന്ന കാര്യം. മാത്രമല്ല, മരിച്ചുകഴിഞ്ഞാല്‍ റബ്ബിലേക്ക് മടക്കപ്പെടുകയും ചെയ്യുമല്ലോ?
അല്ലാഹുവെന്ന ഏകമഹാശക്തിയെ വെടിഞ്ഞ് പരദൈവങ്ങളെ വരിച്ചിട്ട് തല്‍ഫലമായി വല്ല ദൈവകോപവും വന്നാല്‍ അവറ്റകളുടെ സിദ്ധാന്തങ്ങളോ ശിപാര്‍ശകളോ ഒട്ടും ഫലം ചെയ്യില്ലതന്നെ. നമ്മളകപ്പെട്ട സങ്കീര്‍ണതകളില്‍നിന്ന് രക്ഷപ്പെടുത്തുകയുമില്ല. എന്നിരിക്കെ അവ്വിധം നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ഞാന്‍ വ്യക്തമായ വഴികേടിലായതുതന്നെ. ആകയാല്‍ ഞാനിതാ സത്യത്തെ സധൈര്യം പിന്തുണച്ച് അംഗീകരിക്കുകയാണ്. ഇതിന് നിങ്ങള്‍ സാക്ഷി......'' (യാസീന്‍ 13 - 25)
തുടര്‍ന്ന് അന്യദേശക്കാരനായ ആ സാധാരണക്കാരന്‍ നിഷേധികളും ധിക്കാരികളുമായ നാട്ടുകാരുടെ കൈയേറ്റത്തിന് വിധേയമായി ക്രൂരമാംവിധം കൊല്ലപ്പെട്ടുവെന്നാണ് മനസ്സിലാകുന്നത്. തത്ത്വാധിഷ്ഠിതവും ചിന്തോദ്ദീപകവും ധീരവുമായ ആ പരസ്യനിലപാടിന്റെ പേരില്‍ അദ്ദേഹത്തോട് പറയപ്പെട്ടു: 'സ്വര്‍ഗം പൂകിക്കൊള്‍ക...' തദവസരം അദ്ദേഹം നടത്തിയ ആത്മഗതം ഇങ്ങനെ: 'എന്നെ അന്യായമായി കൊലപ്പെടുത്തിയ എന്റെ സമുദായം എനിക്ക് ലഭിച്ച മഹാ സൗഭാഗ്യത്തിന്റെ ശുഭവൃത്താന്തം അറിഞ്ഞെങ്കില്‍..... എന്റെ നാഥന്‍ എന്റെ തെറ്റുകുറ്റങ്ങളെല്ലാം ഉദാരമായി പൊറുത്തു മാപ്പാക്കിയിരിക്കുന്നു; എന്നെ ആദരണീയരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു' (യാസീന്‍).
ഇവിടെ അന്യദേശക്കാരനായ ആ സാധാരണക്കാരന് ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് ഒഴിഞ്ഞുമാറല്‍ നടത്തി കടന്നുപോകാമായിരുന്നു. അല്ലെങ്കില്‍ തന്റെ ബോധ്യം മറച്ചുവെച്ച്, അതീവ രഹസ്യമായി പത്‌നിയോടും മക്കളോടും പങ്കുവെച്ച് സസുഖം സസന്തോഷം ജീവിക്കാമായിരുന്നു. പക്ഷേ, അങ്ങനെയൊന്നും ഇവിടെ ഉണ്ടായില്ലെന്നതാണ് വളരെ ശ്രദ്ധേയമായ വശം. ധീരമായ പരസ്യനിലപാട് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുകയും പ്രചോദനമാവുകയും ചെയ്യുംവിധം അദ്ദേഹം നിര്‍വഹിച്ചപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത് ശാശ്വതമായ പാരത്രിക സൗഖ്യമാണ്. അദ്ദേഹം ഒരു പുണ്യപുരുഷനോ പ്രവാചകനോ അല്ല. കേവലം ഒരു വ്യക്തി (റജുലുന്‍) എന്ന് മാത്രമാണ് ഖുര്‍ആന്‍ കൃത്യമായി പരിചയപ്പെടുത്തിയത്. ഏതൊരു ശരാശരി സാധാരണക്കാരനും മാതൃകയാകാവുന്ന/ മാതൃകയാക്കേണ്ടുന്ന വ്യക്തി; ഫലത്തില്‍ റജുലുന്‍ സ്വാലിഹുന്‍ ആണ് അദ്ദേഹം.
പക്ഷേ, ഖുര്‍ആന്‍ അങ്ങനെ പറയാതിരുന്നത് അദ്ദേഹം ഒരസാധാരണ മഹാവ്യക്തിത്വമാണ്, അങ്ങനെ എല്ലാവര്‍ക്കും പറ്റുമോ എന്നും മറ്റും 'ന്യായ'ങ്ങള്‍ ഉണ്ടാക്കി അലസന്മാര്‍ ഒഴിഞ്ഞുമാറാതിരിക്കാനാണ്. സത്യസാക്ഷ്യം എവ്വിധമായിരിക്കണമെന്നതിന്റെ ജനകീയ മാതൃകയാണിത്. നാം അറിഞ്ഞ/ അനുഭവിച്ച സത്യങ്ങളും മൂല്യങ്ങളും നന്മകളും സമസൃഷ്ടികളോട് സ്‌നേഹപൂര്‍വം പങ്കുവെക്കാതിരിക്കുന്നത് ഒരു തരം സ്വാര്‍ഥതയാണോ എന്ന് ശങ്കിക്കേണ്ടതുണ്ട്. അങ്ങനെ പങ്കുവെക്കലാണ് അന്തിമ വിശകലനത്തില്‍ സത്യസാക്ഷ്യം. ആയത് മനസ്സാ വാചാ കര്‍മണാ നിത്യം നിരന്തരം സദാ നിര്‍വഹിക്കണം. സത്യസാക്ഷ്യത്തെപ്പറ്റി പറയുന്ന നബിവചനങ്ങളിലെല്ലാം 'അന്‍ തഖൂല' എന്നല്ല, 'അന്‍ തശ്ഹദ' എന്നാണ് വന്നത്. സാമൂഹികജീവിയെന്ന നിലക്ക് മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിനെ നന്നായി അറിയാന്‍ സൗഭാഗ്യം ലഭിച്ചവരെന്ന നിലക്ക് ഉണര്‍ന്നുചിന്തിക്കുകയും തദനുസാരം സദാ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതാണ് യഥാര്‍ഥ മനുഷ്യസ്‌നേഹം. തിന്മയുടെ ദുശ്ശക്തികള്‍ വളരെ സുശക്തരും സുസജ്ജരും സംഘടിതരുമാണെന്നിരിക്കെ സത്യത്തിന്റെയും നന്മയുടെയും പ്രകാശനവും പ്രസരണവും സംഘടിതമാകേണ്ടതുണ്ട്; വ്യവസ്ഥാപിതമാവേണ്ടതുണ്ട്. എങ്കിലേ ഫലപ്രദമാവുകയുള്ളൂ.