പഴയകാലത്തിന്റെ കഥയില്‍ നനഞ്ഞ് നനഞ്ഞ് നമ്മള്‍

മെഹദ് മഖ്ബൂല്‍
ഏപ്രില്‍ 2018

സൂര്യന്‍ പതിയെ ഇരുട്ട് കീറി വരുന്നു, എത്തിനോക്കുന്നു, പുഞ്ചിരിക്കുന്നു, പൊട്ടിച്ചിരിക്കുന്നു, ആഞ്ഞു കത്തുന്നു, പിന്നെ ക്ഷീണിക്കുന്നു, അലസനായി ഇരുട്ടിലേക്ക് തന്നെ കയറിപ്പോകുന്നു.. ഒരു ദിവസം തീരുകയാണ്.

അങ്ങനെ എത്രയെത്ര ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍.. 

എന്ത് വേഗമാണ് കാലം നീങ്ങുന്നത്.

കഴിഞ്ഞുപോയ കാലങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ അത്യധികം വിസ്മയത്തോടെയാണ് വായിക്കാനിരിക്കുക. നമുക്ക് മുമ്പും കാലമുണ്ടായിരുന്നെന്നും ശേഷവുമുണ്ടാകുമെന്നും നമുക്കു ശേഷം പ്രളയമല്ലെന്നും ഓരോ പുസ്തകങ്ങളും പങ്കുവെക്കുന്നു. തീര്‍ന്ന കാലത്തിന്റെ പങ്കപ്പാടുകള്‍ അവ നെടുവീര്‍പ്പോടെ ഓതിത്തരുന്നു. നമ്മള്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത ആ കാലങ്ങള്‍ നമ്മെ അക്ഷരങ്ങളായി വന്ന് തൊട്ടുരുമ്മി പോകുന്നു. വാക്കുകളിലുണ്ടാകും ആ കാലത്തിന്റെ മിടിപ്പും വാസനയും. 

ദേവകി നിലയങ്ങോടിന്റെ 'കാലപ്പകര്‍ച്ചകള്‍' എന്ന പുസ്തകം സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. 1928-ല്‍ മൂക്കുതല(പൊന്നാനി)യിലാണ് ദേവകി നിലയങ്ങോടിന്റെ ജനനം. അക്കാലത്തെ നമ്പൂതിരി ഇല്ലങ്ങളിലെ കഥ അവര്‍ പറയുമ്പോള്‍ അറിയാതെ അക്കാലത്ത് നമ്മള്‍ ജീവിച്ചുപോകുന്നു. 

അന്ന് ഇല്ലങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനം ഒട്ടും ശുഭസൂചകമായിരുന്നില്ല. സ്ത്രീ ഗര്‍ഭിണിയായതു മുതല്‍ പുരുഷ സന്തതിക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടക്കും. ഉണ്ണി പിറന്നാല്‍ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വാല്യക്കാര്‍ മുറ്റത്തു നിന്ന് ഉറക്കെ ആര്‍പ്പു വിളിക്കും. പെണ്ണായാല്‍ ഇരിക്കണമ്മമാര്‍ പതിഞ്ഞ ശബ്ദത്തില്‍ വാതിലില്‍ മുട്ടി വിവരമറിയിക്കുകയേ ഉള്ളൂ. ഇടവമാസത്തിലെ തിരുവോണ നാളിലാണ് ദേവകി ജനിച്ചത്. അന്ന് ആര്‍പ്പുവിളി മുഴങ്ങിയില്ല. വാതിലില്‍ ചില പതിഞ്ഞ തട്ടലുകള്‍ മാത്രമുണ്ടായി! 

അന്നാരും കുട്ടികളെ എടുത്ത് ലാളിക്കാറില്ലത്രെ. അഛന്‍ പെണ്‍കുട്ടികളെ കാണുന്നതു തന്നെ അപൂര്‍വമാണ്. സംസാരിക്കുന്നത് അത്യപൂര്‍വം. 'എന്റെ മക്കള്‍' എന്ന ചിന്തയോടെ സ്വന്തം കുട്ടികളെ ശ്രദ്ധിക്കുന്നതു തന്നെ തെറ്റാണ് എന്നായിരുന്നു വിശ്വാസം. മക്കളെ പറ്റി അമ്മമാര്‍ പറയുന്നതു തന്നെ 'ഇന്നയിടത്തെ മരുമഹന്‍' എന്ന രീതിയിലാണ്. 

ചെറിയപ്ഫന്റെ മകള്‍ ഒരിക്കല്‍ ദേവകിക്ക് ഒരു ചെറിയ സോപ്പ് സമ്മാനം നല്‍കി. അപ്പോഴാണ് ആദ്യമായി സോപ്പ് കാണുന്നത്. എണ്ണയും താളിയുമൊക്കെയാണ് ഇല്ലത്തെ കുളക്കടവില്‍ ഉണ്ടായിരുന്നത്. പെട്ടെന്ന് തേഞ്ഞുപോയാലോ എന്ന് കരുതി മുഖം കഴുകാന്‍ മാത്രം ആ സോപ്പ് ഉപയോഗിച്ചു!

 വിഷവൈദ്യത്തിലെ ചെറളപ്രത്തിന്റെ വൈഭവം കേട്ടറിഞ്ഞ അഛന്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി താമസിപ്പിച്ച കഥ പുസ്തകത്തിലുണ്ട്.

 രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മഞ്ചലിന്റെ മൂളല്‍ കേട്ടാല്‍ അറിയാം, വിഷം തീണ്ടി ആരെയോ കൊണ്ടുവന്നിരിക്കുന്നുവെന്ന്. പൂമുഖത്താണ് അവരെ കിടത്തുക. മരിച്ച പോലെയാവും ശരീരങ്ങളുടെ കിടപ്പ്. പച്ചിലയും വേരുകളും വാല്യക്കാര്‍ സ്വന്തം വായിലിട്ട് ചവയ്ക്കും. എന്നിട്ട് ആ വായ്‌കൊണ്ട് രോഗിയുടെ മൂര്‍ധാവില്‍ ശക്തിയായി ഊതും. ഊഴമിട്ടാണ് ഊതുക. ഇടതടവില്ലാതെ ഊതിക്കൊണ്ടിരിക്കണം. നെറുകയില്‍ കയറിയ വിഷത്തെ ഊതിയിറക്കുകയാണ് ചെയ്യുന്നത്. കുറേ കഴിയുമ്പോള്‍ രോഗി കണ്ണു തുറക്കും. കണ്ണ് തുറന്നാല്‍ കുരുമുളകുമണികള്‍ രോഗിയുടെ വായിലിട്ടു കൊടുത്ത് ചവയ്ക്കാന്‍ പറയും. എന്താണ് സ്വാദെന്ന് ചോദിക്കും. ഈ സ്വാദിന്റെ മട്ടനുസരിച്ചാണ് ഏതു തരം പാമ്പാണ് കടിച്ചതെന്ന് നിശ്ചയിക്കുക. പിന്നെ ആ പാമ്പിന്റെ വിഷത്തിന് പ്രത്യേക ചികിത്സ തുടങ്ങും. 

എഴുത്തിനിരുത്തല്‍, അക്ഷരം എഴുതാന്‍ പഠിക്കല്‍, രാമായണം കൂട്ടിവായിക്കല്‍ ഇതോടെ തീരുമായിരുന്നു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം.  

കൊല്ലത്തിലൊരിക്കല്‍ അമ്മാത്തേക്കുള്ള പോക്കാണ് ഒരു ചിട്ടപോലെ എല്ലാ വര്‍ഷവും നടന്നുപോന്ന ഒരേയൊരു യാത്രയെന്ന് എഴുതുന്നു ദേവകി നിലയങ്ങോട്. അക്കാലത്ത് പൊന്നാനിയിലെ ധനാഢ്യനായിരുന്ന മുരുകന്‍ രാവുണ്ണി നായരുടെ ബസ്സുകളാണ് ആ റൂട്ടില്‍ ഓടിയിരുന്നത്. കരി ബസ്സായിരുന്നു അന്നൊക്കെ. ഏറ്റവും പിന്നിലെ സീറ്റിന്റെ നടുവില്‍ ഒരു വലിയ വീപ്പയില്‍ കരി നിറച്ച് കത്തിച്ചിട്ടുണ്ടാകും. ബസ് നിറയെ കരിയും പുകയും കൊണ്ട് നിറയും. ബസ്സില്‍നിന്നിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും കരി നിറമായിരിക്കും. 

നമ്പൂതിരിമാരുടെയും ഉണ്ണികളുടെയും ജന്മദിനങ്ങളില്‍, അവരുടെ ആയുസ്സിനു വേണ്ടി അമ്പലത്തിലും ഇല്ലത്തും പ്രത്യേകം പൂജകളും ഹോമങ്ങളും ഒക്കെയുണ്ട്.  എന്നാല്‍ പെണ്‍മക്കള്‍ക്ക് അങ്ങനെയൊന്നും ഇല്ല. സ്ത്രീകള്‍ക്ക് ആയുസ്സുണ്ടാവണമെന്ന് ആരും പ്രാര്‍ഥിക്കാറില്ല. 

കുട്ടിക്കാലത്ത് കണ്ട ഒരേയൊരു ഡോക്ടറെ പറ്റിയും ദേവകി നിലയങ്ങോട് പറയുന്നു. തൃശൂര് നിന്നും പകരാവൂരില്‍ ഇടക്ക് വന്നിരുന്ന ഡോക്ടര്‍ കൃഷ്ണയ്യര്‍. പുരുഷന്മാര്‍ക്ക് ദീനം വന്നാലേ ഡോക്ടര്‍ കൃഷ്ണയ്യര്‍ വരാറുള്ളൂ. അന്തര്‍ജനങ്ങള്‍ക്ക് രോഗം വന്നാല്‍ ഡോക്ടര്‍ക്ക് ആളയക്കുക പതിവില്ല. അവരുടെ ഒരുവിധം ദണ്ണങ്ങളൊന്നും ആരും പരിഗണിക്കാറില്ല. 

രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാടാകെ ഭക്ഷ്യക്ഷാമം വന്നു. ബര്‍മയില്‍നിന്ന് വലിയ തോതില്‍ ഇറക്കുമതി ചെയ്തിരുന്ന അരിയുടെ വരവ് നിലച്ചു. അന്ന് ജന്മിമാര്‍ സ്വയം പത്തായങ്ങളിലെ നെല്ല് ഒളിച്ചുവെക്കാനും വലിയ തുകക്ക് വില്‍ക്കാനും തുടങ്ങി. അപ്പോഴാണ് ലെവി സമ്പ്രദായം വന്നത്. കുടുംബാംഗങ്ങളെയും അത്യാവശ്യം വേലക്കാരെയും എണ്ണി ഒരാള്‍ക്ക് ഒരു നേരത്തേക്ക് ആറ് ഔണ്‍സ് അരിക്കുള്ള നെല്ല് വീതം അടുത്ത വിളവെടുപ്പ് നടക്കുന്നത് വരെയുള്ള കണക്ക് ഉണ്ടാക്കി ബാക്കി വരുന്ന നെല്ലെല്ലാം ഗവണ്‍മെന്റ് ലോറികളില്‍ കയറ്റിക്കൊണ്ടേയിരുന്നു. വിവാഹ, മരണാനന്തര ചടങ്ങുകള്‍ സപ്ലൈ ഓഫീസറുടെ അനുവാദത്തോടെ അമ്പതുപേര്‍ക്ക് എന്ന കണക്കില്‍ ഒതുക്കുകയും ചെയ്തു.

കല്ലുകളഞ്ഞ അരി കിട്ടാനില്ലാത്ത കാലത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മളും കരിബസ്സിലെത്തും. അവിടെ നിന്ന് പല വഴിക്കും യാത്ര പോയി കരിപുരണ്ട വസ്ത്രവുമായി എവിടെയോ ഇറങ്ങും. അവിടെ ക്ഷമയോടെ അരി അരിക്കുന്ന പെണ്ണുങ്ങളെ കാണും. കര്‍ക്കിടത്തിലെ നിര്‍ത്താതെ മൂന്ന് ദിവസം പെയ്ത പേമാരിയില്‍ നനയും. കിണറും കുളവും മുറ്റവുമെല്ലാം ഒന്നാവുന്നതു കണ്ട് പകപ്പോടെ തണുത്തു നില്‍ക്കും. പുസ്തകം വായിച്ചൊടുങ്ങുമ്പോഴും  നനയാതിരിക്കാന്‍ കാല്‍ പൊക്കിപ്പിടിച്ച് തണുത്ത് വിറച്ചിരിപ്പുണ്ടാകും നമ്മള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media