ഭയഭക്തി, സൂക്ഷ്മത, പരിത്യാഗം, ഉപാസന, ധ്യാനം, ജനസേവനം എന്നിവയിലൂടെ ദൈവസാമീപ്യം നേടിയ
ഭയഭക്തി, സൂക്ഷ്മത, പരിത്യാഗം, ഉപാസന, ധ്യാനം, ജനസേവനം എന്നിവയിലൂടെ ദൈവസാമീപ്യം നേടിയ അനേകം മഹത് വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. അനേകായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും അവരുടെ ജീവിതം മനുഷ്യകുലത്തിന് മാര്‍ഗദീപമായി പ്രശോഭിക്കുന്നു. ഇവരില്‍ പുരുഷന്മാരെപോലെ സത്രീകളും ഉണ്ടായിരുന്നു. പ്രവാചക പത്‌നിമാരും സ്വഹാബി വനിതകളും കഴിഞ്ഞാല്‍ ഏതാനും സൂഫി വനിതകളും ഈ രംഗത്ത് പ്രഭ ചൊരിഞ്ഞിട്ടുണ്ട്. ആത്മീയതയുടെയും ദിവ്യജ്ഞാനത്തിന്റെയും പ്രകാശം പ്രവഹിപ്പിച്ച ഇവര്‍ സ്ത്രീ സമൂഹത്തിന് മാത്രമല്ല, പുരുഷന്മാര്‍ക്കും മാതൃകയായ അപൂര്‍വം മഹത് വ്യക്തിത്വങ്ങളില്‍ ഒരാളാണ് നഫീസത്തുല്‍ മിസ്‌രിയ. പാണ്ഡിത്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഇസ്‌ലാമിക ചരിത്രത്തില്‍ അനന്യമായ ഔന്നത്യത്തിന്റെ പടവുകള്‍ താണ്ടിയ മഹാപ്രതിഭ. പെണ്‍ചിന്തയുടെ ഇടനാഴികകളില്‍ തസവ്വുഫിനെ സജീവമാക്കിയ സൂഫിവനിത.
ഹിജ്‌റ 145 (762 ക്രി) റബീഉല്‍ അവ്വല്‍ 11-ന് പ്രവാചക കുടുംബത്തില്‍പ്പെട്ട ഹസന്‍ അന്‍വറിന്റെയും സൈനബ ബിന്‍ത് ഹസന്റെയും പുത്രിയായി നഫീസത്തുല്‍ മിസ്‌രിയ മക്കയില്‍ ജനിച്ചു. മാതാപിതാക്കള്‍ അവള്‍ക്ക് നഫീസ എന്ന് നാമകരണം ചെയ്തു. നഫീസ എന്നാല്‍ രത്‌നം എന്നാണര്‍ഥം. നഫീസക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ഹസന്‍ അന്‍വര്‍ മദീനയിലെ ഗവര്‍ണറായി നിയമിതനാകുന്നത്. അങ്ങനെ നഫീസയും കുടുംബവും അദ്ദേഹത്തോടൊപ്പം മദീനയിലേക്ക് യാത്രതിരിച്ചു. പിന്നീട് മഹതി തന്റെ ബാല്യകാലം ചെലവഴിച്ചത് പുണ്യമദീനയിലാണ്. ഇസ്‌ലാമിക വ്യക്തിത്വം രൂപീകരിക്കുന്നതിലും സ്വഭാവ സംസ്‌കരണത്തിലും മദീനാജീവിതം നിര്‍ണായക പങ്കുവഹിച്ചു. അന്ന് മസ്ജിദുന്നബവി വിജ്ഞാനത്തിന്റെ വിളനിലമായിരുന്നു. നിരന്തരമായ ദര്‍സുകളും പഠനക്ലാസുകളും മദീനയെ വിജ്ഞാന കുതുകികളുടെ ആകര്‍ഷക കേന്ദ്രമാക്കി. വിശ്വവിഖ്യാത പണ്ഡിതനായ ഇമാം മാലികിനെപോലുള്ള പ്രഗല്‍ഭ പണ്ഡിത കേസരികളാണ് പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്.
ആറാം വയസ്സില്‍ നഫീസത്തുല്‍ മിസ്‌രിയ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. എട്ട് വയസ്സായപ്പോഴും ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി. പിതാവ് ഹസന്‍ അന്‍വര്‍ പള്ളിയില്‍ പോകുമ്പോള്‍ കൊച്ചു മകള്‍ നഫീസയെയും കൂടെ കൂട്ടുമായിരുന്നു. പിതാവിനോടൊപ്പം സ്ഥിരമായി വിദ്യാസദസ്സുകളില്‍ സംവദിക്കാനും മതപ്രസംഗങ്ങള്‍ കേള്‍ക്കാനും അത് അവസരമൊരുക്കി. അവര്‍
ഇമാം മാലിക്കില്‍ നിന്ന് ഹദീസും ഫിഖ്ഹും പഠിച്ചു. ഇമാമിന്റെ മുവത്വ എന്ന ഹദീസ് ഗ്രന്ഥം മനഃപാഠമാക്കി. സൂഫികളുടെ ജീവചരിത്രം മനസ്സിലാക്കുകയും അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവും നേടാനുള്ള വഴികള്‍ ഗ്രഹിച്ച് അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു.
ഏകാന്തതയും ധ്യാനവും പരിത്യാഗവും മഹതിയെ വ്യതിരിക്തയാക്കുന്ന വിശിഷ്ട ഗുണങ്ങളായി എടുത്ത് പറയാം. ഒറ്റക്കിരുന്ന് ദൈവകീര്‍ത്തനം നടത്തുന്നതിലും പ്രാര്‍ഥനയില്‍ മുഴുകുന്നതിലും അവര്‍ ആനന്ദം കണ്ടെത്തി. ആഡംബരത്തെയും പ്രകടനപരതയെയും വെറുത്ത നഫീസത്തുല്‍ മിസ്‌രിയ ജീവിത വിശുദ്ധിയും ലാളിത്യവും കാത്തുസൂക്ഷിച്ചു. ചെറുപ്പത്തില്‍ തന്നെ അവരുടെ പാണ്ഡിത്യത്തിന്റെ ഗരിമ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ അവരെ നഫീസത്തുല്‍ ഇല്‍മ് (അറിവിന്റെ അമൂല്യ രത്‌നം) എന്ന് വിളിച്ചു. റാബിയ അദവിയ്യയെ പോലുള്ള സൂഫി വനിതകള്‍ ആരാധനയില്‍ മുഴുകി വിവാഹം വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. എന്നാല്‍, വിവാഹം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് മനസ്സിലാക്കിയ നഫീസത്തുല്‍ മിസ്‌രിയയെ പിതാവ് ഹസന്‍ അന്‍വര്‍ അഹ്‌ല് ബൈത്തില്‍പ്പെട്ട ഇസ്ഹാഖ് മുഅ്മിന്‍ എന്ന പണ്ഡിതന് വിവാഹം കഴിച്ചുകൊടുത്തു. 161-റജബിലാണ് ആ മംഗള കര്‍മം നടന്നത്. വിവാഹാനന്തരം അവര്‍ മക്കയിലേക്ക് പോയി. ഇസ്ഹാഖുമായുള്ള ദാമ്പത്യജീവിതം എല്ലാ അര്‍ഥത്തിലും സന്തോഷകരമായിരുന്ന അവര്‍ക്ക് കാസിം, ഉമ്മു കുല്‍സൂം എന്നീ കുഞ്ഞുങ്ങള്‍ പിറന്നു. ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത് 32 കൊല്ലത്തോളം അവര്‍ മക്കയിലാണ് കഴിഞ്ഞത്.
നഫീസത്തുല്‍ മിസ്‌രിയ പിന്നീട് കുടുംബസമേതം ഹിജ്‌റ 193-ല്‍ മിസ്‌റിലേക്ക് (ഈജിപ്ത്) പുറപ്പെട്ടു. അബ്ബാസി ഖലീഫ മന്‍സൂറിന്റെ കാലത്തായിരുന്നു അത്. ഈജിപ്തിലെങ്ങും അവരുടെ പേരും പ്രശസ്തിയും അതിനകം പ്രചരിച്ചിരുന്നു. 193 റമദാന്‍ 26-നാണ് അവര്‍ കെയ്‌റോയിലെത്തിയത്. മഹതിയുടെ അനുഗ്രഹവും പ്രാര്‍ഥനയും തേടിയെത്തിയ ജനാവലിയെ കണ്ട് അവര്‍ അമ്പരന്നു. തന്റെ ആരാധനകള്‍ക്ക് അത് വിഘാതമാകുന്നത് മനസ്സിലാക്കി പിതാമഹന്‍ അന്തിയുറങ്ങുന്ന മദീനയിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.
ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് പ്രാദേശിക ഗവര്‍ണ്ണര്‍ സരിയ്യ് ഇബ്‌നു ഹകം ഇടപ്പെട്ടു കൊണ്ട് ആഴ്ചയില്‍ രണ്ട് ദിവസമായി ജനസന്ദര്‍ശനം നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസ്ഥ മഹതി അംഗീകരിച്ചു. അവര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഒരു വീട് ഒരുക്കികൊടുക്കുകയും ചെയ്തു.
വിദൂര ദേശങ്ങളില്‍ നിന്ന് മഹതിയെ തേടിവന്ന പ്രമുഖരാണ് വിശ്വപ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവുമായ ഇമാം ശാഫിഇയും ദുന്നൂര്‍ മിസ്‌രിയും. മഹതി ഈജിപ്തിലെത്തി അഞ്ച് വര്‍ഷം കഴിഞ്ഞ് ഹിജ്‌റ 198- ലാണ് ഇമാം ശാഫിഈ ഈജിപ്തിലെത്തുന്നത്. മഹതിയില്‍ നിന്ന് ഇമാം ഹദീസും ഫിഖ്ഹും പഠിച്ചു. ഇമാം മഹതിയുമായി സുദൃഢമായ ബന്ധം സ്ഥാപിച്ചു. മസ്ജിദ് ഫുസ്താത്വിലേക്ക് ദര്‍സ് നടത്താന്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും അദ്ദേഹം മഹതിയെ സ്ഥിരമായി സന്ദര്‍ശിച്ചു. റമദാന്‍ മാസം അവരെയും കൂട്ടി തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സാമ്പത്തികമായി സുസ്ഥിതിയിലായിരുന്ന നഫീസത്തുല്‍ മിസ്‌രിയ ഇമാമിനെ സാമ്പത്തികമായി സഹായിച്ചിരുന്നു.
ഇമാമിന് രോഗം വരുമ്പോഴെല്ലാം മഹതിയോട് പ്രാര്‍ഥിക്കാന്‍ പറയുകയും പ്രാര്‍ഥനയിലൂടെ രോഗം സുഖപ്പെടുകയും ചെയ്തു. അദ്ദേഹം മരണപ്പെടാന്‍ കാരണമായ രോഗാവസ്ഥയിലും പ്രാര്‍ഥിക്കാന്‍ പറയുകയുണ്ടായി. അവസാനം മഹതി പ്രാര്‍ഥിച്ചത് ഇമാമിന് നല്ല നിലയില്‍ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ അല്ലാഹു ആഫിയത്ത് ചെയ്യട്ടെ എന്നായിരുന്നു. അതില്‍ നിന്ന് തന്റെ മരണം ആസന്നമായെന്ന് അദ്ദേഹം ഗ്രഹിച്ചുവത്രെ. താന്‍ മരിച്ചാല്‍ തനിക്ക് വേണ്ടി ജനാസ നമസ്‌കരിക്കണമെന്ന് ഇമാം മഹതിയോട് ആവശ്യപ്പെട്ടിരുന്നു. ഇമാമിന്റെ മരണശേഷം ആരോഗ്യം ക്ഷയിച്ചതിനാല്‍ വീടിന്റെ മുമ്പിലൂടെ ജനാസ കൊണ്ടുപോകുമ്പോള്‍ വീട്ടില്‍ വെച്ചാണ് മഹതി ജനാസ നമസ്‌കരിച്ചത്. സംഭവബഹുലമായ ഏഴ് വര്‍ഷങ്ങള്‍ ഈജിപ്തില്‍ കഴിച്ചുകൂട്ടിയ ശേഷം ഹിജ്‌റ 208 റമദാന്‍ 15-ന് നഫീസത്തുല്‍ മിസ്‌രിയ കാലഗതി പ്രാപിച്ചു.