(ആച്ചുട്ടിത്താളം-10)
ചാലിയാറിന്റെ തീരത്തുകൂടെ പാട്ടും പാടിയൊരു യാത്ര. അശ്റഫും സംഘവും സബുട്ടിയും ഞാനും മജീദ് സാറും ഫാത്തിമ ടീച്ചറും. ''തീപ്പൊരി പ്രസംഗമാവണം ട്ടൊ'' മജീദ് സാര്‍ ഓര്‍മിപ്പിച്ചു.
''സാര്‍, സംസ്ഥാന മത്സരം ന്നൊക്കെ പറഞ്ഞാല്‍ ഒരുപാട് കുട്ട്യാള്ണ്ടാവില്ലേ?''
ആ മുഖത്ത് ഒട്ടും ഉത്കണ്ഠയില്ലായിരുന്നു.
''അതൊന്നും ചിന്തിക്കണ്ട. നെനക്കെന്നെ ഫസ്റ്റ്. മൂന്നു മത്സരമേ നമുക്കുള്ളൂ. മൂന്നും ഫസ്റ്റന്നെ''.
ആരും തിരിഞ്ഞ് നോക്കാനില്ലാത്ത കുറെ അനാഥര്‍. പക്ഷെ മജീദ് സാറിന് അവര്‍ നിധികളായിരുന്നു.
സ്റ്റേജില്‍ കയറുമ്പോള്‍ പേടി ഒട്ടും തോന്നിയില്ല. നന്നായി പഠിച്ച വിഷയം. നല്ല ഒഴുക്കു കിട്ടി. മുന്നില്‍ നിറഞ്ഞ സദസ്സ്.
അകലെ മുറ്റത്തെ തണല്‍ മരത്തിനു കീഴെ ആ മുഖം. മുഖത്ത് പുഞ്ചിരിയല്ല. വേവലാതിയാണ്. അഞ്ചുമിനിറ്റ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അറിയാതെ മരത്തണലിലേക്ക് നോട്ടം പാറിവീണു. ടവ്വല്കൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടു. മുറ്റത്തെത്തിയപ്പോള്‍ ആളെ കണ്ടില്ല.
ഫാത്തിമ ടീച്ചര്‍ കെട്ടിപിടിച്ച് ചിരിച്ചു.
''നന്നായി. സദസ്സ് മുഴുവന്‍ നിന്നെ കേള്‍ക്കായിരുന്നു.''
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. സന്തോഷമോ അഭിമാനമോ ഒന്നും. നിസ്സംഗതയുടെ ഒരു മറ എന്നുമുള്ളതാണ്. അതു തുണയായി. സബുട്ടി അപ്പുറത്തെ സ്റ്റേജിലാണ്. അങ്ങോട്ടെത്തണം. ''പടച്ചോനെ, അവന് ഫസ്റ്റ് കിട്ടണേന്നാണു പ്രാര്‍ഥിച്ചത്''. അവന്റെ വാശിയാണ് എന്നെ എത്തിച്ചത്. അതേ വഴിയുള്ളൂ എന്ന് മജീദ് സാറിനുമറിയാം. അവന്റെ ഉയര്‍ച്ചയാണു മനസ്സു നിറയെ. ഒരു മിഠായി കിട്ടിയാല്‍ ഇത്താത്താക്ക് എന്നു പറഞ്ഞ് മാറ്റിവെക്കുന്നവനാണവന്.
ഞായറാഴ്ചയുടെ അലസതയില്‍ ഉച്ചക്ക് എന്തോ വായിച്ചിരിക്കുമ്പോള്‍ സബുട്ടി വിളിക്കുന്നു എന്നു പറഞ്ഞ് റംല ഓടിയെത്തി. എന്താണെന്ന ചോദ്യത്തിന് ഒരുത്തരവുമില്ല. ഇത്താത്തയെ ഒരാള്‍ വിളിക്കുന്നു എന്ന് ഒരുപാട് സമയത്തിനു ശേഷം പറഞ്ഞു. അപ്പോഴേക്കും കോയാക്കാന്റെ ഗെയ്റ്റും കടന്ന് മുറ്റത്തെ ചീനിച്ചുവട്ടിലെത്തിയിരുന്നു. വെളുത്തു മെലിഞ്ഞ് തല നരച്ച രൂപം ആരാണെന്ന് ഊഹിച്ചു. സബുട്ടിയുടെ വല്ലിമ്മ.
''മോളെപ്പറ്റി പറയാനേ ഇവനു നേരള്ളൂ. കണ്ട് പോകാന്ന് കരുതി''. അവര്‍ കൈപിടിച്ച് ഉമ്മ തന്നപ്പോള്‍ വേറേതോ ലോകത്ത് നില്ക്കുന്ന പോലെ തോന്നി. ആകെയൊരു കുളിര്. എന്റെ പടച്ചോനെ.... ഇങ്ങനെയൊരു കുളിരൊരിക്കലുമുണ്ടായിട്ടില്ല. മനസ്സും ശരീരവും നിറഞ്ഞ് തണുപ്പ് പരന്നൊഴുകി.
എന്റെയും സബുട്ടിയുടെയും കൈയില്‍ ഓരോ പൊതിവെച്ച് തന്ന് അവര്‍ ചിരിച്ചു. ''വല്ലിമ്മ ണ്ടാക്കീതാ ന്റെ കുട്ട്യാള്‍ക്ക്. സ്വര്‍ണ നിറത്തില്‍ അവിലോസ് പൊടി പുഞ്ചിരിച്ചു. കൈപിടിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ ഒരുപാട് ചവിട്ടി നടന്ന അനുഭവങ്ങള്‍. ഒറ്റക്കു നടന്നുനീങ്ങിയ വഴിയിലെ കൂരിരുട്ട്. ഒരു ചൂട്ടുകറ്റയുമായി വീശി വീശി നടക്കുന്ന ഒരു പെണ്ണിന്റെ ചിത്രം മനസ്സില്‍ വരഞ്ഞു കോറി. പോകാന്‍ നേരം അവര്‍ കണ്ണുതുടച്ചു. ''ന്റെ കുട്ടീനെ നോക്കാന്‍ മോള്ണ്ടല്ലോ. പടച്ചോന് കാക്കട്ടെ കുട്ട്യേ. ഓടിവരാന്‍ വയ്യാണ്ടായെനിക്ക്'' അവരുടെ വെളുത്ത കസവു തട്ടം ഗെയ്റ്റു കടന്ന് പോകുന്നത് നോക്കി നില്‍ക്കെ ഈ ലോകത്തിനപ്പുറത്തെ ഏതോ ലോകത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന് എനിക്കു തോന്നി.
അവര്‍ പിന്നെ ഒരിക്കലും വന്നില്ല. സബുട്ടിയെ കാണാതായ ഏതോ ഒരു ദിവസം മജീദ് സാറാണ് പറഞ്ഞത് അവന്റെ വല്ലിമ്മ മരിച്ചെന്ന്. സ്കൂളില്‍ വന്ന് കൂട്ടിക്കൊണ്ടുപോയതാണവനെ. ബാപ്പ മരിച്ചത് എനിക്കോര്‍മയില്ല. കരളു പറിഞ്ഞ ഒരു മരണവും പിന്നെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷെ ഓരോ മരണവും ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടങ്ങളുണ്ടാക്കുമെന്ന് എനിക്കറിയാം. നമ്മള് ഇല്ലാതാവുന്ന ചില മരണങ്ങള് ഉണ്ട്. നമ്മള് നഷ്ടപ്പെട്ട് ജീവിക്കുന്ന വലിയ ദുരന്തം. സബുട്ടി എന്ന കുട്ടി അതെങ്ങനെ സഹിക്കും എന്നോര്‍ത്ത് എന്റെ കാലുകള്‍ കുഴഞ്ഞു. സബുട്ടിയുടെ ഉമ്മയും ബാപ്പയും എല്ലാം വല്ലിമ്മയായിരുന്നു. അവര്‍ പിടിച്ച് ഉമ്മവെച്ച എന്റെ വലതു കൈവെള്ളയില്‍ മരണത്തിന്റെ തണുപ്പ് അരിച്ചു നടക്കുന്നത് ഞാനറിഞ്ഞു. മരണം നിശബ്ദതയാണ്. ഒടുങ്ങാത്ത നിശബ്ദത. എന്റെ മനസ്സിലപ്പോള്‍ കരച്ചിലില്ലായിരുന്നു. നിശബ്ദതയുടെ ഭീതിതമായ കറുത്ത പുതപ്പിനുള്ളില്‍ അത് ശ്വാസംമുട്ടി പിടഞ്ഞു. അവിലോസ് പൊടിയുടെ മഞ്ഞപ്പിലേക്ക് രക്തത്തുള്ളിയുടെ ചുവപ്പ് പടരുന്നത് ഞെട്ടലോടെ ഞാന്‍ കണ്ടു.
മടങ്ങി വന്നപ്പോള്‍ സബുട്ടി കരഞ്ഞില്ല. ഉമ്മയെപ്പറ്റി പറഞ്ഞ് എന്നിലേക്ക് ചാഞ്ഞ് തേങ്ങിയതുപോലെ അവന് വിതുമ്പിയില്ല. അവനെന്നെത്തന്നെ നോക്കി നിന്നു. ഞാനവന്റെ പാറിയ മുടിയിഴകളില്‍ വിരലോടിച്ചു. എപ്പോഴോ ഞാനവന്റെ ഉമ്മയായി, വല്ലിമ്മയായി. എന്റെ മനസ്സില്‍ നിന്ന് അവന്റെ മനസ്സിലേക്ക് വാക്കുകളുടെ ഒഴുക്ക് വേണ്ടായിരുന്നു. ഒരു നെടുവീര്‍പ്പു പോലുമില്ലാതെ ഞങ്ങള്‍ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു.
ഞാന്‍ സ്റ്റേജിനടുത്തെത്തുമ്പോള് സബുട്ടി കയറുകയാണ്. ഒരു വശത്തേക്ക് മാറി നിന്നു. ഹൃദയം പടാപടാന്ന് മിടിക്കുന്നത് കേള്‍ക്കാം. നല്ല ഭാഷ. ഒഴുക്കുള്ള ശൈലി. ഒതുക്കമുള്ള പ്രസംഗം. മറ്റുള്ളതൊന്നും കേട്ടിട്ടില്ല. എന്നാലും പ്രതീക്ഷയുടെ എന്തോ ഒന്ന് മനസ്സില്‍.
''ഇത്താത്താ, ബോറായോ?''
''ഇല്ല സബുട്ടി, നന്നായിരുന്നു''.
''തീപ്പൊരിക്കു തന്നെ ഫസ്റ്റ്''
മജീദ് സാറിന്റെ കണ്ണുകളില്‍ ആയിരം പൂത്തിരി. സബുട്ടി സന്തോഷം കൊണ്ട് നിലംവിട്ട് ചാടിപ്പോയി. ''ഞാന്‍ അപ്പഴേ ഒറപ്പിച്ചതാ'' ഫാത്തിമ ടീച്ചര്‍ വിടര്‍ന്നു ചിരിച്ചു, സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സബുട്ടിയുടെ റിസള്‍ട്ടാണ് മനസു നിറയെ. അവനതൊക്കെ മറന്ന മട്ടാണ്.
''സ്വബാഹ്, നിനക്കൊന്നൂല്ലല്ലോ'' എന്റെ നേരെ നോക്കി കണ്ണടച്ച് കാണിച്ചാണ് മജീദ് സാറത് പറഞ്ഞത്. അവന്റെ കണ്ണുകളില്‍ നേരിയ അമ്പരപ്പ്.
''അതിനെന്താ, ഇത്താത്താക്ക് കിട്ടീലെ, അതുമതി'' അവന് ചിരിച്ചു.
''നല്ല ഇത്താത്തീം കുട്ടീം.' അവനു ഫസ്റ്റെന്നു കേട്ടപ്പോള്‍ അവന് വീണ്ടും ചാടി. അശ്റഫിനും സംഘത്തിനും കൂടി ഫസ്റ്റടിച്ചപ്പോള്‍ മജീദ് സാര്‍ ശരിക്കും ചിരിച്ചു. ഇന്ന് നമ്മള് നമ്മുടെ സാമ്പാറിനും ചോറിനും അവധി പറയുന്നു. പൊറാട്ടയും കറിയും വാങ്ങിത്തരുന്ന മജീദ് സാറിന്റെ കണ്ണുകളിലെ വാത്സല്യത്തിനപ്പുറത്ത് എവിടെയോ എന്തോ ഉണ്ടെന്നു തോന്നി. സ്നേഹത്തിന്റെ ഒരു നേരിയ ജ്വാല എനിക്കു നേരെ...... മനസ്സില്‍ ഏതോ ഇശലിന്റെ മുറുക്കം. ഒപ്പം ഉമ്മയുടെ നെല്ലുകുത്തിന്റെ കിതപ്പും. ചുറ്റും ഉമിയുടെയും തവിടിന്റെയും ചേറിന്റെയും ഗന്ധം. മുഖത്തെ ചിരി മാഞ്ഞു. ഉള്ളില്‍ മതിലുകള്‍ വീണു. കിനാവു കാണണ്ട സമയമല്ല. മനസ്സു താക്കീതു നല്കി.
സബുട്ടി ആസ്വദിച്ചു കഴിക്കുകയാണ്. എല്ലാ പിരിമുറുക്കങ്ങള്‍ക്കും ഒരു ദിവസത്തെ അവധി.
കാലത്തിന്റെ ഇലകള്‍ക്ക് എത്രയെളുപ്പമാണ് മൂപ്പെത്തുന്നത്. പത്താംക്ലാസ് പരീക്ഷയുടെ തലേന്ന് സബുട്ടിയോടു ചോദിച്ചു.
''നീ പ്രാര്ഥിക്ക്ണില്ലേ?''
''പിന്നെ ഇത്താത്താ...ഞാന്‍ പ്രാര്ഥിക്കൂലെ''.
''എടാ നീ പ്രാര്‍ഥിച്ചാ കേള്‍ക്കും. നല്ലോണം ശ്രദ്ധിച്ച് പറയണം ട്ടൊ''
അവന് തലയാട്ടി.
''ഇത്താത്ത ഒന്നു കണ്ണടച്ചേ...''
''എന്തിനാ സബുട്ടീ ?''
''കണ്ണടക്കൂന്നേയ്....''
കണ്ണടച്ചു.
കൈപിടിച്ച് അവന് വെച്ചുതന്നത് രണ്ടുപേനകള്. കണ്ണുനിറഞ്ഞു.
''സബൂട്ടീ....''
അവന്റെ മുഖത്ത് പുഞ്ചിരി. ''ഇത്താത്ത ധൈര്യായിട്ട് പൊയ്ക്കോ''
ആ ധൈര്യത്തിലാണ് പരീക്ഷ എഴുതിയത്. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മനസ്സിന്റെ ഭാരം മുഴുവന്‍ കുറഞ്ഞിരിക്കുന്നു. ആറുമാസത്തെ എന്റെ കഠിനാധ്വാനം. കഷ്ടിച്ചു ജയിച്ചാല്‍ പോലും അതൊരു വലിയ കാര്യമാകും. പ്രാര്‍ഥിച്ചു. മദ്രസ പൂട്ടാത്തതു കൊണ്ട് വീട്ടിലേക്കുള്ള പോക്ക് സബുട്ടിക്കില്ല.
''അലിഫ് ലൈല വലൈല'' കൈയില്‍ തന്ന് ''ഞാന്‍ വഴക്ക് പറഞ്ഞതിന് പകരം'' എന്ന് പറഞ്ഞ് മജീദ് സാര്‍ ചിരിച്ചു.
എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് വായനയുടെ ലോകത്തേക്ക് രണ്ടു മാസത്തെ കൂടുമാറല്‍.