പൗരോഹിത്യത്തിന്റെ അശ്ലീലതകള്‍
കരുണ, ദയ, ആര്‍ദ്രത, സ്‌നേഹം ഈ പര്യായങ്ങളെല്ലാം ചേര്‍ത്തുവെക്കാറ് സ്ത്രീ എന്ന പദത്തിനു നേരെയാണ്.
കരുണ, ദയ, ആര്‍ദ്രത, സ്‌നേഹം ഈ പര്യായങ്ങളെല്ലാം ചേര്‍ത്തുവെക്കാറ് സ്ത്രീ എന്ന പദത്തിനു നേരെയാണ്. വെറുപ്പും പകയും പ്രതികാരവും സ്ത്രീത്വത്തിനു ചേര്‍ന്നതല്ലെന്നാണ് പെതുവെയുള്ള പറച്ചിലുകള്‍. എന്നാല്‍ ഇതിനൊക്കെ അപവാദങ്ങളായി സിനിമയിലും സാഹിത്യത്തിലും കഥകളിലും ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളെ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തന്റെ മാനത്തിനു നേരെയുള്ള കയ്യേറ്റത്തെ കൊലപാതകങ്ങള്‍ ചെയ്തുപോലും ചെറുക്കുന്ന കരുത്തരായ പെണ്‍കഥാപാത്രങ്ങള്‍. '22 ഫീമെയില്‍ കോട്ടയം' സിനിമയിലെ നായികാ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അടുത്തിടെയാണ് ഒരു പെണ്‍കുട്ടിക്ക് പെരുമാറേണ്ടി വന്നത്. ആണ്‍ക്കോയ്മയുടെ അധീശത്വഭാവത്തിനു മാത്രമല്ല സകലമാന പൗരോഹിത്യത്തിനു നേരെയുമുള്ള ഒരു പെണ്ണിന്റെ ഒറ്റപ്പെട്ടതാണെങ്കിലും ഒരു താക്കീതായി അത്.
ലൈംഗികത- സാമ്പത്തിക അതിക്രമം- പൗരോഹിത്യം ഇതു മൂന്നും ഒരേ കൂട്ടുകെട്ടാണ് പലപ്പോഴും. സ്ത്രീക്കു നേരെയുള്ള കൈയേറ്റങ്ങളെയും ലൈംഗികാതിക്രമങ്ങളെയും പരിശോധിക്കുമ്പോള്‍ അതില്‍ വലിയൊരു കൂട്ടര്‍ പ്രതികളായി മത പുരോഹിതന്മാരും ഉള്‍പ്പെടുന്നുവെന്നത് സത്യമാണ്. പെണ്ണിന്റെ വഴിവിട്ട നടത്തങ്ങളാണ് പുരുഷന്മാരെ വഴി തെറ്റിക്കുന്നതെന്നു പറഞ്ഞ് സാരോപദേശങ്ങളോതി സമൂഹത്തിനു മേല്‍ അധീശത്വം സ്ഥാപിക്കുന്ന ഇക്കൂട്ടര്‍ക്ക് പലപ്പോഴും വീടിന്റെ അടുക്കളവരെ ചെന്നുകയറാനുള്ള സ്വാതന്ത്ര്യമാണുള്ളത്. ഈ സ്വാതന്ത്ര്യം തന്നെയാണ് പല അനര്‍ഥങ്ങളുടെയും ഹേതുവും. ലൈംഗികാസ്വാദനത്തെ തടഞ്ഞുനിര്‍ത്തലാണ് ദൈവികതയെന്നു തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് ജീവിത പരിത്യാഗത്തിനിറങ്ങുന്നവര്‍ അവിഹിത മേച്ചില്‍പ്പുറങ്ങളില്‍ ആറാടുകയാണ്. പണം, പെണ്ണ്, അധികാരം എന്നതാണ് പലപ്പോഴും പൗരോഹിത്യത്തിന്റെ സൂത്രവാക്യം. എല്ലാ മതവിശ്വാസികളിലും പെട്ടവര്‍ ഈ പൗരോഹിത്യ ദാസ്യത്തിന് അടിമകളുമാണ്. സ്വന്തം മക്കളെ കണ്‍മുന്നിലിട്ടാക്രമിക്കുമ്പോഴും ഒന്നും ഉരിയാടാന്‍ പോലും കഴിയാത്ത നിസ്സഹായ അടിമത്വത്തിലേക്കാണിത് നയിക്കുന്നത്.
മറ്റൊന്നാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം. കേരളത്തില്‍ അടുത്തകാലത്തായി കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം തട്ടികൊണ്ടുപോകല്‍, ബലാത്സംഘം, ഭ്രൂണഹത്യ, വേശ്യാവൃത്തിക്കുപയോഗിക്കല്‍ എന്നിവയുള്‍പ്പെടെ കുട്ടികളോടുള്ള ക്രൂരതയുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. 2016-ല്‍ മാത്രമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 1570 -ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അധികവും ഏറ്റവും അടുത്ത ബന്ധക്കളോ അയല്‍വാസികളോ ആണ് പ്രതികള്‍. വീടുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥ. പശ്ചാത്യ മാധ്യമങ്ങള്‍ പീഡോഫീലിയ എന്നു പേരിട്ടുവിളിക്കുന്ന ഈ പ്രതിഭാസം തടയിടുന്നതിന് ചില കരുതലുകള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. ആര്‍ക്കൊക്കെ എപ്പോഴൊക്കെ സ്വന്തം വീട്ടിലേക്കുവരാമെന്നും ഏതുവരെ അന്യരോട് എങ്ങനെ ഇടപെടാമെന്നുമുള്ള കാര്യം നാം സ്വയം തീരുമാനിക്കുകയും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം.