അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു.
അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തിതേടാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്, സംശയമില്ല. വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്. (അര്‍റൂം 21)
കുടുംബം, അര്‍ഥപൂര്‍ണമായ സ്ഥാപനം, അത്ഭുതപ്രതിഭാസം, മനുഷ്യന്റെ എന്തെല്ലാം ആവശ്യങ്ങളെയാണ് അത് സാധിപ്പിക്കുന്നത്! ആവശ്യങ്ങള്‍ വകതിരിച്ച് മനസ്സിലാക്കാന്‍ പോലുമാകാത്ത പ്രായത്തില്‍ അവ പൂര്‍ത്തീകരിച്ച് നല്‍കാന്‍ കുടുംബം ജാഗ്രത കാണിക്കുന്നു. മനോഹരമായ കുടംബാനുഭവത്തിന്റെ തണലേല്‍ക്കാത്ത ആരാണുള്ളത്. ശൈശവത്തില്‍, ബാലകൗമാരങ്ങളില്‍, യുവത്വത്തില്‍, വാര്‍ധക്യത്തില്‍ മൂന്ന് തരം കുടുംബങ്ങളെ കുറിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'മനുഷ്യന്‍ മുഴുവന്‍ ഒറ്റ കുടുംബമാണ്' എന്നും (അല്‍ഹുജറാത്ത് 13) 'ആദര്‍ശ കുടുംബമാണ് ' എന്നും (അല്‍ഹുജുറാത്ത്) 'രക്തബന്ധുക്കളാകുന്ന കുടുംബമാണ് ' എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അത്തഹരീം 8). ഈ മൂന്ന് ബന്ധങ്ങളെയും സൂക്ഷിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും കല്‍പനകളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ് (അന്നൂര്‍ 23)
രണ്ടുപേര്‍ മുഖാമുഖമിരിക്കുന്നു. ചുറ്റിലും രണ്ടില്‍ കുറയാത്ത സാക്ഷികള്‍. ഒരാള്‍ പെണ്ണിന്റെ രക്ഷാധികാരി ഒരു വാക്കുപറയുന്നു. അടുത്തയാള്‍ വരന്‍ അതിന് മറുവാക്ക് പറയുന്നു. വിവാഹക്കരാറിലെ രണ്ട് സുപ്രധാന വാക്കുകള്‍, അതോടെ അന്യരായ രണ്ടുപേര്‍, രണ്ട് കുടുംബത്തിലുള്ളവര്‍, വ്യത്യസ്ത സ്വഭാവവും ശീലങ്ങളും അഭിരുചികളുമുള്ളവര്‍ ഒന്നാകുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ് നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. (അല്‍ബഖറ 187) പരസ്പരം ന്യൂനതകള്‍ മറച്ചുവെക്കുന്ന, സംരക്ഷണം നല്‍കുന്ന, പദവിയും സ്ഥാനവും സൗന്ദര്യവും പ്രകടിപ്പിക്കുന്ന വസ്ത്രം. വേദനയും വിശപ്പും സന്തോഷവും എല്ലാം ഒന്ന്. അല്ലാഹു രണ്ടുപേര്‍ക്കുമിടയില്‍ സ്‌നേഹവും കാരുണ്യവും ഭദ്രമാക്കി (അര്‍റും 21). രണ്ട് വ്യക്തികള്‍ മാത്രമല്ല രണ്ട് കുടംബവും ഒന്നാവുന്നു. അവന്റെ മാതാപിതാക്കള്‍ അവളുടേതും അവളുടെ മാതാപിതാക്കള്‍ അവന്റേതുമാകുന്നു. ഭൂമിയില്‍ വെച്ച് മുറിച്ച് മാറ്റാന്‍ ആവാത്ത ബന്ധമാണ് ഭാര്യഭര്‍ത്താക്കളുടെ മാതാപിതാക്കളുമായുള്ള ബന്ധവും മക്കളുടെ മാതാപിതാക്കളുമായുള്ള ബന്ധവും. നിക്കാഹിന്റെ ചടങ്ങ് നല്‍കുന്ന ഏറ്റവും പ്രധാനമായ സന്ദേശം വാക്കിന്റെ വിലയാണ്. രണ്ട് വാക്കുകള്‍ക്കിടയിലാണല്ലോ ഭാര്യാഭര്‍തൃബന്ധം. ഒന്ന് നിക്കാഹിന്റെ വാക്കും മറ്റേത് ത്വലാഖിന്റെ വാക്കും. തമാശയായി പറയാന്‍ പാടില്ലാത്ത വാക്കുകള്‍. വാക്കുകളാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും മുഖ്യമായ ഭാഗം. നിക്കാഹിന്റെ സന്ദര്‍ഭത്തില്‍ വളരെ കരുതലോടെയാണ് വാക്കുകള്‍ ഉപയോഗിക്കുന്നത്. ശിഷ്ടജീവിതത്തിലും സംസാരത്തില്‍ ഈ കരുതല്‍ ഉണ്ടായാല്‍ ജീവിതം വിജയിച്ചു. 'വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും' (അഹ്‌സാബ് 70,71)
തണലു നല്‍കേണ്ട കുടുംബം പലര്‍ക്കും തളര്‍ച്ച നല്‍കുന്നു. മധുരത്തിന് പകരം കയ്പ് നല്‍കുന്നു. ശാന്തിക്ക് പകരം കലാപം നല്‍കുന്നു. എല്ലാ ജോലിയും കഴിഞ്ഞു വീട്ടില്‍ പോകാനിഷ്ടപ്പെടാതെ തെരുവില്‍ തങ്ങുന്നവര്‍. ദൈവിക സ്ഥാപനമാണ് കുടുംബം. അതിന്റെ തുടക്കം കുറിക്കുന്ന വിവാഹം മതാനുഷ്ഠാനവും. എന്നിട്ടും ഭക്തജനങ്ങള്‍ പോലും കാലിടറിവീഴാനുള്ള കാരണമെന്താവും? നമസ്‌കാരവും നോമ്പും കൃത്യമായി അനുഷ്ഠിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും കുടുംബകോടതിയില്‍ മുഖാമുഖം പോരടിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?
എത്രയളവില്‍ നാം സന്മാര്‍ഗം സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ആദ്യം ചോദിക്കേണ്ടത്. ചമയങ്ങളും അലങ്കാരങ്ങളും ആഘോഷങ്ങളും നാട്ടുനടപ്പും വികാരങ്ങളുമാണ് പലര്‍ക്കും ദീന്‍. തൊലിപ്പുറമെയുള്ള ലേപനം. ഹൃദയത്തിലേക്ക് അത് പ്രവേശിച്ചിട്ടില്ല (അല്‍ഹുജറാത്ത് 14)
നിക്കാഹിന്റെ ചടങ്ങ് നിരീക്ഷിച്ചാലറിയാം അനുഷ്ഠാനങ്ങളിലെ നമ്മുടെ ജാഗ്രത. വിവാഹ ഉടമ്പടിയും അതോടൊപ്പമുളള പ്രസംഗവും അറബിയില്‍ തന്നെ വേണമെന്ന് ഒരു കൂട്ടര്‍. കാരണം നബി(സ)യും സ്വഹാബികളും എല്ലാ ഖുതുബകളും അറബിയിലേ നിര്‍വഹിച്ചിട്ടുള്ളൂ എന്ന ന്യായം. മലയാളത്തിലാണ് വേണ്ടതെന്ന് മറുഭാഗം, നബിയും, സ്വഹാബികളും മാതൃഭാഷയിലാണ് ഖുതുബകള്‍ നിര്‍വഹിച്ചതെന്നാണ് വിശദീകരണം. ഇത് സ്ഥാപിച്ചെടുക്കാനുള്ള തിരക്കിനിടയില്‍ ചില മംഗല പന്തലുകളെങ്കിലും സംഘര്‍ഷഭരിതമായിട്ടുണ്ടെന്നതാണ് അനുഭവം.
നബി(സ)യെ പിന്‍പറ്റണമെന്ന നിര്‍ബന്ധബുദ്ധിയെ അംഗീകരിച്ചും മാനിച്ചും ചോദിക്കുക. നബിയുടെ മാതൃക നികാഹിന്റെ സദസ്സില്‍ പരിമിതമാണോ? ഇണയെ തെരഞ്ഞെടുക്കുന്നതില്‍ നബി(സ)യെ മാതൃകയാക്കിയോ? ഭാര്യയോടും കുട്ടികളോടുമുള്ള പെരുമാറ്റത്തില്‍ നബിയെപ്പോലെയാകണം എന്ന് നമുക്ക് നിര്‍ബന്ധമുണ്ടോ? മാതാപിതാക്കള്‍ക്ക് നബി(സ)പഠിപ്പിച്ച സ്ഥാനം നല്‍കിയോ? ബന്ധുക്കളെ പരിഗണിക്കുന്നതില്‍ നബിയുടെ അധ്യാപനങ്ങള്‍ പരിഗണിച്ചുവോ? നബി, ജീവിതസഖിയുമായി അടുക്കളകാര്യത്തില്‍ സഹായിച്ചതും വിനോദത്തില്‍ പങ്കെടുത്തതും സുന്നത്തായി പരിഗണിക്കാന്‍ തയ്യാറാവാത്തതെന്ത്?
കുടുംബ ബന്ധുക്കള്‍ക്കിടയിലെ പിണക്കങ്ങളും അകല്‍ച്ചകളും പരിഹരിച്ച് പരസ്പരം യോജിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, മറുകക്ഷിയുടെ കുറ്റങ്ങളും കുറവുകളും പൊറുക്കപ്പെടാനാവാത്തതാണെന്ന് പറയുന്നവര്‍. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്ന് ഖുര്‍ആന്‍ (അന്നൂര്‍ 22) ചോദിക്കുന്നത് ശ്രദ്ധിക്കാറുണ്ടോ?
മഹതിയായ ആഇശയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ വ്യക്തിക്ക് ഞാനിനി ഒരു സഹായവും ചെയ്യില്ലയെന്ന് സങ്കടസമയത്ത് ശപഥം ചെയ്ത് പോയ ആഇശ(റ)യുടെ പിതാവ് അബൂബക്കര്‍ (റ)യെ ഉടന്‍ ഖുര്‍ആന്‍ തിരുത്തി.
നിങ്ങൡ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും, അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പാലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (അന്നൂര്‍ 22) ഈ ആയത്തിറങ്ങിയപ്പോള്‍ ഖുര്‍ആനിനോടുള്ള പ്രതികരണമായി ഞാനിനി കൂടുതല്‍ നല്‍കും എന്ന് തിരുത്തി അബൂബക്കര്‍(റ).
നബി പത്‌നി ആഇശ(റ)യെക്കുറിച്ച അപവാദം പ്രചരിപ്പിക്കുന്നതില്‍ ഭാഗവാക്കായ വ്യക്തിക്ക് പോലും ഔദാര്യം നല്‍കാനും ബന്ധം പുലര്‍ത്താനും കല്‍പിച്ചെങ്കില്‍ പൊറുക്കാനാവില്ല എന്ന് തീര്‍ത്ത് പറയാന്‍ മാത്രം കുടുംബാംഗങ്ങള്‍ക്കിടയില്‍ എന്ത് തെറ്റാണ് നമുക്കിടയില്‍ ഉള്ളതെന്ന് നാം ആലോചിക്കണം. നമ്മുടെ കാലവും ചുറ്റുപാടും ശീലങ്ങളും സമ്മാനിച്ച അനാചാരങ്ങള്‍, തറവാട്, ജാതി, വാശി, പിശുക്ക് തുടങ്ങി പല പേരുകളില്‍ ഹൃദയത്തില്‍ കയറിയിരിപ്പുണ്ട്. അതിന് പുറമെയാണ് നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും ദിക്‌റുകളും ദുആകളും നാം വരിഞ്ഞു ചുറ്റിയതെങ്കില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഉള്ളിലുള്ള ജാഹിലിയത്ത് അനുഷ്ഠാനങ്ങളുടെ വലയം ഭേദിച്ച് പുറത്ത് ചാടും. ഇത്രയും ഭക്തനായ ഇയാളെന്തേ ഇത്രമോശം പ്രവര്‍ത്തിച്ചു എന്ന് അത്ഭുതം കൂറുന്നത് അപ്പോഴാണ്.
കുടുംബം ആദര്‍ശസ്ഥാപനമാണ്, അല്ലാഹുവാണ് അതിന് രൂപം നല്‍കിയതും ഘടന നിര്‍ണയിച്ചതും. അത് സന്തോഷകരമായി നിലനില്‍ക്കാന്‍ ആവശ്യമായ നിയമവും വ്യവസ്ഥയും നിര്‍ണയിച്ചതും പടച്ചവന്‍ തന്നെ.
സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, വൃദ്ധര്‍, അവകാശങ്ങള്‍, ബാധ്യതകള്‍ ഇടങ്ങള്‍, ഇടപാടുകള്‍, നേതൃത്വം, കര്‍തൃത്വം.... ഇസ്‌ലാമിന് എല്ലാ വിഷയങ്ങളിലും സ്വന്തമായി നിലപാടുകളുണ്ട്. ഇസ്‌ലാമല്ലാത്ത ജീവിത വ്യവസ്ഥ സ്വീകരിക്കാനും ഈ ലോകത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കുടുംബം എന്ന ദൈവിക സ്ഥാപനത്തിനകത്ത് വിജയിക്കാന്‍ മേല്‍ വിഷയങ്ങളില്‍ ദൈവിക സന്മാര്‍ഗം തന്നെ സ്വീകരിക്കേണ്ടിവരും. ദൈവിക മൂല്യങ്ങളായ കാരുണ്യം, ദയ, വിട്ടുവീഴ്ച, സ്‌നേഹം തുടങ്ങിയവ കുടുംബജീവിതത്തിന്റെ അനിവാര്യതയാണ്.
കുടുംബം എന്നാല്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും എന്നതില്‍ പരിമിതമല്ല. എളാപ്പ, മൂത്താപ്പ, അമ്മായി തുടങ്ങി നാം തൊട്ടിലാടിയപ്പോള്‍ ആടിയ കണ്ണുകള്‍, നമ്മെ കൊഞ്ചിക്കുകയും പുന്നരിക്കുകയും നമ്മെ സേവിക്കുകയും ചെയ്തവര്‍, നമ്മുടെ ജനനത്തിന് സന്തോഷപൂര്‍വം കാത്തിരുന്നവര്‍ ഇവരോടൊക്കെ നല്ലബന്ധം ചേര്‍ക്കാന്‍ നമുക്കാവണം. ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. (അര്‍റഅ്ദ് 21)
സന്തോഷാവസരത്തില്‍ കുടുംബം കൂടെയുണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു. സ്വര്‍ഗമാണ് വിശ്വാസിയുടെ വലിയ സന്തോഷം. വലതുകൈയില്‍ കര്‍മ്മപുസ്തകം ലഭിക്കുന്നവര്‍ കുടുംബത്തിലേക്ക് ഓടിച്ചെല്ലും (അല്‍ ഇന്‍ശിഖാഖ് 9). പ്രപഞ്ച നാഥനെ കണ്ടുമുട്ടുന്ന അവസരം പ്രവാചകരോടൊത്ത് കഴിയുന്ന നിത്യപൂങ്കാവനം. അവിടെ നമ്മുടെ കുടുംബം ഉണ്ടാവണം. ഉണ്ടാവും അവരും നമ്മളും സന്മാര്‍ഗത്തിലാണെങ്കില്‍ (അത്തൂര്‍ 21)
സന്മാര്‍ഗത്തിന്റെ വഴിയിലേക്ക് കുടുംബത്തെയും നയിക്കാന്‍ അല്ലാഹു ആഹ്വാനം ചെയ്യുന്നു (അത്തഹ്‌രീം 6). കുടുംബത്തെ സ്‌നേഹിച്ച്, സല്‍ക്കരിച്ച്, സമ്മാനം നല്‍കി, വിട്ടുവീഴ്ചകാണിച്ച്, കുടുംബത്തിനായി പ്രാര്‍ത്ഥിച്ച് റസൂല്‍(സ) നമുക്ക് മാതൃക കാണിച്ചു.
നമസ്‌കാരത്തിലും ഹജ്ജിലും നബിമാരുടെ കുടുംബത്തെ ഓര്‍മിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹജ്ജിന് എത്തുന്നവര്‍ മത്വാഫിലും ഹിജ്ര്‍ ഇസ്മാഈലിലും സ്വഫാമര്‍വക്കിടയിലും മിനയിലും അകക്കണ്ണുകൊണ്ട് കണ്ടുമുട്ടുന്ന കുടുംബമുണ്ട്. ഇബ്‌റാഹീം നബിയുടെ കുടുംബം. ഹാജറയും ഇസ്മാഈലും പ്രസിദ്ധരും അനുകരണീയരുമായത് അവരുടെ സൗന്ദര്യം, തറവാടിത്തം, സമ്പത്ത് തുടങ്ങിയവ കൊണ്ടല്ല. ജീവിതത്തെ അല്ലാഹുവിന് സമര്‍പ്പിച്ച് മുന്നേറിയതിനാലാണ്. അല്ലാഹുവാണോ കല്‍പ്പിച്ചത് എങ്കില്‍ താങ്കള്‍ പൊയ്‌ക്കോളൂ, എനിക്ക് അല്ലാഹുമതി. എന്ന് മക്കയില്‍ തനിച്ചാക്കി തിരിച്ചുപോകുന്ന ഇബ്‌റാഹീമിനോട് പറയാന്‍ ഹാജറക്ക് കഴിഞ്ഞു. ബലിയറുക്കാനുള്ള റബ്ബിന്റെ കല്‍പനയോടുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ ഇസ്മാഈലും അല്ലാഹുവിന്റെ കല്‍പന സ്വീകരിക്കാന്‍ പറഞ്ഞു.
അല്ലാഹുവോട് തഖ്‌വ കാണിക്കാന്‍ ആവശ്യപ്പെട്ട സൂക്തത്തില്‍ തന്നെ കുടുംബത്തോട് തഖ്‌വ കാണിക്കാനും അല്ലാഹു പറഞ്ഞു (അന്നിസാഅ് 1) ശിര്‍ക്ക് മഹാപാപമാണ്. മുശ്‌രിക്കിനെയും വ്യഭിചാരിയെയും ഖുര്‍ആന്‍ ഒന്നിച്ചുപറഞ്ഞു. (അന്നൂര്‍ 3) അല്ലാഹുവില്‍ അല്ലാഹുവല്ലാത്തതിനെ പങ്കുചേര്‍ക്കലാണ് ശിര്‍ക്ക്. ഇണയെക്കൂടാതെ ഇണയല്ലാത്തതിനെ പങ്കുചേര്‍ക്കലാണ് വ്യഭിചാരം. അല്‍പം പങ്കുചേര്‍ത്താല്‍ ചെറിയ ശിര്‍ക്ക്, ഇണയില്‍ നിന്ന് നേടേണ്ടത് അല്ലാത്തവരില്‍ നിന്ന് അല്‍പം നേടല്‍ വ്യഭിചാരത്തിന്റെ ഭാഗം. നോട്ടം, സംസാരം, കേള്‍വി എന്നിവയിലൊക്കെ വ്യഭിചാരമുണ്ട്.
ആവശ്യമായ മുന്നൊരുക്കത്തോടെയാണ് ഏതൊരു സ്ഥാപനവും നാം ആരംഭിക്കുക. അതിന്റെ സാധ്യതകളും പ്രതിസന്ധികളും പ്രതിസന്ധികള്‍ മറികടക്കാനുള്ള വഴികളും നാം മുന്‍കൂട്ടി കാണുന്നു. ചെറിയൊരു യാത്രക്ക് വേണ്ടിപോലും നാം ഒരുങ്ങുന്നു. എങ്കില്‍ ജീവിതകാലം മുഴുവന്‍ നടക്കേണ്ട ഒരു യാത്രയും ഒരിക്കലും നിര്‍ത്തിവെക്കാന്‍ നാം ആഗ്രഹിക്കാത്ത ഒരു സ്ഥാപനമായ കുടുംബം ഉണ്ടാക്കുന്നതിന് മുമ്പ് യാതൊരു മുന്നൊരുക്കവുമില്ലാതെ കേട്ടുകേള്‍വികളില്‍ നിന്നും ഊറിക്കൂടുന്ന ഊഹങ്ങളും തോന്നലുകളും ഭദ്രമായ ഒരു കുടുംബത്തെ രൂപപ്പെടുത്താന്‍ മതിയാകുന്നതെങ്ങിനെ? വിവാഹത്തിനായി നീ ഒരുങ്ങിയോ എന്ന നബിയുടെ ചോദ്യത്തില്‍ വിവാഹ വസ്ത്രവും മഹ്‌റും മാത്രമല്ല വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളും വിജ്ഞാനവും കരസ്ഥമാക്കിയോ എന്നുകൂടി അര്‍ഥമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
കുടുംബമെന്ന ദൈവിക സ്ഥാപനത്തെ ഏറ്റവും വിജയകരമായി കൊണ്ടുപോകാന്‍ ദൈവിക കല്‍പനകളെ പഠിക്കുകയും പകര്‍ത്തുകയും തന്നെയാണ് ഏകവഴി. ഖുര്‍ആന്‍ പറയുന്നു 'അതായത് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്‌വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.' (അര്‍റഅ്ദ് 23)