ഇങ്ങനെ ഒരു ആലോചനക്ക് പിന്നില്‍ പ്രധാനമായും രണ്ട് പ്രേരകങ്ങളാണ് ഉള്ളത്.
* മുന്‍ മീഖാത്തുകളെ അപേക്ഷിച്ച് ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ മേഖലക്ക് വലിയ ശ്രദ്ധ നല്‍കുന്നുണ്ട് ഇപ്പോള്‍. ഈ രംഗത്ത് പ്രസ്ഥാനം സുപ്രധാനമായ ചില ചുവടുവെപ്പുകള്‍ നടത്തിയിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റം?
ഇങ്ങനെ ഒരു ആലോചനക്ക് പിന്നില്‍ പ്രധാനമായും രണ്ട് പ്രേരകങ്ങളാണ് ഉള്ളത്. ആദ്യകാലത്ത് പ്രസ്ഥാനം വിദ്യാഭ്യാസമേഖലക്ക് നല്‍കിപ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും വേണ്ട അളവില്‍ ഇപ്പോഴില്ല എന്ന തിരിച്ചറിവും സ്വയം വിമര്‍ശനവുമാണ് ഒന്ന്. രണ്ടാമത്തേത് നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്ത് ശക്തമായ കുതിച്ചു ചാട്ടമാണ് സംഭവിച്ചിട്ടുള്ളത്. വ്യക്തികളും സമൂഹവും സര്‍ക്കാറുമെല്ലാം ഈ മാറ്റത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ചിട്ടുണ്ട്. പ്രസ്ഥാനം സ്വന്തം സ്ഥാപനങ്ങളില്‍ ഈ മാറ്റങ്ങളെ വേണ്ട വിധത്തില്‍ സ്വാംശീകരിച്ചിട്ടില്ല എന്ന വിലയിരുത്തലുണ്ടായിട്ടുണ്ട്. ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി ഔപചാരിക വിദ്യാഭ്യാസത്തിനും അനൗപചാരിക വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. സംഘടനയുടെ നവോത്ഥാന സ്വഭാവം കാത്ത് സൂക്ഷിക്കുന്നതിനും കാലോചിതമായി അത് വികസിപ്പിക്കുന്നതിനും പുതിയ തലമുറയെ മുന്നില്‍ കണ്ട് വിദ്യാഭ്യാസരംഗം ശക്തിപ്പെടേണ്ടതുണ്ടെന്ന് പ്രസ്ഥാനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാമാണ് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രസ്ഥാനത്തെ പ്രേരിപ്പിച്ചത്.
* പ്രസ്ഥാനത്തിനു കീഴില്‍ ധാരാളം കോളജുകള്‍, സ്‌കൂളുകള്‍, മദ്‌റസകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വിജയിച്ചിട്ടുണ്ടോ?
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഏതൊരു ഉദ്യമവും അതിന്റെ ലക്ഷ്യസാക്ഷാത്കാരത്തില്‍ പൂര്‍ണ്ണമായി വിജയിക്കണമെന്നില്ല. എന്നാല്‍ വലിയൊരളവില്‍ അത് സാധ്യമാണ്. പ്രസ്ഥാനത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ ആ സ്വഭാവത്തിലുള്ള ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇങ്ങനെ വിജയിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അവ പരാജയത്തിലേക്ക് നീങ്ങും. പുതിയ കാലത്തെ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്നത്തെ കാലത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനാവില്ല. അതുകൊണ്ട് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ അടിമുടി മാറേണ്ടതുണ്ട്. അതിന് ധാരാളം ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരും. ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ലക്ഷ്യസാഫല്യത്തിന് അനിവാര്യമാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍, സമൂഹം, സംഘടനകള്‍ തുടങ്ങി വ്യക്തികള്‍ വരെ വലിയ തോതില്‍ വിദ്യാഭ്യാസ രംഗത്ത് നിക്ഷേപമിറക്കുന്നുണ്ട്. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ഈ രംഗത്ത് മുതല്‍ മുടക്കാന്‍ തയ്യാറാകുന്നത്. പൊതുജനത്തിന്റെയും വ്യക്തികളുടെയുമെല്ലാം സഹായത്തോടെ ഏറ്റവും മെച്ചപ്പെട്ട ഹൈടെക് സ്വഭാവത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് ലക്ഷ്യം. വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. മുസ്‌ലിം സംഘടനകളും പഴയ കാലത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതല്‍ മുടക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ പല കാരണങ്ങളാല്‍ അത് ഇത്ര പ്രാധാന്യത്തോടെ നിര്‍വ്വഹിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഗള്‍ഫ് കൊണ്ടുവന്ന സാമ്പത്തിക സുസ്ഥിതി മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചു. മുസ്‌ലിം സംഘടനകള്‍ മത്സരസ്വഭാവത്തില്‍ ഈ അനുകൂല ഘടകത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. കോളേജുകള്‍, സ്‌കൂളുകള്‍, മദ്‌റസകള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമുദായത്തിന് ലഭ്യമാകാന്‍ ഇത് കാരണമായി. ഇതിനോടെല്ലാം താരതമ്യം ചെയ്യുമ്പോള്‍ പ്രസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ പുതു പ്രവണതകള്‍ തിരിച്ചറിഞ്ഞ് വേണ്ടത്ര അളവില്‍ ശ്രദ്ധ നല്‍കിയില്ല എന്ന സ്വയം വിമര്‍ശനത്തില്‍ നിന്നാണ് ഇപ്പോള്‍ ഈ ചുവടുവെപ്പുകള്‍ നടത്തുന്നത്. ഇടക്കാലത്ത് പ്രസ്ഥാനം വാര്‍ത്താ മാധ്യമ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. മൊത്തം പൊതു സമൂഹത്തിന് ഉപകാരപ്പെടുന്ന വലിയൊരു സംരംഭമായിരുന്നു അത്. അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ലഭ്യമായിത്തുടങ്ങിയിട്ടുമുണ്ട്. മീഡിയാ രംഗത്ത് ഈയര്‍ഥത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടി വന്നതിനാല്‍ മറ്റ് മേഖലകളെ കൂടുതല്‍ ഊന്നാന്‍ പ്രസ്ഥാനത്തിന് കഴിയാതെ പോയിട്ടുണ്ട്. എല്ലാം ഒരുമിച്ചു ചെയ്യാനാവില്ലല്ലോ. പ്രസ്ഥാനത്തിന്റെ സജീവ ശ്രദ്ധ ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്തേക്കു തിരിച്ചുവരികയാണ്.
* വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
നമ്മുടെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഒട്ടും പിന്നിലല്ല. നമ്മുടെ മിക്ക സ്ഥാപനങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. ചില സ്ഥാപനങ്ങള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുമുണ്ട്. പ്രത്യേകിച്ച് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സി.ബി.എസ്.ഇ സ്‌കൂളുകള്‍. എയ്ഡഡ് സ്‌കൂളുകളും ആ ഗണത്തില്‍ പെട്ടതാണ്. ഇവിടങ്ങളിലെ അദ്ധ്യാപകരുടെ സെലക്ഷന്‍ അങ്ങേയറ്റം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. മെരിറ്റിനും ധാര്‍മ്മിക നിലവാരത്തിനും മുന്‍ഗണന നല്‍കിയാണ് ഇത്തരം സ്‌കൂളുകളില്‍ അദ്ധ്യാപകരെ തെരഞ്ഞെടുത്തത്. ഇത് ഈ സ്‌കൂളുകളുടെ നിലവാരം ഉയരാന്‍ ഒരു കാരണമാണ്. അത് കൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നിലാണെങ്കിലും റിസല്‍റ്റിലും ക്വാളിറ്റിയിലും ഈ സ്ഥാപനങ്ങള്‍ വളരെ മുന്നിലെത്തി. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രക്ഷിതാക്കള്‍ നമ്മുടെ സ്ഥാപനങ്ങളെ ധാരാളമായി ആശ്രയിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ക്വാളിറ്റി ഇനിയും വര്‍ദ്ധിപ്പിക്കുക എന്നത് ഒരു വലിയ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊണ്ടേ അത് സാധ്യമാകൂ.
അതോടൊപ്പം ശരാശരി നിലവാരത്തില്‍ നില്‍ക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ നമുക്കുണ്ട്. അവയുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇതിനു വേണ്ടി ആദ്യം ചെയ്തത് വിദഗ്ധരുടെ ഒരു ടീം രൂപീകരിക്കുക എന്നതാണ്. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ രൂപീകരിച്ചു. നമ്മുടെ പ്രസ്ഥാനത്തിനകത്തു തന്നെയുള്ള വ്യാദ്യാഭ്യാസ രംഗത്ത് കഴിവും മികവും അനുഭവ സമ്പത്തുമുള്ള വ്യക്തികളെ സംഘടിപ്പിച്ച് വരികയാണ്.
നമ്മുടെ ദീനി വിദ്യാഭ്യാസ മേഖലയാണ് മറ്റൊന്ന്. ഒരു കാലത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ ആ സ്ഥാപനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് ചരിത്രമാണ്. മതവിദ്യാഭ്യാസ രംഗത്ത് അത് ഒരു നാഴികക്കല്ലാണ്. എന്നാല്‍ തുടക്കകാലത്തെ അപേക്ഷിച്ച് കുറച്ച് കാലങ്ങളായി ഈ മേഖലയില്‍ മെച്ചപ്പെട്ട റിസല്‍ട്ട് ഉണ്ടാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇവ പിന്നിലാണ്. ഈ സ്ഥാപനങ്ങളുടെ നിലവാരം തിരിച്ചു പിടിക്കുക വലിയ വെല്ലുവിളി തന്നെയാണ്. അനുഭവ പരിചയത്തില്‍ നിന്ന് മനസ്സിലായത് ക്രമേണ ഈ സ്ഥാപനങ്ങളെ പഴയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നു തന്നെയാണ്. അതിന് ആവശ്യമായ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് സമയമെടുക്കും. ആര്‍ട്‌സ് ആന്റ് ഇസ്ലാമിക് കോഴ്‌സ് എന്ന തലം വിട്ട് സയന്‍സ് കോഴ്‌സുകളും ആര്‍ട്‌സ് കോഴ്‌സുകളും ദീനീ കോഴ്‌സുകളുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരേണ്ടതുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് നാം ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനെല്ലാം വലിയ പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമാണ്.
* വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണല്ലൊ. ചാരിറ്റി സ്വഭാവത്തില്‍, കൂടുതലായും സൗജന്യ വിദ്യാഭ്യാസം മാത്രം നല്‍കിപ്പോന്നിടത്ത് ഈയൊരു മാറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കും?
ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ സൗജന്യമായി വിദ്യാഭ്യാസം നല്‍കുക എന്നത് ഇനിയുള്ള കാലത്ത് പ്രായോഗികമല്ല. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മുഴുവനായി വഹിക്കുകയും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരുടെ ചെലവ് കൂടി ഏറ്റെടുക്കാന്‍ മുന്നോട്ടു വരികയുമാണ് വേണ്ടത്. അങ്ങനെ ഒരു ക്രോസ് സബ്‌സിഡി സിസ്റ്റമാണ് രൂപപ്പെട്ടു വരേണ്ടത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ ഈ സമുദായത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുക എന്നത് ഇഹത്തിലും പരത്തിലും പ്രതിഫലാര്‍ഹമായ കാര്യം കൂടിയാണ്. ഈ രംഗത്ത് ചെലവഴിക്കുന്ന ഓരോ തുകക്കും വലിയ മൂല്യമുണ്ട്. അതു കൊണ്ട് ഈ മേഖലയില്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതുണ്ട്.
* ഈയൊരു നിലപാട് വിദ്യാഭ്യാസം കച്ചവടവത്കരിക്കുകയാണെന്ന വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കില്ലെ?
അത്തരം വ്യാഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വരിക സ്വാഭാവികമാണ്. ഒരു കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം ധര്‍മ്മ സ്ഥാപനങ്ങളായിരുന്നു. ഏത് തട്ടിലുള്ളവര്‍ക്കും ധാരാളം സൗജന്യങ്ങള്‍ അത് വഴി ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കാലം ഏറെ മാറി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകുന്നു. അതിന് ചെലവും കൂടുതലാണ്. ഹൈടെക് നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതൊന്നും ഇന്ന് സൗജന്യമായി ലഭിക്കുക സാധ്യമല്ല. ചെലവ് ഈടാക്കാം; എന്നാല്‍ ഇവ ചൂഷണോപാധിയായിക്കൂടാ. കച്ചവട താല്‍പര്യങ്ങള്‍ ഉള്ള വിദ്യാലയങ്ങളല്ല സാമ്പത്തിക നിക്ഷേപം കൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത്. മറിച്ച്, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിന് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് ഫീസായും സാമ്പത്തിക സഹായങ്ങളായുമൊക്കെ പണം കണ്ടെത്തുക എന്നതാണ് നമ്മള്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഫീസ് നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് ക്വാളിറ്റിയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. അത് നമ്മുടെ പ്രഖ്യാപിത നയത്തിന് എതിരാണ്. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ച് സാമ്പത്തിക ശേഷി കുറഞ്ഞവരെക്കൂടി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് നമ്മുടെ നയം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തത്വാധിഷ്ഠിതമായി മാത്രമേ സ്വകാര്യ നിക്ഷേപം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ.
* മുസ്‌ലിംസ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രസഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. പ്രസഥാനത്തിന്റെ രൂപീകരണ കാലം മുതലെ അതിന്റെ മുന്‍ഗണനാക്രമങ്ങളില്‍ അതുണ്ട്. മാറിയ സാഹചര്യത്തില്‍ സ്ത്രീ വിദ്യാഭ്യാസ മേഖലയില്‍ പ്രസ്ഥാനം എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്?
രൂപീകരണ കാലം തൊട്ടേ ജമാഅത്തെ ഇസ്ലാമി കുടുംബങ്ങളില്‍ പുരുഷന്മാര്‍ വിദ്യ അഭ്യസിക്കുന്നത് പോലെ സ്ത്രീകളും മുന്‍കാലങ്ങളിലും ഇപ്പോഴും വിദ്യ അഭ്യസിക്കുന്നുണ്ട്. പക്ഷെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നമ്മളുദ്ദേശിക്കുന്ന തരത്തിലുള്ള ഏത് വിദ്യാഭ്യാസവും കരഗതമാക്കുന്നതിന് അനുയോജ്യമായ ഇസ്‌ലാമിക സാംസ്‌കാരിക അന്തരീക്ഷം നിലനില്‍ക്കുന്ന ഉന്നത കലാലയങ്ങള്‍ വേണ്ടത്ര ഇല്ല എന്നത് നേരാണ്. അതേസമയം പൊതു കലാലയങ്ങളിലും പ്രൊഫഷണല്‍ കാമ്പസുകളിലും മുസ്‌ലിം പെണ്‍കുട്ടികളുടെ നിറസാന്നിധ്യം ഏറെ ആശാവഹമാണ്. എന്നാല്‍ ഇത്തരം പൊതു ഇടങ്ങളില്‍ അവരനുഭവിക്കുന്ന പ്രയാസങ്ങളും നിരവധിയാണ്. പ്രത്യേകിച്ച് സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ട് സ്വതന്ത്രമായി, സുരക്ഷിതമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍. സ്വന്തമായി അത്തരം കലാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ടോ അല്ലെങ്കില്‍ പൊതു കലാലയങ്ങളോട് ചേര്‍ന്ന് ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടോ ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. മറ്റൊന്ന് ഉന്നത വിദ്യാഭ്യാസം എന്നത് മുഴുവന്‍ ഔപചാരികതകളോടെയും പൂര്‍ത്തീകരിക്കാന്‍ ചുരുങ്ങിയത് മുപ്പത് വയസ്സെങ്കിലും എടുക്കും. എന്നാല്‍ ഇരുപത് വയസ്സാകുന്നതോടെ മിക്ക പെണ്‍കുട്ടികളുടെയും വിവാഹം നടക്കുന്നു. അതോടെ അവരില്‍ പലരുടെയും തുടര്‍വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനാവശ്യമായ സ്ത്രീസൗഹൃദ കലാലയങ്ങള്‍ രൂപപ്പെട്ടു വരണം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനു ശേഷവും മക്കളുണ്ടായതിന് ശേഷവും കലാലയങ്ങളോട് ചേര്‍ന്ന് താമസിച്ച് പഠിക്കാന്‍ കഴിയുന്ന സംവിധാനങ്ങളുണ്ടാകണം.
* ഇത്തരം സ്ത്രീ സൗഹൃദ സംവിധാനങ്ങള്‍ ഉന്നത കലാലയങ്ങളില്‍ ഒരുക്കുക എന്നത് വിപ്ലവകരമായ ഒരു മാറ്റം തന്നെ കൊണ്ടുവരും. അവ ഒരുക്കുന്നതില്‍ പ്രസ്ഥാനം എന്തെങ്കിലും മുന്‍കൈ എടുത്തിട്ടുണ്ടോ?
കുടുംബത്തോടും കുട്ടികളോടുമൊത്ത് താമസിച്ച് കൊണ്ട് തന്നെ ടെന്‍ഷനില്ലാതെ പെണ്‍കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള സ്ത്രീ സൗഹൃദ അന്തരീക്ഷം ഉയര്‍ന്നുവരണം എന്നു തന്നെയാണ് നാം ആഗ്രഹിക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങളോട് ചേര്‍ന്ന് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടല്ലൊ. പ്രസ്ഥാനം ഈ വിഷയത്തെക്കുറിച്ച് സഗൗരവം ചിന്തിക്കും.
* പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് നിലവില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങള്‍ മത വിദ്യാഭ്യാസ രംഗത്ത് പ്രകടമല്ല. ഇതെന്ത് കൊണ്ട് സംഭവിക്കുന്നു. ഈ വിടവ് എങ്ങനെ പരിഹരിക്കാം?
മതവിദ്യാഭ്യാസ രംഗത്തെ ഉന്നത പഠനം പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും അന്യമാണ്. പണ്ഡിന്മാരെ പോലെ തന്നെ ഇസ്‌ലാമിക പ്രമാണങ്ങളിലും വിജ്ഞാനീയങ്ങളിലും ആഴത്തില്‍ അറിവുള്ള പണ്ഡിതകളും സമുദായത്തിനകത്ത് ഉണ്ടായിവരണം. പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ശാന്തപുരം അല്‍ ജാമിഅയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതിന് ഒരു പോലെ അവസരം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിവുള്ള, ഇജ്തിഹാദ് നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള പെണ്‍കുട്ടികള്‍ ഉണ്ടായി വന്നേ മതിയാകൂ. നിലവില്‍ പണ്ഡിതകളായ സ്ത്രീകളുടെ അഭാവം സമുദായത്തിനകത്ത് വലിയ അസന്തുലിതത്വം സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളുടെ നേതൃപരമായ പങ്കാളിത്തത്തിന്റെ കുറവിന് ഇത് വലിയൊരു കാരണമാകുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ഉന്നതമായ മതപഠനത്തിന് സ്ത്രീസൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് നാം മുന്നോട്ട് വന്നേ മതിയാകൂ. ശാന്തപുരം അല്‍ ജാമിയയില്‍ അതിന്റെ ആദ്യ പരീക്ഷണം നടത്തും.
* വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിരവധി വൈവിധ്യമാര്‍ന്ന കോഴ്‌സുകളുണ്ട്. മുസ്ലിം പെണ്‍കുട്ടികളുടെ കയ്യൊപ്പ് പതിയാത്ത മേഖലകള്‍ ഇല്ല എന്ന് തന്നെ പറയാം. ഇവര്‍ക്ക് പലപ്പോഴും ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ തുലോം കുറവാണ്. ഇത് പരിഹരിക്കാനുള്ള എന്തെങ്കിലും സംവിധാനങ്ങളെക്കുറിച്ച് ആലോചനയിലുണ്ടൊ?
തീര്‍ച്ചയായും ഉണ്ട്. മുഖ്യധാരയിലെ എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാക്കുക നമുക്കസാധ്യമാണ്. എന്നാല്‍ അവിടങ്ങളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ഇഹപര ജീവിതവിജയത്തിന് ദിശ നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ഹ്രസ്വകാല ഇസ്ലാമിക കോഴ്‌സുകള്‍ നടത്താന്‍ നമ്മള്‍ ആലോചിക്കുന്നുണ്ട്. ലോകത്തിന്റെ ഏത് കോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വഴി പഠിക്കാവുന്ന ഇസ്ലാമിക് സ്റ്റഡീസ് കോഴ്‌സുകള്‍ നമ്മുടെ ആലോചനയിലുണ്ട്. അതിന് മികച്ച അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകളും പ്രത്യേക സിലബസും പരീക്ഷകളും കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളുമെല്ലാമുണ്ടാകും. അതുപോലെ തന്നെ ഒരു ഓപണ്‍ ഇസ്ലാമിക യൂനിവേഴ്‌സിറ്റി എന്നതും നമ്മള്‍ വിഭാവന ചെയ്യുന്നുണ്ട്. ഇത് ധാരാളം മിടുക്കികളായ പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്രൊഫഷണല്‍ കോഴ്‌സിനോടൊപ്പവും ജോലി സ്ഥലത്തിരുന്നും കുടുംബിനിയായി കഴിയുന്നവര്‍ക്ക് വീട്ടിലിരുന്നുമെല്ലാം ഇസ്ലാമിക വിജ്ഞാനീയത്തില്‍ ഉന്നത നിലവാരത്തിലുള്ള പഠനം സാധ്യമാക്കും. ആണ്‍കുട്ടികള്‍ക്കും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിന്റെ പ്രഥമ ചുവടുവെപ്പായി മജ്‌ലിസിന്റെ കീഴില്‍ ഓണ്‍ലൈന്‍ മദ്രസ്സക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
* ഇത്തരം വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണം തന്നെയാണ് പ്രധാനമായ ഒരു ഘടകം, ഇത് എങ്ങനെ കണ്ടെത്തും.?
പഴയ സംവിധാനങ്ങള്‍ മുന്‍നിര്‍ത്തി വലിയ പുരോഗതി വിദ്യാഭ്യാസ രംഗത്ത് കൈവരിക്കാനാകില്ല എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചു. ഫണ്ട് ഒരു പ്രധാനഘടകമാണ്. സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് ഫീസായും സഹായമായും സ്വീകരിക്കുന്ന തുക കൊണ്ട് മാത്രം നമ്മുടെ മഹത്തായ സ്വപ്നങ്ങള്‍ ഒരിക്കലും സഫലമാക്കുക സാധ്യമല്ല. സമുദായത്തിലെ സമ്പന്നര്‍ക്ക് ഇതില്‍ പലതും കാര്യമായി ചെയ്യാനാകും. പരലോക മോക്ഷം കാംക്ഷിച്ച് അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസ മേഖലക്ക് വലിയ ഒരിടം കൊടുത്താല്‍ മതി. സമുദായം വലിയ നിക്ഷേപം നടത്തേണ്ട സുപ്രധാനമേഖല വിദ്യാഭ്യാസ രംഗം തന്നെയാണ്. മത ഭൗതിക വിദ്യാഭ്യാസരംഗത്തെ പുരോഗതിയാണല്ലൊ സമുദായത്തിന്റെ അന്തസ്സും യശസ്സും ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയിലൊക്കെ പല ഉന്നത ഇസ്ലാമിക കലാലയങ്ങളുടെയും പ്രധാന വരുമാനം വഖഫ് സ്വത്തില്‍ നിന്നാണ്. എന്ത് കൊണ്ടൊ കേരളത്തില്‍ വിദ്യാഭ്യസ മേഖലക്ക് വേണ്ടി അത്തരം വഖ്ഫുകള്‍ നടക്കുന്നില്ല. മുന്‍പ് ചെറിയ തോതിലുണ്ടായിരുന്നു. വഖഫ് സ്വത്ത് വലിയ സാധ്യതയാണ്. പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും ഇതിനു വേണ്ടി മുന്നോട്ട് വരണം. മരണാനന്തരവും പ്രതിഫലത്തുടര്‍ച്ചയുള്ള ഈ ദാനം സ്ത്രീകള്‍ക്കും തങ്ങളുടെ സ്വത്തില്‍ നിന്ന് നല്‍കാവുന്നതാണ്.ഇപ്പോള്‍ ശാന്തപുരം അല്‍ ജാമിഅ അതിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മറ്റൊരു ഘട്ടത്തിലെത്തുമ്പോള്‍ ലോക നിലവാരത്തിലുള്ള അറിയപ്പെടുന്ന എല്ലാതരം കോഴ്‌സുകളുമുള്ള സര്‍വ്വകലാശാല എന്ന സങ്കല്‍പത്തിലേക്ക് വളരുകയാണ്. ഈ മഹാ സംരംഭത്തിന്റെയെല്ലാം വിജയം സാധ്യമാകണമെങ്കില്‍ വഖഫായും സംഭാവനകളായും ധാരാളം ഫണ്ട് ലഭ്യമാകേണ്ടതുണ്ട്. പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകരില്‍ നിന്നും അത്തരം സഹായ പങ്കാളിത്തങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ രംഗത്ത് ഒരുപാട് ചെയ്യാനാകും.