നിശ്ചയം നാമാണ്. ഈ ഉദ്‌ബോധനം ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.
നിശ്ചയം നാമാണ്. ഈ ഉദ്‌ബോധനം ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.
ഖുര്‍ആന്‍ അവതരിപ്പിച്ച രൂപത്തില്‍ തന്നെ ലോകാവസാനം വരെ നിലനില്‍ക്കുമെന്നത് ദൈവിക വാഗ്ദാനമാണ്. പ്രസ്തുത വാഗ്ദാന പാലനത്തിന് കഴിഞ്ഞ കാലത്തെ ചരിത്രം സാക്ഷിയാണ്. പ്രവാചകന്‍ (സ) ദൈവത്തില്‍ നിന്നും സ്വീകരിച്ച ഖുര്‍ആന്‍ യാതൊരുവിധ കൈകടത്തലുകളോ മാറ്റത്തിരുത്തലുകളോ ഇല്ലാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് അതിന്റെ ദൈവികതയെ സൂചിപ്പിക്കുന്നു.
മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മുഹമ്മദ് നബി(സ)ക്ക് 40 വയസ്സുള്ളപ്പോഴാണ് ഖുര്‍ആനിന്റെ അവതരണമാരംഭിച്ചത്. അന്നുതുടങ്ങി അദ്ദേഹത്തിന്റെ വിയോഗത്തിനിടയ്ക്കുള്ള 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യത്യസ്തമായ അവസരങ്ങളിലാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഈ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ രേഖപ്പെടുത്താനായി നബി(സ) ഏതാനും അനുചരന്മാരെ ഏല്‍പ്പിച്ചിരുന്നു. മിനുസമുള്ള കല്ലുകളിലും പലകകളിലും തോലുകളിലുമായി അവര്‍ എഴുതി സൂക്ഷിച്ചു. അതിലുപരിയായി ഓരോ ആയത്തുകളും മനഃപാഠമാക്കിയിരുന്നു. ഓരോ സൂക്തവും അവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അത് അധ്യായത്തില്‍ എത്രാമത്തെ സൂക്തമായാണ് രേഖപ്പെടുത്തേണ്ടതെന്നും പ്രവാചകന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം യമാമ യുദ്ധത്തിലും മറ്റുമായി ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരും മരണപ്പെടുകയും ഉമര്‍ (റ) അത് അബൂബക്കര്‍ (റ) ന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ബോധ്യപ്പെടുത്തിയത്. അബൂബക്കര്‍ (റ) അതുള്‍ക്കൊള്ളുകയും പ്രവാചകന്റെ വഹ്‌യ് രേഖപ്പെടുത്തിയവരില്‍പ്പെട്ട സൈദുബ്‌നുസാബിതി (റ) നെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഉസ്മാന്‍ (റ)വിന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്‌ലാം വ്യാപിക്കുകയും പലരും പലരൂപത്തില്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഈ സമയം, അദ്ദേഹം ഖുര്‍ആനിന്റെ പകര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി സൈദ്ബ്‌നു സാബിതി(റ)നെ തന്നെ ഏല്‍പ്പിക്കുകയും അതിനുശേഷം അതല്ലാതെ മറ്റെല്ലാം നശിപ്പിക്കുവാന്‍ ഉസ്മാന്‍(റ) കല്‍പ്പിക്കുകയും ചെയ്തു.
ഖുര്‍ആനിന്റെ ആദ്യകാലം മുതല്‍തന്നെ അതില്‍ എന്തെങ്കിലും രീതിയിലുള്ള കൈകടത്തലുകള്‍ വരാതിരിക്കാന്‍ പ്രത്യേകം സംരക്ഷണമുള്ള രീതിയിലായിരുന്നു. മറ്റു വേദഗ്രന്ഥങ്ങളെപ്പോലെ ഏതാനും ചില വ്യക്തികളില്‍ പരിമിതമായിരുന്നില്ല ഖുര്‍ആനിന്റെ ഉപയോഗം. മുസ്‌ലിം സമുഹത്തില്‍ വ്യാപകമായും പരസ്യമായും ഉപയോഗിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ദിനേനയുള്ള അഞ്ച് നമസ്‌കാരങ്ങൡ ലുമെല്ലാം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യകാലം മുതല്‍ ഇന്നുവരെയുള്ള മുസ്‌ലിംകളെല്ലാം തങ്ങളുടെ മതസാമൂഹ്യരംഗങ്ങളിലെ നിയമാവലിയായി സ്വീകരിക്കുന്ന ഗ്രന്ഥമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് മുസ്‌ലിംകള്‍ അത് പൂര്‍ണമായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഖുര്‍ആനിനെപ്പോലെ ജനകീയമായി ഹൃദിസ്ഥമാക്കപ്പെട്ട മറ്റൊരു ഗ്രന്ഥത്തെ നമുക്ക് കാണാനാവില്ല. ആയതിനാല്‍ തന്നെ ഏതെങ്കിലും വിധത്തില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ അതിലുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല.
ഖുര്‍ആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അനുകരണത്തിന് അതീതമാണ്. ഖുര്‍ആനിലെ ഓരോ സൂക്തവും അത്യാകര്‍ഷകവും ശ്രോതാവിന്റെ മനസ്സില്‍ മാറ്റത്തിന് സ്വാധീനമുണ്ടാക്കുന്നതുമാണ്. കാലദേശമന്യേ ഉന്നതമായ സംസ്‌കാരങ്ങള്‍ ആര്‍ജിച്ചെടുക്കാനും യഥാര്‍ത്ഥ ജീവിതവ്യവസ്ഥ ചിട്ടപ്പെടുത്തിയെടുക്കാനും ഖുര്‍ആന്‍ കൊണ്ട് സാധിക്കുന്നു. ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവമാണ് ഖുര്‍ആന്‍ പ്രായോഗികമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ഖുര്‍ആന്റെ അവതരണത്തിന് മുമ്പും പിമ്പുമുള്ള അറേബ്യന്‍ സമൂഹത്തിന്റെ അവസ്ഥകള്‍ പരിശോധിച്ചാല്‍ ഖുര്‍ആന്റെ പ്രായോഗികത ബോധ്യമാകും. ഇസ്‌ലാമിന്റെ കാര്യത്തിലെ ഏറ്റവും വലിയ അത്ഭുതം അത് മാനവ നാഗരികതക്ക് നല്‍കിയ പ്രശോഭിതമായ നാഗരിക-സംസ്‌കാരിക-ശാസ്ത്രീയ സംഭാവനകളാണ്.
ശാസ്ത്രത്തിന്റെ ശത്രുക്കളും വൈരികളുമായാണ് പൊതുവെ മതസമൂഹങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തികഞ്ഞ അബദ്ധമാണീ ധാരണ. അറബ് മുസ്‌ലിംകള്‍ ഇല്ലായിരുന്നുവെങ്കില്‍ ആധുനിക യൂറോപ്പിനോ അതിന്റെ ശാസ്ത്രപുരോഗതിക്കോ മേല്‍വിലാസമുണ്ടാകുമായിരുന്നില്ല. ഖുര്‍ആനികാധ്യാപനങ്ങളാല്‍ പ്രചോദിതരായ മുസ്‌ലിം പണ്ഡിതന്‍മാര്‍ ലോകത്തെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും അപഗ്രഥിച്ച് പഠിച്ചതിന്റെ ഫലമായാണ് ആധുനികശാസ്ത്രം പിറവിയെടുത്തത്. ജെ.ഡി ബര്‍ണല്‍ പറയുന്നു. ആധുനികശാസ്ത്രഗ്രന്ഥം വായിക്കുമ്പോള്‍ അതിലെ തെളിവുകള്‍ ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. ഈ കാര്യകാരണ വിചാരാടിസ്ഥാനത്തിലുള്ള ശാസ്ത്രദര്‍ശനങ്ങള്‍ പെറുക്കിയെടുത്താണ് പില്‍ക്കാലത്ത് യൂറോപ്പ് വളര്‍ന്നതുതന്നെ.
വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് ശാസ്ത്രീയ നിയമങ്ങള്‍ പഠിപ്പിക്കാനല്ല. പ്രത്യുത മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ വിശദീകരിക്കാനാണ്. എന്നാല്‍ കണ്ടുപിടിച്ച ശാസ്ത്രത്തെ ഖുര്‍ആനിക ആയത്തുകള്‍ കൊണ്ട് വിശദീകരിക്കാനാവും. വിശുദ്ധഖുര്‍ആന്‍ ദൈവികവചനങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഏക വേദമായതുകൊണ്ടുതന്നെ സ്ഥീരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് എതിരാവുകയില്ല. ശാസ്ത്രീയസൂചനകളില്‍ നിന്നും വിശദാംശങ്ങള്‍ തേടല്‍ മനുഷ്യന്റെ സ്വന്തം ജോലിയാണ്.
അഭൗതിക വിജ്ഞാന സ്രോതസ്സിനെ അംഗീകരിക്കാന്‍ കഴിയാത്ത പാശ്ചാത്യശാസ്ത്രം യുക്തിയിലും ലോജിക്കിലും പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. പാശ്ചാത്യശാസ്ത്രം നിഷ്പക്ഷമാണത്രെ. നന്‍മ-തിന്‍മ വേര്‍തിരിവുകളില്ല. എന്നാല്‍ ഇസ്‌ലാമിക ശാസ്ത്രം യാഥാര്‍ഥ പക്ഷം പിടിക്കും. അനന്തരഫലങ്ങളെക്കുറിച്ചും പരിണതികളെക്കുറിച്ചും വ്യക്തമായ വീക്ഷണമുണ്ടാകും. പരിശുദ്ധഖുര്‍ആനില്‍ രണ്ടുതരം ആയത്തുകളാണുള്ളത്. ഒന്ന്, ഖുര്‍ആനിലെ സൂക്തങ്ങള്‍. മറ്റൊന്ന്, പ്രപഞ്ചത്തിലെ അസംഖ്യം ദൃഷ്ടാന്തങ്ങള്‍. ഹിദായത്തിനുള്ള മാര്‍ഗങ്ങളില്‍പ്പെട്ടതാണ് ശാസ്ത്രം. ഈ നിലക്ക് ഇത് ഇബാദത്തുമാണ്. പാശ്ചാത്യസങ്കല്‍പത്തില്‍ കേള്‍വിയും കാഴ്ചയും ഹൃദയവും നശ്വരാപ്രവൃത്തിയില്‍ അവസാനിക്കുമ്പോള്‍ ഖുര്‍ആന്റെ സങ്കല്‍പത്തില്‍ അവ ദിക്ര്‍, ഇബാദത്ത്, ശുക്ര്‍ തുടങ്ങിയവയിലൂടെ ആഖിറത്തിലേക്ക് നീളുന്നു.
ഖുര്‍ആനിന്റെ അവതരണകാലത്ത് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് ഒന്നുമല്ലായിരുന്നു. ശേഷമുള്ള 14 നൂറ്റാണ്ടുകള്‍ ഈ രംഗങ്ങളില്‍ മഹത്തായ വിപ്ലവങ്ങള്‍ നടന്ന നൂറ്റാണ്ടുകളാണ്. ഗോളങ്ങളുടെ നിലനില്‍പിന് കാരണമായ ശക്തികളെ അവര്‍ കണ്ടെത്തി. ആകാശത്തിന്റെ അനന്തതകളിലേക്ക് അവന്റെ ദൃഷ്ടികള്‍ നീണ്ടു. ആറ്റത്തിന്റെ അകത്തുള്ളതെന്താണെന്നതിനെക്കുറിച്ച് അവന്‍ പഠിച്ചു. ജീവകോശത്തിന്റെ പ്രത്യേകതകളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ കഴിഞ്ഞു. വിശുദ്ധഖുര്‍ആനിന്റെ ഒരൊറ്റ വചനം പോലും അസത്യമാണെന്ന് പറയാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, ശാസ്ത്രം പുതിയകണ്ടെത്തലുകള്‍ നടത്തുമ്പോള്‍ ഖുര്‍ആനിന്റെ ഔന്നത്യം കൂടുതല്‍ തെളിഞ്ഞ് വരികയാണ് ചെയ്യുന്നത്. ആധുനിക കണ്ടുപിടുത്തങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന വസ്തുത ആ ഗ്രന്ഥത്തിന്റെ അമാനുഷികതയിലേക്ക് നയിക്കുന്നു.
1876-ല്‍ ഹോളണ്ടിലെ സ്വാമര്‍ഡാം എന്ന പ്രാണിശാസ്ത്രജ്ഞനാണ് തേനീച്ചകളിലെ തൊഴില്‍വിഭജനത്തെ ആദ്യമായി ശാസ്ത്രീയമായി വിശദീകരിക്കുന്നത്. തേനീച്ചകളില്‍ റാണി, ആണ്‍, പെണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടെന്നും തേനീച്ചകളിലെ ജോലികള്‍ മുഴുവന്‍ നിര്‍വഹിക്കുന്നത് പെണ്‍തേനീച്ചകളാണെന്നുമാണ് അദ്ദേഹം കണ്ടെത്തിയത്. തേനീച്ചകളെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിച്ചത് കാണുക.
മൂന്ന് കല്‍പനകളാണ് ഈ വചനങ്ങളിലുള്ളത്. നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക, നീഭക്ഷിച്ചുകൊള്ളുക, നീ പ്രവേശിച്ചുകൊള്ളുക എന്നിവയാണവ. ഇവയ്ക്ക് ഇത്തഖിദ്ദീ, കുലീ, ഫസ്‌ലുക്കീ എന്നുമാണ് ഖുര്‍ആനിക പ്രയോഗം. ഇവയെല്ലാം തന്നെ സ്ത്രീ ലിംഗക്രിയകളാണ്. പുരുഷനോടാണെങ്കില്‍ ഇത്തഖിദ്, കുല്‍, ഫസ്‌ലുക് എന്നാണ് പറയുക. അഥവാ തേനീച്ചകളില്‍ തേന്‍ ശേഖരിക്കുന്നതും പാര്‍പ്പിടമുണ്ടാക്കുന്നതുമെല്ലാം പെണ്‍തേനീച്ചകളാണെന്നറിയുന്ന നാഥന്റേതാണ് ഖുര്‍ആനെന്നര്‍ഥം.
മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയിലെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച ഖുര്‍ആനിന്റെ വിശദീകരണത്തില്‍ അതില്‍ ഉപയോഗിച്ച പദങ്ങള്‍പോലും എത്രമാത്രം കൃത്യവും സൂക്ഷ്മവുമാണെന്ന വസ്തുത വ്യക്തമാകും. ഭ്രൂണത്തിന്റെ ഘട്ടങ്ങളായി ഖുര്‍ആനില്‍ വിവരിച്ച എല്ലാ അവസ്ഥകളും മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞുപോകുന്നുവെന്നാണ് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അലഖ എന്ന പദത്തിന് ഒട്ടിപ്പിടിക്കുന്നത് / പറ്റിച്ചേരുന്നത് എന്നാണര്‍ഥം. ഗര്‍ഭാശയത്തിലെ ഭ്രൂണത്തിന്റെ ആദ്യത്തെ അവസ്ഥയെക്കുറിക്കുന്ന പദമാണിത്. ബീജസങ്കലനം നടന്ന് ഏഴാമത്തെ ദിവസം ഭ്രൂണം ഗര്‍ഭാശയത്തിന്റെ അന്തരപാളിയായ എന്‍ട്രോമെട്രിയത്തില്‍ പറ്റിപ്പിടിക്കും. ഇങ്ങനെ പറ്റിപ്പിടിച്ചത് നീരട്ടയാണെന്ന് തോന്നും. അലഖ് എന്ന പദത്തിന് നീരട്ടയെന്നും അര്‍ഥമുണ്ട്. ഇവിടെ ഖുര്‍ആന്‍ അലഖ് എന്ന കൃത്യമായ പദം തന്നെ ഉപയോഗിച്ചു.
മുള്അ എന്ന പദത്തിന് ചവച്ചരക്കപ്പെട്ടത് എന്നാണര്‍ത്ഥം. 27 ദിവസം പ്രായമായ ഭ്രൂണം ചവച്ചുതുപ്പിയ മാംസക്കഷ്ണത്തെപ്പോലെയായിരിക്കും. ചവച്ചുതുപ്പിയത് പോലെ തോന്നിക്കുന്ന പല്ലടയാളങ്ങള്‍ പോലും അതിന്‍മേല്‍ ഉണ്ടായിരിക്കും.
ഇളാമ്-അസ്ഥി. ചവച്ചരക്കപ്പെട്ട മാംസപിണ്ഡത്തില്‍ നിന്നും അഞ്ചാഴ്ച പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ പൊതിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിത്തീരുന്നത്.
ഖുര്‍ആനില്‍ പ്രയോഗിച്ച പദങ്ങള്‍പോലും എത്ര കൃത്യതയിലാണ് അവതരിപ്പിച്ചിട്ടുള്ളത്?!
1929-ല്‍ ബ്രിട്ടീഷ്, ജ്യോതി ശാസ്ത്രജ്ഞനായ എഡ്‌വിന്‍. ഹബ്ള്‍ പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിലെത്തി. ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശതരംഗങ്ങളുടെ ഫലമായി അനുഭവപ്പെടുന്ന അരുണഭ്രംശം ആണ് ഗാലക്‌സികള്‍ അകന്നുനീങ്ങുന്ന എന്ന നിഗമനത്തിലെത്താന്‍ എഡ്‌വിനെ പ്രേരിപ്പിച്ചത്. ഈ പ്രതിഭാസത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
ആകാശമാകട്ടെ നാമതിനെ കരങ്ങളാല്‍ നിര്‍മ്മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനുമാകുന്നു.
പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളെല്ലാം ഒരൊറ്റ ആദിപിണ്ഡത്തില്‍ നിന്നുണ്ടായതാണ് എന്ന വസ്തുതയെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാമവയെ വേര്‍പ്പെടുത്തുകയാണ് ഉണ്ടായതെന്നും സത്യനിഷേധികള്‍ കാണുന്നില്ലേ? ജലത്തില്‍ നിന്ന് സകല ജീവവസ്തുക്കളെയും സൃഷ്ടിച്ചു. അവര്‍ വിശ്വസിക്കുന്നില്ലേ? (അമ്പിയാഅ്: 30)
പാതകളുടെ ആകാശമാണ് സത്യം (അദ്ദാരിയാത്ത് :7) എന്ന വചനം, ചലിച്ചുകൊണ്ടിരിക്കുന്ന ഗാലക്‌സികളിലും പ്രവര്‍ത്തന മണ്ഡലത്തിലേക്കും തിരിയുന്നു. ഒന്നും മറ്റൊന്നിന്റെ പാതയിലേക്ക് മുറിച്ച് കടക്കുകയോ മറ്റൊന്നിനെ കൂട്ടിയിടിക്കുകയോ ചെയ്യുന്നില്ല.
രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യചന്ദ്രാതികളെ സൃഷ്ടിച്ചതും അല്ലാഹുമാത്രമാകുന്നു. ഓരോ ഭ്രമണപഥങ്ങളില്‍ ഒക്കെയും നീങ്ങിക്കൊണ്ടിരിക്കുകയാകുന്നു. (അമ്പിയാഅ്: 30) എന്ന വചനത്തിന്റെ സൂചന നീളുന്നത് അച്ചുതണ്ടിലേക്കാണ്.
അവന്‍ പകലിന്‍മേല്‍ രാവിനെയും രാവിന്‍മേല്‍ പകലിനെയും പൊതിഞ്ഞു. (അസ്സുമര്‍ 5) രാപ്പകലുകളുടെ നിര്‍മിതിയെ മനോഹരമായി ഖുര്‍ആന്‍ അവതരിപ്പിച്ചു. സപ്തവാനങ്ങളും അവയുടെ സംവിധാനങ്ങളും അവയുടെ ഉപയോഗങ്ങളും ശാസ്ത്രം ഇന്ന് കണ്ടെത്തിക്കഴിഞ്ഞു. ഉള്‍ക്കകളില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് അന്തരീക്ഷമെന്ന മേല്‍ക്കൂരയാണ്. ഉപരിലോകത്തെ നാം സംരക്ഷിതമായ ഒരു മേല്‍ക്കൂരയാക്കിയിട്ടുണ്ട് (21: 32) എന്ന ഖുര്‍ആനിക പരാമര്‍ശം അനുയോജ്യമാണ്.
ഭൂകമ്പ തരംഗങ്ങളുടെ വേഗത നിയന്ത്രിക്കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നത് പര്‍വ്വതങ്ങളാണ്. ഭൂമിയുടെ പ്രതലത്തില്‍ അടിച്ചുകയറ്റിയ ആണികളെപ്പോലെയാണ് പര്‍വ്വതങ്ങളുടെ കിടപ്പ്. ഭൂമിയെ നാമൊരു വിരിപ്പും പര്‍വ്വതങ്ങളെ ആണികളുമാക്കിയില്ലേ. (78: 6,7) എന്നും ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനുമായി അതില്‍ നാം ഉറച്ച് നില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. (21: 31) എന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്. മനുഷ്യര്‍ക്ക് ഉപകാരവും (ഹദീദ് 25) വലിയ നക്ഷത്രങ്ങളില്‍ ഇരുമ്പ് ഉള്ളതായി ഇന്ന് ജ്യോതിശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇരുമ്പിന്റെ അളവ് നക്ഷത്രത്തില്‍ കൂടുതലായാല്‍ അത് പൊട്ടിത്തെറിക്കുകയും ചിന്നിച്ചിതറുകയും ചെയ്യുന്നു. ഇങ്ങനെ ഇരുമ്പ് ഭൂമിയിലെത്തുന്നു.
മഴയുടെയും സമുദ്രത്തിന്റെയും ശാസ്ത്രീയ സൂചനകള്‍ വ്യക്തമായിത്തന്നെ ഖുര്‍ആനില്‍ കാണാം.. ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമായ ഡി.എന്‍.എ. ടെസ്റ്റിലേക്കും ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മനുഷ്യന്‍ വിചാരിക്കുന്നുവോ? അവന്റെ അസ്ഥികളെ ഒരുമിപ്പിക്കുവാന്‍ നമുക്കാവില്ലെന്ന്. എന്ത് കൊണ്ടില്ല? നാമാകട്ടെ അവന്റെ തുമ്പുകള്‍ പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ? (ഖിയാമ 3,4) ഈ കാലത്തിലാണ് ഈ ആയത്തിനെ യഥാവിധി മനസ്സിലാക്കാന്‍ സാധിക്കുക. ഇരട്ടക്കുട്ടികളുടെയും വിരലടയാളം വ്യത്യസ്തമായിത്തന്നെ അവന്‍ നിര്‍മിച്ചു.
അനന്തമായ പ്രപഞ്ചം നമുക്കിപ്പോഴും ഒരു വെല്ലുവിളിയും വിസ്മയവുമായി തുടരുന്നു. ശാസ്ത്രം ഇതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇനിയും അറിയാനുള്ള കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. എന്നാല്‍ പഠനവും ചിന്തയും പുരോഗമിക്കുംതോറും ഭൗതിക ലോകത്തെ ഇരുട്ട് നീങ്ങിക്കൊണ്ടിരിക്കും. ഇന്ന് അവ്യക്തമായ പലതും നാളെ വ്യക്തമാകും. ഇന്നലെകളില്‍ അറിയപ്പെടാതിരുന്ന പലതും ഇന്ന് അറിയുന്നതുപോലെ.
ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും വെളിച്ചും വീശുന്ന വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. പ്രപഞ്ചത്തെക്കുറിച്ചും സാമ്പത്തിക രാഷ്ട്രീയ കുടുംബകാര്യങ്ങളെ സംബന്ധിച്ചും ദൈവത്തെയും ദൈവദൂതന്‍മാരെയും മരണാനന്തര ജീവിതത്തെയുമൊക്കെ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു. അപ്പോഴും അതില്‍ വൈരുധ്യങ്ങളുണ്ടാകുന്നില്ല എന്നത് അതിന്റെ ദൈവിതകതയെ സ്പഷ്ടമാക്കുന്നു. മാത്രവുമല്ല, ഖുര്‍ആനില്‍ ആര്‍ക്കെങ്കിലും വല്ല വൈരുധ്യങ്ങളും കാണിക്കുവാന്‍ കഴിഞ്ഞാല്‍ അത് ദൈവികമല്ലെന്നാണ് ഖുര്‍ആന്റെ ഭാഷ്യം (4:82)
അതോടൊപ്പം മാനവരാശിയോട് അത്യുജ്ജലമായ വെല്ലുവിളി നടത്തുന്നു. അതിന് സമാന്തരമായ ഒരു രചന നിര്‍വഹിക്കുവാനാണ് പ്രസ്തുത വെല്ലുവിളി.
ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നു എന്നതാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ മറ്റൊരത്ഭുതം. വിസ്മരിക്കാത്ത ചില ചരിത്രസംഭവങ്ങള്‍ ഇതിനാധാരമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധമായൊരു സന്ധി നടക്കുകയാണ്. തങ്ങളുടെ മതകേന്ദ്രമായ കഅ്ബ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വിശ്വാസികളെ അവിശ്വാസികള്‍ തടഞ്ഞു. ഒരു സന്ധിയിലേര്‍പ്പെടാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരാവുകയും നിരാശയോടെ മടങ്ങിപ്പോവുകയും ചെയ്തു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, സമാധാനമായിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ തലമുണ്ഡനം ചെയ്തവരും മുടിവെട്ടിയവരുമായിക്കൊണ്ട് പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുകതന്നെ ചെയ്യും. (48:27) ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പ്രവചനം സാക്ഷാത്ക്കരിക്കപ്പെട്ടു.
അധികാരത്തെയോ ആധിപത്യത്തെയോ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ മുസ്‌ലിംകളെ സ്വന്തം നാട്ടില്‍ നിന്നും അടിച്ചോടിക്കുന്ന കാലം. നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദത്തം നല്‍കിയിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ തീര്‍ച്ചയായും അവര്‍ക്കവന്‍ തൃപ്തിപ്പെടുത്തികൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. (24:55) അല്ലാഹുവിന്റെ ഈ പ്രവചനം സത്യമായിത്തന്നെ പുലര്‍ന്നു.
അറേബ്യന്‍ അര്‍ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ ആധിപത്യം നേടാന്‍ വേണ്ടി പോരാട്ടം നടക്കുന്ന സന്ദര്‍ഭം. വേദക്കാരായ ക്രിസ്ത്യാനികളും അഗ്നി ആരാധകരായ പേര്‍ഷ്യക്കാരും തമ്മിലായിരുന്നു യുദ്ധം. ക്രിസ്ത്യാനികളോട് മുസ്‌ലിംകളും പേര്‍ഷ്യക്കാരോട് മുശ്‌രിക്കുകളും അനുഭാവം പ്രകടിപ്പിച്ചു. ഹിജ്‌റ 5-ാം വര്‍ഷം നടന്ന ഘോരയുദ്ധത്തില്‍ റോമക്കാര്‍ പരാജയപ്പെട്ടു. മുശ്‌രിക്കുകള്‍ ഇതു മുതലെടുത്ത് മുസ്‌ലിംകളെ പരിഹസിക്കുവാന്‍ തുടങ്ങി. അടുത്ത നാട്ടില്‍ വെച്ച് റോമക്കാര്‍ പരാജിതരാക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ അവര്‍ വിജയം വരിക്കുന്നതാണ്. (30:14) ഈ പ്രഖ്യാപനവും തെറ്റിയില്ല. ആറു വര്‍ഷങ്ങള്‍ തികയുന്നതിന് മുന്‍പ് റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി തങ്ങളുടെ സാമ്രാജ്യം പുനഃസ്ഥാപിച്ചു.
ഖുര്‍ആന്‍ അവതരിപ്പിച്ച സമ്പദ് വ്യവസ്ഥ ഇന്ന് ഏറ്റവും ഉദാത്തമായാണ് നിലകൊള്ളുന്നത്. സാമ്പത്തിക സമത്വം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സാമ്പത്തിക വളര്‍ച്ച മുരടിച്ചുപോവുന്നതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന സങ്കീര്‍ണത. മറുവശത്ത് സാമ്പത്തിക വളര്‍ച്ച ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍ സാമൂഹിക നീതി തകരുകയും ചെയ്യുന്നു. മുതലാളിത്തവും സോഷ്യലിസവും അകപ്പെട്ട ഈ പ്രതിസന്ധിയില്‍ നിന്ന് ഒരു മോചനമാര്‍ഗം ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് എത്ര അദ്ഭുതമാണ്!
അതീവ സങ്കീര്‍ണമായ വലിയൊരു വിഷയമാണ് അനന്തരാവകാശ നിയമം. രക്തബന്ധം എന്ന ഏക അടിസ്ഥാനത്തിലൂടെ പക്ഷപാതിത്വത്തിന്റെ എല്ലാ വാതിലുകളുമടക്കുന്ന ഖുര്‍ആന്റെ രീതി അപാരം തന്നെ!
ഖുര്‍ആന് മനുഷ്യസമൂഹത്തിന്റെ യാതൊരു ഭാഷയ്ക്കുമില്ലാത്ത ഒരു ഭാഷാശൈലിയാണുള്ളത്. ഗദ്യമുണ്ട്, പദ്യമുണ്ട്, കവിതയുണ്ട്, കഥയുണ്ട്, പാട്ടുണ്ട്, പ്രാസമുണ്ട്, ആഖ്യാനവും നോവലും നാടകവുമെല്ലാമുണ്ട്. പഠനവും ചര്‍ച്ചയുമുണ്ട്.. തലക്കെട്ടുകള്‍ വളരെ ചെറുത്. ആശയ ഗാംഭീര്യം. എല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഏതു ശത്രുവിനെയും മിത്രമാക്കുന്ന അനുഭൂതി. അസ്വസ്ഥ മനസ്സുകള്‍ക്ക് സ്വാസ്ഥ്യം നുകരാം. ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുന്ന ആവിഷ്‌കാരം. കാലചക്രങ്ങള്‍ മാറിമറിയുമ്പോഴും വ്യതിയാനങ്ങളില്ലാതെ പുതുമ നഷ്ടപ്പെടാതെ എന്നും നിലനില്‍ക്കുന്ന യാഥാര്‍ഥഗ്രന്ഥം. ഒടുവില്‍ അല്ലാഹു അവന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. കാലത്തിന്റെ സ്പന്ദനങ്ങളില്‍ ഹൃദയം ചേര്‍ത്തുവെക്കുന്ന ആര്‍ക്കും യാഥാര്‍ഥ്യം മനസ്സിലാവുകയും ചെയ്യും.