'ബൈഅത്ത് റിദ്വാനില്‍ പങ്കെടുക്കാന്‍ വൃക്ഷച്ചുവട്ടില്‍ ഹാജരായവരെ നരകം സ്പര്‍ശിക്കുകയില്ല.' ഈ നബിവചനം തെല്ലൊന്നുമല്ല ആ സ്വഹാബി വനിതയെ ആഹ്ലാദഭരിതയാക്കിയത്. കാരണം വൃക്ഷച്ചുവട്ടില്‍ ഹാജരായവരില്‍ റബീഅ് ബിന്ത് മുഅവ്വദും ഉണ്ടായിരുന്നല്ലോ. അവിടെ പങ്കെടുത്തവരെ അല്ലാഹു അനുഗ്രഹിച്ചു. അവരില്‍ അവന് സംപ്രീതനായി എന്നത് ചരിത്ര യാഥാര്‍ഥ്യം. ബൈഅത്ത് റിദ്വാനില്‍ പങ്കെടുത്ത സ്വഹാബി വനിത റബീഇന്റെ മുഴുവന്‍ പേര്, റബീഅ് ബിന്ത് മുഅവ്വദ്ബ്നു അഫ്റാഅ് ബ്നു ഹര്റാം അല്‍ അന്‍സാരി എന്നാണ്. അഖബാ ഉടമ്പടിയിലും ഹുദൈബിയ സന്ധിയിലും പങ്കെടുത്ത ഇവര്‍ ഊര്‍ജസ്വലയായ സ്ത്രീരത്നമായിരുന്നു. ഹിജ്റക്ക് മുമ്പെ ഇസ്ലാം സ്വീകരിച്ച റബീഅ് പ്രശസ്ത അറബ് ഗോത്രമായ ബനുനജ്ജാറിലാണ് പിറന്നത്.
റബീഇന്റെ പിതാവ് മുഅവദ്, പിതൃസഹോദരന്മാരായ മുആദ് ഔഫ് തുടങ്ങിയവരെല്ലാം ഇസ്ലാമിന്റെ മാര്‍ഗത്തില്‍ തങ്ങളെ സമര്പ്പിച്ചവരത്രെ. മാതാവ് ഉമ്മുയസീദ് ബിന്ത് ഖൈസും സഹോദരി ഫരീഅ ബിന്ത് മുഅവ്വദും സ്വഹാബി വനിതകളായിരുന്നു. ചെറുപ്രായത്തില്‍ നബിയുടെ ഹിജ്റക്ക് മുമ്പെ ഇസ്ലാം ആശ്ലേഷിച്ച വനിത തന്നെയാണ് ഫരീഅയും ഇവരുടെ വല്ലിമ്മ അഫ്റാഅ ബിന്ത് ഉബൈദും.
നബിതിരുമേനി (സ) റബീഅ് ബിന്ത് മുഅവ്വദിനോട് ഏറെ സ്നേഹവും കാരുണ്യവും കാണിച്ചു. തിരുനബിയെ മദീനയില്‍ പാട്ട് പാടി ദഫ്മുട്ടി സ്വീകരിച്ചാനയിച്ചവരില്‍ റബീഉം ഉണ്ടായിരുന്നു. ഇയാസുബ്നു അല്ബുകൈറുല്ലൈസിയുമായി ചരിത്രവനിതയുടെ വിവാഹം നടന്നു. വിവാഹദിവസം തിരുമേനി (സ) വീട് സന്ദര്‍ശിച്ച് മംഗളാശംസകള്‍ നേര്‍ന്നു. അന്നേരം അദ്ദേഹം അവിടെ കൂടിയ വനിതകളോട് പരലോകബോധം ഉണര്‍ത്താന്‍ പോന്ന ചില ഉപദേശങ്ങള്‍ നല്കുകയുണ്ടായി. എല്ലാവരേയും ആശീര്‍വദിക്കുകയും ചെയ്തു.
മഹതി റബീഅ് പ്രസ്താവിച്ചതായി ഇമാം തിര്‍മുദി (1090) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കല്ല്യാണ ദിനത്തില്‍ രാവിലെ തിരുമേനി (സ) വീട്ടില്‍ വന്നു. അദ്ദേഹം വീടിന്റെ പൂമുഖത്ത് ഒരു വിരിപ്പില്‍ ഇരുന്നു. ബദ്റില്‍ രക്തസാക്ഷ്യം വഹിച്ച പിതാവ്, പിതൃസഹോദരന് ഔഫുമടക്കമുള്ളവരെ നബി(സ) അനുസ്മരിച്ചു. ആ സമയം ദഫ്മുട്ടി പാടുന്ന ഒരു പെണ്‍കുട്ടി ഇടക്ക് ഇങ്ങനെ പാടി. വഫീനാ നബിയ്യുന്‍- നാളത്തെ വര്‍ത്തമാനം അറിയുന്ന ഒരു നബി ഞങ്ങളിലുണ്ട്. ഉടനെ തിരുമേനി (സ) ഇടപെട്ട് അങ്ങനെ പാടരുതെന്ന് വിലക്കി. ഇതുവരെ പാടിയതെല്ലാം പാടുക എന്ന് തിരുത്തി.
ഒരിക്കല്‍ റബീഅ് തിരുമേനിക്ക് രണ്ട് പാത്രത്തിലായി കാരക്കയും മുന്തിരിയും സമ്മാനിച്ചു. തിരുമേനി (സ) അവര്‍ക്ക് ഒരു സ്വര്‍ണാഭരണം ഉപഹാരമായി നല്കി. ഇത് റബീഅ് വലിയ അംഗീകാരമായി അണിഞ്ഞ് നടന്നിരുന്നു. ഇടക്കിടെ തിരുമേനിയെ സന്ദര്‍ശിക്കുക അവരുടെ രീതിയായിരുന്നു. ഒരു പ്രാവശ്യം അവര്‍ ചെന്നപ്പോള്‍ നബി(സ) അംഗസ്നാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. തിരുമേനി വെള്ളം ഒഴിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അവര്‍ വെള്ളവുമായെത്തി ഒഴിച്ച് കൊടുത്തു. തിരുമേനി മൂന്ന് പ്രാവശ്യം വീതം അംഗശുദ്ധി വരുത്തി എന്ന് റബീഅ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. (ഇബ്നുമാജ)
ജിഹാദിന്റെ വഴിയില്‍ പിതാവിനെപ്പോലെ തന്നെയും സമര്‍പ്പിക്കാന്‍ റബീഅ് തയ്യാറായി. നബിയോടൊപ്പം പല യുദ്ധങ്ങളിലും അവര്‍ സന്നിഹിതയായി. തിരുമേനിയുടെ കൂടെ യുദ്ധരംഗത്തെത്തി പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കാനും ജലപാനത്തിനും അവര്‍ സേവനസന്നദ്ധയായി ഉണ്ടായിരുന്നതായി അല്ലാമാ ഇബ്നുകസീര്‍ രേഖപ്പെടുത്തുന്നു.
ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം. റബീഅ് പറയുന്നു. ഞങ്ങള്‍ നബിയോടൊപ്പം യുദ്ധരംഗത്ത് പങ്കെടുത്തു. യോദ്ധാക്കള്‍ക്ക് വെള്ളമെത്തിച്ചുകൊടുക്കുകയും പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കുകയും കൊല്ലപ്പെട്ടവരെ മദീനയിലെത്തിക്കുകയും ചെയ്തിരുന്നു (അത്തബഖാഅ്)
ഹസ്രത്ത് റബീഅ വൈജ്ഞാനിക മേഖലയിലും തല്പരയായിരുന്നു. ആയിശ(റ)യുടെ അടുക്കലെത്തി അവര്‍ പലപ്പോഴും വിജ്ഞാനം കരസ്ഥമാക്കി. അവരില്‍ നിന്ന് ഹദീസുകള്‍ കേട്ട് മനപാഠമാക്കുകയായിരുന്നു പതിവ്. 121 ഹദീസുകള്‍ റബീഅ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ അവ കാണാം. സഹാബികളും താബിഉകളും അവരില്‍ നിന്ന് ഹദീസുകള്‍ പഠിച്ചിരുന്നു. ഇബ്നു അബ്ബാസ് മഹതിയുടെ അടുക്കലെത്തി തിരുമേനി(സ)യുടെ വുദുവിന്റെ സ്വഭാവം ചോദിച്ചിരുന്നു.
മഹതി തന്റെ ഭര്‍ത്താവിനെ ഒഴിവാക്കി (ഖുല്‍അ്) മാറിപ്പോയ ഒരു സംഭവമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഹസ്രത്ത് ഉസ്മാന് (റ) എന്ത് തീരുമാനമാണ് ഈ വിഷയത്തിലെടുത്തതെന്നറിയാന് ഇബ്നു ഉമര്‍ (റ) റബീഇനെ തേടിയെത്തിയിരുന്നു.
മുഹമ്മദ് എന്ന് പേരായ ഒരു മകനുണ്ടായിരുന്നു റബീഅ് - ഇയാസ് ദമ്പതികള്‍ക്ക്. എന്നാല്‍ പിന്നീട് ഭര്‍ത്താവുമായി അകന്നു. ഈ സന്ദര്‍ഭത്തില്‍ ഭര്‍ത്താവ് ഇയാസ് താന്‍ നല്കിയ മുടികെട്ടുന്ന റിബണ്‍ പോലും എടുത്തുകൊണ്ട് പോയത്രെ. ആ സംഭവം ഇങ്ങനെ. അബ്ദുല്ലാഹിബ്നു മുഹമ്മദ്ബ്നു ഉഖൈല്‍ മഹതിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ പറഞ്ഞു. എനിക്കും എന്റെ പ്രിയതമനുമിടയില് ചില വാക്കു തര്‍ക്കമുണ്ടായി. ഞാനയാളോട് പറഞ്ഞു. താങ്കള്‍ക്കുള്ളതെല്ലാം എടുത്ത് എന്നെ വെറുതെ വിട്ടേക്കൂ! ശരി, അയാള്‍ സമ്മതിച്ചു. ദൈവമാണെ! അയാള്‍ എന്നില്‍ നിന്ന് എല്ലാം പെറുക്കിയെടുത്തു. എന്റെ വിരിപ്പടക്കം. തുടര്‍ന്ന് ഞാന്‍ അന്നത്തെ ഖലീഫ ഉസ്മാന് (റ)ന്റെ അടുക്കലെത്തി, ഉണ്ടായ സംഭവമെല്ലാം വിവരിച്ചു. എന്റെ വിഷമങ്ങളും ഞാന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു. എന്നാല്‍ ഉസ്മാന്(റ) ന്റെ മറുപടി ഇതായിരുന്നു. നീ നിന്റെ നിബന്ധനയില്‍ ഉറച്ചുനില്ക്കുക, അയാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മുടികെട്ടുന്ന റിബ്ബണ്വരെ എടുത്ത് കൊള്ളട്ടെ. (അന്നബഖാത്ത്)
അബൂജഹലിന്റെ മാതാവ് അസ്മാബിന്ത് മുഗ്രിമ ഒരിക്കല്‍ അത്തര്‍ വില്‍ക്കാനായി റബീഅ് ബിന്ത് മൂഅവ്വദിനെ സമീപിച്ചു. കൂട്ടത്തില്‍ റബീഇന്റെ കുടുംബവും മറ്റും അവര്‍ ചോദിച്ചറിഞ്ഞു. റബീഅ് പേരും ഊരും പറഞ്ഞ് പരിചയപ്പെടുത്തി. അവര്‍ പെട്ടെന്ന്, ഓ! അപ്പോള്‍ എന്റെ പ്രിയപ്പെട്ടവന് അബൂജഹലിനെ വധിച്ചവന്റെ മകളാണല്ലോ എന്ന് എടുത്തടിച്ച പോലെ പറഞ്ഞു.
ഇത് കേട്ടപാടെ റബീഅ്, അല്ല, വെറുക്കപ്പെട്ട ഒരാളെയാണ് എന്റെ പിതാവ് പരലോകത്തേക്കയച്ചത്. അത്തരത്തില്‍ ഒരാളുടെ പുത്രിയാണ് ഞാന്‍ എന്നു പ്രതികരിച്ചു.
നിങ്ങളോടുള്ള കച്ചോടം നിര്‍ത്തി എന്നു പറഞ്ഞുകൊണ്ട് അത്തര്‍ കച്ചവടക്കാരി എഴുത്തയച്ചു. നിങ്ങളില്‍ നിന്ന് സുഗന്ധമല്ല, ദുര്‍ഗന്ധമാണ് വമിക്കുന്നതെന്ന് ബിന്ത് മുഅവ്വദും പ്രതികരിച്ചു. (അല്‍മഗാസി)
ഹിജ്റ 37-ലാണ് ഈ സ്വഹാബി വനിതയുടെ മരണമെന്ന് കരുതുന്നു. ഹിജ്റ 45-ല്‍ മുആവിയയുടെ കാലത്താണെന്നും പക്ഷമുണ്ട്. ഇസ്ലാമിന്റെ മുന്‍നിരപോരാളിയായി നിലകൊണ്ട റബീഅ് ബിന്ത് മുഅവ്വദ് ഒരു ധീരവനിത തന്നെയായിരുന്നു.