ഹിമാലയം എന്നും ഒരു വെല്ലുവിളിയും ആകാംക്ഷയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേപ്പാള്‍ സന്ദര്‍ശന സമയത്ത് ഹിമാലയവും എവറസ്റ്റ് കൊടുമുടിയും ദൂരെ നിന്ന് നോക്കി കണ്ടപ്പോള്‍ അത് വല്ലാത്തൊരു ആവേശമായി മനസ്സില്‍ കയറിയിരുന്നു.
ഹിമാലയം എന്നും ഒരു വെല്ലുവിളിയും ആകാംക്ഷയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേപ്പാള്‍ സന്ദര്‍ശന സമയത്ത് ഹിമാലയവും എവറസ്റ്റ് കൊടുമുടിയും ദൂരെ നിന്ന് നോക്കി കണ്ടപ്പോള്‍ അത് വല്ലാത്തൊരു ആവേശമായി മനസ്സില്‍ കയറിയിരുന്നു. പലപ്പോഴായി കാശ്മീരും ഡാര്‍ജലിംഗും ഉത്തരാഖണ്ഡുമെല്ലാം കാഴ്ചയുടെ ഭാഗമായപ്പോഴും ഹിമാലയം എന്നെ നോക്കി വെല്ലുവിളിക്കുന്നുണ്ടായിരുന്നു. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 2008-ല്‍ നാഷണല്‍ സഹ്യാദ്രി ട്രക്കിംഗ് ക്രിസ്തുമസ്സ് അവധിക്കാലത്ത് ഗോവയിലെ പനാജിയില്‍ വെച്ച് സംഘടിപ്പിച്ചതാണ് ഹിമാലയ യാത്രക്ക് കാരണമായത്. സഹ്യാദ്രി ട്രക്കിംഗിനെ സഹയാത്രികരില്‍ പലരും ഹിമാലയ യാത്രയുടെ റിഹേഴ്‌സല്‍ ആയിട്ടാണ് എടുത്തിരുന്നത്. ഈ യാത്രയിലെ സുഹൃത്തുക്കളാണ് 2009- ലെ നാഷണല്‍ ഹിമാലയന്‍ ട്രക്കിംഗിലേക്ക് എന്നെ ക്ഷണിക്കുന്നത്. ദുര്‍ഘടമായതും അത്യന്തം അപകടം നിറഞ്ഞതുമായൊരു യാത്രക്ക് അന്നാണ് തീരുമാനമെടുത്തത്. സ്ഥിരം യാത്രികരായ സുഹൃത്തുക്കളില്ലെന്നറിഞ്ഞപ്പോള്‍ ഒറ്റക്ക് യാത്രക്കൊരുങ്ങി. 2008 ലെ മുംബൈ സ്‌ഫോടന പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ യാത്ര ആശങ്കയിലായിരുന്നു. പിന്നെ ഇത്തിരി റിസ്‌കുള്ള യാത്രയായതിനാല്‍ മെഡിക്കല്‍ ചെക്കപ്പ് അനിവാര്യമായിരുന്നു. നാട്ടിലെ പാരലല്‍ കോളേജിലെ എന്റെ ശിഷ്യനായ ഒരു ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി യാത്രക്ക് അപേക്ഷിച്ചു. യാത്രാനുമതി ലഭിച്ചതു മുതല്‍ പതിവില്ലാത്ത പ്രഭാത നടത്തം പരിശീലനമാക്കിയെടുത്തു. 2009 ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു ട്രക്കിംഗ്. ഹിമാചല്‍ പ്രദേശിലെ സീവാലിക് നിരകളിലെ പ്രശസ്തമായ 'കസോള്‍' ആണ് ബേസ് ക്യാമ്പ്. പഴയ സഹ്യാദ്രി യാത്രികര്‍ ഒരുമിച്ച് മുംബൈയിലെ ബാന്ദ്രയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. ചാണ്ടിഗഡ് നിന്ന് ബസ് യാത്ര. ബേസ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം കൂടിയുള്ളതിനാല്‍ കുളു-മണാലി കാഴ്ചയും കണ്ടാവാം യാത്രയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ചാണ്ടിഗഡില്‍ നിന്നും കുളുവിലേക്ക് ബസ് പിടിച്ചു. കുളുവിലെത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. ബിയാസ് നദിക്കടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയൊരുക്കി. മുംബൈ കൂട്ടുകാര്‍ കൊണ്ടുവന്ന നല്ല അല്‍ഫോന്‍സ് മാങ്ങകൊണ്ട് രാത്രിയില്‍ ബിയാസിന് കരയിലിരുന്ന് ഡിന്നര്‍ ഒരുക്കി. പിറ്റേന്ന് മണാലി കാഴ്ചയും കഴിഞ്ഞ് ബുണ്ടാറിലേക്ക് ബസ്. കസോള്‍ ബേസ് ക്യാമ്പിലെത്താന്‍ ഈ നഗരം വഴിയെ മാര്‍ഗമുള്ളൂ. ഇവിടെയാണ് മണാലി-കുളു എന്നിവിടങ്ങളിലേക്കുള്ള വിമാനത്താവളം. സുഖകരമായ കാലാവസ്ഥ. ഹിമാലയത്തില്‍ നിന്നും വരുന്ന പാര്‍വ്വതി നദി ബിയാസില്‍ ചേരുന്നത് ഈ നഗരത്തില്‍ വെച്ചാണ്. മികച്ചൊരു നഗരം തന്നെയാണ് ബുണ്ടര്‍. ഇവിടെനിന്ന് മണികരണ്‍ റോഡില്‍ 24 കി.മീ ദൂരമാണ് കസോളിലേക്ക്. കുന്ന് കയറിയുള്ള ബസ് യാത്ര. റോഡെല്ലാം മഞ്ഞ് വീഴ്ചവും മഴയും കൊണ്ട് ഏതാണ്ട് കുത്തിയൊലിച്ച് പോയിരിക്കുന്നു. ഒന്നരമണിക്കൂറെടുത്തു കസോള്‍ എത്താന്‍. ക്യാമ്പില്‍ കുറേ പേര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രക്കിംഗ് ഉള്ളതിനാല്‍ എല്ലാ ദിവസവും ക്യാമ്പ് സജീവമായിരിക്കും. അനുവദിച്ചു കിട്ടിയ ടെന്റിലാണ് അന്ന് രാത്രി കിടന്നത്. ടെന്റിന് പിറകിലൂടെ പാര്‍വ്വതി നദി ഒഴുകുന്നു. രാത്രി ഉറങ്ങാന്‍ കൂട്ടായി നദിയുടെ ഒഴുക്കിന്റെ സംഗീതമുണ്ടായിരുന്നു. 3 ദിവസം പരിശീലന ദിനങ്ങളാണ്. ആദ്യ ദിനം റോക്ക് ക്ലൈബിങ്ങ് -ചെറിയൊരു ചെങ്കുത്തായ പാറയില്‍ കയറിലൂടെ കയറണം. അതുപോലെ റാപ്പെല്ലിംഗ് പാറയിലൂടെയുള്ള ഇറക്കം. രണ്ടാം ദിവസം തങ്ങള്‍ക്കുള്ള യാത്രാകിറ്റുകള്‍ ലഭിച്ചു. അത് വഹിച്ചുള്ള പരിശീലന യാത്രയായിരുന്നു അന്ന്- അക്ലമറ്റൈസേഷന്‍ എന്ന് പറയും. അത് ഏതാണ്ട് 8 കി.മീ ദൂരം പൈന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെയുള്ള നടത്തമാണ്. യാത്രയുടെ സ്വഭാവം തിരിച്ചറിയാനത് സഹായകമായി. സംഘത്തിലാകെ 50 പേരുണ്ട്. 35 പുരുഷന്മാരും 15 സ്ത്രീകളും, പൂര്‍ണ മലയാളിയായി ഞാന്‍ മാത്രം. മറുനാടന്‍ മലയാളികളായ രാജേഷ്, ശേഖര്‍ എന്നിവരും ഉണ്ട്. അന്ന് രാത്രി ബേസ് ക്യാമ്പില്‍ വെച്ച് നടന്ന ക്യാമ്പ് ഫയറില്‍ ഓരോരുത്തരും അവരുടെ പ്രദേശത്തെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടര്‍ അനില്‍ പാഥക് യാത്രാ നിര്‍ദ്ദേശങ്ങള്‍ തന്നു. യാത്രക്ക് മുമ്പുള്ള അവസാന പരിശീലനമായിരുന്നു മൂന്നാം ദിവസം. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്തൊരു ദിനമായിരുന്നു അത്. എന്റെ ഈ യാത്ര തന്നെ അവസാനിക്കേണ്ട ദിനം!
പരിസര നിരീക്ഷണവും പഹാഡികള്‍ എന്ന മലമ്പ്രദേശത്തുകാരുടെ ജീവിത രീതി പഠിക്കാനുമായി ഞങ്ങളെ പുറത്തുവിട്ടു. മൂന്ന് പേരടങ്ങുന്ന ചെറുഗ്രൂപ്പായിട്ടായിരുന്നു പോയത്. എനിക്ക് പുറമെ ഗുജറാത്തില്‍ നിന്നുള്ള ജിതേന്ദ്ര മക്‌വാന, മഹാരാഷ്ട്രക്കാരി റീത്ത എന്നിവരാണ് എന്റെ സംഘം. വീടുകള്‍ കയറിയുള്ള സന്ദര്‍ശനം, മഞ്ഞുകാലം വരുമ്പോള്‍ ധാന്യങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള രീതിയിലാണ് വീടുകള്‍. ടെറസുള്ള വീടുകളൊന്നുമില്ല. അഞ്ച് കി.മീ ദൂരെയുള്ള മണികരണ്‍ ഞങ്ങള്‍ നടന്നുപോയി. പ്രസിദ്ധമായ ചൂടുനീരുറവയുണ്ടിവിടെ. കൈതൊട്ടാല്‍ പൊള്ളുന്ന ചൂടാണിത്. തോര്‍ത്ത് മുണ്ടിനകത്ത് ഇത്തിരി അരിയിട്ട് ഈ വെള്ളത്തില്‍ അല്‍പനേരം പിടിച്ചാല്‍ ചോറാവും. ഇവിടെയുള്ള സിക്ക് ഗുരുദ്വാരയുടെ ഒരു വശത്തുകൂടെ ഈ ചൂടുറവ ഒഴുകുന്നതിനാല്‍ ഗുരുദ്വാരയുടെ ചുമരിന് കടുത്ത ചൂടായിരുന്നു. മണികരണിലെ കടുത്ത തണുപ്പിന് ദൈവം തന്നെ നല്‍കുന്ന ആശ്വാസം. തൊട്ടടുത്തുള്ള ഹിന്ദു ക്ഷേത്രത്തിന് അരികിലൂടെ പാര്‍വ്വതി നദി ഒഴുകുന്നു. ചൂട് നീരുറവയും പതിക്കുന്നത് പാര്‍വ്വതി നദിയില്‍ തന്നെ. മൂന്ന് മണിയോടെ ചെറിയൊരു വീടിന് മുന്നിലെത്തി. നാട്ടിന്‍ പുറങ്ങളിലെ വീടുപോലെ ചെറിയൊരു പടി കടന്നുവേണം വീടിന്റെ മുറ്റത്തേക്ക് കടക്കാന്‍. ഒരു നായ ഞങ്ങളെ കണ്ട് കുരക്കാന്‍ തുടങ്ങിയതോടെ ഞാനെന്റെ കാല്‍ പിന്‍വലിച്ചു. നായയെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. നായ പിന്‍വാങ്ങുന്നത് കണ്ടപ്പോള്‍ വീണ്ടും പടി ചവിട്ടി അകത്തേക്ക് പ്രവേശിക്കാന്‍ നോക്കിയതും നായ വന്ന് എന്റെ കാലില്‍ കടിച്ചു. സാമാന്യം നന്നായി തന്നെ കടിച്ചു. എന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിവന്ന് നായയെ ഓടിച്ചു. എന്റെ ഇടത്തെ കാലിനാണ് കടിയേറ്റത്. പല്ലുകൊണ്ട് പാന്റ്‌സ് കീറിയിരിക്കുന്നു. ഞാനാകെ ഭയന്നുപോയി. നാളെ യാത്ര തുടങ്ങുകയാണ്. നായകടിച്ച് മുറിവേറ്റ എന്നെ ടീമില്‍ ഉള്‍പ്പെടുത്തില്ല എന്നുറപ്പ്. പരിശീലന ദിവസം തന്നെ 3 പേരെ ഒഴിവാക്കി കഴിഞ്ഞു. ഇപ്പോള്‍ ടീമില്‍ 47 പേരാണുള്ളത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എന്നെ സാന്ത്വനിപ്പിച്ച് ആ വീട്ടുകാരി കടിച്ച പട്ടിയുടെ താടിരോമങ്ങള്‍ ചിലത് പിഴുതെടുത്ത് കല്ലിലിട്ട് കത്തിച്ച് അതില്‍ ഇത്തിരി എണ്ണപുരട്ടി നായ കടിച്ച ഭാഗത്ത് തേച്ചുതന്നു. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് തന്നു. അതുപോരല്ലോ എനിക്ക്. പേ ബാധിക്കുമോയെന്ന ഭയവുമുണ്ട.് ഞങ്ങള്‍ മടങ്ങി കസോള്‍ പ്രദേശത്ത് ഡോക്ടറെ തിരഞ്ഞു, ഒരിടത്തും ഡോക്ടര്‍മാരില്ല, ഫാര്‍മസിസ്റ്റുകളാണ് അവിടെ ചികിത്സ നടത്തുന്നത്. ഡോക്ടറെ കാണണമെങ്കില്‍ 15 കി.മീ ദൂരെ ജെറി ടൗണിലെത്തണം. കസോളിനൊരു പേരുണ്ട് - മിനി ഇസ്രയേല്‍. ടൂറിസ്റ്റുകളില്‍ അധികവും ജൂതന്മാരാണ്. ചൈനയില്‍ നിന്നും തിബറ്റില്‍ നിന്നും പഹാഡികള്‍ വഴി വരുന്ന കഞ്ചാവും ചരസ്സും ഇവിടെ സുലഭമായി ലഭിക്കും. എല്ലാ ലോഡ്ജുകളും റിസോര്‍ട്ടുകളും അത് ലഭ്യമാക്കുന്നു. ഇവരെ ആശ്രയിച്ചുള്ള കച്ചവടമാണിവിടെ. പിന്നെ മണികിരണ്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കുള്ള ഇടത്താവളവും. ജിത്തുവും റീത്തയും എന്റെ കാര്യം ക്യാമ്പില്‍ ആരോടും പറയണ്ട എന്ന് പറഞ്ഞു. പക്ഷേ എനിക്ക് ആകെ ഒരാധി. ഇതെങ്ങാനും പേ ആയാലോ, കോഴിക്കോട് മിംസിലെ പരിചയമുള്ള ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ഉടന്‍ തിരിച്ചുവരണമെന്നായിരുന്നു നിര്‍ദ്ദേശം. ഹിമാലയം എന്ന സ്വപ്‌നം അവിടെ മരിക്കും. ക്യാമ്പിലെത്തിയപ്പോഴേക്കും യാത്രക്കുള്ള പാക്കിംഗ് തുടങ്ങി കഴിഞ്ഞിരുന്നു. ഗൈഡ് ഓംപ്രകാശം എന്ന പഹാഡിയോട് എന്റെ വിഷമം പറഞ്ഞു, അതുമനസ്സിലാക്കി ഓം പ്രകാശ് ജെറി ആശുപത്രിവരെ പോരാന്‍ തയ്യാറായി. രാത്രി ഭക്ഷണശേഷം ഞങ്ങള്‍ ടെന്റില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങി, ജെറിയിലേക്കുള്ള ഒരു ലോറിയില്‍ കയറിപ്പറ്റി ഒരു ആശുപത്രിയിലെത്തി രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടറെ കണ്ടു. അദ്ദേഹം ഇഞ്ചക്ഷന്‍ നല്‍കി. മൂന്നാം ദിവസവും ഏഴാം ദിവസവും പതിനാലാം ദിവസവും ഇനി ഇഞ്ചക്ഷനെടുക്കണം. അത് ഒരു പെട്ടിയിലാക്കി ഐസ് ബോക്‌സിലാക്കി തന്നു. പൊതുവേ തണുപ്പുള്ള പ്രദേശമായതിനാല്‍ പേടിക്കേണ്ടതില്ലെന്നും പറഞ്ഞു. നായകള്‍ ധാരാളമുള്ളതിനാല്‍ അവിടെ ആശുപത്രികളില്‍ ഇത്തരം മരുന്നുകള്‍ ഉണ്ടായിരുന്നു.
വളരെ വൈകിയാണ് ക്യാമ്പിലെത്തിയത്. കാല് വേദനിക്കാനും തുടങ്ങിയിരിക്കുന്നു. പട്ടി കടിച്ചതിനാല്‍ മുറിവായ കെട്ടാന്‍ പാടില്ല, തുറന്നിടണം. നേരം എങ്ങനെയോ വെളുപ്പിച്ചു. പിറ്റേദിവസം അതിരാവിലെ പ്രഭാത യോഗക്കിരിക്കുമ്പോള്‍ കാല് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഇന്ന് ഞങ്ങള്‍ യാത്ര തുടങ്ങുകയായി- എന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര. 13800 അടി ഉയരമുള്ള സാര്‍പാസ് എന്ന പോയന്റ് കടന്ന് ഹിമാലയത്തിലെ ഒരു ഭാഗത്തുകൂടെ നടന്നുകയറാനുള്ള പുറപ്പാട്. 7 ദിവസം നടന്ന് കയറണം. എഴാം ദിവസം തിരിച്ച് ക്യാമ്പിലെത്തും.
47 പേരടങ്ങുന്ന യാത്രാ സംഘം ഒരു വാഹനത്തിലാണ് പുറപ്പെട്ടത്. ഒരു പോയന്റ് വരെ ബസ് യാത്രയാണ്. എന്റെ യാത്ര അപകടത്തിലേക്കാണോയെന്ന് ഞാന്‍ ഭയപ്പെട്ടു. കാല്‍ നന്നായി വേദനിക്കുന്നു. റീത്ത ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ അനിയത്തി നൈനയും യാത്രാ സംഘത്തിലുണ്ട്. 8 കി.മീ ദൂരമാണ് ബസ് യാത്ര. ബസ് ഇറങ്ങി ഞങ്ങളുടെ അടുത്ത ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഗുണപാനി എന്ന ക്യാമ്പാണ് ലക്ഷ്യം. 9 കി.മീ ദൂരമാണ് നടക്കാനുള്ളത്. വലിയ കുന്നായിരുന്നില്ല, പക്ഷേ എന്റെ വേദനിക്കുന്ന കാലുകൊണ്ടുള്ള യാത്ര ദുഷ്‌കരമായിരുന്നു. തീരുമാനം തെറ്റിപ്പോയോ എന്ന് ഇടക്കിടെ ഓര്‍ത്തുപോകും. വഴിയിലൊരിടത്ത് വെച്ച് കൈയില്‍ കരുതിയിരുന്ന ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം വീണ്ടും നടത്തം. വൈകുന്നേരം 4 മണിയോടെ ഗുണപാനിയിലെത്തി. 7700 അടി ഉയരത്തിലാണ് ആ സുന്ദരന്‍ ഗ്രാമം. വളരെ കുറഞ്ഞ ജനവാസമുള്ള പ്രദേശം. നല്ല തണുപ്പുണ്ട്. ക്യാമ്പില്‍ ഞങ്ങള്‍ക്ക് ഭക്ഷണവുമുണ്ട്. എത്തിയപാടെ ടെന്റിലെത്തി പ്രാര്‍ത്ഥനക്ക് ശേഷം കിടന്നു. രാത്രിയിലുള്ള ക്യാമ്പ് ഫയറില്‍ ഞങ്ങളുടെ ഗ്രൂപ്പ് ഹിന്ദി ഗാനമാണ് ആലപിച്ചത്. ഹിന്ദിപാട്ടുകള്‍ റീത്ത പറഞ്ഞുതരും. ഞാനത് പാടും. മൂക്കില്ലാത്തവര്‍ക്കിടയിലെ മുറിമൂക്കന്‍ രാജാവ്, കാല് വേദനയുമായി ഞാന്‍ താദാത്മ്യം പ്രാപിച്ചു വന്നിരുന്നു. സംഘത്തിലെ മൂന്ന് പേര്‍ യാത്ര ഇവിടെ അവസാനിപ്പിച്ചു. ഒരുമിച്ചു വന്നവരാണിവര്‍. ഒരാള്‍ക്ക് ഇത്തിരി ശ്വാസതടസ്സം വന്നതാണ് പ്രശ്‌നമായത്. രണ്ടാമത്തെ ദിവസത്തെ പ്രഭാതം വല്ലാത്തൊരു ഉന്മേഷം തന്നു.
പാര്‍വ്വതി താഴ്‌വരയുടെ മനോഹാരിത മുഴുവന്‍ നിറഞ്ഞ കാഴ്ചകള്‍. പൈന്‍, ഫിര്‍മരങ്ങള്‍ സൂര്യകിരണങ്ങളേറ്റു കിടക്കുന്ന കാഴ്ച, വഴി ഭക്ഷണവും ഭാണ്ഡവും പേറി അടുത്ത ഫയര്‍ ക്യാമ്പ് ലക്ഷ്യമിട്ട യാത്ര തുടങ്ങി. അടുത്ത പോയന്റ് ഫോള്‍പാനിയാണ്, ഒന്‍പത് കി.മീ ദൂരം അവിടേക്കുണ്ട്. ഞങ്ങളിപ്പോള്‍ 44 പേരാണുള്ളത്. ഭാണ്ഡത്തിന്റെ ഭാരം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തണുപ്പ് കാരണം കാല്‍വേദന ഒരു മരവിപ്പുപോലെയായി. ഇന്ന് പട്ടി കടിച്ചിട്ട് മൂന്നാംദിവസം. ഇഞ്ചക്ഷനെടുക്കണം. ഇടക്കിടെ കാട്ടാറുകള്‍ ഉള്ളതിനാല്‍ വിശ്രമിക്കാനും ദാഹമകറ്റാനും സാധിച്ചിരുന്നു. വെള്ളത്തിന് ഐസിനേക്കാള്‍ തണുപ്പായിരുന്നു. ക്യാമ്പിലെ നിര്‍ദ്ദേശമായിരുന്നു ഇടക്ക് വെള്ളം നന്നായി കുടിക്കണമെന്നത്. ചെറിയ കയറ്റങ്ങള്‍ ഞങ്ങള്‍ കയറുന്നുണ്ടായിരുന്നു. യാത്രാ സംഘങ്ങളെല്ലാം ഇപ്പോള്‍ സൗഹൃദത്തിലാണ്. കൂടുതല്‍ പേരും യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക സ്വദേശികള്‍. വൈകീട്ട് നാലോടെ ഫോള്‍പാനയെത്തി. 9300 അടി ഉയരത്തിലാണ് ക്യാമ്പ്. മഞ്ഞ് മൂടിയ മലകള്‍ ദൂരെ കാണുന്നു. ചുറ്റും പൈന്‍ വൃക്ഷങ്ങളുടെ കാട്, കുതിരകളുടെ മേച്ചില്‍ പുറങ്ങള്‍. ഇവിടത്തുകാരുടെ യാത്രാമാര്‍ഗമാണ് കുതിര. പാര്‍വ്വതി നദി താഴെ ഒഴുകുന്ന ശബ്ദം കേള്‍ക്കാം. ഏതൊരാളും ഇഷ്ടപ്പെട്ടുപോകും ഫോള്‍പാനിയെ. എന്റെ കാലിലെ വേദന ഞാന്‍ മറന്നു കഴിഞ്ഞിരുന്നു. കൂടെയുള്ള ഡോ. ബാലാജി ഇഞ്ചക്ഷനെടുത്തു തന്നു. മറ്റുള്ളവര്‍ അപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഡോക്ടറും കുറ്റപ്പെടുത്തി. ഇത്ര റിസ്‌ക് വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞു. അന്ന് രാത്രി ക്യാമ്പ് ഫയറില്‍ ഡോക്ടര്‍ ഈ വിവരം പുറത്ത് വിട്ടു. അന്നും ഞങ്ങള്‍ പാടി, നൃത്തം ചെയ്തു, തമാശകള്‍ ആസ്വദിച്ചു. രാത്രിയില്‍ സംഘത്തിലെ ഒരാള്‍ക്ക് ദേഹാസ്വസ്ഥമുണ്ടായി, മടങ്ങിയേപറ്റൂ. ഞങ്ങളദ്ദേഹത്തെ ആശ്വസിപ്പിച്ചു. നാളെ മുതല്‍ അതിദുര്‍ഘടപാത തുടങ്ങുകയായി. കുത്തനെയുള്ള കയറ്റങ്ങളാണ്. മഞ്ഞിലൂടെയുള്ള യാത്രതുടങ്ങും. ക്യാമ്പ് ലീഡറുടെ നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം കേട്ടിരുന്നു. യാത്രാസംഘം 43 പേരായി ചുരുങ്ങി - 29 ആണും 14 പെണ്ണും. ഇനി വഴിയില്‍ വെച്ച് മടങ്ങാനാവില്ല. ക്ഷീണം തോന്നുന്നവര്‍ ഇടക്ക് വിശ്രമിച്ച് യാത്ര തുടരണം. ഇവിടം മുതല്‍ യാത്രക്ക് 2 പേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നു. 2 നായകള്‍. മഞ്ഞിലൂടെയുള്ള യാത്രയില്‍ നായകള്‍ നമ്മുടെ സുഹൃത്തുക്കളാണ്. നായ കടിയേറ്റ ഞാന്‍ അല്‍പം ഭയപ്പാടോടെയാണെങ്കിലും ആ കൂട്ട് അംഗീകരിച്ചു. ഇന്നത്തെ യാത്ര 12 കി.മീ ദൂരമാണ്. യാത്രയുടെ ആദ്യമണിക്കൂറില്‍ തന്നെ പ്രയാസങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. ഓക്‌സിജന്‍ അളവ് കുറയുന്നത് മൂലം വല്ലാതെ തളരുന്നു. അന്തരീക്ഷ ഊഷ്മാവ് വല്ലാതെ കുറഞ്ഞിട്ടുണ്ട്. രണ്ട് ജീന്‍സ് ഒരുമിച്ച് ധരിച്ചിട്ടും തണുപ്പ് തൊലിപ്പുറത്ത് സ്പര്‍ശിക്കുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങള്‍. മരങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി, മഞ്ഞിലേക്ക് കയറിയതോടെ യാത്രയുടെ താളം തെറ്റി. സൂക്ഷിച്ചില്ലെങ്കില്‍ വീഴുമെന്നായി. ഞങ്ങള്‍ക്ക് വഴികാട്ടിയായുള്ള പഹാഡികള്‍ ഇടക്കിടെ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടിരുന്നു. എത്ര തവണ വീണുവെന്ന് ഓര്‍മയില്ല. അതൊരു സ്ഥിരം കാഴ്ചയായിരുന്നു. നല്ല ട്രക്കിംഗ് ഷൂ തന്നെയാണ് ധരിച്ചിരുന്നത്. പക്ഷേ, മഞ്ഞില്‍ നടന്ന് പരിചയമില്ലാത്തതിനാല്‍ വീഴ്ച ഒരു സ്ഥിരം കാഴ്ചയായി. സൂര്യന്‍ തലക്ക് മുകളിലെത്തുമ്പോള്‍ മഞ്ഞ് മെല്ലെ ഉരുകുന്നു. അതുണ്ടാക്കുന്ന വഴുക്കലാണ് പ്രശ്‌നം. ഇടക്ക് വലിയൊരു ഫിര്‍ മരച്ചുവട്ടില്‍ ഉച്ച വിശ്രമം. മരച്ചില്ലകളില്‍ മുഴുവന്‍ മഞ്ഞ് പൂക്കളൊരുക്കിയിരിക്കുന്നു. മരവിച്ച ചപ്പാത്തിയും ചന (കടല) കറിയും. വെള്ളം കുടിക്കാനേ തോന്നുന്നില്ല. പഹാഡികളുടെ നിര്‍ബന്ധത്തിന് വഴങ്ങി കുടിക്കുന്നു. നായകള്‍ക്കുമുണ്ട് ഭക്ഷണ വിഹിതം. ജിര്‍മി ഫയര്‍ ക്യാമ്പില്‍ എത്തിയപ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. 15200 അടി ഉയരത്തിലാണ് നമ്മളെന്നറിയിച്ചപ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നി. റീത്ത നിശബ്ദയായത് പോലെ തോന്നി. പാവം നടക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നു. ജിത്തു ഉത്സാഹത്തിലാണ്, രഹസ്യമായി കൊണ്ടുവന്ന സിഗരറ്റുകള്‍ പുകയ്ക്കുകയാണവന്‍. തണുപ്പ് അസ്ഥിക്ക് പിടിക്കുന്ന അവസ്ഥ. മൈനസ് 20 ലാണ് തണുപ്പെന്ന് ജിര്‍മി ക്യാമ്പ് ലീഡര്‍ അവിനാശ് വാഗ്‌ഡെ പറഞ്ഞു. ജിര്‍മി വല്ലാത്തൊരു ലോകമാണ്, ആരും ഇഷ്ടപ്പെടുന്ന സ്വര്‍ഗഭൂമി. ടെന്റിന്റെ മുകളിലെല്ലാം ഐസ് കൊണ്ട് ഓട് മേഞ്ഞിരുന്നതുപോലെ രാത്രിയിലെ ക്യാമ്പ് ഫയര്‍ ടെന്റിനകത്താക്കി. തണുപ്പില്‍ പാട്ടൊന്നും പാടാന്‍ പറ്റാത്ത അവസ്ഥ. എല്ലാവരും പുതപ്പുകളില്‍ ചുരുണ്ടാണ് ഇരിക്കുന്നത്. നിക്കാഹ് എന്ന സിനിമയിലെ ദില്‍കെ അര്‍മാന്‍... എന്ന സല്‍മാ ആഗയുടെ ഗാനം റീത്ത എഴുതി തന്നിരുന്നു. തണുപ്പുകാരണം പാടാന്‍ കഴിയുന്നില്ല. എല്ലാവരും ശരിക്കും തളര്‍ന്നിരുന്നു. ചപ്പാത്തിയും ബാജിയും കഴിച്ച് ഉറങ്ങാന്‍ കിടന്നു. തണുപ്പ് നാലുഭാഗത്ത് നിന്നും വരിഞ്ഞു മുറുക്കുന്നു. ജിത്തുവിന്റെ പുതപ്പിനുള്ളിലേക്ക് കയറി ചൂട് പറ്റിക്കിടന്നു. രാത്രിയിലെപ്പോഴോ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഞാന്‍ വന്നുവീണത് വലിയൊരു കുഴിയിലേക്കാണ്. വഴുതിപ്പോയതാണ്. രാത്രി പെയ്തുവീണ മഞ്ഞില്‍ ടെന്റിന്റെ പുറമാകെ മഞ്ഞ് കുമിഞ്ഞു നിന്നിരുന്നു. അതിനപ്പുറത്തേക്ക് നടന്നതാണ് വിനയായത്. ആ വീഴ്ചയില്‍ തന്നെ കാര്യം സാധിച്ചു എന്നുതോന്നുന്നു. പിന്നീട് മൂത്രമൊഴിക്കുകയുണ്ടായിട്ടില്ല. തിരിച്ച് കയറിവന്ന് പുതപ്പിനടിയിലേക്ക് തന്നെ നുഴഞ്ഞുകയറിക്കിടന്നു.
നാലാം ക്യാമ്പ് ടിലോലോട്ടിനി ആയിരുന്നു. ക്ലേശകരമായ 8 കിലോമീറ്റര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പലരും ശരീരഭാഗങ്ങള്‍ പൊട്ടിതുടങ്ങിയിരിക്കുന്നു. പലര്‍ക്കും നടക്കാന്‍ വയ്യാത്ത അവസ്ഥ, തണുപ്പ് അസഹനീയമായി പലരെയും ബാധിച്ചിരുന്നു. ഹിമാലയം ഗൈഡുകള്‍ തലച്ചുമടായി കൊണ്ടുവന്ന വിറകുപയോഗിച്ച് അത്യാവശ്യം ഭക്ഷണം ഞങ്ങള്‍ ഒരുക്കി. വീണ്ടും മറ്റൊരു ദിവസത്തെ യാത്രക്ക് ഉണരേണ്ടതുള്ളതുകൊണ്ട് ക്യാമ്പ് ഫയറിന്റെ ദൈര്‍ഘ്യം കുറച്ചു.
അഞ്ചാംദിന യാത്രയാണ് ഞങ്ങളുടെ യാത്രയിലെ പ്രധാനഭാഗം. ഞങ്ങളിന്ന് ഏറ്റവും ഉന്നതമായ സാര്‍പാസ് കുറുകെ കടക്കാന്‍ പോവുകയാണ്. 13800 അടി ഉയരത്തിലാണ് സാര്‍പാസ് കിടക്കുന്നത്. സൂര്യനുദിക്കും മുമ്പ് യാത്ര തുടങ്ങണം. ഇനിയുള്ള രണ്ട് ദിവസം യാത്രക്കുള്ള ഭക്ഷണം ഞങ്ങള്‍ കരുതണം. ടെന്റിനുള്ള ഉപകരണങ്ങളും ഞങ്ങള്‍ ചുമക്കണം. പുഴുങ്ങിയ ചനയും ഉണങ്ങിയ ചപ്പാത്തിയും കുറെ ചോക്‌ലേറ്റും ചെറുപ്പകാലത്ത് ഒരുപാട് കഴിച്ചിരുന്ന നാരങ്ങാ മിഠായിയും തന്നത് ബാഗിനകത്ത് കരുതി. പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടാനിരുന്നപ്പോഴാണ് ശക്തമായ മഞ്ഞുമഴ, ഇത്തരമൊരു മഴ ജീവിതത്തിലാദ്യമായി കാണുകയാണ്. വലിയ മഞ്ഞുകട്ടകള്‍ വര്‍ഷിക്കുന്നു. തണുത്ത് മരവിക്കുന്നു, ആര്‍ക്കും ടെന്റ് വിട്ട് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. എന്തോ വലിയൊരപകടം മണക്കുന്നതുപോലെ. പഹാഡികള്‍ കാത്തിരിപ്പിലാണ് മഴയടങ്ങാന്‍, ശക്തമായ കാറ്റുകൂടിയായതോടെ കൊണ്ടുവന്നിരുന്ന 3 ജീന്‍സുകളും ഒരുമിച്ച് ധരിച്ചു. മൂന്ന് ടീഷര്‍ട്ടും കയ്യുറകളും സോക്‌സും, തലമുഴുവന്‍ മറക്കുന്ന ക്യാപ്പും ഗ്ലാസും ശരീരത്തില്‍ ഫിറ്റാക്കി. മഴയൊന്ന് ശമിച്ചതോടെ പുലര്‍ച്ചെ 6 മണിയോടെ യാത്രക്കൊരുങ്ങി. ഈ ട്രക്കിംഗില്‍ ഒരുമിച്ച് വരിവരിയായി നടക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കിട്ടിയിരുന്നു. റീത്തക്ക് നടക്കാന്‍ തീരെ വയ്യാതായിട്ടുണ്ട്. കാല്‍ വല്ലാതെ വേദനിക്കുന്നുണ്ട്. നായ കടിച്ച എന്റെ കാലിന്റെ ഭാഗം എന്തായോ ആവോ, മൂന്ന് ജീന്‍സുകള്‍ക്കിടയില്‍ അവനുണ്ടാക്കുന്ന വേദനയറിയുന്നില്ല. ബിസ്‌കേരി ക്യാമ്പാണ് ലക്ഷ്യം. 14 കി.മീ നടക്കാനുണ്ട്. ഇതില്‍ കുറച്ചുഭാഗം സ്ലൈഡിംഗാണ്, അഥവാ മഞ്ഞിലൂടെ കിടന്നുകൊണ്ടുള്ള ഇറക്കം. ചെങ്കുത്തായ ഭാഗമാണ്, വളരെ സൂക്ഷിക്കണം. മിനുട്ടുകള്‍ കൊണ്ട് മൂന്ന് നാല് കിലോമീറ്റര്‍ ദൂരം ഇറങ്ങും. സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടം പതിയിരിക്കുന്നയിടം.
റീത്തയെ ഞാനും ജിത്തും നൈനയും ചേര്‍ന്ന് യാത്രക്കൊരുക്കി. അവള്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്‌നമെന്ന് പഹാഡികളും ഡോക്ടറും പറഞ്ഞു. രക്തയോട്ടം കുറയുന്നതാണ് പ്രശ്‌നമായത്. ഞങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി അരമണിക്കൂറിനകം വീണ്ടും മഴ പെയ്യാനാരംഭിച്ചു. ശക്തമായ കാറ്റും. ഒരടി മുന്നോട്ട് നീങ്ങാനാവുന്നില്ല. പഹാഡികള്‍ പോലും വല്ലാതെ ഭയപ്പെടുന്നത് പോലെ. അടുത്ത കാലത്തൊന്നും ഈ സമയങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടില്ലപോലും. ഇനി മുന്നോട്ടല്ലാതെ തിരിച്ചുപോവാനാവില്ല. മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ നടക്കുന്ന പഹാഡികള്‍ ഐസ് ആക്‌സ് കൊണ്ട് മുന്നില്‍ വഴിവെട്ടി കയറുന്നു. പിന്നില്‍ ഓരോരുത്തരായി മെല്ലെ നീങ്ങുന്നു. വായു വളരെ നേര്‍ത്ത് വരുന്നു. ഇടക്ക് ആര്‍ക്കോ ശ്വാസം കിട്ടാതെ പിടയുന്നു. പഹാഡികള്‍ ഓടിവന്ന് വായകള്‍ ചേര്‍ത്ത് വെച്ച് ശ്വാസം നല്‍കി. ഈ യാത്രയില്‍ ഞങ്ങള്‍ക്ക് നല്‍കിയ മറ്റൊരു മുന്നറിയിപ്പായിരുന്നു അത്. ശ്വാസം കിട്ടാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. രണ്ടു തവണ ഞാനും ആ അപകടം നേരിട്ടു. ശരീരം ഒരുവശത്തേക്ക് വളയുകയാണ് ചെയ്യുക. ഉള്ളിലേക്ക് പോയ ശ്വാസം തിരിച്ചുവരാത്തത് പോലെ. ജിത്തു എനിക്ക് ശ്വാസം നല്‍കി. കനത്ത മഴയും മഞ്ഞ് വീഴ്ചയും കാറ്റും മുന്നിലുള്ള കാഴ്ച മറച്ചിരുന്നു. പ്രാര്‍ഥനയോടെയായിരുന്നു ഓരോരുത്തരും ഓരോ ചുവടും വെച്ചിരുന്നത്. കൈയിലുള്ള വടികൊണ്ട് കുത്തിയുള്ള കയറ്റം, ചില കിടങ്ങുകള്‍ കാണാതെ പോകും, കിടങ്ങിന്റെ വായ്ഭാഗം മഞ്ഞ് വീണിട്ടുണ്ടാകും, ഞാനതിലൊന്നില്‍ വീണു, റീത്തയുടെ നടത്തം സാവധാനമായതിനാല്‍ ഏറ്റവും പിറകിലാണ് ഞങ്ങള്‍ 4 പേര്‍. കുഴിയില്‍ അരയോളം ഞാന്‍ താണുപോയി. ഞങ്ങള്‍ക്ക് പിറകിലായിരുന്ന നായയുടെ ഉച്ചത്തിലുള്ള കുര കേട്ടാണ് ബാക്കിയുള്ളവര്‍ കാര്യമറിഞ്ഞത്. ഓം പ്രകാശം വന്ന് മഞ്ഞ് നീക്കി കയറി വരാന്‍ വഴിയുണ്ടാക്കി തന്നു. ഒരു നായ എന്റ യാത്രക്ക് തടസ്സമായിരുന്നെങ്കില്‍ മറ്റൊന്ന് എനിക്ക് സഹായിയായി.
കൃത്യം 12.55 ന് ഞങ്ങള്‍ ഏറ്റവും ഉന്നതിയില്‍ എത്തി (2009 മെയ് 5). 13800 അടി ഉയരത്തില്‍ ദൈവത്തോട് സ്തുതി പറയാന്‍ ഒന്ന് സുജൂദ് (സാഷ്ടാംഗം) ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ആരും അത്തരമൊരു അവസ്ഥയിലായിരുന്നില്ല. വിശ്രമിക്കാന്‍ പോലും കാലാവസ്ഥ അനുവദിക്കുന്നില്ലായിരുന്നു. ഇടിയും മിന്നലും മഞ്ഞുവീഴ്ചയും കാറ്റും ഞങ്ങളെ നിര്‍ജ്ജീവമാക്കിയിരുന്നു.
റീത്തയുടെ കാര്യം തീര്‍ത്തും മോശമായിത്തുടങ്ങി. ആ കാല് ഇനിയവള്‍ക്ക് ഉപകരിക്കില്ലെന്ന് ഉറപ്പായി, മുറിച്ച് കളയേണ്ടിവരുമെന്ന് ഓം പ്രകാശ് എന്നോട് പറയുന്നുണ്ടായിരുന്നു. അവളിരുന്ന് പ്രയാസപ്പെടുന്നത് കണ്ട നൈന കരയുന്നു. മെല്ലെ യാത്രാ സംഘം ഹിമാലയത്തിന്റെ ചൈനാ - തിബത്ത് അതിര്‍ത്തി ഭാഗം കണ്ട് താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. കാല്‍മുട്ടോളം മഞ്ഞിലൂടെയുള്ള യാത്ര അതീവ ദുര്‍ഘടമായിരുന്നു. ബിസ്‌കരിയിലെത്താന്‍ കിലോമീറ്ററുകളോളം ഇറങ്ങാനുണ്ട്, റീത്തയെ ഞാനും ജിത്തുവും ചേര്‍ന്ന് താങ്ങി നടത്തുന്നു. സ്ലൈഡിങ്ങാണ് ഇനി. 4 കിലോമീറ്ററോളം താഴേക്ക് ഊര്‍ന്നിറങ്ങണം പരിശീലനവേളയില്‍ അതെങ്ങനെയാണെന്ന് പറഞ്ഞ് തന്നിരുന്നുവെങ്കിലും അതിന്റെ സമയമടുത്തപ്പോള്‍ ശരിക്കും ആശങ്കതോന്നി. കൈയിലുള്ള ബാഗ് തലക്ക് തലയിണ പോലെ തോളില്‍ നിന്ന് വിട്ടുപോവാതെ വെച്ച്, നടക്കാനുപയോഗിക്കുന്ന വടി അതിനിടയിലൂടെ വെച്ച് കൈകള്‍ രണ്ടും വടിയില്‍ പിടിച്ച്, കാല്‍ രണ്ടും ചേര്‍ത്ത് താഴേക്ക് പിടുത്തം വിട്ടുള്ള ഒരു പോക്ക്. ഓരോരുത്തരായി സ്ലൈഡ് ചെയ്യാന്‍ തുടങ്ങി. താഴെ എവിടെയാണെത്തുന്നതെന്ന് കാണാനാവുന്നില്ല. റീത്തയെ എങ്ങനെ ഇറക്കുമെന്നത് പ്രശ്‌നമായി. മറ്റൊരാള്‍ നെഞ്ചില്‍ കിടത്തി ഇറക്കണം. ജിത്തുവും ഞാനും റെഡിയായിരുന്നു. അവള്‍ക്ക് സ്വയം ഇറങ്ങണമെന്ന വാശി. പഹാഡിയുടെ നിര്‍ബന്ധ ശാസനയോടെ എന്റെ കൂടെ സ്ലൈഡ് ചെയ്യാമെന്നായി. അതിനായി അവളെന്റെയടുത്തേക്ക് നീങ്ങുന്നു. ഒരു കാല്‍ അനക്കാനാവാത്തതിനാല്‍ ഹിമാലയത്തെ പിന്‍ഭാഗമാക്കി തിരിയാന്‍ പഹാഡി ആവശ്യപ്പെട്ടു. അവള്‍ തിരിച്ച് മുന്‍ഭാഗമാക്കി തിരിഞ്ഞതും കാല്‍തെറ്റി തലകീഴായി വീണു താഴോട്ട് ഒഴുകിപ്പോയി. ആ പോക്കില്‍ അവളെന്റെ നേര്‍ക്ക് കൈ നീട്ടിയത് ഞാന്‍ കണ്ടതാണ്, എനിക്കവളെ പിടിക്കാനായില്ല. പിന്നാലെ തന്നെ ഞാനും ജിത്തുവും സ്ലൈഡ് ചെയ്ത് ഇറങ്ങി. കനത്ത മഞ്ഞുകൊണ്ട് ഒന്നും കാണുന്നില്ലെങ്കിലും വഴിയിലെവിടെയോ റീത്തയുടെ ചുവന്നകോട്ട് കണ്ടതുപോലെ. എനിക്ക് എത്തിപിടിക്കുന്നതിനപ്പുറത്തായിരുന്നു അത്. ജിത്തുവിന്റെ കൈകളിലും റീത്തപെട്ടില്ല. വളരെ താഴെ ഞങ്ങള്‍ വന്ന് പതിച്ചു. അലറി വിളിക്കുകയായിരുന്നു ഞാന്‍, റീത്തയെത്തിയിട്ടില്ല, അവള്‍ വഴിയിലുണ്ട്, തിരിച്ച് കയറാനാവുന്നില്ല. ഞങ്ങള്‍ക്ക് പിറകെ മറ്റുള്ളവരും എത്തി, പിറകെ വന്ന പഹാഡിയാണ് റിത്തയെ വലിച്ച് താഴോട്ട് വിട്ടത്, തല മഞ്ഞിനടയില്‍ പെട്ട് കുറേനേരം റീത്ത കിടന്നിരുന്നു. അവള്‍ക്ക് ബോധമുണ്ടായിരുന്നില്ല. മറ്റൊരു യാത്രികനായ ഹരീഷ്‌മേത്തയും ഭാര്യ വിജയമേത്തയും ഒരുമിച്ചാണ് സ്ലൈഡ് ചെയ്തത്, നിര്‍ഭാഗ്യവശാല്‍ വിജയാമേത്തയെ വഴിയില്‍ നഷ്ടമായി. അവരെ തിരഞ്ഞ് പിടിച്ച് താഴെ എത്തിച്ചപ്പോഴേക്കും വൈകിയിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടുപേരെയും താങ്ങിയെടുത്ത് ഞങ്ങള്‍ നടന്നു. അടുത്ത സ്ലൈഡിംഗ് പോയന്റില്‍ എനിക്കും ജിത്തുവിനുമിടക്ക് കൈകളില്‍ കിടത്തി റീത്തയെ മെല്ലെ സ്ലൈഡ് ചെയ്ത് താഴെ എത്തിച്ചു. പിന്നെയും കുറെകൂടി താഴെ എത്തണമായിരുന്നു ക്യാമ്പിലെത്താന്‍. അപ്പോഴേക്ക് മഴയും മഞ്ഞുവീഴ്ചയും ശമിച്ചിരുന്നു. മെല്ലെ മുന്നിലുള്ള വഴികള്‍ തെളിയുന്നുണ്ടായിരുന്നു. മാറി മാറി താങ്ങി ഞങ്ങളും റീത്തയും വിജയാമേത്തയും ബിസ്‌കേരി ക്യാമ്പിലെത്തിയപ്പോള്‍ രാത്രിക്ക് അധിക സമയമില്ലായിരുന്നു. എല്ലാവരും മരണതുല്യമായ അവസ്ഥയായിരുന്നു. ടെന്റ് കെട്ടി രണ്ടുപേരെയും അതിനകത്തായി ചൂട് കൊടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സ്ത്രീകള്‍ മാത്രം ടെന്റിനകത്ത് കയറി ശരീരഭാഗങ്ങള്‍ ഉഴിഞ്ഞ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവതും ശ്രമിച്ചു. രാത്രി 8 മണിയോടെ റീത്ത ഞങ്ങളെ വിട്ടുപോയി. പിന്നെ വിജയാമേത്തയും. ഡോക്ടര്‍ ബാലാഡി അത് സ്ഥിരീകരിച്ചതോടെ ഞങ്ങളുടെ യാത്ര ദുരന്തപൂര്‍ണ്ണമായി. ബേസ്‌ക്യാമ്പില്‍ വിവരമറിയിച്ചെങ്കിലും ഹെലികോപ്ടറിന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഞങ്ങളിപ്പോഴും 11000 അടി ഉയരത്തിലാണ്. ഇനി രണ്ട് ക്യാമ്പ് കൂടി പിന്നിടണം. മിനി സ്വിറ്റ്‌സര്‍ലാണ്ട് എന്നറിയപ്പെടുന്ന ബന്‍ഡക് താച്ച് ക്യാമ്പിലേക്ക് 12 കി.മീ ദൂരമുണ്ട്. പിന്നെ ബര്‍ഷാണി ക്യാമ്പ.് അതു കഴിഞ്ഞേ ബേസ് ക്യാമ്പിലേക്ക് മടങ്ങിയെത്താനാവൂ. തളര്‍ച്ചയും വിശപ്പും അതികഠിനമായ തണുപ്പും ഞങ്ങളെ മിണ്ടാപരുവമാക്കിയിരുന്നു. റീത്തയുടെ മരണം എല്ലാവരെയും നിശ്ശബ്ദരാക്കി. അവളുടെ അനിയത്തിയുടെ കരച്ചില്‍ ആ രാത്രിയില്‍ ഞങ്ങളെയാരെയും ഉറക്കിയില്ല. ബിസ്‌കരിയില്‍ വെച്ച് പാടാനായി റീത്ത പഠിപ്പിച്ച ദില്‍കെ അര്‍മാന്‍ എന്ന ഗാനം അകലെ എവിടെയോ അലയടിക്കുന്നതുപോലെ തോന്നി. ബാഗിനകത്ത് കൈയിട്ട് കിട്ടിയതെന്തോക്കെയോ ഭക്ഷിച്ച് ഉറക്കമില്ലാതെ കിടന്നു.
നേരം പുലര്‍ന്നതോടെ പഹാഡികള്‍ ശേഖരിച്ച മരപ്പലകകളില്‍ രണ്ടുപേരുടെയും ബോഡികള്‍ കെട്ടിവെച്ച് ഞങ്ങള്‍ ഹിമാലയത്തിന്റെ താഴോട്ട് കുനിഞ്ഞ ശിരസ്സുകളോടെ ഇറങ്ങി. ബെന്‍ഡക് താച്ച് എന്ന ക്യാമ്പിലെത്തുവോളം ഞങ്ങള്‍ നിശബ്ദരായിരുന്നു. കാലാവസ്ഥ പാടെ മാറി, തെളിഞ്ഞ ആകാശവും, കാറ്റും മഴയും മഞ്ഞുവീഴ്ചയും തീരെയില്ല. എന്തിനായിരുന്നു അവയൊക്ക ഇന്നലെയെത്തിയത്.! റീത്തയെയും വിജയയെയും കൊണ്ടുപോകാനാണോ? ഞങ്ങള്‍ കടന്നുപോകുന്ന വഴി ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വഴിയാണെന്ന് അറിയാമായിരുന്നെങ്കിലും ആസ്വദിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. ബന്‍ഡക് താച്ചില്‍ ഞങ്ങള്‍ തങ്ങിയെങ്കിലും ആര്‍ക്കും ഉത്സാഹമില്ലായിരുന്നു. രണ്ടുപേരുടെയും ബോഡി അവിടെ നിര്‍ത്തിയില്ല, ബേസ് ക്യാമ്പിലേക്ക് എടുത്തു നൈനയും ഹരീഷും അവരുടെ കൂടെ ഇറങ്ങി. ബര്‍ഷാണി ഒഴിവാക്കി ഞങ്ങള്‍ നേരിട്ട് ബേസ് ക്യാമ്പിലേക്ക് തിരിച്ചു. ക്യാമ്പിലെത്തിയപ്പോഴേക്കും ബോഡികള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. കുറെ പത്രക്കാരെ ക്യാമ്പില്‍ കണ്ടു. പൊതുതിരഞ്ഞെടുപ്പ് കാലമായതിനാല്‍ പല ദേശീയനേതാക്കളും ഹിമാചല്‍പ്രദേശം ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു യോഗങ്ങളിലുമുണ്ടായിരുന്നു. അതില്‍ കേരളത്തിലെ ചില നേതാക്കളുമുണ്ട്. കുറെ മലയാള പത്രക്കാരും. മൂന്ന് മലയാളികളേ ആ ട്രിപ്പിലുണ്ടായിരുന്നുള്ളൂ എന്നതും അവരുടെ പേരും അവര്‍ സുരക്ഷിതമാണെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. മണാലി-കുളു വിനോദയാത്രക്കിറങ്ങിയ എന്റെ യാത്ര അതോടെ നാടുമറിഞ്ഞു.
ഫോണ്‍വിളിക്ക് മറുപടി പറഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തി. ഓരോരുത്തരും ട്രെയിന്‍ കയറുമ്പോള്‍ ആ യാത്രയും യാത്ര നല്‍കിയ അനുഭവങ്ങളും അവിടെ പെയ്ത മഞ്ഞിനെക്കാള്‍, ഞങ്ങള്‍ കൊണ്ട മഴയെക്കാള്‍, ഞങ്ങളേറ്റ കാറ്റിനേക്കാള്‍ ശക്തമായി മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു. കൂടെ നഷ്ട സൗഹൃദത്തിന്റെ ഓര്‍മ്മകളും.