മാതൃതുല്യമായ സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്കിയ പട്ടാക്കല്‍ ഫാത്തിമ എന്ന പ്രിയപ്പെട്ട മാളു യാത്രയായി. മലപ്പുറം ജില്ലയിലെ കടന്നമണ്ണ പട്ടാക്കൽ മുഹമ്മദ് എന്ന (പട്ടാക്കൽ മൊല്ലാക്ക)യുടെയും ബിയ്യുട്ടിയുടെയും മകളാണ് മാളു. എപ്പോഴും തിരക്കിലായിരുന്നു മാളു, ഒന്നും പറയാതെ ധൃതി പിടിച്ചകന്നുപോയതുപോലെ...
വായനയെ തപസ്യയാക്കിയ മാളു ഹല്ഖയില് ഏത് പുസ്തകം വായിക്കാനെടുക്കുമ്പോഴും അതൊക്കെ നേരത്തെ വായിച്ചിട്ടുണ്ടാവും. പുസ്തക ചര്‍ച്ച വരുമ്പോള്‍ അതിന്റെ കൃത്യമായ അവലോകനവും അവരില്‍നിന്ന് ശ്രവിക്കാന്‍ കഴിയാറുണ്ടായിരുന്നു. അവരുടെ പരന്ന വായനയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ക്ലാസെടുക്കുന്നതിനിടയിലെ മാളുവിന്റെ തിരുത്തലുകള്‍. ഈയിടെയായി കാഴ്ചപ്രശ്നം വായനയെ ചെറുതായെങ്കിലും ബാധിച്ചതിന്റെ പരിഭവവും ഉണ്ടായിരുന്നു.
പ്രസ്ഥാനത്തിന്റെ ഏത് കളക്ഷനിലും മടികൂടാതെയുള്ള സഹകരണം, ഹല്‍ഖ നടത്തുന്ന പരിപാടികള്‍ക്ക് എല്ലാം കൈയയച്ച് ചെലവഴിക്കുന്ന, പ്രസ്ഥാനത്തിന്റെ ഏത് യോഗങ്ങള്‍ക്കും പ്രായത്തിന്റെ പാരവശ്യം മാനിക്കാതെ പങ്കെടുക്കുന്ന, നാസിമത്തിന്റെ കൂടെ സ്ക്വാഡുകള്‍ക്ക് സജീവമാകുന്ന, ഒരു ഒറിജിനല്‍ ജമാഅത്തുകാരി എന്നൊക്കെയാണവരെ വിശേഷിപ്പിക്കാനാവുക. അവരുടെ വിയോഗം പഞ്ചായത്തുപടി യൂണിറ്റിന്റെ എന്നേക്കുമുള്ള തീരാനഷ്ടമാണ്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരറിവിന്റെ കലവറയാണ്; ഞങ്ങളുടെ കൂട്ടത്തിലെ പണ്ഡിതവര്യയെ.
രോഗ സന്ദര്‍ശനം സ്വര്‍ഗത്തിലൊരു ഭവനം ലഭിക്കാനുള്ള കര്‍മമാണെന്ന് നന്നായി മനസ്സിലാക്കിയതിനാലാവും മാളു മിക്ക ദിവസങ്ങളിലും രോഗ സന്ദര്‍ശനം നടത്തിയിരുന്നത്. പരലോകത്തിലേക്കുള്ള അക്കൗണ്ട് കനം കൂട്ടാന്‍ പറ്റുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ച വ്യക്തിത്വം....
ഇതുപോലുള്ള കാര്യങ്ങള്‍ ഇളം തലമുറക്ക് പഠിപ്പിക്കാന്‍ ഇത്തരമാളുകള്‍ അരങ്ങൊഴിയുന്നത് തീരാ നഷ്ടം തന്നെ. ഞങ്ങടെ മാളുവിന് നീ വാഗ്ദാനം ചെയ്ത ആ ഭവനം നല്കി അനുഗ്രഹിക്കണേ...
എണ്‍പതുകളില്‍ സ്ട്രീറ്റ് ലൈറ്റുകളൊന്നും തെളിയാത്ത കാലത്ത്, യാത്രികര്‍ക്കായി ഓലച്ചൂട്ടുകള്‍ കെട്ടി മാളു കാത്തിരിക്കുമായിരുന്നു. ചൂട്ടില്ലാതെ പോന്നാല്‍ പാമ്പിനെ ചവിട്ടൂലേ കുട്ട്യേ..." എന്നു പറഞ്ഞ് പിറ്റേന്ന് നന്നായി ശാസിക്കും. ഈ ഓലച്ചൂട്ടുകളൊക്കെ അവരുടെ ഖബ്റിലേക്ക് വെളിച്ചം വീശുന്ന പ്രകാശമാവട്ടെ. മക്കളെക്കുറിച്ചും കൊച്ചു മക്കളെക്കുറിച്ചുമുള്ള വേവലാതിയാണ് എന്നുമാ മനം നിറയെ....
പ്രവാസിയായിരിക്കെ സുഊദിയില്വെച്ച് അകാലത്തില്‍ മരണമടഞ്ഞ ഭർത്താവ് പരേതനായ അബ്ദുറഹ്മാൻ ആലങ്ങാടന്റെ കണ്ണീരണിഞ്ഞ ഓര്‍മകളുമായി ജീവിതാവസാനം വരെ കഴിച്ചുകൂട്ടിയ മാളുവിന് ഇണയുടെ വേര്‍പാട് നിഴലിക്കാത്ത ഒരു സംസാരവും ഉണ്ടാവാറില്ല. അവരോടുള്ള മവദ്ദത്തും റഹ്മത്തും മരണം വരെ ജീവശ്വാസമായി കൊണ്ടുനടന്ന മാളുവിന് സുഖ സുന്ദരമായ ജീവിതമാസ്വദിക്കാനാവട്ടെ.