ബലി പെരുന്നാളിന്റെ പിറ്റെ ദിവസം അടുക്കളയില്‍ ഉച്ച ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലക്കല്‍ എന്റെ സഹപ്രവര്‍ത്തക,
'ജമീലത്താ... ഒരത്യാവശ്യ കാര്യമുണ്ട്, ഒഴിവുണ്ടാകുമോ?'
'എന്താണെങ്കിലും പറ നമുക്ക് വഴിയുണ്ടാക്കാം' - ഞാന്‍ സമാധാനിപ്പിച്ചു. നമ്മുടെ അടുത്ത പ്രദേശത്തുള്ള വൃദ്ധസദനത്തിലെ ഒരു ഉമ്മ മരണപ്പെട്ടിരിക്കുന്നു.
'അന്യ മതസ്ഥര്‍ നടത്തുന്ന സ്ഥാപനമായതുകൊണ്ട് മയ്യിത്ത് പരിപാലനത്തിന് ആളെ ആവശ്യമുണ്ട്. എത്രയും വേഗം അവിടെയെത്തണം.' അതു കേട്ടപ്പോ പിന്നൊന്നും ആലോചിച്ചില്ല. ഞാനും എന്റെ സഹപ്രവര്‍ത്തക വഹീദയും കൂടി ഇറങ്ങി. 20 മിനിറ്റ് യാത്ര ചെയ്ത് അവിടെ എത്തിയപ്പോഴാണറിയുന്നത്, മയ്യിത്ത് ഹോസ്പിറ്റലില്‍ നിന്നെത്തിയിട്ടില്ല.
വൃദ്ധസദനത്തില്‍ മയ്യിത്ത് പരിപാലനത്തിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് ഖബറടക്കം ചെയ്യുന്ന പള്ളിയിലേക്ക് പോവണം. അനാഥ മയ്യിത്ത് പരിപാലനത്തിനുള്ള സൗകര്യം അവിടെയുണ്ട്.
ആ വൃദ്ധസദനത്തിലെ ഏക മുസ്‌ലിമാണ് ഈ ഉമ്മ. അവര്‍ക്കൊക്കെ ഉമ്മയെ കുറിച്ച് പറയാന്‍ ഒരുപാട് കഥകളുണ്ട്. അഞ്ചാറ് കിലോമീറ്റര്‍ ദൂരമുള്ള പള്ളിയിലേക്ക് പോവാനായി ഞങ്ങള്‍ അവിടെനിന്ന് ഇറങ്ങി. ഞങ്ങളെ കണ്ട പള്ളി ഭാരവാഹികള്‍ പറഞ്ഞു: 'മൂന്ന് മണിക്കൂര്‍ കഴിഞ്ഞേ മയ്യിത്ത് എത്തുകയുള്ളൂ.'
ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. വൃദ്ധ സദനത്തിനടുത്തുള്ള പള്ളിയില്‍നിന്ന്, സേവന സന്നദ്ധരായ രണ്ടു മൂന്നു ചെറുപ്പക്കാരും അവരുടെ ഭാര്യമാരും ഞങ്ങളുടെ കൂടെ വന്നിരുന്നു.
അവര്‍ ഞങ്ങള്‍ക്ക് കുളിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നു. അതിലൊരാളാണ് മയ്യിത്തിനുള്ള കഫന്‍ പുടവക്കും ഖബര്‍ കുഴിക്കാനുമുള്ള എല്ലാ ചെലവുകളും വഹിച്ചത്.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സെത്തി.
ഞങ്ങള്‍ മയ്യിത്ത് കുളിപ്പിക്കാനായി മൃതദേഹം പൊതിഞ്ഞ തുണികള്‍ ഓരോന്നായി അഴിച്ചുമാറ്റി. മുഖം ദൃശ്യമായപ്പോള്‍ മനസ്സൊന്ന് പിടഞ്ഞു. സുന്ദരിയായ ഒരുമ്മ. തലേ ദിവസം പെരുന്നാളിന് കൈകളില്‍ മൈലാഞ്ചിയണിഞ്ഞ് മൊഞ്ചത്തിയായിരിക്കുന്നു. ഇവര്‍ക്ക് മക്കളും ഭര്‍ത്താവുമൊക്കെ ഉണ്ടായിരുന്നുവോ? ചിന്തകള്‍ കണ്ണുനനയിച്ചു.
കൂടെ വന്നവര്‍ പറഞ്ഞു: 'ആലപ്പുഴക്കാരിയാണ്. മെന്റല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ആരോ വൃദ്ധ സദനത്തില്‍ കൊണ്ടുവന്ന് ആക്കിയതാണ്. നന്നായി പാട്ടു പാടും ഉമ്മ'.
നല്ല വൃത്തിയും വെടിപ്പുമുള്ള ശരീരം. ഏതോ കുലീന കുടുംബത്തിലെ അംഗമായിരിക്കണം. ഞങ്ങള്‍ക്കാണ് അവസാനമായി കുളിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്, എന്നു ചിന്തിച്ച് സൂക്ഷ്മതയോടെ കര്‍മങ്ങള്‍ ചെയ്ത് കഫന്‍ പുടവ ധരിപ്പിച്ചു. ഞങ്ങള്‍ ജനാസ നമസ്‌കരിച്ചു.
'ഞങ്ങളുടെ ഉമ്മയെ ഒന്നുകൂടി കണ്ടോട്ടെ എന്ന് പറഞ്ഞുകൊണ്ട്, അവരെ പരിചരിച്ചിരുന്ന അന്യ മതസ്ഥരായ മൂന്ന് സഹോദരിമാര്‍ നിറകണ്ണുകളോടെ കാത്തുനില്‍ക്കുന്നു. നോക്കി നില്‍ക്കെ ഞങ്ങളുടെ കണ്ണുകളും സജലങ്ങളായി. 'നിങ്ങളുടെ മക്കളോ മാതാപിതാക്കളോ ആരാണ് നിങ്ങള്‍ക്കുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല' - ഞങ്ങളുടെ പ്രാര്‍ഥന അപ്പോഴവര്‍ക്കു വേണ്ടിയായിരുന്നു.
അപ്പോഴേക്കും അസ്വര്‍ നമസ്‌കാരം കഴിഞ്ഞ് പുരുഷന്മാര്‍ ജനാസ നമസ്‌കരിക്കാന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സ്വന്തം ഉമ്മയെയോ കൂടപ്പിറപ്പിനെയോ പോലെ, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്ന ആ ചെറുപ്പക്കാരുടെ കൈകളിലേക്ക് ഞങ്ങള്‍ ഉമ്മയെ ഏല്‍പ്പിച്ചു.
മയ്യിത്ത് ചുമലിലേറ്റി അവര്‍ നടന്നകന്നപ്പോള്‍, എന്തോ ഹൃദയത്തിലൊരു തേങ്ങല്‍ കുരുങ്ങിക്കിടന്നു...
എവിടെയോ ജനിച്ചു വളര്‍ന്ന ഇവരുടെ അന്ത്യവിശ്രമം ഞങ്ങളുടെ നാട്ടിലെ ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍... കണ്ണില്‍ നിന്നും മറഞ്ഞകന്ന് പോവുന്ന ആ ജനാസയെ നോക്കിനില്‍ക്കെ ഒരു ഖുര്‍ആന്‍ സൂക്തമാണ് ഓര്‍മയില്‍ ഓടിയെത്തിയത്:
'നാളെ താന്‍ എന്ത് നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏത് നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാകുന്നു' (31:34).