'സംസം'- സുഡാനിന്റെ വടക്കന്‍ പ്രവിശ്യ ദാര്‍ഫൂറിന്റെ തലസ്ഥാനഗരിയായ അല്‍ ഫാഷിറിന്റെ 15 കിലോമീറ്റര്‍ തെക്ക്, ആഭ്യന്തര കലാപം രൂക്ഷഗതി പ്രാപിച്ചതിനെ തുടര്‍ന്ന് 2004-ല്‍ സ്ഥാപിതമായ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ്. ആയിരക്കണക്കില്‍ നിരാലംബരും നിരാശ്രയരുമായ ആബാലവൃദ്ധം മനുഷ്യ മക്കളുണ്ടതില്‍; അവരെ പരിചരിച്ചും ശുശ്രൂഷിച്ചും, പാചകം ചെയ്തു പോലും ഓടിനടക്കുന്ന ഒരാളുണ്ട് - 'അല്‍ ഫാഷിറിന്റെ പുത്രി' എന്ന അപരാഭിധാനിയായ ഡോക്ടര്‍ ഹനാദി അന്നൂര്‍ ദാവൂദ് ജുമുഅ.
വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിനെതിരെ പൊരുതുന്ന സുഡാന്‍ സൈനിക നിരയിലും ധീരവീരശൂരയായും അവരുണ്ട്.
സുഡാനിലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമില്‍ ദുഃഖത്തിന്റെയും സഹതാപത്തിന്റെയും തരംഗമായി നിറഞ്ഞു നില്‍ക്കുകയാണ് ഇന്ന് ഡോ. ഹനാദി. 'പ്രതിരോധ സംഘങ്ങളുടെ ഏകോപന സമിതി'ക്കെതിരെ വിമത സൈന്യം അഴിച്ചുവിട്ട നിരന്തര ബോംബാക്രമണത്തില്‍ അവര്‍ വീരമൃത്യുവിന് ഇരയാവുകയായിരുന്നു.
'സുഡാനിലെ സ്വതന്ത്രരായ സ്ത്രീ-പുരുഷന്മാരുടെ വേദനയും ദുഃഖവും നിറഞ്ഞ ഹൃദയങ്ങളില്‍ ധീരതയുടെയും അന്തസ്സിന്റെയും പ്രകാശാക്ഷരങ്ങള്‍കൊണ്ട് പേരെഴുതി, മാതൃരാജ്യത്തിനും സമൂഹത്തിനും അഭിമാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി സ്വയം മാറിയ ധീരപോരാളിയായ രക്തസാക്ഷി ഡോ. ഹനാദി അന്നൂര്‍ ദാവൂദിന്റെ വിയോഗത്തില്‍ വ്യസനത്തോടെയും ബഹുമാനാദാരവോടെയും ഞങ്ങള്‍ ശിരസ്സ് നമിക്കുന്നു' - ഗവണ്‍മെന്റ് ഔദ്യോഗിക വക്താവും സാംസ്‌കാരിക-വാര്‍ത്താ വിനിമയ മന്ത്രിയുമായ ഖാലിദ് അല്‍ ഐസര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടു.
'ഡോക്ടറും പോരാളിയും മനുഷ്യ സ്നേഹിയും. തന്റെ ഭൂമിയും അഭിമാനവും സംരക്ഷിക്കാന്‍ ആയുധമെടുക്കുകയും ചെയ്ത ധീര ദേശാഭിമാനി'. 'കുലീനതയുടെയും ധീരതയുടെയും, പ്രതികൂല സാഹചര്യങ്ങളില്‍ സുഡാനിലെ സ്ത്രീകളുടെ പ്രതിരോധ ശേഷിയുടെ സ്വരൂപം.' 'ചരിത്രം അവളെ വീരന്മാരുടെ ഗണത്തില്‍ അനശ്വരമാക്കും. അവളുടെ നാമം സൂര്യനെപ്പോലെ പ്രകാശിക്കും. ആളുകള്‍ ഇതിഹാസ തുല്യം അവളുടെ കഥ പറഞ്ഞുകൊണ്ടേയിരിക്കും. ഭാവി തലമുറകളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന പ്രകാശദീപമായി അവള്‍ പരിലസിക്കും' - ഇങ്ങനെ പോകുന്നു പ്രമുഖരുടെ ട്വീറ്റുകള്‍.
മാവ് 'ചിക്കന്‍', കള്ളിച്ചെടി 'ബീന്‍സ്....യാസ്മിന്‍ പാചകം രചിക്കുകയാണ്
ഉപരോധത്താല്‍ ഉമിനീര്‍ വറ്റിവരണ്ട് ജീവനു വേണ്ടി പിടയുന്ന ഗസ്സവാസികളുടെ സിരകളില്‍ വൈറലാണ് ജോര്‍ദാനിയന്‍ ഷെഫ് യാസ്മിന്‍ നാസിറിന്റെ പാചകക്കുറിപ്പുകളുടെ വീഡിയോ. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍നിന്നാണ് യാസ്മിന്‍ ഈ 'കിച്ചണ്‍ ജിഹാദി'ന് വില്ലു തൊടുക്കുന്നത്.
ബിസിനസ്സ് അഡ്മിനിസ്ട്രേഷനും മാര്‍ക്കറ്റിംഗുമായിരുന്നു പാഠ്യവിഷയം. 13 വര്‍ഷം പരസ്യമേഖലയില്‍ പൊറുതി. പൊടുന്നനെ പാചക കലയോട് അഭിനിവേശം. ഫ്രാന്‍സിലെ ലോകപ്രശസ്ത കാറ്ററിംഗ് സ്‌കൂളായ'ലെ കോര്‍ഡന്‍ ബ്ലൂ'വില്‍നിന്ന് പാചക കലയില്‍ ഡിപ്ലോമയെടുത്തു. പാചകം കരിയറാക്കി ചുവട്മാറ്റം. മുഴുവര്‍ഷ ടി.വി പരിപാടിയായി ഊട്ടുപുരാഖ്യാനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ പുതുപുത്തന്‍ രുചിക്കൂട്ടിന്റെ നിറഗന്ധം. പ്രാദേശിക ചാനലില്‍ സ്വാനുഭവങ്ങള്‍ മിഴിതുറക്കുന്ന 'യല്ലാ നത്വ് ബഖ്' (നമുക്കു പാകം ചെയ്യാം) സീരിയല്‍.
ഇതിനിടക്കാണ് ഗസ്സയുടെ പൈദാഹ രോദനം; സ്രഷ്ടാവായ ദൈവം സൃഷ്ടിജാലങ്ങള്‍ക്ക് കനിഞ്ഞേകുന്ന അന്നദാന നൈതികത മനസ്സില്‍ ഓളം വെട്ടിയത്.
പ്രതിസന്ധിയുടെ ആഴക്കയത്തില്‍ പിറവികൊണ്ടൊരാശയം. അവശ്യ ചേരുവകളുടെ ദൗര്‍ലഭ്യം; ലഭ്യമായതില്‍നിന്ന് പോഷക തന്തുക്കള്‍ വിരിയിച്ചെടുക്കുക വെല്ലുവിളി. പട്ടിണിയുടെ താണ്ഡവ നൃത്തത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളും പ്രായമായവരും രോഗികളും ഷെഫ് യാസ്മിന്റെ പാചക വീഡിയോകള്‍ നെഞ്ചേറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! പുതിയ രുചിക്കൂട്ടുകള്‍ സൃഷ്ടിക്കുന്നതിനപ്പുറം, ഓരോ ഗസ്സക്കാരന്റെയും നാവറ്റത്ത് തന്റെ നാമം വിരാജിക്കുന്നുവെന്നതില്‍ യാസ്മിന് ചാരിതാര്‍ഥ്യമെത്ര! പാചകവും ജിഹാദായി മാറുന്ന അസുലഭ മുഹൂര്‍ത്തം.
ഭക്ഷ്യമാവ് കിട്ടാക്കനി. ബീന്‍സും പയറും തഥൈവ. പശ്ചിമേഷ്യന്‍ മണ്ണിന്റെ പ്രകൃതിയില്‍ അവിടവിടെ നോക്കുകുത്തിയായി എഴുന്നുനില്‍ക്കും കള്ളിച്ചെടികള്‍ ബഹുവിധം. മാവെന്തുമാവട്ടെ യാസ്മിന്റെ വിചിത്ര കൈവെള്ളയില്‍ അതൊരു കോഴിക്കോലമായി വിരിഞ്ഞുവരും; തനതു രുചിയോടെ. കള്ളിച്ചെടിയില ഞൊടിയിടയില്‍ സ്വാദുള്ള ബീന്‍സായി തളികയിലെത്തും. പയറില്‍നിന്ന് വിളയിച്ചെടുക്കും ബീഫ് / മട്ടണ്‍. ഫലപ്രാപ്തി സ്വയം പരീക്ഷിച്ച് ഉറപ്പാക്കും. 'സെയ്താന്‍' (ഗോതമ്പിന്റെ മുഖ്യ പ്രോട്ടീനായ ഗ്ലൂറ്റനില്‍ നിന്നുണ്ടാകുന്ന ഒരു വിഭവം) ചിക്കനായും ചിലപ്പോള്‍ മാവ് തീന്മേശയിലിടം പിടിക്കും. സാധാരണ ചിക്കന്റെ രുചിയുമായി 85 ശതമാനം സാമ്യവും 95 ശതമാനം രൂപമാതൃകയും ഏറെ പോഷക ഗുണമുള്ളതും.
ഗസ്സയിലെ മുതിര്‍ന്നവരെക്കാള്‍ കുട്ടികളില്‍ നിന്നത്രേ യാസ്മിന്റെ പ്ലാറ്റ്ഫോമില്‍ പാചക ചിത്രങ്ങളേറെയും.