1917-ലെ ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട സോവിയറ്റ് യൂനിയനില്‍ നീണ്ട 70 കൊല്ലക്കാലം ഇസ്്‌ലാമിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ല. പള്ളികളും മത പാഠശാലകളും പൂര്‍ണമായും തുടച്ചു മാറ്റപ്പെട്ടു. നമസ്‌കാരവും നോമ്പുമുള്‍പ്പെടെ ഒരാരാധനാകര്‍മവും പരസ്യമായി നിര്‍വഹിക്കാന്‍ സാധ്യമായിരുന്നില്ല. ഇസ്്‌ലാമിക വസ്ത്രധാരണം പൂര്‍ണമായും നിരോധിക്കപ്പെട്ടു. പ്രത്യക്ഷത്തില്‍ ഇസ്ലാമോ മുസ്ലിംകളോ ഇല്ലാത്ത അവസ്ഥയാണ് നിലനിന്നിരുന്നത്.
എന്നാല്‍ 1985-ല്‍ മിഖായേല്‍ ഗോര്‍ബെചേവിന്റെ നേതൃത്വത്തില്‍ പെരസ്‌ട്രോയിക്ക എന്ന പേരില്‍ അറിയപ്പെടുന്ന പുനഃസംഘടനയും ഗ്ലാസ് നോസ്റ്റ് എന്നറിയപ്പെടുന്ന തുറന്ന സമീപനവും സംഭവിച്ചതോടെ പെട്ടെന്ന് തന്നെ എല്ലാം മാറി മറിഞ്ഞു. പള്ളികളും മത പാഠശാലകളും നിലവില്‍ വന്നു. വിശ്വാസികള്‍ ആരാധനാ ക്രമങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ തുടങ്ങി. ഇസ്ലാമിക വസ്ത്രധാരണം സാര്‍വത്രികമായി. തുര്‍ക്കിയില്‍ സംഭവിച്ചതും ഇതു തന്നെ. 1924-ല്‍ മുസ്തഫാ കമാല്‍ ഇസ്്‌ലാമിക ഖിലാഫത്തിന്റെ ചരമ പ്രഖ്യാപനം നടത്തി. പള്ളികള്‍ പൊളിച്ചു. മതപഠനം നിരോധിച്ചു. ഇസ്്‌ലാമിനെ സംബന്ധിച്ച് സംസാരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി. ഇസ്്‌ലാമിന്റെ സകല സാംസ്‌കാരിക ചിഹ്നങ്ങളും തുടച്ചു മാറ്റി. എന്നാല്‍, രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും കടന്നുവരാന്‍ തുടങ്ങിയതോടെ തുര്‍ക്കി ഇസ്്‌ലാമിലേക്ക് നടന്നു നീങ്ങി.
കുടുംബമെന്ന മഹത്തായ സ്ഥാപനമാണ് പതിറ്റാണ്ടുകളോളം രണ്ടു നാടുകളിലും ഇസ്്‌ലാമിനെ സംരക്ഷിച്ച് നിര്‍ത്തിയത്. പുറം ലോകത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ട ഇസ്്‌ലാമിനെ വീടകങ്ങള്‍ കാത്ത് രക്ഷിക്കുകയായിരുന്നു. സംസ്‌കാര- നാഗരികതകളുടെ സംസ്ഥാപനത്തിലും നിലനില്‍പ്പിലും ശാക്തീകരണത്തിലും കുടുംബം വഹിക്കുന്ന പങ്ക് സുവിദിതമാണ്.
ദൈവിക സ്ഥാപനം
ഭൗതികവാദികള്‍ അവകാശപ്പെടുന്ന പോലെ ചരിത്ര ഗതിയില്‍ രൂപപ്പെട്ടുവന്നതല്ല കുടുംബം. അതൊരു ദൈവിക സ്ഥാപനമാണ്. അല്ലാഹു സ്വന്തം പേരാണ് അതിന് നല്‍കിയത്. കാരുണ്യം എന്നര്‍ഥം വരുന്ന 'റഹ്‌മ്, അര്‍ഹാമ് എന്നാണ് ഖുര്‍ആന്‍ കുടുംബത്തിന് നല്‍കിയ നാമം (ഖുര്‍ആന്‍. 4:1,8:75,33:6). കുടുംബം ദൈവിക സിംഹാസനവുമായാണ് ബന്ധപ്പെട്ട് നില്‍ക്കുന്നത്. അതിനെ ചേര്‍ക്കുന്നവന്‍ അല്ലാഹുവുമായുള്ള ബന്ധത്തെയാണ് ചേര്‍ക്കുന്നത്. മുറിക്കുന്നവന്‍ മുറിക്കുന്നതും അല്ലാഹുവുമായുള്ള ബന്ധം തന്നെ. കുടുംബത്തിന് മനുഷ്യ രാശിയോളം പഴക്കമുണ്ട്. ഭൂമിയില്‍ മനുഷ്യജീവിതം ആരംഭിച്ചത് തന്നെ കുടുംബമായാണ്. ഖുര്‍ആനിക അധ്യാപനമനുസരിച്ച്, ആദം നബിയും ഹവ്വാ ബീവിയും ഇണകളായിരുന്നു. ദമ്പതികളായിരുന്നു. അവര്‍ക്ക് മക്കളുമുണ്ടായിരുന്നു. ഭൂമിയില്‍ മനുഷ്യരാശിയുടെ മാതൃകാ പുരുഷന്മാരും ഗുരുക്കന്മാരുമായ പ്രവാചകന്മാര്‍ക്കും ജീവിതപങ്കാളികളും മക്കളുമുണ്ടായിരുന്നു.'നിനക്ക് മുമ്പ് നാം നിരവധി ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും മക്കളെയും നല്‍കിയിരിക്കുന്നു' (13:38).
വിവാഹം: ഇസ്്‌ലാമിക ബാധ്യത
കുടുംബം രൂപപ്പെടുന്നത് ദാമ്പത്യത്തിലൂടെയാണല്ലോ. ദാമ്പത്യം വിവാഹത്തിലൂടെയും. അതു കൊണ്ടുതന്നെ ഇസ്ലാം വിവാഹത്തിന് വമ്പിച്ച പ്രാധാന്യം നല്‍കുന്നു. അതൊരു ഇസ്്‌ലാമിക ബാധ്യതയാണ്. ദാമ്പത്യത്തെ ദൈവിക ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. 'അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തു ചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്' (30:21).
പ്രവാചകന്‍ പറയുന്നു:'വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പാതി പൂര്‍ത്തിയായി. അവശേഷിക്കുന്ന അര്‍ധാംശത്തില്‍ അയാള്‍ അല്ലാഹുവെ സൂക്ഷിച്ചു കൊള്ളട്ടെ'(ബൈഹഖി). 'നിങ്ങളില്‍ കല്യാണം കഴിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്'(ബുഖാരി, മുസ്ലിം).
പൂര്‍വ പ്രവാചകന്മാരുടെ പാരമ്പര്യത്തില്‍ പെട്ട നാല് കാര്യങ്ങളില്‍ ഒന്ന് വിവാഹം കഴിക്കലാണെന്ന് നബി (സ) അറിയിച്ചതായി അബൂ അയ്യൂബില്‍ അന്‍സാരി നിവേദനം ചെയ്യുന്നു (അഹമദ്, തിര്‍മിദി).
ഇമാം ഇബ്‌നു ഹസ്മ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പണ്ഡിതന്മാര്‍ കഴിവുള്ളവരെല്ലാം കല്യാണം കഴിക്കല്‍ നിര്‍ബന്ധമാണെന്ന വീക്ഷണക്കാരാണ്. ന്യായമായ കാരണമില്ലാതെ വിവാഹം ചെയ്യാതിരിക്കുന്നവര്‍ തെറ്റുകാരാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ആരാധനകളുടെ വിശദാംശങ്ങളില്ല. ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം നമസ്‌കാരമാണല്ലോ. അതിന്റെ രൂപമില്ലെന്ന് മാത്രമല്ല, ഓരോ നമസ്‌കാരത്തിന്റെയും റക്അത്തുകളുടെ എണ്ണമോ സുജൂദിന്റെയും റുകൂഇന്റെയും രൂപമോ ഖുര്‍ആനിലില്ല. എന്നാല്‍, വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും സംബന്ധിച്ച് സാമാന്യം വിശദമായ വിവരണങ്ങള്‍ ഖുര്‍ആനിലുണ്ട്. സുജൂദിലെ പ്രാര്‍ഥനകള്‍ പോലും വിശദീകരിച്ചിട്ടില്ലാത്ത വിശുദ്ധ ഖുര്‍ആനില്‍ കുടുംബവുമായി ബന്ധപ്പെട്ട രണ്ട് പ്രാര്‍ഥനകളുണ്ട്. ഒന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ മറ്റൊന്ന് സംതൃപ്തമായ കുടുംബ ജീവിതത്തിന് വേണ്ടിയുള്ളതാണ്.
പ്രശ്‌നങ്ങളെ പര്‍വതീകരിക്കുന്നവര്‍
വിവാഹം വേണ്ട. അത് ജീവിതത്തിന് ഭാരമാണ്. സ്വാതന്ത്ര്യത്തിന് തടസ്സമാണ്. മറ്റുള്ളവര്‍ക്ക് വിധേയമാകലാണ്. മോഹങ്ങളെ തല്ലിക്കെടുത്തും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വിഘ്‌നം വരുത്തും. ആഗ്രഹാഭിലാഷങ്ങള്‍ക്ക് വിലങ്ങ് വെക്കും. ഇങ്ങനെ നിരവധി കാരണങ്ങള്‍ നിരത്തി വിവാഹത്തെയും കുടുംബ ജീവിതത്തെയും നിരാകരിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ക്കിന്ന് സാമൂഹ്യ മാധ്യമങ്ങളിലൊട്ടും ക്ഷാമമില്ല. ലിബറലിസ്റ്റുകള്‍ മാത്രമല്ല, മതവിശ്വാസികളായി അറിയപ്പെടുന്നവരും ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതായി കാണാം. ദാമ്പത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാവുക വളരെ സ്വാഭാവികമാണ്. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ ദാമ്പത്യ ജീവിതത്തിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ വിശകലനം നടത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നത്. ഒരു നിലക്കും ഒത്തു പോകാത്ത ദാമ്പത്യവും തകരുന്ന വിവാഹബന്ധവും ഉണ്ടാകുമെന്നതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ വിവാഹ മോചനത്തെയും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും വിശദമായി വിവരിച്ചത്.
വഴി പിഴച്ചവര്‍ പ്രവാചകന്മാരുടെ ഭാര്യമാരിലുമുണ്ടായതിനാല്‍ ഒരൊറ്റ പ്രവാചകനും വിവാഹം വേണ്ടെന്ന് വെച്ചിട്ടില്ല. വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമെന്നതിനാല്‍ വിവാഹം തന്നെ വേണ്ടെന്ന് വെക്കാനല്ല ഇസ്്‌ലാം നിര്‍ദേശിക്കുന്നത്. മറിച്ച്, അവ പരിഹരിക്കാനാണ്. ഭാര്യമാരിലും മക്കളിലും ശത്രുക്കളുണ്ടാകുമെന്നതിനാല്‍ അതൊന്നും വേണ്ട എന്ന് പറയുകയല്ല ഖുര്‍ആന്‍ ചെയ്തത്. മറിച്ച്, അതിനെ തരണം ചെയ്യാന്‍ നിര്‍ദേശിക്കുകയാണ്.
'വിശ്വസിച്ചവരേ, നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍, നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്' (64:14).
വ്യക്തി കേന്ദ്രീകൃതമായ ഭൗതിക ജീവിത വീക്ഷണത്തിനടിപ്പെട്ട് ഇസ്്‌ലാമികാധ്യാപനങ്ങള്‍ വിസ്മരിക്കുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല. വിശ്വാസികള്‍ മറ്റു ജീവിത മേഖലകളിലെന്ന പോലെ ഖുര്‍ആന്‍ ഏറെ ഊന്നിപ്പറഞ്ഞതും പ്രവാചകന്‍ വിശദാംശങ്ങളോടെ പഠിപ്പിച്ചതുമായ വിവാഹവുമായും ദാമ്പത്യവുമായും കുടുംബ ജീവിതവുമായും ബന്ധപ്പെട്ട എല്ലാറ്റിലും ഇസ്്‌ലാമിക അധ്യാപനങ്ങളും നിയമ നിര്‍ദേശങ്ങളും വിധി വിലക്കുകളും പൂര്‍ണമായും പാലിക്കാന്‍ ബാധ്യസ്ഥരാണ്.
സര്‍വതന്ത്ര സ്വതന്ത്ര വാദത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകേണ്ട ചപ്പ് ചവറുകളല്ല വിശ്വാസികള്‍. സാംസ്‌കാരിക അധിനിവേശത്തിന് വിധേയമാക്കേണ്ട അടിമകളുമല്ല.