ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് കൂടുതല്‍ പറയേണ്ടതില്ല; അത് അറേബ്യയിലാണെങ്കിലും അറേബ്യക്ക് പുറത്തുള്ള മറ്റു നാടുകളിലാണെങ്കിലും. വാള്യങ്ങളോളം അത് സംബന്ധമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. വില്‍ ഡ്യുറന്റിന്റെ 'സ്റ്റോറി ഓഫ് സിവിലൈസേഷന്‍' പോലുള്ള പുസ്തകങ്ങള്‍ അധിക വായനക്ക് നമ്മുടെ മുന്നിലുണ്ട്. എന്നിരുന്നാലും ഇസ്ലാം പൂര്‍വ കാലത്ത് അറേബ്യയിലെ സ്ത്രീ നിലയെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് സൂചിപ്പിക്കാതെ വയ്യ. ഈ പഠനത്തിന്റെ മുഖ്യ ഉദ്ദേശ്യം, വീട്ടിലും വീട്ടിന്റെ പുറത്തും വളരെ മാന്യമായ സ്ഥാനം നല്‍കിയും സുപ്രധാന ചുമതലകള്‍ ഏല്‍പ്പിച്ചും സാമൂഹിക ജീവിതത്തില്‍ പരിപൂര്‍ണ പങ്കാളിത്തം നല്‍കിയും ഇസ്ലാം സ്ത്രീയെ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മുസ്ലിം സമൂഹത്തില്‍ സ്ത്രീയുടെ പദവിക്ക് കോട്ടം തട്ടാന്‍ തുടങ്ങി. ഇസ്ലാമിക കലണ്ടറിലെ പതിനാലാം നൂറ്റാണ്ടിലാണ് മുസ്ലിം സ്ത്രീയുടെ പദവി അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിയത്. അതായത് സി.ഇ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളില്‍.
പാശ്ചാത്യ കൊളോണിയലിസം മുസ്ലിം സമൂഹങ്ങളില്‍ വലിയ ആഘാത തരംഗങ്ങളാണ് സൃഷ്ടിച്ചു വിട്ടത്. ഇത് രണ്ട് വിരുദ്ധ പ്രവണതകള്‍ക്ക് ജന്‍മം നല്‍കി. പാശ്ചാത്യ സംസ്‌കാരത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയതാണ് ഒന്നാമത്തെ പ്രവണത. ആ സംസ്‌കാരത്തെ കണ്ണുമടച്ച് അനുകരിക്കാനുള്ള പ്രവണത മുസ്ലിം സമൂഹങ്ങളില്‍ വ്യാപകമായി. അതിന്റെ പോസിറ്റീവ് വശങ്ങള്‍ മാത്രമല്ല നെഗറ്റീവ് വശങ്ങളും അവര്‍ക്ക് സ്വീകാര്യമായി. ഒട്ടും പുറത്തേക്ക് നോക്കാതെ അകത്തേക്ക് മാത്രം നോക്കിയിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രവണത. പാരമ്പര്യത്തില്‍ എന്തുണ്ടോ അതേ സ്വീകരിക്കുകയുള്ളൂ. പാരമ്പര്യം തെറ്റാണെന്ന് ബോധ്യമായാലും അത് വിട്ടൊരു കളിയില്ല. സമൂഹത്തില്‍ ഈ രണ്ട് പ്രവണതകളുടെയും പിടിത്തം പില്‍ക്കാലത്ത് അയഞ്ഞപ്പോള്‍ അവ രണ്ടും തുടര്‍ന്നുപോന്നിരുന്ന നിലപാടുകളില്‍ പുനപ്പരിശോധനക്ക് തയ്യാറായി. പല അളവിലാണെങ്കിലും സ്ത്രീകളോടുള്ള നിലപാടുകള്‍ പരിഷ്‌കരിക്കാനും ആരംഭിച്ചു. മുസ്ലിം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഇസ്ലാമിക നിയമ വ്യവസ്ഥയോട് കൂടുതല്‍ അടുത്തപ്പോള്‍ മറ്റു ചില വിഭാഗങ്ങള്‍ വഴിതെറ്റി അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഇസ്ലാമിക പണ്ഡിതന്മാര്‍ കുറെക്കൂടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നാല്‍ ഇസ്ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനവും പദവിയും പൂര്‍ണമായി അവള്‍ക്ക് വീണ്ടെടുത്ത് കൊടുക്കാന്‍ കഴിയും. സ്ത്രീക്ക് ഇസ്ലാം നല്‍കിയ പദവിയെന്തോ അത് തിരിച്ചു നല്‍കിയെങ്കില്‍ മാത്രമേ മുസ്ലിം സമൂഹത്തിന് യഥാര്‍ഥ പുരോഗതി കൈവരിക്കാനാവൂ.
ഖുര്‍ആനിലാവട്ടെ, സുന്നത്തിലാവട്ടെ രണ്ടിലെയും അഭിസംബോധനകള്‍ ഒരേ സമയം പുരുഷന്മാരോടും സ്ത്രീകളോടുമാണ്. രണ്ട് കൂട്ടരും തുല്യ പദവിയിലാണുള്ളത്. ആ നിലക്കാണ് അഭിസംബോധനയും. ഇനി ഒരു വിഭാഗത്തെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ അത്തരം ഇടങ്ങളില്‍ അത് വ്യക്തതയോടെ സൂചിപ്പിച്ചിരിക്കും. അത്തരം പരാമര്‍ശങ്ങള്‍ അപവാദമായിരിക്കും. ഇരുവരെയും തുല്യ പരിഗണനയോടെ അഭിസംബോധന ചെയ്യുക എന്നതാണ് സാധാരണ രീതി. ഈ അടിസ്ഥാന തത്ത്വം കാണാതെ പോവുക എന്നത് ഗുരുതരമായ വീഴ്ചയാണ്. ആ തത്ത്വത്തിനെതിരെ നീങ്ങുക എന്നത് ദൈവിക നിര്‍ദേശത്തിന്റെ ലംഘനവും.
ഈ തുല്യ പരിഗണനയെ ഓര്‍മിപ്പിച്ച് ഇബ്നു റുശ്ദ് എഴുതി: 'സ്ത്രീ- പുരുഷന്മാര്‍ക്ക് ഒരേ പദവിയാണുള്ളത്. ഇതാണ് പൊതുവായ നില. ഇനി അഭിസംബോധന സ്ത്രീക്കോ പുരുഷന്നോ പ്രത്യേകമാണെങ്കില്‍ അത് വളരെ വ്യക്തമായി പ്രസ്താവിച്ചിരിക്കും.'
ചില സന്ദര്‍ഭങ്ങളില്‍ ദൈവിക അഭിസംബോധനയില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളെ പ്രത്യേകമായി പരാമര്‍ശിച്ചിരിക്കും. ഇത് തുല്യത ഉറപ്പ് വരുത്തുന്ന ദിവ്യസൂചനയായി മനസ്സിലാക്കുകയാണ് വേണ്ടത്.
ഒരേ സത്ത
സ്ത്രീയെയും പുരുഷനെയും ഒരേ സത്തയില്‍നിന്ന് സൃഷ്ടിച്ചു- ഇത് ഖുര്‍ആന്റെ പ്രഖ്യാപനമാണ്. 'മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് അവന്‍ നിങ്ങളെ സൃഷ്ടിച്ചു. അതേ ആത്മാവില്‍നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവന്‍ തന്നെ അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീ-പുരുഷന്മാരെ ലോകത്ത് വ്യാപിപ്പിച്ചു'(4:1).
'പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മങ്ങള്‍ ആചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനം ചെയ്യുന്നു' (16:97).
അനീതികള്‍ എടുത്തു മാറ്റുന്നു
അജ്ഞാന കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന സകല അനീതികളെയും എടുത്തു മാറ്റുകയാണ് ഇസ്ലാം ചെയ്തത്. അക്കാലത്തെ ചില മനോഭാവങ്ങള്‍ കാണുക:
ജനിച്ചത് പെണ്‍കുട്ടിയാണ് എന്നറിഞ്ഞാല്‍ കുടുംബക്കാര്‍ ആകെ അസ്വസ്ഥരാവുമായിരുന്നു.
അവള്‍ വീട്ടില്‍ വളര്‍ന്നുവരുന്നത് അപമാനിതയായിട്ട്.
അപമാനമോ ദാരിദ്ര്യമോ ഭയന്ന് മകളെ ജീവനോടെ കുഴിച്ചു മൂടിയെന്നും വരും.
ഖുര്‍ആന്‍ തന്നെ പറയട്ടെ:
'അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തുപോകുന്നു. തനിക്ക് ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്ന് ഒളിച്ച് നടക്കുന്നു. പുത്രിയെ വളര്‍ത്തണമോ അതോ കുഴിച്ചു മൂടണമോ എന്ന് അപമാനിതനായ അവന്‍ ആലോചിക്കുന്നു. നോക്കുക! എത്ര ദുഷിച്ച വിധിയാണ് അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത് '(16: 58,59).
വീണ്ടും ഖുര്‍ആന്‍: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്ത് കുറ്റത്തിന് വധിക്കപ്പെട്ടു എന്ന് ചോദിക്കപ്പെടുന്ന സന്ദര്‍ഭം' ( 81: 89).
സ്ത്രീകള്‍ക്ക് നല്ല പലതും
നിഷേധിക്കുന്നു
'അവര്‍ പറയുന്നു: ഈ കാലികളുടെ വയറ്റിലുള്ളത് ഞങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമുള്ളതാകുന്നു. ഞങ്ങളുടെ സ്ത്രീകള്‍ക്ക് അത് നിഷിദ്ധമാണ്. പക്ഷേ, അത് ശവമാവുകയാണെങ്കില്‍, തിന്നുന്നതില്‍ ഇരു കൂട്ടര്‍ക്കും പങ്കാളികളാവാം' (6:139).
കേവലം വസ്തുക്കളെയെന്നപോലെ സ്ത്രീകളെ അനന്തരമെടുക്കുക, നിര്‍ബന്ധിത വിവാഹത്തിന് അവരെ വിധേയരാക്കുക.
'സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. നിങ്ങള്‍ നല്‍കിയ വിവാഹ മൂല്യത്തില്‍ നിന്നൊരു ഭാഗം തട്ടിയെടുക്കുന്നതിനായി അവരെ ഞെരുക്കുന്നതും അനുവദനീയമല്ല' (4:19).
സ്ത്രീക്ക് സ്വതന്ത്ര വ്യക്തിത്വമുണ്ടെന്നും തുല്യ പദവിയുണ്ടെന്നും ഖുര്‍ആന്‍ ഊന്നിപ്പറയുന്നു; അവരെ പുരുഷന്മാര്‍ക്കൊപ്പം പരാമര്‍ശിച്ചുകൊണ്ട്
'ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണ് ഈ ഇബ് ലീസ്. ഇവന്‍ നിങ്ങളെ രണ്ടു പേരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടവരാതിരിക്കട്ടെ' (20: 117).
ഖുര്‍ആന്‍ ഇടക്കിടെ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട്: ചിലര്‍ തെറ്റായി ആരോപിക്കുന്നതു പോലെ ആദം കുറ്റം ചെയ്തതിന് ഹവ്വയല്ല ഉത്തരവാദി. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വം ഇതാണ്: 'മുസ്ലിംകളായ പുരുഷന്മാര്‍, മുസ്ലിംകളായ സ്ത്രീകള്‍; വണക്കമുള്ള പുരുഷന്മാര്‍, വണക്കമുള്ള സ്ത്രീകള്‍; സത്യസന്ധരായ പുരുഷന്മാര്‍, സത്യസന്ധരായ സ്ത്രീകള്‍; സഹനശീലരായ പുരുഷന്മാര്‍, സഹനശീലരായ സ്ത്രീകള്‍; ഭക്തിയുള്ള പുരുഷന്മാര്‍, ഭക്തിയുള്ള സ്ത്രീകള്‍; ദാനശീലരായ പുരുഷന്മാര്‍, ദാനശീലരായ സ്ത്രീകള്‍; വ്രതമനുഷ്ഠിക്കുന്ന പുരുഷന്മാര്‍, വ്രതമനുഷ്ഠിക്കുന്ന സ്ത്രീകള്‍; സ്വന്തം നഗ്നത സൂക്ഷിക്കുന്ന പുരുഷന്മാര്‍, സ്വന്തം നഗ്നത സൂക്ഷിക്കുന്ന സ്ത്രീകള്‍; അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാര്‍, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന സ്ത്രീകള്‍ - ഇവര്‍ക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്' (33:35).
ഏതൊരു സ്ത്രീയും സ്വതന്ത്ര വ്യക്തിത്വമാണ് എന്നു പറഞ്ഞതിന്റെ അര്‍ഥം, വിശ്വാസിനികളാകാനും അവിശ്വാസിനികളാകാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണ്; അവര്‍ പ്രവാചകന്മാരുടെ ഇണകളാണെങ്കില്‍ പോലും. ഖുര്‍ആന്‍ പറയുന്നത് കാണുക: ' നിഷേധികളുടെ കാര്യത്തില്‍ അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും പത്നിമാരെ ഉദാഹരിക്കുന്നു. നമ്മുടെ ദാസന്മാരില്‍ സച്ചരിതരായ രണ്ട് ദാസന്മാരുടെ ഭാര്യാപദത്തിലായിരുന്നു അവര്‍. എന്നാല്‍ ഇരുവരും ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. ആ ഭര്‍ത്താക്കന്‍മാര്‍ അല്ലാഹുവിനെ പ്രതി അവര്‍ക്കൊട്ടും പ്രയോജനപ്പെട്ടില്ല. അവരോട് പറയപ്പെടുകയാണ്: നരകത്തിലേക്ക് പോകുന്നവരോടൊപ്പം നിങ്ങളും പൊയ്ക്കൊള്ളുക.
ഇനി, വിശ്വാസികളുടെ കാര്യത്തില്‍ അല്ലാഹു ഫറോവ പത്നിയെ ഉദാഹരിക്കുന്നു. അവള്‍ പ്രാര്‍ഥിച്ചു: നാഥാ, എനിക്ക് നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കേണമേ. ഫറോവയില്‍ നിന്നും അയാളുടെ നീക്കങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ' (66:1012).
(തുടരും..)
വിവ: അഷ്റഫ് കീഴുപറമ്പ്